സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ(31), കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്(28) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന അജിത്തിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .
ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുഴൽപ്പണം കടത്തിയെന്ന ആരോപണം കനക്കുന്നു.
തിരഞ്ഞെടുപ്പിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് മണ്ഡലങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ കുഴൽപ്പണം കടത്തിയെന്നാണ് പ്രധാന ആരോപണം.
കെ. സുരേന്ദ്രൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, പെരുനാട് മാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. ഈ രണ്ട് ഇടങ്ങളിലും സഹായികൾ ബാഗുകൾ കാറിലേക്ക് മാറ്റിയ ദൃശ്യങ്ങൾ പുറത്ത് വന്നു.
ബാഗിൽ എന്താണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ വിശദീകരണം നൽകണമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ സോജി ആവശ്യപ്പെട്ടു.
അതേസമയം കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തിൽ കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കും.
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.
സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്. നിയമങ്ങള്‍ പാലിക്കാതെ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച രാജപ്പനെത്തേടി തയ്‌വാനിൽ നിന്ന് ഏഴുലക്ഷം രൂപയുടെ പുരസ്കാരം. സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനലിന്റെ ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്‌ഷൻ അവാർഡാണു മഞ്ചാടിക്കരി നടുവിലേക്കര എൻ.എസ്. രാജപ്പനെത്തേടിയെത്തിയത്. 10,000 യുഎസ് ഡോളറാണ് (7,30,100 രൂപ) പുരസ്‌കാരം. വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു.
പക്ഷാഘാതം മൂലം കാലുകൾ തളർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടു കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്‌വാനിൽ നിന്നു ലഭിച്ച പ്രശംസാപത്രത്തിൽ പറയുന്നു. കുപ്പികൾ പെറുക്കാൻ വലിയ വള്ളവും അന്തിയുറങ്ങാൻ വീടും വേണമെന്നായിരുന്നു രാജപ്പന്റെ ആഗ്രഹം.
ബോബി ചാരിറ്റിബിൾ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നൽകി. ബോബി ചെമ്മണൂർ നേരിട്ട് എത്തിയാണു സഹായം നൽകിയത്. ബിജെപി നേതാവ് പി.ആർ. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നൽകിയിരുന്നു. കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പൻ താമസിച്ചിരുന്നു വീട് 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പൻ താമസിക്കുന്നത്. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നു രാജപ്പൻ പറഞ്ഞു.
എറണാകുളം തിരുവാണിയൂരില്‍ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം ഫലം. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നും അതിനാല്‍ പാറക്കുളത്തിലെറിഞ്ഞെന്നുമായിരുന്നു അമ്മ ശാലിനിയുടെ മൊഴി. മരണത്തില്‍ വ്യക്തതവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി.
എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാത ശിശുവിനെ പാറക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ അമ്മ ശാലിനിയുടെ വാദങ്ങളെല്ലാം തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം ഫലം. പ്രസവത്തോടെ മരിച്ചുവെന്ന് ശാലിനി പറഞ്ഞ കുട്ടിക്ക് ജീവനുണ്ടായിരുന്നു. പ്രകടമായ ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനായില്ല. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. തുണിയില്‍പൊതിഞ്ഞ് പാറക്കുളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നവജാത ശിശുവിനെ രഹസ്യമായി മറവുചെയ്തതിനാണ് നേരത്തേ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
മരണത്തില്‍ വ്യക്തവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി. ചൊവ്വ രാത്രിയിലാണ് നാല്‍പതുകാരിയായ ശാലിനി ആണ്‍കുട്ടിയെ പ്രസവിച്ചത്. വയറുവേദനയെന്ന് മകനോട് പറഞ്ഞശേഷം വീടിന് പുറത്തേക്കുപോയ ശാലിനി റബ്ബര്‍തോട്ടത്തില്‍ കിടന്ന് പ്രസവിച്ചു. അതിനുശേഷം കുട്ടിയെ തുണിയില്‍പൊതിഞ്ഞ് വീടിന് അടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. രക്തസ്രാവം നിലയ്ക്കാതിരുന്നതിനാല്‍ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ റിമാന്‍ഡിലുള്ള ശാലിനിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം. ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറഞ്ഞിരുന്നില്ല.
പ്രിയപാപ്പാനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തിയ ആന പല്ലാട്ട ബ്രഹ്മദത്തന്‍ എത്തിയത് ഇന്ന് നോവ് കാഴ്ചയാവുകയാണ്. മൂന്ന് പതിറ്റാണ്ടായി തന്നെ സ്‌നേഹിച്ചും പരിപാലിച്ചും കൊണ്ടുനടന് ഓമനച്ചേട്ടനാണ് യാത്രാമൊഴി നല്‍കാന്‍ ബ്രഹ്മദനത്തന്‍ എത്തിയത്. ചലമറ്റ മൃതദേഹത്തിന് മുന്നില്‍ ബ്രഹ്മദനത്തന്‍ തുമ്പികൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു.
ഇത് കണ്ട് ഓമനച്ചേട്ടന്‍(74കാരന്‍ ദാമോദരന്‍നായര്‍) മക്കളായ രാജേഷും പ്രിയയും പ്രീതയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. രാജേഷ് ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് കരഞ്ഞപ്പോഴും വികാരനിര്‍ഭര നിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണു. പത്തുമിനിറ്റോളം നീണ്ടു നാടിനെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ നിമിഷങ്ങള്‍.
അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ദാമോദരന്‍നായരുടെ അന്ത്യം. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ഓമനച്ചേട്ടന്‍ എന്ന ദാമോദര്‍നായര്‍. ആറുപതിറ്റാണ്ടോളമായി ഓമനച്ചേട്ടന്‍ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകള്‍ തിരികെ സ്‌നേഹം നല്‍കുന്ന അപൂര്‍വം പാപ്പാന്മാരില്‍ ഒരാളായിരുന്നു ഓമനച്ചേട്ടന്‍.
ബ്രഹ്മദത്തന്‍ പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോള്‍ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വര്‍ഷമായി പാപ്പാന്‍ ഓമനച്ചേട്ടന്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു.
ഇവരുടെ സ്‌നേഹപ്രകടനങ്ങള്‍ ആരെയും ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടന്‍ മരിച്ചതിനെത്തുടര്‍ന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും ചേര്‍ന്നാണ് മേലമ്പാറയില്‍നിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്.
കൊവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചതറിയാതെ പത്തുവയസുകാരി മകള്‍ കാത്തിരിക്കുകയാണ്. ഒപ്പം കളിക്കാനും കൊഞ്ചാനും. എന്നാല്‍ തന്റെ അച്ഛന്‍ ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം പറയാന്‍ മടിച്ച് നെഞ്ചുനീറി കഴിയുകയാണ് അമ്മ ദീപ ജയന്‍. അച്ഛന്‍ ജോലിയുടെ ആവശ്യത്തിന് പോയതാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് മാതൃസഹോദരിയുടെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ് 10വയസുകാരി മകളെ.
കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ജയന്‍ രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് കഴിഞ്ഞ മാസം പത്തിന്. ശരീരം തിരുവനന്തപുരം ശാന്തികവാടത്തില്‍ ദഹിപ്പിച്ചു. ചിതാഭസ്മം മകള്‍ കാണാതെ വീട്ടില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അച്ഛനുണ്ട് എന്ന സുരക്ഷിതത്വബോധം നഷ്ടപ്പെടാതെ അവള്‍ ജീവിക്കട്ടെയെന്നാണ് ദീപ നിറകണ്ണുകളോടെ പറയുന്നത്.
മുന്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് ആദ്യം സമൂഹമാധ്യമങ്ങളില്‍ ജയന്റെ മരണ വാര്‍ത്ത പങ്കുവച്ചത്. ജയന്റെ പെട്ടെന്നുള്ള വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ദീപയ്ക്ക്. രോഗം രൂക്ഷമാകുന്നെന്നും മരണം തൊട്ടടുത്തുണ്ടെന്നും തിരിച്ചറിഞ്ഞ് കലക്ടറേറ്റ് മുതല്‍ മുകളിലേക്കുള്ള പല ഉദ്യോഗസ്ഥരോടും വിളിച്ചു കരഞ്ഞിട്ടും ജയന്‍ മകളുടെ സുരക്ഷയെ കരുതി തന്നോടൊരു വാക്കു പോലും പറഞ്ഞില്ലെന്ന് ദീപ പറയുന്നു. അടുത്ത പ്രമോഷനില്‍ ഡയറക്ടര്‍ പദവിയിലെത്തേണ്ട ജയന്റെ മരണത്തില്‍ നിഗൂഢതകള്‍ സംശയിക്കുന്ന അവര്‍ അതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നും ദീപ പറയുന്നു.
കുഴല്‍പ്പണവിവാദങ്ങള്‍ ബിജെപിയെ മുമ്പെങ്ങുമില്ലാത്തവിധം നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന ആവശ്യം സംസ്ഥാന ബി.ജെ.പിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
തോല്‍വി, കുഴല്‍പ്പണ വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വംതന്നെ മറുപടി പറയെട്ടയെന്നും ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് വിമത വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ ആര്‍.എസ്.എസ് നേതൃത്വവും അതൃപ്തിയിലാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയില്‍നിന്ന് ശ്രമമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്. പാലക്കാട് ഇ. ശ്രീധരെന്റ പരാജയത്തിലേക്ക് നയിച്ചത് ഇത്തരം ഇടപെടലുകളാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ശ്രീധരന് 60,000 വോട്ട് ലഭിക്കേണ്ടതായിരുന്നെന്നും പാര്‍ട്ടിയിലെ ചിലരുടെ ഇടപെടലാണ് ആ വോട്ട് കുറയാന്‍ കാരണമെന്നുമാണ് ആക്ഷേപം. ഇതെല്ലാം വരുംദിവസങ്ങളില്‍ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഫണ്ട് വിനിയോഗം ഉള്‍പ്പെടെ വിഷയങ്ങളിലേക്ക് ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നനിലയില്‍ കാര്യങ്ങള്‍ മാറുന്നതിലും അവര്‍ക്ക് ആശങ്കയുണ്ട്.
ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തോട് അറിയിച്ചതായാണ് വിവരം. കെ. സുരേന്ദ്രന്‍ നേതൃസ്ഥാനം ഒഴിയണമെന്ന നിലപാട് ആര്‍.എസ്.എസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിമതര്‍.
അതേസമയം, കെ. സുരേന്ദ്രനുമേല്‍ ആരോപണങ്ങള്‍ കെട്ടിവെക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിര്‍പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
അഴിമതി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയാണ് പരിശോധന. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ഉയരുന്ന ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്.
കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് അവതരണം നീണ്ടുനിന്നത് കൃത്യം ഒരു മണിക്കൂർ. മുൻധനമന്ത്രിമാരുടെ ബജറ്റ് അവതരണത്തിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ സമയം കൊണ്ടാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. നാടകീയതകളോ കവിതാ ശകലങ്ങളോ മഹാരഥന്മാരുടെ ഉദ്ധരണികളോ അല്ലെങ്കിൽ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളോ ഒന്നും തന്നെ കെഎൻ ബാലഗോപാലിന്റെ കന്നി ബജറ്റിലുണ്ടായിരുന്നില്ല.
ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു.
ഈ ബജറ്റ് പ്രസക്തമാകുന്നത് തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചും തയ്യാറാക്കി എന്നതുകൊണ്ടുകൂടിയാണ്. ബജറ്റ് ഊന്നൽ നൽകിയത് കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.
മുൻഗാമികളായായ ഡോ. തോമസ് ഐസക്കും അന്തരിച്ച കെഎം മാണിയും ബജറ്റുകളിൽ കവിതാശകലങ്ങളോ ഉദ്ധരണികളോ ഉൾപ്പെടുത്തുന്നത് പതിവായിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാലിന് അഭിനന്ദനവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയിലും വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന പുത്തന്‍ പദ്ധതികള്‍ക്ക് ഇടം നല്‍കി ബജറ്റ് അവതരിപ്പിച്ചുവെന്ന് അദ്ദേഹം കുറിച്ചു.
വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റില്‍ അധികമായി അനുവദിച്ചത് സന്തോഷകരമാണ്. ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുന്നതിനായി കെ എഫ് സി 400 കോടി രൂപ വായ്പ നല്‍കും. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യത്തിനായി 5 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കുക.
കേരളത്തിന്റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകര്‍ഷകമാക്കുന്നതിനുള്ള രണ്ട് സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാര്‍ന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികള്‍ക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തുഞ്ചത്ത് എഴുത്തച്ചന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍,എം ടി വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ ഇടങ്ങളിലൂടെയാണ് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്. ബേപ്പൂര്‍ , തുഞ്ചന്‍ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, തൃത്താല എന്നീ പ്രദേശങ്ങളെ കോര്‍ത്തിണക്കുന്നതാണ് ലിറ്റററി സര്‍ക്യൂട്ട്.
കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടെന്ന് മന്ത്രി കുറിച്ചു.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.
അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.
കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.
പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവർത്തനാനുമതി നല്‍കും.
ഫ്ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.