ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചാൾസ് രാജാവിന്റെ ചാരിറ്റി സംഘടനകളിൽ ഒന്നിനെ സംബന്ധിച്ച് ഉണ്ടായ വിവാദത്തിൽ മെട്രോപോളിറ്റൻ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറി. ഈ സംഭവത്തിന്റെ തുടർനടപടിയായി കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിക്കണമോ വേണ്ടയോയെന്ന വിലയിരുത്തലിലാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ്. ചാൾസ് രാജാവിന്റെ ചാരിറ്റി സംഘടനയായ പ്രിൻസ് ഫൗണ്ടേഷൻ, ഉദാരമായ സംഭാവനകൾക്ക് പകരമായി ഒരു സൗദി ശതകോടീശ്വരന് നൈറ്റ്ഹുഡും യുകെ പൗരത്വവും നേടുവാൻ സഹായിച്ചെന്നതാണ് സംഘടനയെ സംബന്ധിച്ച ഉയർന്നിരിക്കുന്ന വിവാദം.

രാജവാഴ്ചയ്ക്ക് എതിരെ പ്രവർത്തിക്കുന്ന റിപ്പബ്ലിക് എന്ന സംഘടനയാണ് വിവാദത്തിന് പിന്നിൽ . 2021 സെപ്റ്റംബറിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് സംഘടന ചാൾസിനും, അദ്ദേഹത്തിന്റെ വിശ്വസ്തനായ മൈക്കൽ ഫോസെറ്റിനും എതിരെ പരാതിയുമായി രംഗത്ത് വന്നത് . ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് മെട്രോപോളിറ്റൻ പോലീസ് അധികൃതർ ഇപ്പോൾ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ചു തുടർ നിയമനടപടി സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ക്രൗൺ പ്രോസിക്യൂഷൻ സർവീസാണ്.

ഒക്ടോബർ 31ന് ഒരു റിപ്പോർട്ട് കൈമാറിയതായും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുകയാണെന്നും മെട്രോപോളിറ്റൻ പോലീസ് വക്താവ് വ്യക്തമാക്കി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങൾക്കും ഇല്ലെന്ന് ബക്കിങ്‌ഹാം കൊട്ടാരം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് പുതിയ പല വിവാദങ്ങൾക്കും വഴിതെളിക്കും