സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ റിൻസി മുംതാസ് വീണ്ടും എംഡിഎംഎ കേസിൽ അറസ്റ്റിലായി. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള എം ജെ റസിഡൻസിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി റൂം എടുത്ത് താമസിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിൻസിക്കൊപ്പം വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3.58 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഇതിന് മുമ്പും, 2025 ജൂലൈയിൽ റിൻസി മുംതാസ് എംഡിഎംഎയുമായി പിടിയിലായിരുന്നു. കൊച്ചിയിൽ നടന്ന അന്നത്തെ കേസിൽ, സിനിമ മേഖലയിലുള്ളവർക്കാണ് ലഹരി എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി ഏകദേശം പത്ത് ലക്ഷം രൂപ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്ൻ എത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഗൂഗിൾ പേയും ക്രിപ്റ്റോ കറൻസിയും ഉപയോഗിച്ച് നടത്തിയ പണമിടപാടുകളിൽ സിനിമ മേഖലയിലെ നിരവധി ആളുകൾ ഉൾപ്പെട്ടതായി പൊലീസ് സൂചന നൽകി. ലഹരി വിതരണം സംബന്ധിച്ച ശൃംഖലയിൽ റിൻസി പ്രധാന പങ്കുവഹിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി, മലയാള സിനിമയിലെ യുവതാരങ്ങളിൽ പരിചിതയായ വ്യക്തിയാണ്. സിനിമകളുടെ പ്രമോഷൻ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. റിൻസിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന യാസർ അറാഫത്തും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഹരി എത്തിക്കുകയും കൈമാറുകയും ചെയ്തതിൽ യാസറിന്റെ പങ്ക് പ്രധാനമാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, റിൻസി ബന്ധപ്പെട്ടിരുന്ന സിനിമാ പി.ആർ കമ്പനിയായ ഒബ്സ്ക്യൂറ എൻറർടെയിൻമെന്റ്, കേസിന് പിന്നാലെ അവരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.











Leave a Reply