ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ ഭാവി രാജാവാകാൻ സാധ്യതയുള്ള ജോർജ് രാജകുമാരൻ ഈറ്റൺ കോളജിൽ ചൊവ്വാഴ്ച പഠനം ആരംഭിക്കും. 13കാരനായ ജോർജിന്റെ വിദ്യാഭ്യാസത്തിലെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. പിതാവ് വില്യം രാജകുമാരനും അദ്ദേഹത്തിന്റെ സഹോദരൻ ഹാരിയും പഠിച്ച പ്രമുഖ സ്വകാര്യ സ്കൂളാണ് ഈറ്റൺ. നേരത്തെ ബെർക്ഷെയറിലെ ലാംബ്രൂക്ക് സ്കൂളിലായിരുന്നു ജോർജ് പഠിച്ചിരുന്നത്.

2023ൽ മാതാപിതാക്കളായ വില്യമിനും കെയ്റ്റിനുമൊപ്പം ജോർജ് ഈറ്റൺ സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രാജകുടുംബം ജോർജിനായി പരിഗണിക്കുന്ന സ്കൂളുകളിൽ ഈറ്റണും ഉൾപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായത്. 1995ൽ വില്യം ഈറ്റണിൽ പഠനം ആരംഭിച്ചപ്പോൾ മാതാപിതാക്കളായ ചാൾസും ഡയാനയും സഹോദരൻ ഹാരിയും ഒപ്പമുണ്ടായിരുന്നു. സ്കൂളിന്റെ പരമ്പരാഗത പ്രവേശന രജിസ്റ്ററിൽ വില്യം ഒപ്പിടുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

ടോം ഹിഡിൽസ്റ്റൺ, ഹ്യൂ ലോറി, എഡ്ഡി റെഡ്മെയ്ൻ തുടങ്ങിയ പ്രമുഖരും മുൻ പ്രധാനമന്ത്രിമാരും എഴുത്തുകാരായ ജോർജ് ഓർവെൽ, ഇയാൻ ഫ്ലെമിങ്, സാഹസികനായ ബിയർ ഗ്രിൽസ് തുടങ്ങിയവരും ഈറ്റണിലെ മുൻ വിദ്യാർഥികളാണ്. അതേസമയം, ജോർജിന്റെ മുത്തച്ഛനായ രാജാവ് ചാൾസ് ഗോർഡൺസ്റ്റൗൺ സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ അനുഭവത്തെ ഒരിക്കൽ അദ്ദേഹം “ജയിൽശിക്ഷ”യോട് ഉപമിച്ചിരുന്നെങ്കിലും സ്വയം അച്ചടക്കവും ഉത്തരവാദിത്തബോധവും അവിടെനിന്ന് ലഭിച്ചതായി പറഞ്ഞിരുന്നു.











Leave a Reply