തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി. കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും തന്നെ കണ്ടിരുന്നെന്നും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് അവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. നടപടി അസാധാരണമാണെന്നും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുത്താന്‍ വിട്ടുനില്‍ക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കത്ത് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോടതി പരാമര്‍ശങ്ങളുടെ സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് രാജിവെക്കാതെ മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ രാജിക്ക് തോമസ് ചാണ്ടി ഉപാധികള്‍ വെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതിയില്‍ അനുകൂല വിധിയുണ്ടായാല്‍ തിരികെ വരാന്‍ അവസരമുണ്ടാക്കണമെന്നാണ് ഉപാധിയെന്നാണ് വിവരം.