ന്യൂസ് ഡെസ്ക്, മലയാളം യുകെ

സുരക്ഷാ പരിശോധനയിൽ (വെറ്റിംഗ്) പരാജയപ്പെട്ട വ്യക്തിയെ യുഎസ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട പാളിച്ച പുറത്തുവന്നതിനെ തുടർന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കെയർ സ്റ്റാർമർ സർക്കാരിനെതിരെ വിമർശനം ശക്തമാകുകയാണ്. സർക്കാർ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയും വിവരം മറച്ചുവെച്ചതുമായ ആരോപണങ്ങൾ ഉയർന്നതോടെ പ്രധാനമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുണ്ടായത്. ഫോറിന്‍ ഓഫിസിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഡൗണിംഗ് സ്ട്രീറ്റിനെ അറിയിക്കാത്തതാണ് വിവാദത്തിന് മുഖ്യകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഈ വിവരം മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ പീറ്റർ മാൻഡൽസനെ നിയമിക്കില്ലായിരുന്നുവെന്ന് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി വ്യക്തമാക്കിയത് പ്രധാനമന്ത്രിക്ക് ആശ്വാസം നൽകുന്നതാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാൻഡൽസന്റെ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ ശരിയായി പാലിച്ചുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉന്നയിച്ചു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടും അവർ രംഗത്തെത്തി. വിഷയത്തിൽ വിശദീകരണം നൽകാൻ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാകാനിരിക്കുകയാണ്. വെറ്റിംഗ് പ്രക്രിയ നിയമനത്തിന് ശേഷമാണ് ആരംഭിച്ചതെന്ന വിവരവും സർക്കാരിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ വർധിപ്പിച്ചു.

ഇതിനിടെ, ഫോറിന്‍ ഓഫിസിലെ മുതിർന്ന സിവിൽ സർവന്റായ ഒല്ലി റോബിൻസ് സ്ഥാനമൊഴിഞ്ഞതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട് . വെറ്റിംഗ് റിപ്പോർട്ട് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലിയാണ് അദ്ദേഹത്തെ നീക്കിയതെന്ന സൂചനകളുണ്ട്. പുതിയ ഫോറിന്‍ സെക്രട്ടറി ഇവറ്റ് കൂപ്പർ വെറ്റിംഗ് പ്രക്രിയ വേഗത്തിലായിരുന്നെങ്കിലും എല്ലാ പരിശോധനകളും പൂര്‍ണമായി നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി. സംഭവത്തിൽ നൽകിയ വിവരങ്ങളുടെ കൃത്യത പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.