തായ്‌വാനിൽ ഭൂകമ്പത്തില്‍ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന്‍ ത്യജിച്ച് നഴ്‌സുമാര്‍ ചേര്‍ത്തുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഭൂകമ്പത്തില്‍ നില്‍ക്കുന്ന കെട്ടിടം കുലുങ്ങി വിറയ്ക്കുമ്പോള്‍ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാവും നമ്മളില്‍ ഭൂരിഭാഗവും ശ്രമിക്കുക.

എന്നാല്‍ കെട്ടിടം നിലം പൊത്തിയേക്കാമെന്ന ബോധ്യമുണ്ടായിട്ടും തങ്ങളെ മാത്രം വിശ്വസിച്ചു ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുഞ്ഞു മലാഖകളെ ഇരു കൈകള്‍ കൊണ്ടും ചേര്‍ത്തുവയ്ക്കാനാണ് തായ് വാനിലെ ഈ മാലാഖമാര്‍ ശ്രമിച്ചത്. ജനനന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാര്‍ത്ഥ മാലാഖമാരാണ് ഇവരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്‌സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം.

ശക്തമായ കുലുക്കത്തില്‍ കുട്ടികള്‍ കിടന്ന ഇന്‍ക്യുബേറ്ററുകള്‍ തെന്നി നീങ്ങാന്‍ തുടങ്ങി. എല്ലാ ഇന്‍ക്യുബേറ്ററുകളും തെന്നി ചിതറി. കുട്ടികള്‍ അതില്‍ നിന്നും നിലത്തേക്ക് വീഴുമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. എന്നാല്‍ സ്വന്തം ജീവന്‍ പണയം വെച്ചും ഇന്‍ക്യുബേറ്ററില്‍ കിടക്കുന്ന കുഞ്ഞു മക്കളുടെ ജീവന്‍ രക്ഷിക്കാനാണ് ഈ നഴ്‌സുമാര്‍ ശ്രമിച്ചത്. നഴ്‌സുമാര്‍ എല്ലാവരും മറിഞ്ഞു വീഴാന്‍ തുടങ്ങിയ ഇന്‍ക്യുബേറ്ററുകളെ പിടിച്ചു നിര്‍ത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം നില കൊള്ളുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.