ന്യൂസ് ഡെസ്ക് മലയാളം യുകെ

മലേഷ്യ :- പ്രമുഖ പോപ്പ് റോക്ക് ബാൻഡായ 1975 ന് മലേഷ്യൻ സർക്കാർ രാജ്യത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂരിൽ വെള്ളിയാഴ്ച നടന്ന ഒരു ഷോയ്ക്കിടെ, മലേഷ്യയിൽ നിലനിൽക്കുന്ന എൽ ജി ബി റ്റി ക്യു + വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ബാൻഡിന്റെ മുന്നണി താരം മാറ്റി ഹെയ്‌ലി സഹതാരമായ റോസ് മക്ഡോണാൾഡുമായി ചുംബനത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ബാൻഡിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മലേഷ്യയിൽ നടക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗുഡ് വൈബ്സ് ഫെസ്റ്റിവൽ ഈ വിവാദങ്ങളെ തുടർന്ന് നിർത്തിവച്ചു. സ്റ്റേജിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മാറ്റി ഹെയ്‌ലി മലേഷ്യൻ സർക്കാരിന്റെ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റി ക്കെതിരെയുള്ള നിയമങ്ങളെയും നിലപാടുകളെയും വിമർശിക്കുകയും, അതോടൊപ്പം തന്നെ മലേഷ്യയിൽ ഷോ നടത്തുവാൻ തീരുമാനിച്ച ബാൻഡിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബാങ്കിനെ സർക്കാർ രാജ്യത്ത് നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

മലേഷ്യയിൽ സ്വവർഗ ബന്ധങ്ങൾ നിയമവിരുദ്ധവും 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഇത്തരം നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് മാറ്റി ഹെയ്‌ലി തന്റെ സഹ പുരുഷതാരത്തെ സ്റ്റേജിൽ വച്ച് ചുംബിച്ചത്. ബാൻഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റം തികച്ചും അനാദരവ് നിറഞ്ഞതാണെന്ന് മലേഷ്യയുടെ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫഡ്‌സിൽ കുറ്റപ്പെടുത്തി. ഇതിനുമുൻപും ഇത്തരത്തിൽ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന നിലപാടുകൾ മാറ്റി ഹെയ്‌ലി കൈകൊണ്ടിരുന്നു.