ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചു. ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ല. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ വന്‍ നഷ്ടമുണ്ടാക്കുന്നതായി പ്രസിഡന്റ് കെ. വിജയകുമാറും ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചനും പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.

ഹര്‍ത്താലുകള്‍ക്കെതിരെ വ്യാപാരി സംഘടനകളും ബസുടമകളും കൈകോര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറോളം ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് തങ്ങളുടെ സഹകരണം കൊണ്ട് ഇനിയൊരു ഹര്‍ത്താലും വിജയിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് വ്യാപാരികള്‍.
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ -ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം. ഈ മാസം 22ന് കൊച്ചിയില്‍ ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ ബിജു രമേശ് അറിയിച്ചു.

ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. എന്നാല്‍, ജനുവരി എട്ട്, ഒമ്പത് തിയതികളിലെ ദേശീയ പണിമുടക്കുമായി സഹകരിക്കും. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു.