Crime

ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരി <അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് റിപ്പോര്‍ട്ട്. പ്രതിയായ അർജുൻ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം ബോധരഹിതയായ പെൺകുട്ടിയെ മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

അർജുന് കൊലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഇവരുടെ കുടുംബത്തിലേക്ക് ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അര്‍ജുന്‍ ജൂണ്‍ 30 ന് കുട്ടിയുടെ അച്ഛനും അമ്മയും ജോലി പോയ സമയത്താണ് കുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

സംഭവ സ്ഥലത്തെത്തിയ അന്ന് തന്നെ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, പ്രതി അർജുനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. രാവിലെ 11 മണിയോടെ അർജുനെ ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ചായിരിക്കും തെളിവെടുക്കുക.

ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ ഷാൾ കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്.

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങി മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കെവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെ, മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പങ്കുവെച്ചതോടെ കേസിൽ പോലീസ് രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു. തുടക്കത്തിൽ സംശയം തോന്നിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.

30ന് അർജുൻ വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. ആർക്കും സംശയമില്ലാതിരുന്നിട്ടും പ്രതിയെ തന്ത്രപരമായി കുടുക്കിയ പോലീസിനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബിഎ ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിടുകയായിരുന്നു. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെനന്നും ഇത്രയും കാലത്തിനിടയില്‍ ഒരുകേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു ആളൂരിന്റെ വാദം.

പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളാണ് കോടതി തള്ളിയത്. 21-ന് പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്.

ചാലാട് കുഴിക്കുന്നിൽ ഒന്‍പത് വയസ്സുകാരി അവന്തികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മ വാഹിദയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. അവന്തികയുടെ അച്ഛൻ രാജേഷിന്റെ പരാതിയിലാണ് നടപടി.

ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് രാജേഷ് പൊലീസിനു പരാതി നൽകി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്. വാഹിദയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവന്തികയെ കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ പോസ്റ്റമോര്‍ട്ടം നാളെ നടക്കും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണ കാരണത്തിലടക്കം വ്യക്തത വരും. അച്ഛന്‍ രാജേഷും അമ്മ വാഹിദയും തമ്മില്‍ രാവിലെ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാജേഷിനെ പുറത്താക്കി വാഹിദ വാതില്‍ അകത്തുനിന്നും പൂട്ടി. പുറത്തുപോയി വന്ന രാജേഷ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടി നിലത്തു കിടക്കുന്നതായി കണ്ടത്. വാഹിദ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മുൻഅധ്യാപികയായ വയോധികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സൈനികനായ മകനെ അറസ്റ്റുചെയ്തു. മൃതദേഹപരിശോധനയിൽ മരണം കൊലപാതകമാണെന്നും കണ്ടെത്തി. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യയും മുൻ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓമനയുടെ മകൻ വിപിൻദാസി(39)നെയാണ് പൂവാർ പോലീസ് അറസ്റ്റുചെയ്തത്.

ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നതു കണ്ടപ്പോഴാണ് നാട്ടുകാർ മരണവിവരം അറിഞ്ഞത്. തുടർന്ന് അന്വേഷിക്കാനെത്തിയ നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിൻദാസ് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൂവാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് മൃതദേഹം നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാനായത്.

മരണത്തിൽ തുടക്കം തൊട്ട് സംശയം തോന്നിയതോടെ വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിൻദാസ്, സ്ഥിരമായി ഓമനയെ മർദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനൽകി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഓമനയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മൃതദേഹം പോലീസ് സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കമുകിൻകോട് സ്‌കൂളിലെ മുൻ അധ്യാപികയാണ് ഓമന. വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ചന്ദ്രദാസാണ് മറ്റൊരു മകൻ.

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കാമുകന്‍ ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്.

രേഷ്മ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു നേരത്തെ മൊഴി നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ പോലും ചെയ്യാതെ സദാസമയവും ഫോണ്‍ ഉപയോഗിക്കുക പതിവായിരുന്നു. വിഷ്ണുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ചാത്തന്നൂര്‍ എസ്പി വൈ.നിസാമുദ്ദീന്‍, പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

ജനുവരി അഞ്ചാം തീയതിയാണ് സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരണപ്പെട്ടു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തുള്ള സ്ത്രീകളുടെ രക്ത സാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷമയുടേതാണെന്ന് കണ്ടെത്തിയത്.

എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.

മകന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് സോമന്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ക്യാൻസർ രോഗിയായിരുന്ന സോമൻ കുറേ കാലമായി മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് സോമൻ മകന്‍റെ അടുത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന മകൻ, അച്ഛനെ മദ്യപിക്കുന്നത് പതിവായി. നാട്ടുകാർ ഈ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും വഴക്ക് തുടർന്നു.

കഴിഞ്ഞ ദിവസവും ഉച്ചയോടെ പുറത്തു പോയി മടങ്ങിയെത്തിയ സന്തോഷ് അച്ഛനുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. വൈകുന്നേരത്തും രാത്രിയിലും നിരവധി തവണ ഇവരുടെ വീട്ടിൽനിന്ന് ബഹളം കേട്ടെങ്കിലും സ്ഥിരം സംഭവമായതിനാൽ അയൽക്കാർ ഇടപെട്ടില്ല. രാത്രി പന്ത്രണ്ട് മണിയോടെയാണ് കൊലപാതകം നടത്തിയതെന്ന് സോമൻ പൊലീസിനോട് പറഞ്ഞു. തന്നെ തുടർച്ചയായി മർദ്ദിച്ചതോടെ അടുത്തിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

പിന്നീട് അയൽക്കാരോട് വിവരം പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സന്തോഷ് മരണപ്പെട്ടിരുന്നു. ഉടൻ തന്നെ പൊലീസ് സോമനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സന്തോഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം കൊച്ചി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

 

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും.

വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കിരണിന്റെ കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ വാദിച്ചു.

ഷൊര്‍ണൂര്‍ സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയില്‍ ഹാജരായത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്.

നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല.

ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്ക് ഹര്‍ജി മാറ്റിയത്. ശാസ്ത്രീയ തെളിവുകള്‍, സാങ്കേതിക തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം. വിസ്മയ തൂങ്ങിമരിച്ചുവെന്ന കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്.

പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ കോടിമത മാർക്കറ്റിനു സമീപത്തെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ യുവതി അടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം ആസൂത്രണം ചെയ്ത പെൺവാണിഭ സംഘത്തലവനും 10 അംഗ ക്വട്ടേഷൻ സംഘത്തിനുമായി അന്വേഷണം തുടരുന്നു. പൊൻകുന്നം, കോയിപ്പളളി ഭാഗത്ത് പുതുപ്പറമ്പിൽ അജ്മൽ, മല്ലപ്പള്ളി, വായ്പൂര്, കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. കോടിമത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘവും കളത്തിപ്പടി ആനത്താനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവും തമ്മിൽ പെൺവാണിഭ കേന്ദ്രം നടത്തുന്നതു സംബന്ധിച്ച തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിൽ എത്തിയത്. ആനത്താനം കേന്ദ്രം നടത്തുന്ന മാനസ് മാത്യുവിന്റെ നിർദേശ പ്രകാരം തിരുവനന്തപുരത്തു നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കോടിമതയിൽ കേന്ദ്രം നടത്തുന്ന സാൻ ജോസിനെയും കൂട്ടാളിയെയും വെട്ടിയത്.

ആക്രമണത്തിനു ശേഷം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും കടന്ന സംഘത്തിൽപെട്ട ശ്രുതിയും അജ്മലും ഇന്നലെ ആനത്താനത്തെ വീട്ടിൽ എത്തി. ഇവരെ പൊലീസ് പിന്തുടർന്നു പിടിച്ചു. പൊൻകുന്നം സ്വദേശി മാനസും ഏറ്റുമാനൂർ സ്വദേശി സാൻ ജോസും ഒരുമിച്ചാണ് മെഡിക്കൽ കോളജിനു സമീപം കോവിഡ് കാലത്തിനു മുൻപ് പെൺവാണിഭ കേന്ദ്രം നടത്തിയതെന്ന് ഡിവൈഎസ്പി എം. അനിൽ കുമാർ പറഞ്ഞു. അവിടെ നാട്ടുകാർ പ്രശ്നമാക്കിയതോടെ ഇരുവരും കേന്ദ്രം നിർത്തി. ഇതിനിടെ വഴിപിരിഞ്ഞ മാനസ് ആനത്താനത്തും സാൻ കോടിമതയിലും കേന്ദ്രങ്ങൾ തുടങ്ങി. ആനത്താനം കേന്ദ്രത്തിലെ പതിവുകാരെ കോടിമത സംഘം വലയിലാക്കിയതോടെ തർക്കമായി. മാനസിന്റെ കേന്ദ്രത്തിലെ യുവതികളും കോടിമത കേന്ദ്രത്തിലേക്കു മാറി. കോടിമതയിൽ തിരക്കേറി. ഇതോടെ സാൻ ജോസിനെ മാനസ് ഭീഷണിപ്പെടുത്തി.

ഇതിനിടെ മാനസിന്റെ ഗൾഫിലുള്ള ഭാര്യ നാട്ടിലുള്ള സമയം കോടിമത സംഘം ചില അശ്ലീല വിഡിയോകൾ അവർക്കു കൈമാറി. ഇതോടെ മാനസിന്റെ വീട്ടിൽ വഴക്കായി. സാൻ ജോസും അമീർ ഖാനും ശ്രുതിയുമാണ് മാനസിന്റെ പൊൻകുന്നത്തെ വീട്ടിൽ പോയത്. അവിടെ വച്ച് മാനസും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കുടുംബം തകർത്തതിലും കച്ചവടം നഷ്ടമായതിലുമുള്ള വിരോധം കാരണമാണു മാനസ് തിരിച്ചടിക്ക് സംഘത്തെ ഏൽപിച്ചതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ 10 അംഗ സംഘം നഗരത്തിലെ ഹോം സ്റ്റേയിൽ താമസിച്ചു. പിന്നീട് ഏറ്റുമാനൂരിൽ നിന്നു വാടകയ്ക്കെടുത്ത 2 കാറുകളിലായി കോടിമതയിൽ എത്തിയാണ് സാൻ, അമീർ എന്നിവരെ വെട്ടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.

കേന്ദ്രത്തിലെ യുവതികളെ എന്തു കൊണ്ട് ക്വട്ടേഷൻ സംഘം ആക്രമിച്ചില്ല ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയതാണ് നഗര മധ്യത്തിലെ അക്രമസംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ തന്നെ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണുകാരണമെന്നു പൊലീസിനു മനസ്സിലായി. പരുക്കേറ്റവരാകട്ടെ പൊലീസുമായി സഹകരിച്ചില്ല. സാൻ ജോസിനെയും അമീറിനെയും ആക്രമിച്ചപ്പോൾ അവിടെയുള്ള യുവതികളെ അക്രമികൾ ഒന്നും ചെയ്തില്ല.

ഇവർ പഴയ സംഘത്തിലെ ജീവനക്കാരാണ്. അതിനാലാണ് ആക്രമിക്കാതിരുന്നതെന്നും പൊലീസിനു മനസ്സിലായി. ഫോൺ രേഖകളിൽ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചു. സമീപത്തെ ഹോട്ടലിലെ സിസിടിവിയിൽ നിന്നു സംഘത്തിന്റെ വിവരങ്ങളും. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് അറസ്റ്റ്.

ലോക്ഡൗൺ കാലത്ത് എല്ലാം ഓൺലൈനായപ്പോൾ പെൺവാണിഭ സംഘങ്ങൾക്കും ഓൺലൈനും ഹോം ഡെലിവറിയും. കോടിമതയിലും ആനത്താനത്തും വീടുകൾ കേന്ദ്രീകരിച്ചാണ് മാനസ് മാത്യുവിന്റെയും സാൻ ജോസിന്റെയും സംഘങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിപണനം. രാവിലെ ഇവരുടെ സമൂഹ മാധ്യമ ഗ്രൂപ്പിൽ നഗ്ന ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യും. ലഭ്യതയും സമയവും നിരക്കും അറിയിക്കും. കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നാണ് യുവതികൾ. നടത്തിപ്പുകാരും യുവതികളുമായുള്ള ബന്ധത്തിന്റേതാണ് വിഡിയോകൾ.

2,000 മുതൽ 10,000 വരെയാണ് നിരക്ക്. പൊതുവായ നിരക്ക് 5,000 രൂപ. ആവശ്യക്കാർ ബുക്ക് ചെയ്താൽ അവർ നിൽക്കുന്ന സ്ഥലത്തു നിന്നു കേന്ദ്രത്തിന്റെ വാഹനം അവരെ കൊണ്ടു വരും. ലൊക്കേഷൻ സമൂഹ മാധ്യത്തിലൂടെ പങ്കുവച്ചാണ് സ്ഥലം കണ്ടെത്തുന്നത്. കക്ഷികൾക്ക് ഭക്ഷണംകേന്ദ്രത്തിൽ നൽകും. ലോക്ഡൗൺ മൂലം പുറത്തു ഭക്ഷണം കിട്ടാത്തതാണ് കാരണം. അശ്ലീല ചിത്രങ്ങൾ പൊലീസ് പിടിച്ചെടുത്തു. അക്രമം നടത്തിയ ആനത്താനം സംഘത്തിനും പെൺ വാണിഭ കേന്ദ്രം നടത്തിയതിന്റെ പേരിൽ കോടിമത സംഘത്തിനും എതിരെ കേസെടുത്തു.

തിരുപ്പതിയില്‍ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ ശ്രീകാന്ത് റെഡ്ഡിയാണ് വ്യാഴാഴ്ച അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത് വിജയവാഡയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 23നാണ് തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഏതാനും അസ്ഥികളും തലയോട്ടിയും മാത്രമാണ് സ്യൂട്ട്‌കേസില്‍ അവശേഷിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒരു ടാക്‌സി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ശ്രീകാന്ത് റെഡ്ഡി ഇയാളുടെ കാറില്‍ യാത്ര ചെയ്തിരുന്നുവെന്നും മൃതദേഹം ശ്രീകാന്തിന്റെ ഭാര്യയും ഐടി ജീവനക്കാരിയുമായ ഭുവനേശ്വരിയുടേതാണെന്നും പോലീസ് തിരിച്ചറിഞ്ഞത്.

ഒരു വലിയ സ്യൂട്ട്‌കേസുമായി ശ്രീകാന്ത് റെഡ്ഡിയും കുഞ്ഞും തന്റെ കാറില്‍ യാത്ര ചെയ്‌തെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കാറില്‍ കയറിയശേഷം ആശുപത്രിക്ക് സമീപം നിര്‍ത്തി. കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ശ്രീകാന്ത് സ്യൂട്ട്‌കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറില്‍ തന്നെ തിരികെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഇതിനിടെ അപ്പാര്‍ട്ട്‌മെന്റിലെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. കുഞ്ഞിനെയും കയ്യിലെടുത്ത് ശ്രീകാന്ത് സ്യൂട്ട്‌കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നതിന്റെയും പിന്നീട് സ്യൂട്ട്‌കേസുമായി പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്.

ഇതോടെയാണ് ഭുവനേശ്വരിയെ കൊലപ്പെടുത്തിയത് ശ്രീകാന്ത് തന്നെയാണെന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ സംഭവത്തിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു.എന്നാല്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. അപ്പാര്‍ട്ട്‌മെന്റില്‍ നിലത്തുവീണുണ്ടായ അപകടത്തിലാണ് ഭുവനേശ്വരി മരിച്ചതെന്നാണ് ശ്രീകാന്തിന്റെ വാദം. നേരത്തേ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഭുവനേശ്വരിക്കായി സംസ്ഥാനത്തെ ആശുപത്രികളിലും മോര്‍ച്ചറികളിലും ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

പ്രണയത്തിനൊടുവില്‍ രണ്ടരവര്‍ഷം മുമ്പാണ് ഐടി ജീവനക്കാരായ ഭുവനേശ്വരിയും ശ്രീകാന്തും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്. ഹൈദരാബാദില്‍ ഒരേ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പിന്നീട് ശ്രീകാന്തിന്റെ ആവശ്യപ്രകാരം ഭുവനേശ്വരി തിരുപ്പതിയിലേക്ക് വരികയായിരുന്നു. അടുത്തിടെയായി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.

RECENT POSTS
Copyright © . All rights reserved