തിരുവനന്തപുരം: ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ ചേരുവയില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുതിയ ചേരുവയിലുള്ള അപ്പവും അരവണയുമായിരിക്കും വിതരണം ചെയ്യുക. പഴനിയിലെ പഞ്ചാമൃതത്തിന് പുതിയ ചേരുവ തയ്യാറാക്കിയ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ശബരിമലയിലെ ചേരുവയും തയ്യാറാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സിഎഫ്ടിആര്‍ഐ. പുതിയ ചേരുവയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ ശബരിമലയിലുള്ള അപ്പം, അരവണ നിര്‍മാണ പ്ലാന്റുകളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ പുതിയ ചേരുവയില്‍ ഇവ തയ്യാറാക്കാം.

പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം മൈസൂരു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ കഴിഞ്ഞ ദിവസം മൈസൂരു സിഎഫ്ടിആര്‍ഐയില്‍ എത്തി പുതിയ ചേരുവയെ കുറിച്ച് മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.