ഹാരി രാജകുമാരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, പുതിയ പുതിയ വാര്‍ത്തകളാണ് രാജകുടുംബത്തില്‍ നിന്ന് വരുന്നത്. ഹാരി- മേഗന്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികള്‍ കൈയിൽ ഭക്ഷണവുമായി വരണമെന്ന നിര്‍ദ്ദേശത്തിലൂടെ ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് രാജകുടുംബം. ഭക്ഷണം ഉണ്ടാകില്ല എന്ന കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയതിന് പിന്നാലെയാണ് ഭക്ഷണം സ്വന്തമായി തന്നെ കയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശം എത്തിയത്.

രാജകീയ വിവാഹത്തിന് ക്ഷണം കിട്ടിയ 2640 അതിഥികളില്‍ 1200 പേര്‍ സാധാരണക്കാരാണ്. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള അവസരം വിഐപി അതിഥികള്‍ക്കു മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ കൊട്ടാരവളപ്പിലെ മൈതാനത്തിലിരിക്കണം. ഇവര്‍ക്കു ശീതളപാനീയവും ലഘുഭക്ഷണവും മാത്രമാണു കൊട്ടാരം വകയായി ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങു നാലുമണിക്കൂറിലേറെ നീളുമെന്നതിനാല്‍ ഉച്ചക്ക് കഴിക്കാനുള്ള പൊതി വീട്ടില്‍നിന്നു കൊണ്ടുവരുന്നതായിരിക്കും നല്ലതെന്നാണ് അറിയിപ്പ്. ഹാരിമേഗന്‍ വിവാഹച്ചെലവിനത്തില്‍ 40 കോടി പൗണ്ട് വകയിരുത്തിയ രാജകുടുംബം സാധാരണക്കാര്‍ക്കു മാന്യമായ ഭക്ഷണം കൊടുക്കാന്‍ പിശുക്കുകാട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

രാജകീയ മാംഗല്യത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാടകീയ സംഭവങ്ങളാണ് കൊട്ടാരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഹാരി രാജകുമാരന് മേഗന്‍ മെര്‍ക്കലിന്റെ സഹോദരന്‍ കത്തയച്ചത് വാര്‍ത്തയായിരുന്നു. ഒട്ടും താമസിച്ചിട്ടില്ല, മേഗനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. മേഗന്റെ അര്‍ദ്ധ സഹോദരന്‍ തോമസ് മെര്‍ക്കലായിരുന്നു കത്തയച്ചത്. മേഗനുമായുള്ള ഹാരിയുടെ വിവാഹം നടന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹ ചരിത്രങ്ങളില്‍ ഏറ്റവും വലിയ പിഴവായിരിക്കും അതെന്നും തോമസ് കത്തില്‍ പറഞ്ഞിരുന്നു.