ഹരിപ്പാട്: ആഡംബര ജീവിതത്തിനായി ബന്ധുവായ 13-കാരി ആസൂത്രണം ചെയ്ത ക്വട്ടേഷൻ കൊലപാതകത്തിൽ വയോധികൻ കൊല്ലപ്പെട്ടതായി പോലീസ്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് ഐഫോണും ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ വൈകിയെത്തുന്നതും അമിതമായി ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച് ശിവൻകുട്ടി പെൺകുട്ടിയെ വഴക്കുപറഞ്ഞിരുന്നതായി പോലീസ് പറയുന്നു. കൊല്ലത്ത് പഠിക്കുന്നതിനിടെ പരിചയപ്പെട്ട ആൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം. വീട്ടിലേക്കുള്ള വഴിയും എളുപ്പത്തിൽ അകത്ത് കടക്കാനുള്ള മാർഗവും പെൺകുട്ടി ഇവർക്ക് പറഞ്ഞു കൊടുത്തു. കൊലപാതക സമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ മുറികൾ അലങ്കോലമായിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ മാത്രം കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലാതിരുന്നതും പോലീസിന്റെ സംശയം ശക്തമാക്കി.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. രാവിലെ ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്ന് അയൽവാസികളോട് പറഞ്ഞ പെൺകുട്ടി പിന്നീട് ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന നിലപാടിലായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലം സ്വദേശികളായ പ്രതികൾ ട്രെയിനിൽ ഹരിപ്പാട്ടെത്തി രാത്രി വീട്ടിൽ കയറി കൊലപാതകം നടത്തിയ ശേഷം മടങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശിവൻകുട്ടിയെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ മുളകുപൊടി വിതറിയതായും അടുക്കളയിൽനിന്നാണ് ഇത് എടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കവർന്ന സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും മറ്റ് പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.











Leave a Reply