Business

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യയിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് റഷ്യൻ ഗവൺമെന്റും സെൻട്രൽ ബാങ്കും ചേർന്ന് രൂപം നൽകിയിരിക്കുകയാണ്. ക്രിപ്റ്റോകറൻസികൾ ഒരുതരത്തിലുള്ള കറൻസികൾ തന്നെയാണെന്നും, അതിനാൽ തന്നെ അവയുടെ ട്രാൻസാക്ഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യ വിലയിരുത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കറൻസികൾ നിരോധിക്കുകയല്ല, മറിച്ച് എല്ലാവിധ ട്രാൻസാക്ഷനുകളും നിയമപരമായി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. നിലവിൽ റഷ്യൻ പൗരൻമാർക്ക് മാത്രമായി 12 മില്യൺ ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലായി 26.7 ബില്യൺ ഡോളർ തുകയുടെ നിക്ഷേപമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ബിറ്റ് കോയിൻ മൈനിങ്ങിലും മറ്റും രാജ്യം മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് റഷ്യ വിലയിരുത്തുന്നത്.


ഇതോടെ ആറ് ലക്ഷം റൂബിളിന് മുകളിലുള്ള ട്രാൻസാക്ഷനുകൾ എല്ലാംതന്നെ ഉപഭോക്താക്കൾ വെളിപ്പെടുത്തേണ്ടതായി വരും. ഇത് വെളിപ്പെടുത്താത്ത പക്ഷം അത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് വഴിതെളിക്കും എന്നാണ് ഇപ്പോൾ രൂപപ്പെടുത്തിയ നിയമം വ്യക്തമാക്കുന്നത്. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച റഷ്യൻ ഗവൺമെന്റിന്റെ തീരുമാനം മാസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ ചിലർ ഇത് ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. ക്രിപ്റ്റോകറൻസികളെ ഒരു വിഭാഗം കറൻസികൾ ആയിത്തന്നെ അംഗീകരിച്ചുകൊണ്ടാണ് റഷ്യ പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യം മുഴുവനും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന ആവശ്യമാണ് റഷ്യൻ ബാങ്ക് മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ ഈ തീരുമാനത്തോട് റഷ്യൻ ധനകാര്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ക്രിപ്റ്റോകറൻസികൾ നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന നിലപാടിലാണ് ഇപ്പോൾ റഷ്യ എത്തിനിൽക്കുന്നത്. ഇതോടൊപ്പം തന്നെ ക്രിപ്റ്റോകറൻസികളുടെ മൈനിങ്ങും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ക്രിപ്റ്റോ കറൻസികളെ നിരോധിക്കുന്നതിന് പകരം നികുതി ചുമത്തി ഒരു ഡിജിറ്റൽ ആസ്തിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടി ഇരുകൈയും നീട്ടിയാണ് ഇന്ത്യൻ ക്രിപ്റ്റോ നിക്ഷേപകർ സ്വീകരിച്ചത്. ക്രിപ്റ്റോ കറൻസി ബിൽ പാസാക്കാതെ തന്നെ പരോക്ഷമായി ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് ബജറ്റിൽ 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. ക്രിപ്റ്റോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ കൂടുതൽ വ്യക്തത നൽകുമ്പോൾ 82% ഇന്ത്യക്കാരും ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. അടുത്തിടെ ഡെലോയ്‌റ്റും ടൈംസ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേയുടെ ഫലമാണിത്.

സർവേയിൽ പങ്കെടുത്ത 1,800 പേരിൽ, 55.2% പേർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞു. 26.8% പേർ ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചിട്ടില്ലെന്നും ക്രിപ്റ്റോ നിയന്ത്രണത്തെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത നൽകിയാൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ ക്രിപ്റ്റോകറൻസികൾക്ക് പരോക്ഷ അംഗീകാരം നൽകി. ഡിജിറ്റൽ കറൻസികൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ കറൻസികൾക്ക് ഫലത്തിൽ അംഗീകാരം നൽകുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും 2021-ൽ ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപങ്ങൾ കുതിച്ചുയർന്നു. 2021-ൽ 48 റൗണ്ടുകളിലായി 63.8 കോടി ഡോളർ മൂല്യമുള്ള ക്രിപ്റ്റോ ഫണ്ടിങ്ങും ബ്ലോക്ക്ചെയിൻ നിക്ഷേപങ്ങളുമാണ് ഇന്ത്യെയെ ആകർഷിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ നിക്ഷേപങ്ങളുള്ളത് ഇന്ത്യക്കാർക്ക് ആണെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ ബില്ലുമായി ബന്ധപ്പെട്ട് സംഭവ ബഹുലമായിരുന്ന വർഷം തന്നെ ഇത്രയധികം നിക്ഷേപം നടന്നുവെന്നത് ക്രിപ്റ്റോയുടെ സ്വീകാര്യത വലിയ തോതിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമാണ്.

ഒമ്പത് വയസ്സുള്ള കുട്ടിയുടെ പൊതുവായ ഹോബികൾ നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ്. ആഷിലൻ മഹൽ, ഫെരാരി, റോയൽസ് തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സ്വകാര്യ വിമാനങ്ങളും വാങ്ങാൻ ഒമ്പത് വയസ്സുകാരന് താൽപ്പര്യമുണ്ടോ എന്ന് സങ്കൽപ്പിക്കുക? ഇല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ബ്രാൻഡഡ് ഷൂകൾ, വിലകൂടിയ വാച്ചുകൾ, ബംഗ്ലാവുകൾ, വിലകൂടിയ വാഹനങ്ങൾ എന്നിവയോട് ഇഷ്ടമാണ് നൈജീരിയയിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള മോംഫ ജൂനിയർ എന്ന കുട്ടിക്ക്.

ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. ഒമ്പത് വയസ്സുള്ള മോംഫ ജൂനിയറിന് വിലകൂടിയ സൂപ്പർ കാറുകളുടെ ഒരു നിര തന്നെയുണ്ട്. 6 വയസ്സുള്ളപ്പോൾ അവന്‍ ഒരു ആഡംബര കൊട്ടാരം വാങ്ങി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ മോംഫ ജൂനിയർ ആണെന്ന് ആഫ്രിക്കൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു. മോംഫ പ്രൈവറ്റ് ജെറ്റിലാണ് ലോകം ചുറ്റി സഞ്ചരിക്കുന്നത്. മൊഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫയുടെ യഥാർത്ഥ പേര്. അവന്റെ ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

മോംഫയുടെ പിതാവ് ഇസ്മയിലിയ മുസ്തഫ ഒരു കോടീശ്വരനാണ്. മോംഫയുടെ പിതാവ് ഇസ്മാലിയ മുസ്തഫയും ഇൻസ്റ്റാഗ്രാമിൽ തന്റെ ചെലവേറിയ ജീവിതശൈലി കാണിക്കുന്നതിൽ പ്രശസ്തനാണ്. നൈജീരിയയിലെ ലാഗോസ് ഐലൻഡ് ആസ്ഥാനമായുള്ള മോംഫ ബ്യൂറോ ഡി ചേഞ്ച് എന്ന വലിയ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. മോംഫ സീനിയർ അതായത് ഇസ്മയിലിയ മുസ്തഫ പലപ്പോഴും അയാളുടെ സ്വകാര്യ ജെറ്റിന്റെ ചിത്രങ്ങളും കാർ എക്സിബിഷനുകളുടെയും ബംഗ്ലാവുകളുടെയും ചിത്രങ്ങൾ അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇസ്മയിലിയ മുസ്തഫയെപ്പോലെ അദ്ദേഹത്തിന്റെ മകൻ മോംഫയാണ്. അയാളുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി ലോകത്തിലെ മറ്റ് കുട്ടികളിൽ നിന്ന് മോംഫയെ വ്യത്യസ്തമാക്കുന്നു. മോംഫയ്ക്ക് അയാളുടെതായ ആഡംബര മാളികയുണ്ട്. വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. മോംഫയ്ക്ക് സ്വന്തമായി ഒരു വിമാനമുണ്ട്, അതിനുള്ളിൽ ഇരിക്കുമ്പോൾ അദ്ദേഹം പലപ്പോഴും ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യാറുണ്ട്. അഞ്ചാം വയസ്സിൽ അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ കാർ സിൽവർ ബെന്റ്ലി ആയിരുന്നു.

ദുബായും നൈജീരിയയും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളിലും ഇസ്മാഈലിയ മുസ്തഫ തന്റെ ആഡംബര ബംഗ്ലാവുകൾ നിർമ്മിച്ചിട്ടുണ്ട്. മോംഫ ജൂനിയറിനെ പുകഴ്ത്തി ഗൂച്ചി വസ്ത്രം ധരിക്കുന്ന, സ്വന്തമായി വീടുള്ള ഏറ്റവും പ്രായം കുറഞ്ഞ ഭൂവുടമയെന്ന് അദ്ദേഹത്തിന്റെ പിതാവും എഴുതി. മഞ്ഞ ഫെരാരി ഉൾപ്പെടെയുള്ള ആകർഷകമായ വാഹനങ്ങളുമായി മോംഫയെ അവന്റെ ദുബായ് ബംഗ്ലാവിൽ പാർക്ക് ചെയ്യുന്നത് കാണാം.

മോംഫ പലപ്പോഴും ലാഗോസിലെയും യുഎഇയിലെയും വീടുകളിലേക്ക് യാത്ര ചെയ്യുകയും ഫോട്ടോകൾ പങ്കിടുകയും ചെയ്യാറുണ്ട്. 10 മില്യൺ പൗണ്ടിലധികം കള്ളപണം വെളുപ്പിച്ചതിന് മോംഫയുടെ പിതാവ് കുറ്റം നേരിടുന്നു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ചില സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി ഇനി ടാറ്റയ്ക്ക് സ്വന്തം. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്.വ്യാഴാഴ്ച (27) ടാറ്റ സൺസ് ഏറ്റെടുക്കും.കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു.എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്‌സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.

കണക്കുകൾ പൂർണമായി അവലോകനം ചെയ്തതിനു ശേഷം മാറ്റങ്ങൾ ഉണ്ടെങ്കിൽ കമ്പനി ബുധനാഴ്ചതന്നെ വ്യക്തമാക്കുമെന്നു എയർലൈൻസ് ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണ് ടാറ്റ അന്ന്‌ ഒന്നാമതെത്തിയത്.എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി ഇനി കൈമാറുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവർ യുകെയിൽ നിരവധിപേരാണ്. ഇവരെല്ലാം ജനുവരി 30ന് മുമ്പ് സെൽഫ് അസ്സസ്സ്മെന്റ് നടത്തുകയും,ടാക്‌സ് റിട്ടേൺ സമർപ്പിക്കുകയും ചെയ്യണമെ ന്നുള്ളത് യുകെയിലെ അലിഖിത നിയമമാണ് . ജനുവരി 30ന് മുമ്പ് ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക് ഉടൻ വരുക 100 പൗണ്ട് പിഴയാണ് .

നിരവധി മലയാളികളാണ് ഓഫ് ലൈസൻസ് ഷോപ്പുകൾ പോലുള്ള ചെറുകിട ബിസിനസ് സംരംഭങ്ങൾ നടത്തുകയും ടാക്സി ഡ്രൈവർമാരായും മറ്റും ജോലി ചെയ്തു ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. ഇവരെല്ലാം ജനുവരി 30ന് മുമ്പ് ടാക്സ് നൽകാനുള്ള നെട്ടോട്ടത്തിലാണ്. 12.2 മില്യൻ ജനങ്ങൾ ടാക്സ് റിട്ടേൺ നൽകേണ്ടിടത്ത് ഇതിനോടകം പകുതിയോളം പേരെ നൽകിയിട്ടുള്ളൂ .ഇത്തരക്കാർക്ക് ആശ്വാസമായി ടാക്സ് റിട്ടേൺ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28 വരെയാക്കി ദീർഘിപ്പിച്ചിരിക്കുകയാണ് ഗവൺമെൻറ് .കോവിഡിൻെറ പശ്ചാത്തലത്തിലാണ് വളരെ വിരളമായി പോലും നൽകാത്ത ഈ ആനുകൂല്യം നൽകിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ക്രിപ്റ്റോകറൻസികളുടെ പൂർണമായ നിരോധനം നടപ്പിലാക്കുവാൻ സാധിക്കില്ലെന്നും, അത്തരത്തിലുള്ള നിരോധനം കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധയും, ഇന്ത്യൻ മോണിറ്ററി പോളിസി കമ്മിറ്റി അംഗവുമായ ആഷിമ ഗോയൽ. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ഞായറാഴ്ച നൽകിയ ഇന്റർവ്യൂവിനാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രൈംമിനിസ്റ്റേഴ്സ് ഇക്കണോമിക് അഡ്വൈസറി കൗൺസിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി തുടങ്ങി നിരവധി ഗവൺമെന്റ് കമ്മിറ്റികളിൽ അംഗമായിരുന്നു ആഷിമ ഗോയൽ. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച ചോദ്യത്തിന് ക്രിപ്റ്റോകറൻസികൾ എന്നല്ല മറിച്ച് അവയെ ക്രിപ്റ്റോടോക്കണുകൾ എന്നാണ് വിളിക്കേണ്ടത് എന്ന് ഗോയൽ അഭിപ്രായപ്പെട്ടു. ഇത്തരം ക്രിപ്റ്റോകറൻസികളുടെ പൂർണമായ ഒരു നിരോധനം സാധ്യമാകില്ലെന്നും, ഇനിയുള്ള ലോകത്ത് അവ അത്യാവശ്യം ആണെന്നും അവർ വ്യക്തമാക്കി.


അടുത്തിടെ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഗവർണേഴ്സ് മീറ്റിങ്ങിൽ ക്രിപ്റ്റോകറൻസികളുടെ പൂർണമായ നിരോധനം ആവശ്യമാണെന്ന് ആർബിഐ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കറൻസികൾ അപകടകരമാണെന്നും, തീവ്രവാദത്തിനും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ഇത്തരം കറൻസികളിലൂടെ വർദ്ധിക്കുമെന്നും ആർ ബി ഐ വ്യക്തമാക്കിയിരുന്നു.


ഇന്ത്യയിൽ നിലവിൽ ക്രിപ്റ്റോകറൻസികളെ സംബന്ധിക്കുന്ന യാതൊരു നിയമവും ഇല്ല . എന്നാൽ ഗവൺമെന്റ് ഇത് സംബന്ധിച്ച് ഉടൻ ഒരു തീരുമാനം എടുക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ക്രിപ്റ്റോകറൻസികളുടെ പൂർണമായ ഒരു നിരോധനം അസാധ്യമാണെന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം പുറത്തു വരുന്നു. ജീവചരിത്രം തയാറാക്കാനുളള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗ്ഥന്‍ തോമസ് മാത്യുവിനാണ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു.

രത്തന്‍ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തല്‍ വിശദീകരിക്കുന്നുണ്ട്. ടാറ്റയുടെ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍, ടാറ്റാ നാനോ പ്രോജക്ട് ഇവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ട് കോടി രൂപയ്ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ഹാര്‍പ്പന്‍ കോളിന്‍സിനാണ്. കഥേതര വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെയെല്ലാം വില്‍പ്പനാവകാശങ്ങള്‍ ചേര്‍ത്ത് രണ്ട് കോടിയിലധികം രൂപയ്ക്കാണ് കരാറായിട്ടുളളത്. രണ്ട് ഭാഗങ്ങളിലായാണ് പുസ്തകം ഇറങ്ങുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെങ്ങും ബിറ്റ് കോയിൻ കൂടുതൽ മേഖലകളിൽ സ്വീകാര്യമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത് . ഏറ്റവും പുതുതായി കൊളംബിയൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ് ഫോമായ തങ്ങളുടെ ഉപഭോക്താക്കളെ ബിറ്റ് കോയിൻ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങാനും വിൽക്കാനും അനുവദിച്ചത് ലോകമെമ്പാടും ക്രിപ്റ്റോകറൻസിയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ ഫലമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാന്താ മാർട്ടയിലെ നാച്ചുറ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിനായി ആണ് ബിറ്റ് കോയിൻ പെയ്മെന്റുകൾ നടത്താൻ ലാ ഹൗസ് തുടക്കമിട്ടിരിക്കുന്നത്. കൊളംബിയൻ ബീച്ചുകളിൽ നിന്ന് നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഈ പാർപ്പിട സമുച്ചയം 2025 ഓടെ പൂർത്തിയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

വാങ്ങുന്നയാളുടെ സൗകര്യാർത്ഥം മൊത്തം തുകയോ അതുമല്ലെങ്കിൽ ഒരു ഭാഗമോ ബിറ്റ് കോയിൻ ഉപയോഗിച്ച് നൽകാനുള്ള സൗകര്യം ആണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പെയ്മെൻറ് പ്രോസസറായ ഓപ്പൺ നോഡുമായി ലാ ഹൗസ് കരാറിലേർപ്പെട്ടു കഴിഞ്ഞു. ഉപഭോക്താവിന് പൂർണസ്വാതന്ത്ര്യം നൽകുന്ന രീതിയിലുള്ള ഈ പദ്ധതി കൂടുതൽ പേരെ ആകർഷിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തങ്ങളുടെ ബിസിനസ്സിൽ ക്രിപ്റ്റോകറൻസി പെയ്മെന്റുകൾ നടത്താൻ ല ഹൗസ് നേരത്തെയും ഉപഭോക്താവിന് അവസരം നൽകിയിരുന്നു. നവംബർ മാസത്തിൽ മെക്സിക്കോയിലെ പ്ലായ ഡെൽ കാർമെനിലെ പ്രോജക്റ്റിലും കമ്പനി ബിറ്റ് കോയിൻ സ്വീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിൽ നിന്നും, ഇപ്പോൾ ഒമിക്രോണിൽ നിന്നും കരകയറാൻ ബ്രിട്ടൻ തീവ്രശ്രമം നടത്തുകയാണ്. എന്നാൽ എല്ലാ മേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ രാജ്യത്തിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്. കുതിച്ചുയരുന്ന നാണയപെരുപ്പവും നികുതിയും മറ്റ് ജീവിത ചെലവുകളും സാധാരണ യുകെ മലയാളികളെ ഇരുട്ടിലാക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക രംഗം കാരണം ഈ വർഷം ജീവിതം കൂടുതൽ ദുരിതപൂർണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2022 ൽ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്;

മിനിമം വേതനം

ഏപ്രിലിൽ, മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയരും. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക. 23 വയസ്സിന് മുകളിലുള്ളവരുടെ നാഷണൽ ലിവിങ് വേജും വർദ്ധിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.

റെയിൽവേ നിരക്കുകൾ, ടിവി ലൈസൻസ്

മാർച്ചിൽ റെയിൽവേ നിരക്കുകൾ 3.8% വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. നാണയപെരുപ്പത്തിന് അനുസൃതമായാണ് റെയിൽവേ നിരക്കും കണക്കാക്കുന്നത്. ഏപ്രിലിൽ ടിവി ലൈസൻസ് ഫീസ് വീണ്ടും ഉയരുമെന്നാണ് ഇപ്പോഴുള്ള വിവരം.

സ്റ്റേറ്റ് പെൻഷൻ

ഏപ്രിൽ മുതൽ സ്റ്റേറ്റ് പെൻഷനിൽ 5.50 പൗണ്ടിന്റെ വർധനയുണ്ടാകും. 3.1% വർധനയിലൂടെ സംസ്ഥാന പെൻഷനിലുള്ളവരുടെ വാർഷിക വരുമാനം 9,628.50 പൗണ്ടിലേക്ക് ഉയരും. അധികമായി 289.50 പൗണ്ട് ലഭിക്കും. 1951 ഏപ്രിൽ 6-നോ അതിനു ശേഷമോ ജനിച്ച പുരുഷന്മാർക്കും 1953 ഏപ്രിൽ 6-നോ അതിനുശേഷമോ ജനിച്ച സ്ത്രീകൾക്കും പുതിയ സംസ്ഥാന പെൻഷൻ ക്ലെയിം ചെയ്യാൻ കഴിയും.

വീട്, വാഹന ഇൻഷുറൻസ്

ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ഈ വർഷം പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പ്രകാരം അധിക തുക നൽകേണ്ടി വരില്ല. ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. ഇതിലൂടെ പത്തു വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ടിന്റെ ലാഭമുണ്ടാകും.

നാഷണൽ ഇൻഷുറൻസ് റേറ്റ് വർദ്ധനവ്

ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ അവർ സമ്പാദിക്കുന്ന ഓരോ പൗണ്ടിനും നാഷണൽ ഇൻഷുറൻസിൽ (NI) 1.25 പെൻസ് അധികം നൽകേണ്ടി വരും. ഇത് ഇടത്തരം കുടുംബങ്ങളെയാണ് ബാധിക്കുക. ഈ വർദ്ധനവ് പ്രകാരം ഒരു ശരാശരി ജീവനക്കാരൻ വർഷത്തിൽ 255 പൗണ്ട് അധിക നികുതിയായി നൽകണം. പ്രതിവർഷം 20,000 പൗണ്ട് ശമ്പളമുള്ള ഒരു ജീവനക്കാരൻ 130 പൗണ്ട് അധികമായി നൽകണം. 2023 മുതൽ ഇത് ഹെൽത്ത്, സോഷ്യൽ കെയർ ടാക്സ് ആയി അറിയപ്പെടും. പ്രതിവർഷം 9,564 പൗണ്ടിൽ താഴെയോ പ്രതിമാസം 797 പൗണ്ടിന് താഴെയോ വരുമാനമുള്ള ആളുകൾ നാഷണൽ ഇൻഷുറൻസ് നൽകേണ്ടതില്ല.

എനർജി പ്രൈസ് ക്യാപ്, കൗൺസിൽ ടാക്സ് റേറ്റ്

ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ്പിൽ 280 പൗണ്ടിന്റെ വർധന ഉണ്ടാകും. കുടുംബ ബജറ്റില്‍ 600 പൗണ്ടിന്റെയെങ്കിലും അധികം ചെലവ് ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവ് കൊണ്ടുവരും എന്നാണ് കണക്കുകൂട്ടുന്നത്. അതോടൊപ്പം പ്രാദേശിക കൗണ്‍സിലുകൾ കൗണ്‍സില്‍ ടാക്‌സില്‍ ഏകദേശം 3 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുവാന്‍ ആലോചിക്കുന്നു. ഇതിൽ ഒരു ശതമാനം സോഷ്യൽ കെയറിനായി നീക്കി വയ്ക്കും. 33 പട്ടണങ്ങളിലെ താമസക്കാർക്ക് അവരുടെ ബില്ലുകൾ 6 ശതമാനം വരെ ഉയരും. ഇത് പല കുടുംബങ്ങളെയും മോശമായി ബാധിക്കും.

പഴയ 20, 50 പൗണ്ട് നോട്ടുകൾ പിൻവലിക്കുന്നു.

പഴയ രീതിയിലുള്ള പേപ്പർ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ 20,50 പൗണ്ട് നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂലൈ 6 മുതൽ പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ ഘടിപ്പിക്കും.

ലോക്കൽ ക്ലീൻ എയർ സോൺ ചാർജുകൾ

വായു മലിനീകരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സ്ഥലങ്ങൾ ക്ലീൻ എയർ സോണിലേക്ക് മാറും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കും. ഈ വർഷം, ഗ്രേറ്റർ മാഞ്ചസ്റ്ററും ബ്രാഡ്‌ഫോർഡും ക്ലീൻ എയർ സോണുകൾ അവതരിപ്പിക്കും. മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ 2022 മെയ് 30-ന് ആരംഭിക്കും. അതേസമയം ബ്രാഡ്‌ഫോർഡ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പോസ്റ്റ് ഓഫീസ് കാർഡ് അക്കൗണ്ടുകൾ. എന്നാൽ ഇവയിലേക്കുള്ള പണമിടപാട് നിർത്താൻ എച്ച്എംആർസി ഒരുങ്ങുകയാണ്. ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ബദൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെർലിൻ : ജർമ്മൻ സേവിംഗ്സ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജർമ്മൻ മാസികയായ ക്യാപിറ്റലാണ് ഈ വാർത്ത പുറത്തുവിട്ടത്. ക്രിപ്‌റ്റോ അസറ്റുകളിൽ തങ്ങൾക്ക് വലിയ താല്പര്യം ഉണ്ടെന്ന് ജർമ്മൻ സേവിംഗ്സ് ബാങ്ക്സ് അസോസിയേഷന്റെ പ്രതിനിധി പറഞ്ഞു. പദ്ധതി ഇപ്പോഴും പരിഗണനയിലാണെന്നും ഔദ്യോഗിക തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ക്രിപ്റ്റോ സേവനങ്ങൾ കൂടുതൽ എളുപ്പമാകും. കെവൈസി (നോ യുവർ കസ്റ്റമർ) നടപടിക്രമങ്ങളിലൂടെ പോകാതെ അക്കൗണ്ടുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നേരിട്ട് ക്രിപ്‌റ്റോകറൻസികൾ വാങ്ങാൻ കഴിയും. അസോസിയേഷനെ സംബന്ധിച്ച്, ക്രിപ്റ്റോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന തിരഞ്ഞെടുപ്പ് ഓരോ ബാങ്കിനും വ്യക്തിഗതമാണ്. 370 ബാങ്കുകളിൽ ഓരോന്നും ഈ വിഷയത്തിൽ സ്വന്തമായി തീരുമാനമെടുക്കും. പല ബാങ്കുകളും ഇതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ സ്പാനിഷ് ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ വാഗ്‌ദാനം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved