വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വരെ ഇടംപിടിച്ചതാണു നാട്ടില്‍ മടങ്ങിയെത്തിയ ഗള്‍ഫുകാരന്റെ പ്രശ്‌നങ്ങള്‍ പറയുന്ന ”വരവേല്‍പ്പ്” എന്ന സിനിമ. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാളെമുതല്‍ മടങ്ങിയെത്തുന്ന പ്രവാസികളാണിപ്പോള്‍ കേരളത്തിലെങ്ങും സംസാരവിഷയം. രോഗവ്യാപന ഭീതിക്കു പുറമേ, തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളുടെ പുനരധിവാസവും വരുമാനനഷ്ടവും സംസ്ഥാനത്തെ അലട്ടുന്നു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴില്‍ശേഷി ഫലപ്രദമായി വിനിയോഗിച്ചാല്‍ പ്രതിവര്‍ഷം 63,000 കോടി രൂപ സംസ്ഥാനത്തിനു ലാഭിക്കാനാകുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസികള്‍ മടങ്ങിയെത്തുന്നതിനൊപ്പം ”കേരളത്തെ ഗള്‍ഫാ”യിക്കണ്ട അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കു മടങ്ങുകയുമാണ്. അവര്‍ ഇട്ടെറിഞ്ഞുപോകുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണു ഗള്‍ഫില്‍ നിന്ന് ഏറെയൊന്നും സമ്പാദിക്കാതെ മടങ്ങുന്ന മലയാളികളെ കാത്തിരിക്കുന്നത്.

നോര്‍ക്ക റൂട്‌സിന്റെ കണക്കനുസരിച്ച്, വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ 40 ലക്ഷത്തോളമാണ്. ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതു 13,73,552 പേര്‍. കഴിഞ്ഞ ഞായറാഴ്ചവരെ വിദേശങ്ങളില്‍നിന്നു മടങ്ങാന്‍ 4.13 ലക്ഷം പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 1,66,263 പേരുമാണു നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തത്. വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങുന്നത് 61,009 പേരാണ്. സംസ്ഥാനസര്‍ക്കാരിന്റെ കണക്കുപ്രകാരം 10 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. അനൗദ്യോഗികമായി ഇത് 35 ലക്ഷത്തോളമാണ്. ഇവരുടെ മടക്കം കേരളത്തില്‍ കുറഞ്ഞതു 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കും. അതിഥി തൊഴിലാളികള്‍ പ്രതിവര്‍ഷം അവരവരുടെ നാടുകളിലേക്കയയ്ക്കുന്നത് 63,000 കോടി രൂപയാണ്. വിദേശമലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്നത് 50,000 കോടി മാത്രം!

നോര്‍ക്കയുടെ പഠനപ്രകാരം, വിദേശമലയാളികളില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. 25,000-35000 രൂപ ശമ്പളം വാങ്ങുന്നവര്‍. കൂടുതല്‍ പണം കിട്ടണമെങ്കില്‍ ഓവര്‍െടെം എടുക്കണം. ഇതേ തുക കേരളത്തില്‍നിന്ന് അതിഥി തൊഴിലാളികളും സമ്പാദിക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ െവെകിട്ട് ആറുവരെ അധ്വാനിക്കുന്ന അതിഥി തൊഴിലാളികളില്‍ പലരും ഇരട്ടിക്കൂലിയാണ് നേടുന്നത്. സ്വന്തം നാട്ടില്‍ അധ്വാനിക്കാന്‍ മടിക്കുന്ന മലയാളിയാണു താരതമ്യേന കുറഞ്ഞ കൂലിക്കു വിദേശത്തു വിയര്‍പ്പൊഴുക്കുന്നതെന്നു സാരം.