അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ റാസൽഖൈമയിലെ മൂന്ന് മലയാളികൾക്ക് 42 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്കളായ തൃശൂർ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണൻ, മലപ്പുറം സ്വദേശി ഷാജഹാൻ കുറ്റിക്കാട്ടയിൽ എന്നിവരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജോലിയില്ലാത്തതിനാൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതിനിടെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചതെന്ന് 15 വർഷമായി യുഎഇയിലുള്ള ജിജേഷ് പറഞ്ഞു. ഇന്ത്യക്കാരായ രഘു പ്രസാദ്( 20 ലക്ഷം രൂപ), അനിഷ് തമ്പി (10 ലക്ഷം രൂപ) എന്നിവർക്കും സമ്മാനം ലഭിച്ചു.

ഭാഗ്യം വരുന്ന വഴി നേരിട്ടു കണ്ടു

താൻ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാൻ ഭാഗ്യമുണ്ടായ വിജയിയാണ് ജിജേഷ്. രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബിൽ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ യഥാർഥത്തിൽ കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ജിജേഷ് പറയുന്നു. ഉടൻ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. കുടുംബത്തെ നാട്ടിലേയ്ക്കയക്കാൻ പദ്ധതിയിടുകയും ചെയ്തു. ഏഴ് വയുസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കൽപിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കി. കൂട്ടുകാരോടൊപ്പം ചേർന്ന് തുടക്കമിട്ട ആഡ‍ംബര കാറുകള്‍ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും ആഗ്രഹിക്കുന്നു. ഈ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെ–ജിജേഷ് പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിർഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിർഹവും ഫിലിപ്പീൻസ് സ്വദേശി എഡ്വാർഡോ സെബ്രാന് 30,000 ദിർഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.