താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഡിസംബര്‍ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍, തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അമ്മയ്ക്കെതിരെ കടുത്ത പ്രതികരണവുമായി ഷമ്മിയെത്തിയിരിക്കുന്നത്.
‘പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന, തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും ശരി ചെയ്താല്‍ ശരിയെന്നും അംഗീകരിക്കുന്ന, ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍.
താര സംഘടനയായ ‘അമ്മ’യില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..! മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു..!
ഒപ്പം, ‘അദ്ഭുതങ്ങള്‍’ അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് ‘ചിലര്‍’ ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ ദുഃഖത്തോടെ വെളിപ്പെടുത്തി.
ചില ‘വേണ്ടപ്പെട്ടവര്‍’ ഒന്നും പറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. ‘കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്…’ എന്നു പുലമ്പി ചിലര്‍. മറ്റുചിലര്‍ ”ഷമ്മി, എന്നെ ഓര്‍ത്തല്ലോ” എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാല്‍, എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു.’ജനാധിപത്യ ബോധം’ എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നത്.
ആരു ‘തള്ളി’യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..! ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം..,മനുഷ്യനെ കണ്ടവരുണ്ടോ…?ഇരുകാലി മൃഗമുണ്ട്..,ഇടയന്മാര്‍ മേയ്ക്കാനുണ്ട്…,ഇടയ്ക്കു മാലാഖയുണ്ട്…,ചെകുത്താനുമുണ്ട്…!മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?’ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവര്‍ ഗേളായി ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികള്‍ അറിയുന്നത്്. നര്‍ത്തകിയും മോഡലും ഒക്കെയായ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമുമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നിന്റെ അനിയന്‍ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് ഏട്ടന്‍ എന്നും വീട്ടില്‍ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി ഓര്‍ത്തു പറഞ്ഞു.‘എന്നെപ്പറ്റി കൂട്ടുകാര്‍ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടന്‍ വീട്ടില്‍ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവര്‍ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാന്‍ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവള്‍ക്കൊപ്പമാണ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുന്നതും,’ എന്നും ദീപ്തി.
ബാംഗളൂരില്‍ എത്തിയതും പൂര്‍ണമായി സ്ത്രീയായി മാറുവാന്‍ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്‌സ് വര്‍ക്ക് ചെയുക വരെ ചെയ്തു എന്നാണ് ഷോയില്‍ ദീപതു പറഞ്ഞത്.
‘എനിക്ക് പൂര്‍ണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സര്‍ജറിയും. അതിനായി പണം സമ്പാദിക്കാന്‍ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്‌സ് വര്‍ക്കും ഒക്കെ ചെയ്തു. അതില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാന്‍ സര്‍ജറി ചെയ്തു, ഇപ്പോള്‍ ഞാന്‍ ഒരു പൂര്‍ണ്ണ സ്ത്രീ ആണ്,’ താരം പറഞ്ഞു.
പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘ഗോള്‍ഡ്’ സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറു വര്‍ഷത്തിനപ്പുറമാണ് അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ വീണ്ടും സിനിമ എത്തുന്നത്.
ചിത്രം ഇപ്പോള്‍ എഡിറ്റിംഗ് ടേബിളിലാണ് എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ അറിയിക്കുന്നത്. കുറച്ചു തമാശകളുള്ള ഒരു പുതുമയില്ലാത്തതാണ് മൂന്നാമത്തെ ചലച്ചിത്രം എന്നാണ് അല്‍ഫോന്‍സ് പറയുന്നത്. അമിത പ്രതീക്ഷയോടെ സിനിമ കാണാന്‍ വരരുതെന്നും സംവിധായകന്‍ പറയുന്നു.
”ഗോള്‍ഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.”
”പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുമ്പ് രണ്ട് ചിത്രങ്ങളും ഇറങ്ങിയപ്പോഴും അല്‍ഫോന്‍സ് സമാനമായ കാര്യമാണ് പറഞ്ഞതെന്നും എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അങ്ങനെയല്ല അനുഭവപ്പെട്ടതെന്നുമാണ് ആരാധകരുടെ വാദം.
ഷെറിൻ പി യോഹന്നാൻ
റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്ന കുറച്ചു വീടുകൾ. അവർക്കുള്ള വഴിയിലൂടെ ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാം. ഒരത്യാവശ്യം വന്നപ്പോഴാണ് വീതിയില്ലാത്ത പൊതുവഴി പ്രധാന പ്രശ്നമാണെന്ന് അവർ തിരിച്ചറിയുന്നത്. അതോടെ സ്നേഹനഗർ കോളനി നിവാസികൾ ഭീമന്റെ നേതൃത്വത്തിൽ വഴിക്ക് വീതി കൂട്ടാനായി ഇറങ്ങി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല…
ഒരു വഴിതർക്കത്തിന്റെ കഥ വളരെ ലളിതമായും രസകരമായും പറയുകയാണ് അഷ്‌റഫ് ഹംസ എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘തമാശ’ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ചിത്രമാണ്. ‘ഭീമന്റെ വഴി’യിലേക്ക് എത്തുമ്പോൾ ആ മേക്കിങ് സ്റ്റൈൽ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ചെറിയൊരു കഥയെ അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറിൽ അവസാനിപ്പിച്ചു എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.
പ്രകടനങ്ങളിൽ ജിനു ജോസഫ്, നസീർ സംക്രാന്തി, ബിനു പപ്പു, വിൻസി എന്നിവർ മികച്ചു നിൽക്കുന്നു. ഊതാമ്പള്ളി കോസ്തേപ്പ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് ജിനു. സുരാജിന്റെ കഥാപാത്ര സൃഷ്ടി വളരെ രസകരമാണ്. തന്റെ സ്ഥിരം ശൈലിയുള്ള പ്രകടനം തന്നെയാണ് കുഞ്ചാക്കോ ബോബൻ ഇവിടെയും കാഴ്ചവയ്ക്കുന്നത്. എന്നാൽ ‘നീറ്റായ’ ഒരു കഥാപാത്രമല്ലെന്നത് ശ്രദ്ധേയം. നാട്ടുകാരുടെ പ്രശ്നങ്ങളെ അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞിട്ടുണ്ട്. തിയേറ്റർ വിട്ടാലും ‘ഒരുത്തീ’ എന്ന ഗാനം മനസ്സിൽ നിറഞ്ഞു നിൽക്കും.

രസകരമായ ബിജിഎം, എഡിറ്റിംഗ് എന്നിവയിലൂടെ ക്ലൈമാക്സിലെ ഫൈറ്റ് സീൻ മികച്ചതാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങൾ ഒരുക്കിയ വിധവും നന്നായിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകുന്നുണ്ടെങ്കിലും കഥാപാത്ര നിർമിതിയും വളർച്ചയും ശരാശരിയിൽ ഒതുങ്ങിയതായി അനുഭവപ്പെട്ടു. ചെമ്പൻ വിനോദിന്റെ മഹർഷി ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾക്ക് പൂർണത കൈവരുന്നില്ല. അധികം ആകാംഷ ഉണർത്തുന്ന രംഗങ്ങളും ചിത്രത്തിലില്ല.
ഒരു വഴിതർക്കത്തിന്റെ കഥ മാത്രം പറഞ്ഞവസാനിക്കുകയല്ല ‘ഭീമന്റെ വഴി.’ സ്ത്രീകളെ അവതരിപ്പിച്ച വിധം, സ്ത്രീപുരുഷ ബന്ധം എന്നിവ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തുന്നു. കപട സദാചാര നിർമിതികളെ വളരെ സ്വാഭാവികമായി സിനിമ തച്ചുടയ്ക്കുകയാണ്.
Last Word – നിലവാരമുള്ള പ്രകടനങ്ങളിലൂടെയും സംവിധാന മികവിലൂടെയും ചെറിയൊരു കഥയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ മാത്രമുള്ളതിനാൽ ബോറടിയില്ല. ഭീമന്റെ വഴിയിലൂടെയുള്ള നടത്തം തൃപ്തികരമാണ്, ആസ്വാദ്യകരമാണ്.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സർക്കാർ വാദം ജനം അറിയേണ്ട. കുഴികളിൽ വീണ് ജനം മരിക്കുമ്പോൾ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു താരം വിമർശനം നടത്തിയത്.
എന്നാൽ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡ് പ്രവൃത്തിക്ക് മഴ തടസം തന്നെയാണ്. ജയസൂര്യ പറഞ്ഞ ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ 10,000 കിലോമീറ്റർ റോഡാണുള്ളത്. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡ് ഉണ്ടെന്ന് ഓർക്കണം. ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ പുതിയ പദ്ധതി പ്രകാരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്‍സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റർമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഇന്നിംഗ്സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് സുവർനേട്ടം കൈവരിച്ചത്.
അജാസ് പട്ടേലിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. 10 വിക്കറ്റ് ക്ലബ്ബിലേക്ക് അജാസിന് സ്വാഗതമെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. അജാസ് നന്നായി ബൗൾ ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനങ്ങളിൽ പത്തുവിക്കറ്റ് നേട്ടം കൈവരിക്കുന്നത് മികവാണെന്നും കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്.
ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയത്. 17 ഫോറും നാല് സിക്സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷർ പട്ടേൽ പൊരുതി നേടിയ അർധ സെഞ്ചുറിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അക്ഷർ 52 റണ്‍സ് നേടി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15/2 എന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ ടോം ലാതം (10), വിൽ യംഗ് (4) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റുകൾ പേസർ മുഹമ്മദ് സിറാജാണ് നേടിയത്.
കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു(41) ആണ് മരിച്ചത്. <br> <br> വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ ബന്ധുവീട്ടിലേക്കു വരുന്നവഴി കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്.
തുടർന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി ബിനു പിടികൂടി. ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല.
പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ തന്നെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയോരത്ത് ഇറങ്ങിയ നേരത്തില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വണ്ടി മറ്റു രണ്ടുവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂര്‍ പാല റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ഈ സമയത്ത് കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുക്കവെയായിരുന്നു അപകടം. അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടാകാതിരുന്നത് വലിയൊരു അപകടത്തില്‍ നിന്നും കരകയറാനായി. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.
ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.
ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.
പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.
ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.
പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.
ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.
അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. പ്രിയനേതാവിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ ഒരു നാടിന്റെ മൊത്തം നൊമ്പരമായി.
ഭാര്യയുടെ പിറന്നാൾ സമ്മാനം കാണാൻ പോലും കാണാൻ കഴിയാത്തെ യാത്രയായ സന്ദീപിന്റെ വേർപാട് എല്ലാവരെയും കണ്ണീരണിയിച്ചു. ശനിയാഴ്ചയായിരുന്നു സന്ദീപിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സന്ദീപിന് സർപ്രൈസ് സമ്മാനമായി ചുവന്ന ഷർട്ട് സുനിത കരുതിവെച്ചിരുന്നു. എന്നാൽ നേരിട്ട് നൽകാൻ കഴിയാത്ത സമ്മാനം അന്ത്യയാത്രയ്ക്ക് മുമ്പ് പ്രിയതമന് നൽകിയാണ് സുനിത സന്ദീപിനെ യാത്രയാക്കിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സി.പി.ഐ.എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ.ൻ ബാലഗോപാൽ, വി.എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
സന്ദീപ് കുമാറിന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചാം പ്രതി അഭിയെ എടത്വായിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാലെ പേരെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡൻറാണ് മുഖ്യപ്രതി ജിഷ്ണു രഘു. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.