Kerala

വിവാദ വ്ളോഗര്‍ സഹോദരങ്ങളായ ഇബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.

ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അമ്മയെ മകള്‍ വെട്ടിക്കൊന്നു. മകള്‍ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. രാവിലെ 8 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.

അന്നമ്മയ്ക്ക് തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി.

ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടില്‍ വരാന്‍ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസുകാരനെ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സിപിഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.

ലോഡ്ജിലെ മുറി ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമരം. അടുത്തിടെ അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന് ഭ്രമരം സിനിമയുടെ നിര്‍മ്മാണത്തിലുള്ള പങ്കിനെ കുറിച്ചാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നൗഷാദിന് നിര്‍മ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ താന്‍ അതേ കുറിച്ച് നെറ്റില്‍ അടിച്ചു നോക്കുമ്പോള്‍ ഭ്രമരത്തില്‍ നൗഷാദിന്റെ പേര് കാണുന്നില്ല. വേറൊരു മുസല്‍മാന്റെ പേരാണുളളത്. രണ്ട് നിര്‍മ്മാതാക്കളാണ് അതിനുളളത്.

അമേരിക്കയില്‍ നിന്നുളള ഒരു നിര്‍മ്മാതാവ് തന്നെ വിളിച്ചിട്ട് പറഞ്ഞത് ആ പടത്തിന് വേണ്ടി ആറു കോടി രൂപ മുടക്കിയിട്ട് തന്റെ നാല് കോടി പോയി സാര്‍ എന്നാണ്. അദ്ദേഹം സെപ്റ്റംബര്‍ 15-ാം തീയതി നാട്ടിലേക്ക് വരുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നൗഷാദിന് അതില്‍ മുതല്‍ മുടക്കുണ്ടെന്ന് പറയുന്നു.

തനിക്ക് അറിയില്ല. താന്‍ ഇതൊക്കെ ബ്ലെസിയെ വിളിച്ച് ചോദിക്കുന്നത് എങ്ങനെയാ എന്ന് വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരം രാജു മല്ലിയത്, എ.ആര്‍ സുള്‍ഫിക്കര്‍ എന്നിവരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം ഭൂമിക ചാവ്‌ല, സുരേഷ് മേനോന്‍, മുരളി ഗോപി എന്നിവരും വേഷമിട്ടിട്ടുണ്ട്.

കുട്ടനാട് കൈനകരിയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ആറ് വാഹനങ്ങള്‍ക്ക് യുവാവ് തീയിട്ടത്.

വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പുലര്‍ച്ചെയോടെ ബൈക്കില്‍ എത്തിയ സംഘമാണ് വാഹനങ്ങള്‍ കത്തിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാഹനങ്ങള്‍ കത്തിക്കാനുള്ള കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാത്രി ആലപ്പുഴ നഗരത്തിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുകയായിരുന്ന ചിലരെ ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. പൊലീസെത്തിയാണ് ഇയാളെ വിരട്ടിയോടിച്ചത്. പിന്നാലെയാണ് വാഹനങ്ങള്‍ കത്തിച്ചത്.

തുടർന്ന് മറ്റൊരു വാഹനത്തിൽ കൈനകരിയിലെത്തിയ അവിടെയും വാഹനങ്ങൾ കത്തിച്ചു. മണ്ണഞ്ചേരി സ്വദേശിയാണു പിടിയിലായത്. ഇയാൾ മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്നെന്നു പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ആശിച്ചുവെച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് സ്വപ്‌ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത.

വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകള്‍ മുറികളില്‍ കിടക്കുന്നുണ്ടായിരുന്നു. തറ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ വയറുകളില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റ് സജിത വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിതയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിര്‍മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കള്‍ക്കൊപ്പം വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയത്. നാട്ടുകാരും കൈകോര്‍ത്ത് വീടുപണിക്കായി സഹായം ചെയ്തിരുന്നു. സജിതയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കള്‍: മിഥുന്‍, മൃദുല്‍. മരുമകള്‍: ദിവ്യ എസ്.എല്‍.

മാവേലിക്കര: പ്രായിക്കരപ്പാലത്തില്‍നിന്നു അച്ചന്‍കോവിലാറ്റിലേക്കു ചാടിയ പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ് സിദ്ധാര്‍ഥനാ(24)ണു തന്റെ ജീവന്‍പോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റാണ് അനൂപ് സിദ്ധാര്‍ഥന്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-നായിരുന്നു സംഭവം. പെണ്‍കുട്ടി ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ കൈയിലിരുന്ന പഴ്സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞ പെണ്‍കുട്ടി വാഹനം നിര്‍ത്തിയയുടന്‍ ചാടിയിറങ്ങി പാലത്തിന്റെ കൈവരികള്‍ക്കു മുകളിലൂടെ ആറ്റിലേക്കു ചാടി.

പെട്രോള്‍ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പില്‍ പോയി വരുകയായിരുന്ന അനൂപ് ഇതു കണ്ടു. ഉടന്‍തന്നെ വാഹനം നിര്‍ത്തി ഇയാളും ആറ്റിലേക്കു ചാടി. മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. കടവില്‍ സംഭവങ്ങള്‍ കണ്ടുനിന്ന നാട്ടുകാരില്‍ ചിലര്‍ ഇവര്‍ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് അനൂപുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

അടിയന്തര പ്രഥമശുശ്രൂഷ നല്‍കിയതോടെ പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. ഇതിനിടെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തില്‍നിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് സത്യം വ്യക്തമായത്.

അച്ഛനമ്മമാര്‍ മരിച്ചതിനെത്തുടര്‍ന്നു സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെണ്‍കുട്ടി ഒരുയുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഇതിലുണ്ടായ മനോവിഷമമാണ് താന്‍ ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണമെന്നു പെണ്‍കുട്ടി പിന്നീട് നാട്ടുകാരോടു പറഞ്ഞു.

കേബിള്‍ നെറ്റ് വര്‍ക് ജീവനക്കാരനാണ് അനൂപ്. രക്ഷാപ്രവര്‍ത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.

വള്ളികുന്നം: ഭര്‍ത്തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തെക്കേമുറി ആക്കനാട്ടുതെക്കതില്‍ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു- 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി.

വ്യാഴാഴ്ചപുലര്‍ച്ചേ ഒരുമണിയോടെയാണു സംഭവം. രണ്ടരവര്‍ഷംമുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്.

പോലീസ് പറയുന്നത്: സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം ഇയാളെ ഫോണില്‍വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്നു യുവാവ് സവിതയുടെ വീട്ടിലേക്കുവന്നു. മുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു. സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു.

യുവാവുമായുള്ള സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് പുറത്തുനിന്നു ജനാലയില്‍ത്തട്ടി ബഹളമുണ്ടാക്കി. ഉറങ്ങിക്കിടന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണര്‍ന്നു. അയല്‍വാസികളും ഓടിയെത്തി. സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ സജു പോലീസിനു മൊഴിനല്‍കി. യുവാവ് ഒളിവിലാണെന്നു പോലീസ് പറഞ്ഞു. വള്ളികുന്നം ഇന്‍സ്‌പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസ്, വിരലടയാളവിദഗ്ദ്ധര്‍, ശാസ്ത്രീയ പരിശോധനാസംഘം എന്നിവര്‍ തെളിവെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

തൃശൂര്‍: കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള വചനസന്ദേശത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലിസില്‍ പരാതി. ഡല്‍ഹി യൂണവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയും എം എസ് എഫ് ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനാണ് ബിഷപ്പിന്റെ ശ്രമമെന്നും ബിഷപ്പിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്നാണ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.

പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികൾ ഐ എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും എന്നാണ് വിശ്വാസികളോട് പാലാ ബിഷപ്പ് പറയുന്നത്. മുൻ ഡിജിപി ലോക്നാഥ് ബഹ്റ വിരമിച്ച സമയത്ത് പുറപ്പെടുവിച്ച ചില പ്രസ്താവനകളും ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ധാരാളം ഉള്ളതായും ലോക്നാഥ് ബഹ്റ ആരോപിച്ചിരുന്നു.

നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികൾ സൗഹൃദം തെരഞ്ഞെടുക്കുന്നത് സർപ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.

ഹലാൽ വിവാദവും ജിഹാദുമായി ബന്ധപ്പെട്ടതാണ് എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. സംഘടിതമായ ശ്രമം ആണ് കേരളത്തിൽ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ ജിഹാദിന് ഇരയായിട്ടുണ്ടെന്നും പാലാ ബിഷപ്പ് ആരോപിക്കുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്ന സൂപ്പർതാരം മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടേയും ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതിനിടെ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വിവാഹചടങ്ങിലെ ചിത്രത്തിന് നേരം വലിയ വിമർശനം ഉയരുകയാണ്.

മാസ്‌ക് ധരിക്കാതെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ചിത്രത്തിന് താഴെ ഉയർന്ന് വരുന്നത്. ‘സംഭവം രവി പിള്ള ആയാലും മോഹൻലാൽ ആയാലും കോവിഡ് പ്രോട്ടോക്കാൾ എല്ലാവർക്കും ബാധകമാണ്. ഈ കാലത്ത് പ്രവർത്തികളും മാതൃകാപരമാകണം’ എന്നാണ് ഒരു കമന്റ്.

‘എല്ലാം നന്നായിട്ടുണ്ട്. നിങ്ങളെപ്പോലെ ഒരാൾ കോവിഡ് പ്രോട്ടോക്കാൾ പാലിക്കാതെ നിൽക്കുന്നത് കാണുമ്പോൾ ഒരു ആരാധകനെന്ന നിലയിൽ ശരിക്കും നിരാശ തോന്നുന്നു. സെലിബ്രിറ്റിറ്റികൾക്കും മുതലാളികൾക്കും നിയമം ബാധകമല്ലെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു’ എന്നതാണ് മറ്റൊരു കമന്റ്.

രവി പിള്ളയുടെ മകൻ ഗണേഷിന്റേയും അഞ്ജനയുടേയും വിവാഹത്തിന് ആശംസകൾ നേരാൻ മോഹൻലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മോഹൻലാൽ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദർശനം നടത്തിയിരുന്നു.

വിവാഹത്തിന് ഗുരുവായൂര്‍ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കോവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികള്‍ക്ക് ദേവസ്വം അനുമതി നല്‍കിയതെന്നാണ് കോടതിയുടെ ചോദ്യം. മാത്രമസല്ല, ക്ഷേത്രത്തില്‍ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേര്‍ക്കാണ് അനുമതി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്.

നടപ്പന്തലിലെ കട്ടൗട്ടുകളും ബോര്‍ഡുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലങ്കാരങ്ങള്‍ മാറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.

നടപ്പന്തലിലെ വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് ദേവസ്വമാണെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇവന്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകളും മറ്റും വെച്ചതെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved