ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് പാർസൽ വിതരണം ആരംഭിച്ച് ആമസോൺ. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ഡാർലിങ്ടണിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനം തുടങ്ങിയത്. 2.2 കിലോയിൽ താഴെ ഭാരം വരുന്ന ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ബാറ്ററികൾ, കേബിളുകൾ തുടങ്ങിയ സാധനങ്ങൾ ആമസോണിന്റെ ഫുൽഫിൽമെന്റ് സെന്ററിൽ നിന്ന് 12 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾ വഴി എത്തിക്കും. നിലവിൽ രണ്ട് മണിക്കൂറിനുള്ളിലാണ് ഡെലിവറി നടക്കുന്നത്. അമേരിക്കയിൽ ശരാശരി 36 മിനിറ്റിനുള്ളിൽ സേവനം ലഭ്യമാകുന്നുവെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. ദിവസത്തിൽ 100 വരെ പാർസലുകൾ എത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡാർലിങ്ടണിലെ കർഷകനായ റോബ് ഷീൽഡ് തന്റെ ഫാമിലെ എയർബിഎൻബി വീടാണ് ആദ്യ പരീക്ഷണങ്ങൾക്ക് നൽകിയത്. ചോക്ലേറ്റ് മുതൽ ടേപ്പ് മെഷർ വരെ നിരവധി സാധനങ്ങൾ ഡ്രോൺ വഴി വാങ്ങിയ അനുഭവം അദ്ദേഹം പങ്കുവച്ചു. വീടിന്റെ മുൻവശത്തെ തോട്ടത്തിലേക്ക് ഏകദേശം 12 അടി ഉയരത്തിൽ നിന്ന് ചെരുപ്പുപെട്ടിയുടെ വലിപ്പമുള്ള പാർസലുകളാണ് ഡ്രോൺ ഇറക്കിവിടുന്നത്. ജിപിഎസ് സാങ്കേതിക വിദ്യയും സെൻസറുകളും ഉപയോഗിക്കുന്ന ഡ്രോണുകൾ വാഷിംഗ് ലൈൻ, ട്രാംപോളിൻ, ആളുകൾ, മറ്റ് വിമാനങ്ങൾ തുടങ്ങിയ തടസ്സങ്ങൾ ഒഴിവാക്കി സ്വയം പറക്കാൻ കഴിവുള്ളവയാണെന്ന് ആമസോൺ അറിയിച്ചു. എന്നാൽ നഗരങ്ങളിലെ ഉയരം കൂടിയ ഫ്ലാറ്റുകളിലും തിരക്കേറിയ മേഖലകളിലും ഇത്തരം സേവനങ്ങൾ നടപ്പാക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണെന്ന് റീഡിങ് സർവകലാശാലയിലെ ഗവേഷക ഡോ. അന്ന ജാക്ക്മാൻ വിലയിരുത്തി.

ഡ്രോൺ ഡെലിവറി വ്യാപകമാകുന്നത് ഭാവിയിൽ പരമ്പരാഗത ഡെലിവറി ജോലികളെയും തൊഴിൽ മേഖലകളെയും ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡ്രൈവർമാരുടെയും കൊറിയർ ജീവനക്കാരുടെയും ആവശ്യകത കുറയാൻ സാധ്യതയുണ്ടെങ്കിലും ഡ്രോൺ ഓപ്പറേഷൻ, എയർ ട്രാഫിക് നിരീക്ഷണം, സോഫ്റ്റ്‌വെയർ നിയന്ത്രണം, സാങ്കേതിക പരിപാലനം തുടങ്ങിയ പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ആമസോൺ ഡ്രോൺ സേവനം നടത്തുന്നുണ്ട്. ഈ വർഷാവസാനം വരെ പരീക്ഷണത്തിന് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വ്യാപകമാകുന്നത് ജനങ്ങളുടെ പ്രതികരണത്തെയും സുരക്ഷാ വിലയിരുത്തലുകളെയും ആശ്രയിച്ചായിരിക്കും.