തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകും. രാവിലെ 10.30 ഓടെ അമ്മ പ്രഭ സുരേഷ് ജാമ്യ രേഖകള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഹാജരാക്കി. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളുമാണ് ജയില്‍ സൂപ്രണ്ടിന് കൈമാറിയത്.ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയും മറ്റ നടപടികളും പൂര്‍ത്തിയാക്കി ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവയ്പിച്ച ശേഷമായിരിക്കും സ്വപ്നയെ പുറത്തേക്ക് അയക്കുക. വിശദമായ പരിശോധനയ്ക്കു ശേഷം 11. 30ഓടെ സ്വപ്‌ന ജയില്‍ മോചിതയാകുമെന്നാണ് സൂചന.
രേഖകള്‍ ജയിലില്‍ സമര്‍പ്പിച്ച ശേഷം പ്രഭ സുരേഷ് വാഹനത്തിലേക്ക് മടങ്ങി. ജയിലില്‍ ഏറെ സമയം കാത്തിരിക്കുന്നതില്‍ തടസ്സമുള്ളതിനാലാണിത്. സ്വപ്‌ന ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രഭ സുരേഷ് മടങ്ങുന്ന വഴി മാധ്യമങ്ങളോട് പ്രതികരിച്ചു.അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും 29 ദിവസവും കഴിഞ്ഞാണ് സ്വപ്‌ന ജയില്‍ മോചിതയാകുന്നത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വപ്‌ന സുരേഷ് എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നറിയേണ്ടതുണ്ട്.പല കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച സ്വപ്‌നയ്ക്ക് 28 ലക്ഷത്തോളം രൂപയും മറ്റ് ജാമ്യ വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങാന്‍ കഴിയുന്നത്.
ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ ദീപാവലി ആഘോഷങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ പൂർവാധികം ആവേശത്തോടെയാണ് ആളുകൾ ദീപാവലിയെ വരവേൽക്കുന്നത്. കുടുംബങ്ങളിൽ ഒത്തുചേർന്നും കമ്മ്യൂണിറ്റി ഹാളുകളിൽ സംഘടിച്ചും രാവേറെ നീളുന്ന ആഘോഷങ്ങൾക്കാണ് വിവിധ കൂട്ടായ്മകളും സംഘടനകളും ഒരുങ്ങുന്നത്.
ദീപാവലി ആഘോഷിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിഡിയോ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ചു. ലെസ്റ്റർ ഗോൾഡൻ മൈൽസിലെ ദീപാലങ്കാരങ്ങളും സമോസയുടെയും ഇന്ത്യൻ മധുരങ്ങളുടെയും രുചിവർണനയും ദീപാവലിക്കു പിന്നിലെ ഐതിഹ്യകഥയും എല്ലാം എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
ദീപാവലി ആഘോഷങ്ങൾ പുതിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും തുടക്കമാകട്ടെ എന്നാശംസിച്ച പ്രധാനമന്ത്രി ഇന്ത്യൻ സമൂഹം രാജ്യത്തിനായി നൽകുന്ന സേവനങ്ങളെ പ്രകീർത്തിച്ചു. ഇന്ത്യൻ ബിസിനസുകാരും ശാസ്ത്രജ്ഞരും എൻഎച്ച്എസ്, പൊലീസ്, സായുധസേനകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുമെല്ലാം രാജ്യത്തെ കൂടുതൽ ശക്തവും സുരക്ഷിതവും ഐശ്വര്യ സമൃദ്ധവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
അറുപതു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ദീപാവലി മാറിക്കഴിഞ്ഞു. ബ്രിട്ടനിലെ രണ്ടുലക്ഷത്തിലേറെ വരുന്ന മലയാളി സമൂഹവും ദീപാവലി ആഘോഷത്തിന്റെ ലഹരിയിലാണ്.
അതിനിടെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കിയും സർക്കാർ കൈയ്യടി നേടി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്. ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി.
ഹീനാ ഗ്ലോവർ ഡിസൈൻ ചെയ്ത അഞ്ചുപൗണ്ടിന്റെ ഗാന്ധി നാണയത്തിൽ ഇന്ത്യൻ ദേശീയ പുഷ്പമായ താമരയുടെ ചിത്രത്തോടൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വിശ്വപ്രസിദ്ധമായ ഗാന്ധിജിയുടെ വാക്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഗോൾഡ്, സിൽവർ മോഡലുകളിലുള്ള കളക്ടേഴ്സ് എഡിഷനാണ് ഈ ഗാന്ധി നാണയം.
ലോകത്തെയാകെ സ്വാധീനിച്ച മഹാനായ നേതാവിനുള്ള ശ്രദ്ധാഞ്ജലിയാകും ഈ നാണയമെന്ന് ഋഷി സുനാക് പറഞ്ഞു. ഹിന്ദുമതവിശ്വാസിയായ തനിക്ക് ദീപാവലി നാളിൽ ഈ നാണയം പുറത്തിറക്കാനായതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നല്‍കിയത്.ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്.
വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതിയായ ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരണമെന്ന ജോജുവിന്റെ ഹര്‍ജിയിലും തീരുമാനം നാളെയുണ്ടാകും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു.
സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ് സമരം. റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതിഷേധത്തിന്റെ മറവില്‍ രണ്ടു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതായും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ഗതാഗത തടസമുണ്ടായെങ്കില്‍ അക്കാര്യം പൊലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് അക്രമം നടത്തിയെന്നതിന് തെളിവില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവു നശിപ്പിക്കുമെന്ന് പറയുന്നതില്‍ യുക്തിയില്ല. കോണ്‍ഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകന്‍ മാത്രമാണ് ജോസഫ്. തെളിവു നശിപ്പിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ പുറത്ത് ധാരാളം നേതാക്കളില്ലേയെന്നും പിന്നെന്തിന് ജോസഫിനെ ജയിലിലിടണമെന്നും പ്രതിഭാഗം ചോദിച്ചു.
തലശ്ശേരി സ്വദേശിയായ ദീപക് ദേവരാജ് എന്ന ദീപക് ദേവ് വളര്‍ന്നതും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ദുബായിലാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസ്സ കാലത്ത് തന്നെ ദീപക് കർണ്ണാടിക് സംഗീതവും അഭ്യസ്സിച്ചിരുന്നു. പിന്നീടാണ് കീബോർഡിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൌത , വിദ്യാസാഗർ, അനു മാലിക്, തുടങ്ങിയ മഹാരഥൻമാര്‍ക്കൊപ്പം പ്രവർത്തിച്ചു. സിദ്ദിഖ് സംവിധാനം നിര്‍വഹിച്ച ക്രോണിക്ക് ബാച്ചിലറാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം.
പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ലൂസിഫറില്‍ സംഗീതം നിര്‍വഹിച്ചത് ദീപക് ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു. അടുത്തിടെ ദീപക് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജുമൊത്തുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു.
താനും പൃഥ്വിരാജും തമ്മിലുള്ള എല്ലാ തമാശകളും ഒടുവില്‍ വഴക്കിലാണ് അവസ്സാനിക്കുന്നതെന്ന് ദീപക് പറയുകയുണ്ടായി. താനും പൃഥ്വി രാജും പരിചയപ്പെട്ട നാള്‍ തൊട്ട് വഴക്കിലൂടെ ജോലിയിലേക്ക് എത്തുന്ന ഒരു രീതിയാണ് ഉള്ളത്. വഴക്ക് കൂടാത്ത പക്ഷം രണ്ടാളും കംഫര്‍ട്ടബിള്‍ അല്ല. വഴക്ക് എന്ന് പറയുമ്പോള്‍ അതിനു തര്‍ക്കം എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. താന്‍ ചെയ്ത ട്യൂണ്‍ രാജുവിന് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. പക്ഷേ കൊള്ളില്ലന്നു പറഞ്ഞാല്‍ താന്‍ തര്‍ക്കിക്കും. കൊള്ളില്ല എന്നല്ല, നിങ്ങളുടെ പടത്തിന് അത് പറ്റില്ല എന്നായിരിക്കും തന്‍റെ മറുപടി.
നേരിട്ട് സംസാരിക്കുന്നതിനേക്കാളും കുറച്ചു കട്ടിയിലായിരിക്കും വാട്സപ്പിലൂടെ ടെക്സ്റ്റ് ചെയ്യുന്നത്. ഒരിക്കല്‍ ഇങ്ങനെ ചാറ്റ് ചെയ്യുന്നതിനിടെ പൃഥ്വി രാജ് എന്തോ ഒരു വാക്ക് ടൈപ്പ് ചെയ്തയച്ചു. ആ വാക്ക് ദീപക്കിന് മനസ്സിലായില്ല. അതിനുള്ള ഉത്തരം ഗൂഗിളില്‍ പോയി നോക്കിയതിന് ശേഷം മറുപടി തരുന്നതായിരിക്കുമെന്ന് പറഞ്ഞ് ആ കോണ്‍വര്‍സേഷന്‍ അവസാനിപ്പിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.
പൃഥ്വിരാജ് എന്താണ് പറഞ്ഞതെന്ന് മനസിലാകണമല്ലോ. അത് മനസ്സിലാക്കാന്‍ തനിക്ക് ഗൂഗിളില്‍ പോയി തിരയേണ്ടതായി വന്നുവെന്ന് ദീപക്ക് പറയുന്നു. ചിലപ്പോള്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊക്കെ സംസാരത്തിനിടെ പൃഥ്വിരാജ് പറയുമെന്ന് ദീപക് ദേവ് തമാശ രൂപേണ പറഞ്ഞു.
കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ആരാധകരുടെ എണ്ണം കൂടുന്നു. ഇതുവരെ പത്തുപേർ താരത്തിന്റെ മരണം താങ്ങാനാവാതെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏഴു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നുപേർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുനീതും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മരണത്തിന് മുൻപ് തന്നെ പലകുറി ആവശ്യപ്പെട്ടിരുന്നു. നാലുപേർക്കാണ് പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത്.
കർണാടകയുടെ ഉള്ളുലച്ചാണ് സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്. സിനിമാ നടൻ എന്നതിൽ ഉപരി അദ്ദേഹം നടത്തിയിരുന്ന ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടിയാണ് മരണത്തോടെ നാഥനില്ലാതെ ആയത്. എന്നാൽ ആ സഹായങ്ങൾ നിലയ്ക്കില്ല എന്ന് ഉറപ്പിച്ച് 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിയിരിക്കുകയാണ് തമിഴ്നടൻ വിശാൽ. വിശാലും പുനീതും തമ്മിലുള്ള ,സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.
പുനീത് രാജ് കുമാറിന്റെ സ്മൃതി കുടീരത്തിലേക്ക് താരങ്ങളുടെയും ആരാധകരുടെയും പ്രവാഹമാണ്. സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി ഒട്ടേറെ താരങ്ങൾ സ്മൃതി കുടീരത്തിലെത്തി ആദരമർപ്പിച്ചു. പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറുമൊത്തായിരുന്നു സൂര്യ ഇന്ന് കഠീരവ സ്റ്റുഡിയോയിലെ സമാധി സ്ഥലത്ത് എത്തിയത്. പുനീതിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ലെന്നും. ആ മുഖം മനസിൽ നിന്ന് മായില്ലെന്നും സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ ഡാനിഷ് പൊലീസ് പിടിയിലായി. ഊട്ടിയിലെ റിസോര്‍ടില്‍ നിന്നാണ് ഡാനിഷ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഊട്ടിയില്‍ നിന്നു ഡാനിഷിനെ അറസ്റ്റ് ചെയ്തത്.
മര്‍ദനത്തിനു ശേഷം കേസിലെ ഏക പ്രതിയായ ഡോക്ടര്‍ ഡാനിഷ് ഒളിവില്‍ പോയിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് വിവാദത്തെതുടര്‍ന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഡാനിഷ് തമിഴ്നാട്ടിലാണെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
തുടര്‍ന്നാണ് ഊട്ടിയിലാണെന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. പട്ടികജാതി യുവാവിനെ സഹോദരി ദീപ്തി വിവാഹം കഴിച്ചതിലുള്ള വിരോധത്താല്‍ , ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. മര്‍ദനത്തില്‍ പരുക്കേറ്റ മിഥുന്‍കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മിഥുന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുമായുള്ള അതിർത്തി തർക്കം പാരമ്യതയിലെത്തി നിൽക്കേ, അതിർത്തിയിൽ ചൈന നടന്നത്തുന്ന കടന്നുകയറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. യഥാര്‍ഥ നിയന്ത്രണ രേഖക്കുസമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമം ഉണ്ടെന്ന റിപ്പോർട്ടുകളും ചിത്രങ്ങളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ട് ഇത് ശരിവെക്കുകയാണ്. പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായും പെന്‍റഗൺ യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എൽ.എ) ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് Military and Security Developments Involving the People’s Republic of China 2021എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍ (intelligence, surveillance, and reconnaissance) വിവരങ്ങള്‍ തല്‍സമയം അറിയാനും അതിർത്തിയിലെ സാഹചര്യങ്ങൾ വേഗം മനസ്സിലാക്കാനും സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചൈന അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച് നിർമിക്കുന്ന ഗ്രാമങ്ങളുടെ 2020 ഫെബ്രുവരി 17ലെയും 2020 നവംബർ 28ലെയുംഉപഗ്രഹ ചിത്രങ്ങൾ. മൂന്ന് ഗ്രാമങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിൽ കാണാം. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിൽ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമമാണ് നിർമ്മിച്ചിരിക്കുന്നത്. പരാമര്‍ശിക്കുന്നത്. അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സരി ചു നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും എല്‍.എ.സിയുടെ കിഴക്കന്‍ സെക്ടറില്‍ അരുണാചല്‍ പ്രദേശിനും ഇടയിലെ തര്‍ക്ക പ്രദേശമാണ് ഇത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ചൈന നൂറ് സിവിലിയന്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിർമ്മിച്ചത്. ഈ വിവരം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2020ല്‍ ആകാം ചൈന ഇവിടെ 100 വീടുകള്‍ നിര്‍മിച്ചതെന്ന് യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ആഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും കാണാനില്ലായിരുന്നു. എന്നാല്‍, 2020 നവംബറിലെ പുതിയ ചിത്രത്തില്‍ വീടുകളും മറ്റും വ്യക്തമായി കാണുന്നുണ്ട്. മേഖലയില്‍ വര്‍ഷങ്ങളായി ചൈനക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
അന്താരാഷ്ട്ര അതിര്‍ത്തിയെ ചൊല്ലി ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന തര്‍ക്കം കഴിഞ്ഞവര്‍ഷം ജൂണിൽ മൂര്‍ച്ഛിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികർക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചൈന അതിര്‍ത്തി ലംഘിച്ച് നിർണായക സന്നാഹങ്ങൾ ഒരുക്കിയതെന്ന് യു.എസ് റിപ്പോര്‍ട്ടിൽ പറയുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്ടോബര്‍ പത്തിന് നടന്ന 13ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ചയും പരാജയമായിരുന്നു.
ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരുളള അഭിനയേത്രിയാണ് വിദ്യാ ബാലന്‍. വെറും നായിക എന്നതിനപ്പുറം കാമ്പുള്ള വേഷങ്ങളാണ് വിദ്യ ബാലന്‍ കൂടുതലയി അവതരിപ്പിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ തന്നെ സിനിമ സ്വപ്നം കണ്ടിരുന്ന വിദ്യ 1995 ല്‍ ആണ് ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഹിന്ദി സിനിമയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത് പേരെടുത്ത വിദ്യ തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ ഒരിയ്ക്കലും വൈമനസ്യം കാണിക്കാത്ത താരമാണ്. പൊതുവേ പലരും പറയാന്‍ മടിക്കുന്ന ലൈംഗികാനുഭവങ്ങളെക്കുറിച്ചു പോലും തുറന്നു സംസാരിക്കുന്നതില്‍ വിദ്യ ഒരിയ്ക്കലും മടി കാണിച്ചിട്ടില്ല.
ലൈംഗികത പരസ്യമായി സംസാരിക്കാന്‍ പാടുള്ള വിഷയം അല്ലന്നാണ് പൊതുവേ നമ്മുടെ ധാരണ. സമൂഹത്തില്‍ ഇത് വിലക്കപ്പെട്ട വിഷയമായിട്ടാണ് കരുതുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്‍റെ ലൈംഗീക അനുഭവത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയത്. നാല്‍പ്പതു വയസ്സിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിയുള്ളവരും സുന്ദരികളുമായി മാറുമെന്ന് അവര്‍ പറയുന്നു. എല്ലാവരും നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികത ആസ്വദിക്കാതിരിക്കാനുമാണ്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകള്‍ മാറുന്നതിന് കാരണം അവരെ മറ്റുളളവര്‍ ശ്രദ്ധിക്കാതിരിക്കുന്നു എന്നതുകൊണ്ടാണ്. സ്വന്തം സന്തോഷത്തിനായിരിക്കും അവര്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുക.
അതോടെ ലൈംഗീകത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. നാല്‍പ്പത് കഴിഞ്ഞതോടെ താന്‍ മനസ്സ് കൊണ്ട് പിന്നോട്ടാണ് പോയതെന്ന് അവര്‍ പറയുന്നു. നേരത്തെ കുറച്ചു കൂടി ഗൗരവക്കാരിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ലൈംഗീകത ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നു. തന്‍റെ ചുമലുകളില്‍ ഈ ലോകത്തിൻ്റെ എല്ലാ ഭാരവും താന്‍ ചുമക്കുന്നില്ല. ഇരുപതു വയസ്സുള്ളപ്പോള്‍ തനിക്ക് ഉണ്ടായിരുന്ന സ്വപ്നം ജീവിക്കുക എന്നത് മാത്രമായിരുന്നു എങ്കില്‍ നാല്‍പതുകളില്‍ എത്തിയതോടെ താന്‍ ജീവിതം കൂടുതലായി ആസ്വദിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്ന് വിദ്യാ ബാലന്‍ പറയുന്നു.
പറക്കുംതളിക രഹസ്യ താവളത്തിലേക്ക് പോകുന്ന വിഡിയോ പുറത്തുവിട്ട് അന്യഗ്രഹ ജീവികള്‍ നേരത്തെ തന്നെ ഭൂമിയിലുണ്ടെന്ന അവകാശവാദവുമായി ബ്ലോഗര്‍. കാനഡയില്‍ നിന്നു ചിത്രീകരിച്ച ആകാശത്തു കാണപ്പെട്ട ഡിസ്‌ക് രൂപത്തിലുള്ള വസ്തുവിന്റെ വിഡിയോയാണ് പുതിയ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനം. അന്യഗ്രഹ ജീവികളെ തേടുന്നതില്‍ കുപ്രസിദ്ധനായ സ്‌കോട്ട് സി വാറിംങ് എന്ന ബ്ലോഗറാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍.
ഒക്ടോബര്‍ 24ന് കാനഡയില്‍ വച്ചാണ് വിവാദ വിഡിയോ ചിത്രീകരിച്ചത്. വിദൂരതയില്‍ ആകാശത്ത് കാണപ്പെടുന്ന ഡിസ്‌ക് രൂപത്തിലുള്ള വസ്തുവിന്റെ ദൃശ്യമാണിത്. ഭൂമിയിലേക്ക് പതിയെ ഈ വസ്തു താഴ്ന്നിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ എടുത്തയാള്‍ ദൃശ്യം യൂട്യൂബിലൂടെയാണ് പബ്ലിഷ് ചെയ്തത്. ‘ഞായറാഴ്ച്ച രാവിലെ 11.18ന് ഞാനെടുത്ത വിഡിയോയാണിത്. എന്താണിതെന്ന് യാതൊരു നിശ്ചയവുമില്ല’ എന്നായിരുന്നു വിഡിയോയുടെ വിവരണമായി വെന്‍ സാഞ്ചെ എന്നയാള്‍ നല്‍കിയിരുന്നത്.
ഹെലിക്കോപ്റ്ററിനേക്കാളും വലിയ വസ്തുവിനെയാണ് കണ്ടതെന്ന് വിഡിയോ ചിത്രീകരിച്ച സാഞ്ചെ പറഞ്ഞുവെന്നാണ് വാറിംങ് വിശദീകരിക്കുന്നത്. തെക്കു കിഴക്കന്‍ ഭാഗത്തെ ആകാശത്ത് കണ്ടതിനാലും സമയം ഉച്ചയായതിനാലും അത് ചന്ദ്രനാവാന്‍ സാധ്യതയില്ല. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത എന്തോ ഒന്നാണെന്നു പറയുന്ന വാറിംങ് അത് അന്യഗ്രഹ ജീവികള്‍ ഭൂമിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് പറക്കും തളികയില്‍ വന്നിറങ്ങുന്ന ദൃശ്യമാകാമെന്നും കടത്തി പറയുന്നുണ്ട്.
‘ജനവാസം തീരെ കുറഞ്ഞ കാനഡയിലെ പ്രദേശത്തു നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിക്കടിയില്‍ താവളം പണിയണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണിത്. ഇത്തരം അസ്വാഭാവിക ചലനങ്ങള്‍ ഈ പ്രദേശത്ത് എവിടെയെങ്കിലും കാണുകയും വിഡിയോ എടുക്കുകയും ചെയ്താല്‍ പോലും ആ സ്ഥലം വീണ്ടും തിരിച്ചറിയുക എളുപ്പമല്ല. വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള വസ്തുവായിരുന്നു ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.
ഏതാണ്ട് 30-60 മീറ്റര്‍ അകലത്തിലായിരുന്നു അത്. അവിടെ ഭൂമിയില്‍ വന്‍ വിള്ളലുകള്‍ കാണപ്പെടാന്‍ പോലും സാധ്യതയുണ്ട്’ എന്നും സ്‌കോട്ട് സി വാറിംങ് പറയുന്നു. ഈ വിഡിയോ അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അവ ഭൂമിയില്‍ നേരത്തേ വന്നു പോയിരുന്നുവെന്നതിനും തെളിവാണെന്നാണ് വാറിംങിനെ പോലെ അന്യഗ്രഹജീവികള്‍ക്ക് വേണ്ടി വാദിക്കുന്നവരുടെ വാദം.
ന്യൂയോര്‍ക്ക് : പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു.
സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു.
12 ദിവസം മുമ്പാണ് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കിയുള്ള നോട്ടീസ് പുറപ്പെടുവിച്ചത് തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.