Kerala

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കാസർഗോഡ് നിന്നും മുങ്ങിയ പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ ഏൽക്കാനത്തെ വാടക വീട്ടിൽ നിന്ന് ബുധനാഴ്ചയാണ് കൊല്ലം സ്വദേശിനിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഒന്നര മാസം മുൻപാണ് റബർ ടാപ്പിങ് തൊഴിലാളികളായ ഇരുവരും കാസർഗോഡ് എത്തി താമസം ആരംഭിച്ചത്. കുറച്ച് ദിവസമായി ഇവർ ജോലിക്ക് എത്താത്തതിനെ തുടർന്ന് എസ്റ്റേറ്റ് തൊഴിലാളികൾ അന്വേഷിച്ച് വാടക വീട്ടിലെത്തിയപ്പോഴാണ് നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നീതുവിനൊപ്പം താമസിച്ച ആന്റോ സെബാസ്റ്റ്യനെ കാണാതായതോടെ നീതുവിന്റെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നീതുവിന്റെ ശരീരത്തിൽ പരിക്കേറ്റതായി കണ്ടെത്തി. കൂടാതെ ശ്വാസം മുട്ടിയാണ് മരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നീതുവിന്റെ തലയ്ക്ക് അടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം നീതു നേരത്തെ രണ്ട് വിവാഹം കഴിച്ചതായും ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പോലീസ് പറയുന്നു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർമ്മാതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി മാർട്ടിൻ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

പതിമൂന്ന് വർഷമായി തൃശൂർ,മുംബൈ,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി ഇയാൾ യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് 78 ലക്ഷം രൂപയും 80 പവൻ സ്വർണാഭരണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി പരാതി നൽകുമെന്ന് മനസിലാക്കിയ പ്രതി മുൻ‌കൂർ ജാമ്യം നേടിയിരുന്നു.

മാർട്ടിന് കോടതി കഴിഞ്ഞ ആഴ്ച മുൻ‌കൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ദീപു (24) ആണ് അറസ്റ്റിലായത്. അമ്പലം കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ പ്രതിയുടെ സഹോദരന്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത് . പെൺകുട്ടിയുടെ വയർ വീർത്തിരിക്കുന്നത് ശ്രദ്ധിച്ച ആശാവർക്കർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയി പരിശോധിക്കാൻ വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് ഓയൂരിലെ ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ആശുപത്രി അധികൃതർ കൊല്ലം ഗവണ്മെന്റ് കോളേജിലേക്ക് ഇവരെ അയക്കുകയായിരുന്നു.

കൊല്ലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിമരമറിയിച്ചു.

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് പെരിയ ദേശിയ പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ പെരിയ സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുല്ലൂർ സ്വദേശിനിയും കാസർഗോഡ് ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയുമായ ആരതി (21) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. കാണൂരിൽ നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റു.

മോഹൻലാൽ നായകനായ ‘എലോൺ’ എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷൻ. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാതെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് റിപ്പോർട്ട്.

ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബോക്‌സ് ഓഫീസ് നമ്പറുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, 75 ലക്ഷം രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ.

മോഹൻലാൽ നായകനായ ‘എലോൺ’ ഈ വർഷം ജനുവരി 26ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ശരാശരി പ്രകടനത്തെക്കുറിച്ച് പോലും അഭിപ്രായപ്പെട്ട സിനിമാ പ്രേമികളിൽ നിന്ന് സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചു. പാൻഡെമിക് ലോക്ക്ഡൗൺ കാരണം ഒരു അപ്പാർട്ട്‌മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ.

‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.

അംഗനവാടിയിൽ പോകാൻ മടി കാണിച്ച മൂന്നുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് മുത്തശ്ശി. വർക്കല വെട്ടൂർ വലയന്റെകുഴിയിലാണ് സംഭവം. ക്രൂരത കുട്ടിയുടെ അയൽവാസിയാണ് ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കുട്ടിയെ നിരന്തരമായി മർദ്ദിക്കുന്നതു കണ്ടാണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്ന് അയൽവാസി പറയുന്നു.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർക്കും വീഡിയോ അടക്കം പരാതി നൽകുകയായിരുന്നു. കുട്ടിയെ അടുത്തുള്ള പ്ലേ സ്‌കൂളിൽ ചേർത്തിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ.

എന്നാൽ, കുട്ടി അംഗൻവാടിയിൽ പോകുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല. ഇതാണ് കുട്ടിയെ ക്രൂരമർദ്ദിക്കാൻ ഇടയാക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെ കുഞ്ഞിന്റെ അച്ഛനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് അയൽവാസികൾ നൽകുന്ന മൊഴി. സാമൂഹികമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെ കുട്ടിയും അമ്മയും ബന്ധുക്കളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില ഗുരുതരം. കേസിലെ സാക്ഷി വിസ്താരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അടിച്ചിട്ട കോടതി നടപടികള്‍ പുറത്തുവിട്ട അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകള്‍ അടച്ചിട്ട കോടതിയില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പെരുമന കോടതി നടപടി പരസ്യപ്പെടുത്തിയത്.

കേസില്‍ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ക്ക് സമന്‍സയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടര്‍ന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ബാലചന്ദ്ര കുമാറിനേയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.

പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു.  ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുറ്റിയാട്ടൂർ സ്വദേശി പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവർ കാറിന് തീ പിടിച്ച് വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിക്ക് നൂറു മീറ്റർ അകലെവെച്ചാണ് കാർ അഗ്നിക്കിരയായത്.

അപകടസമയത്ത് കാറിലെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്ന കുട്ടികളടക്കം നാല് പേർ പരിക്കുകളോടെ രക്ഷപെട്ടു. മുൻ വശത്തെ ഡോറുകൾ ലോക്ക് ആയതിനെ തുടർന്ന് മുൻസീറ്റിലിരുന്ന റീഷയ്ക്കും,പ്രജിത്തിനും ഡോർ തുറന്ന് പുറത്ത് കടക്കാൻ സാധിച്ചില്ല. പെട്ടെന്ന് തീ പടർന്നത് കൊണ്ട് ഓടിയെത്തിയ നാട്ടുകാർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

കാർ ഓടിച്ചിരുന്ന പ്രജിത്തിന്റെ കാലിലാണ് തീ ആദ്യം പടർന്നത്. ഇത് കണ്ടപ്പോൾ പ്രജിത്ത് തന്നെയാണ് പുറകിലുള്ള ഡോർ തുറന്ന് കൊടുത്തത്. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും കാർ തീ വിഴുങ്ങിയിരുന്നു. അതേസമയം കാറിൽ സ്ഥാപിച്ച റിവേഴ്‌സ് ക്യാമറയുടെ അനുബന്ധ ഉപകരണത്തിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

മൂന്നാറിൽ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പരിശിക്കൽ സ്വദേശി ആൽവിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. നേരത്തെ ഇയാൾ പെൺകുട്ടിയുടെ സുഹൃത്ത് ആയിരുന്നു. ഇടയ്‌ക്കുവെച്ച് പെൺകുട്ടി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നല്ലതണ്ണി റോഡിൽവെച്ച് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ അതിലൂടെ കടന്ന് പോകുകയായിരുന്ന യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം ഇന്നലെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

പെറ്റ് ഷോപ്പിൽ നിന്ന് പട്ടികുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടക സ്വദേശികളായ നിഖിൽ,ശ്രേയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നുമാണ് ഹെൽമെറ്റിൽ ഒളിപ്പിച്ച് നായക്കുട്ടിയെ മോഷ്ടിച്ചത്.

ബൈക്കിലെത്തിയ ഇരുവരും കൊച്ചിയിയിലെ തന്നെ മറ്റൊരു കടയിൽ നിന്ന് പട്ടിക്ക് ആവിശ്യമായ ഫുഡും മോഷ്ടിച്ചിരുന്നു. ഉഡുപ്പിയിൽ നിന്നും ബൈക്കിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. മോഷണത്തിന് ശേഷം ഇരുവരും ഉഡുപ്പിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉഡുപ്പിയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. വൈറ്റിലയിലെ കടയിലെത്തിയ ഇവർ കന്നടയിൽ സംസാരിച്ചതായി കടയിലെ ജീവനക്കാരൻ പോലീസിനോട് പറഞ്ഞു. എന്നാൽ നെട്ടൂരിലെ കടയിൽ ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചത്.

 

RECENT POSTS
Copyright © . All rights reserved