നിരവധി ഹിറ്റ് സിനിമകൾക്ക് തൂലികയിലൂടെ ജന്മം നൽകി മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ എസ്.എന്‍ സ്വാമി തനിക്ക് സംഭവിച്ച ഒരു പരാജയ സിനിമയെക്കുറിച്ച് പറയുകയാണ്.
2013-ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായി പുറത്തിറങ്ങിയ ‘ലോക്പാല്‍’ എന്ന സിനിമയെക്കുറിച്ചാണ് എസ്.എന്‍ സ്വാമിയുടെ തുറന്നു പറച്ചില്. മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമയുടെ പ്രധാന പോരായ്മ തന്റെ തിരക്കഥയായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ എസ്.എന്‍ സ്വാമി പറയുന്നു.
“ജോഷി സംവിധാനം ചെയ്തു ഞാന്‍ രചന നിര്‍വഹിച്ച ‘ലോക്പാല്‍’ എന്ന സിനിമ ഇറങ്ങും മുന്‍പേ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു. പക്ഷേ മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല. എന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകാം അതിന്റെ കാരണം. ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിനു ഞാനും ഒരു പ്രധാനകാരണക്കാരനാണ്. ചില സിനിമകളുടെ വിധി അങ്ങനെയാണ്”. എസ്.എന്‍ സ്വാമി പറയുന്നു
കുഴൽപ്പണ വിവാദത്തിലും മറ്റും ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. ഇ ശ്രീധരന്, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ തോല്‍വി ബിജെപി ദേശീയ നേതൃത്വത്തിന് വലിയ നിരാശയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മൂന്നംഗ സമിയെ നിയോഗിച്ചിരിക്കുന്നത്. പരാജയം വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത ബിജെപി നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും നിലനില്‍ക്കെ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുമെന്നതിനാല്‍ ലോക്ഡൗണുകളിൽ ഇളവുകൾ നൽകിത്തുടങ്ങാമെന്ന നിർദേശവും ചർച്ച ചെയ്യും.
കടുത്ത നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും സര്‍ക്കാര്‍ തീരുമാനം
മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.
പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവർ നിധിൻ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ബെന്നിയെന്നയാൾ ചികിത്സയിലാണ്.
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.
കേരളം വീണ്ടും ഒന്നാമതായി കുതിപ്പ് തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.
70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്എസ്കെ) വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ നേടാന്‍ കേരളത്തിന് തുണയായത്.
രാജ്യത്ത് പലയിടത്തും ഇന്ധനവില സെഞ്ച്വറി അടിച്ചിരുന്നുവെങ്കിലും കേരളം 100 തൊട്ടിരുന്നില്ല. ഇപ്പോള്‍ കേരളവും ഇന്ധനവിലയില്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇന്നും തുടര്‍ച്ചയ.ായി വില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.
വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. താമസിയാതെ സാധാരണ പെട്രോളും സെഞ്ച്വറി അടിക്കുമെന്നതില്‍ സംശയമില്ല.
ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മലയാളം വിലക്കിയത് വൻ വിവാദമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ച് ആശുപത്രി തടിയൂരിയത്. മലയാളം വിലക്കിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത് തങ്ങളുടെ അറിവോടെ അല്ലായിരുന്നെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. മലയാളം വിലക്ക് ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.
ജോലി സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുമാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ വിശദീകരണം.
ജിബി പന്ത് ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് നടപടിയോട് മലയാളി നഴ്സുമാർ പ്രതികരിച്ചത്. നടപടി വൻ വിവാദമാകുകയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഹാഷ് ടാഗുകളുമായി നിരവധി പേർ പോസ്റ്റ് ഇടുകയും ആശുപത്രിയുടെ ഔദ്യോഗിക പേജിൽ കമന്റ് ഇടുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മലയാളം വിലക്കിയ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
‘ഫെമിനിസ്റ്റ്’ എന്ന ക്യാപ്ഷനോടെ നടി സുബി സുരേഷ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള പോസ്റ്റാണിത് എന്ന കമന്റുകള്‍ വന്നതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുബി സുരേഷ് ഇപ്പോള്‍.
”കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്.”
”ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്” എന്നാണ് സുബിയുടെ വിശദീകരണം.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടിയതോടെ കേരളത്തിലും സമാന തീരുമാനത്തിനു സാധ്യത. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പക്ഷെ, ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയൊരു കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.