അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിർഭരവും, ആഘോഷപൂർവ്വവും കൊണ്ടാടും. എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.

ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുക്കർമങ്ങൾ സമാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം.

വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർത്ഥാടനത്തിലും, തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും, പ്രാർത്ഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL