ലോകകപ്പ് പോലെ തന്നെ റഷ്യയിൽ ചർച്ചയാകുകയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിനു മുകളില്‍ കണ്ട അത്ഭുത വെളിച്ചം. ലോകകപ്പ് വേദികളിലൊന്നായ നിസ്നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. ജൂൺ 24ന് ഇംഗ്ലണ്ടിന്‍റെ മത്സരം നടക്കാനിരിക്കുന്ന ആ സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു. മത്സ്യത്തിന്റെ ആകൃതിയിൽ ആകാശത്തിലൂടെ പോകുന്ന വെളിച്ചമായിരുന്നു അത്. ഈ വെളിച്ചത്തിന്റെ വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ അന്യഗൃഹ ജീവികൾ എത്തിയതാണെന്ന് വരെ വാര്‍ത്തകൾ പ്രചരിച്ചു.

എന്നാൽ പിന്നീടാണ് സംഭവം മനസ്സിലായത്. ലോകകപ്പിന്‍റെ ആരവത്തിനിടയില്‍ തങ്ങളുടെ ബഹിരാകാശ ശേഷിയിലെ ശക്തി ഒന്ന് പരീക്ഷിച്ചതാണ് റഷ്യ. റഷ്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തെയായിരുന്നു ഇതെന്നാണ് വിശദീകരണം. ഗ്ലോനസ് –എം എന്ന കൃത്രിമോപഗ്രഹത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. മുൻ തീരുമാനിച്ചതു പ്രകാരം ജൂൺ 17നായിരുന്നു വിക്ഷേപണം.