ഇസ്രായേലില്‍ ഒരു വർഷത്തിനുള്ളിൽ നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പിലും ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ല. ഏകദേശം 90% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി 36 സീറ്റുകളുമായി മുന്നിലെത്തിയിട്ടുണ്ട്. വലതുപക്ഷ സഖ്യത്തിന് ആകെ 59 സീറ്റാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ 61 സീറ്റുകള്‍ വേണം. വീണ്ടും മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ട അവസ്ഥയിലാണ് നെതന്യാഹു. അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ റിട്ടയേർഡ് ജനറൽ ബെന്നി ഗാന്റ്സിന്‍റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 32 സീറ്റുകളാണ് നേടാനായത്.

പൂര്‍ണ്ണമായ ഫലം പുറത്തു വരണമെങ്കില്‍ ഒരാഴചയെങ്കിലും സമയമെടുക്കും. അതിനുള്ളില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമം നെതന്യാഹു തുടങ്ങിക്കഴിഞ്ഞു. തീവ്ര വലതുപക്ഷ ദേശീയവാദികളുമായും ജൂത മതപാർട്ടി മേധാവികളുമായും അദ്ദേഹം ജറുസലേമിൽവെച്ച് കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരുടെ പിന്തുണ തേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതവന്നിട്ടില്ല. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഇസ്രായേലി നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് 28 ദിവസം സമയം ലഭിക്കും. അതിലദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകള്‍ നോക്കുമ്പോള്‍ ഇതാണ് ലികുഡ് പാർട്ടിയുടെ മികച്ച പ്രകടനം. നേതാന്യാഹുവിനെതിരെ അഴിമതിക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമാണ്. കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ മൂന്ന് പ്രധാന കേസുകളിൽ കുറ്റങ്ങൾ ചുമത്തപ്പെട്ട അദ്ദേഹം മാർച്ച് 17 ന് ജറുസലേം കോടതിയിൽ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, രാജ്യത്തെ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നെതന്യാഹുവിന്റെ വംശീയ പ്രചാരണത്തിനെതിരേ വോട്ടു തേടിയ ജോയിന്റ് ലിസ്റ്റ് സഖ്യം 15 സീറ്റുകൾ നേടി മൂന്നാമത്തെ വലിയ സഖ്യമായി മാറി. ഒരുപക്ഷേ അവരുടെ എക്കാലത്തെയും മികച്ച പ്രകടനമായിരിക്കും ഇത്.