സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് ഇടവകയിലെ മെന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗംഭീര തുടക്കം. ഇടവകയിലെ മെന്‍സ് ഫോറം രൂപീകൃതമായതിന് ശേഷം ഇടവകയുടെ ഉന്നമനത്തിനായി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ മെന്‍സ് ഫോറം ആദ്യമായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് വന്‍ വിജയമായിരുന്നു. കാര്യമായ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ധ്രുതഗതിയില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിന് ഇടവകാംഗങ്ങളുടെ ഭാഗത്തു നിന്നും അപ്രതീക്ഷിത സഹകരണമാണ് ലഭിച്ചത്.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം, ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ സമൂഹബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോസ് അന്തിയാംകുളം ഫുഡ് ഫെസ്റ്റ് ആശീര്‍വദിച്ചു. ഇടവകാംഗങ്ങളില്‍പ്പെട്ട മുന്നൂറില്‍പ്പരമാളുകള്‍ ഫുഡ് ഫെസ്റ്റില്‍ പങ്ക് ചേര്‍ന്നു. ഇടവകയിലെ 6 പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ നിന്നുമുള്ള മെന്‍സ് ഫോറം മെമ്പേഴ്‌സ് തികച്ചും സൗജന്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് ഫുഡ് സ്റ്റാളിലെത്തിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വില്ക്കുകയായിരുന്നു. മതബോധന പരീക്ഷയുടെ ദിവസമായതിനാല്‍ കുട്ടികളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായി. ഒരു ചെറിയ കൂട്ടായ്മയില്‍ നിന്നും ആയിരത്തി മുന്നൂറിലധികം പൗണ്ടുകള്‍ ഇന്ന് നടന്ന ഫുഡ് ഫെസ്റ്റില്‍ നിന്നും സമാഹരിക്കാന്‍ സാധിച്ചു. ഈ സംരംഭം വിജയത്തിലെത്തിക്കാന്‍ സഹായിച്ചത് ഇടവക പ്രതിനിധികളുടെ നിസ്വാര്‍ത്ഥമായ സഹകരണമാണെന്ന് മെന്‍സ് ഫോറം പ്രസിഡന്റ് ബിനോയ് ജേക്കബ്ബ് പറഞ്ഞു.

ഫാ. ജോസ് അന്തിയാംകുളം ലീഡ്‌സ് ഇടവക വികാരിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സംരംഭമാണിത്. ഇടവകാംഗങ്ങളുടെ ഒത്തൊരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് വികാരി. ഫാ. അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഫാ. ജോസ് അന്തിയാംകുളം വികാരിയായി ചുമതലയേറ്റത്.

 

 

മെന്‍സ് ഫോറത്തിന്റെ ഭാരവാഹികള്‍ താഴെ പറയും പ്രകാരം.
ഫാ. ജോസ് അന്തിയാംകുളം ഡയറക്ടര്‍,
ബിനോയ് ജേക്കബ് പ്രസിഡന്റ്, ആന്‍സണ്‍ ആന്റണി സെക്രട്ടറി, അനീഷ് പോള്‍ വൈസ് പ്രസിഡന്റ്, ബിജു പീറ്റര്‍ ജോയിന്റ് സെക്രട്ടറി, ലിജോ വര്‍ഗ്ഗീസ് ട്രഷറര്‍, ടോം മാത്യൂ, മെന്റോ വര്‍ഗ്ഗീസ് റീജണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ്.