ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആശുപത്രിയിൽ ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ലീഡ്‌സിലെ സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും, അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സംഭവത്തിൽ ലീഡ്‌സ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആശുപത്രിയുടെ മെറ്റേണിറ്റി വിംഗിന് സമീപമാണ് ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിലെ അംഗത്തിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ആശുപത്രിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ടെന്നുമാണ് സംഭവത്തിൽ വെസ്റ്റ് യോർക്ക്ഷയർ പോലീസ് പറയുന്നത്. പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

വിദഗ്ധരുടെ സഹായം ഉൾപ്പടെ സ്വീകരിച്ചാണ് നിലവിൽ അന്വേഷണം മുൻപോട്ട് പോകുന്നത്. ഉച്ചമുതൽ തന്നെ അഗ്നിശമന സേനാംഗങ്ങളും, ബോംബ് നിർവീര്യമാക്കുന്ന യൂണിറ്റും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.