കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടിയാന്മല പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് ഇത്തരം ഒരു കൃത്യത്തിൽ കലാശിച്ചതെന്നാണ് ലഭിക്കും പ്രാഥമിക വിവരങ്ങൾ.
ഒരു വയസുള്ള കുഞ്ഞിന്റെ കുസൃതി കൂടിയതോടെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത മുത്തശ്ശി അറസ്റ്റിൽ. കുഞ്ഞിന്റെ വായിൽ ബിസ്‌കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കോയമ്പത്തൂർ ആർഎസ് പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ നന്ദിനിയുടെ ഇലയമകനായ ഒരുവയസ്സുള്ള ദുർഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് തൊട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്.
ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മർദിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്.
വിശദമായി പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തിൽ തുടർച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തിൽ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തിൽ ബിസ്‌കറ്റ് കവർ കുട്ടിയുടെ വായിൽ തിരുകുകയായിരുന്നു. പിന്നീട് തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഇവർ മറ്റുജോലിക്കായി പോയി. വായിൽ കുടുങ്ങിയ പേപ്പറാണ് കുഞ്ഞിന് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലാകും. രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഹർത്താലാചരിക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗവും തീരുമാനിച്ചു.
ബിഎംഎസ് ഒഴികെ ട്രേഡ് യൂണിയനുകളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിക്കുകയായിരുന്നു. എൽഡിഎഫിന് പിന്നാലെ യുഡിഎഫ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമാകും. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകളുടെ പിന്തുണയുമുണ്ട്.
സംസ്ഥാനത്ത് ബന്ദ് പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹർത്താലാചരിക്കണമെന്ന് ആമുഖമായി സംസാരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. വിവിധ ഘടകകക്ഷി നേതാക്കൾ പിന്തുണച്ചു. ഉപസംഹരിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു.
വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഭര്‍ത്താവ് കുമാര്‍ ഓടി രക്ഷപെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് ദാരുണ സംഭവമുണ്ടായത്.
മധുരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവില്‍ നിലയുറപ്പിച്ച ഒറ്റയാന്റെ മുന്നില്‍പ്പെട്ടു. കുമാര്‍ ഉടന്‍ തന്നെ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞു. മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരണപ്പെട്ടു.
കുമാര്‍ ഓടി മാറിയതിനാലാണ് ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപെട്ടത്. ചട്ടമൂന്നാറില്‍ തോട്ടം തൊഴിലാളികളാണ് ഇരുവരും. വിജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ കുമാറും ഇവിടെ ചികിത്സയിലാണ്. പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്.
മന്ത്രി വീണാ ജോര്‍ജിനെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്. അശ്ലീല പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലായിരുന്നു പിസി ജോര്‍ജിന്റെ രൂക്ഷപ്രതികരണം.
ചാനല്‍ അവതാരകയായിരുന്ന വീണ മന്ത്രിയായ ശേഷവും പുട്ടി അടിച്ചാണ് ഇറങ്ങുന്നതെന്നും അവര്‍ക്ക് പിന്നാലെ പോകുന്നവര്‍ ഉണ്ടാകുമെന്നാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം.
”അവര്‍ ഒരു ചാനല്‍ അവതാരകയായിരുന്നു. അതുകൊണ്ട് പുട്ടി അടിച്ച് ഇറങ്ങിയിരിക്കുകയാണ്. മന്ത്രിയായ ശേഷവും പുട്ടി അടിച്ചാണ് ഇറങ്ങുന്നത്. ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല ഇതെന്നാണ് എന്റെ അഭിപ്രായം. അതിന്റെ പുറകെ നടക്കുന്നവര്‍ ഉണ്ടാകും. എനിക്ക് അതിന് നേരമില്ല. മന്ത്രി നാടിന് ബാധ്യത എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും അതേ അഭിപ്രായമാണ്. അത് നാണക്കേടാണെങ്കില്‍ മന്ത്രി പണി നിര്‍ത്തണം. ഇത്രയും ഗതിക്കെട്ട ഒരു മന്ത്രി രാജ്യത്തില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇനിയും അവര്‍ക്കെതിരെ പറയും. ധൈര്യമുണ്ടെങ്കില്‍ ഇനിയും കേസ് കൊടുക്ക്. നമുക്ക് കാണാം.”
കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. വീണാ ജോര്‍ജിനെ വ്യക്തിഹത്യ നടത്തിയെന്ന ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനുമെതിരെയാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അഭിമുഖത്തില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം ഇങ്ങനെ:
”സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരുകഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ?
അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കൊവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.”
ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിഞ്ഞ് ശരീരത്തിലൂടെ വീണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ്ഭവനില്‍ സുരേഷ്‌കുമാറാണ് (49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുളക്കട ഹൈസ്‌കൂള്‍ ജംഗ്ഷനുസമീപമായിരുന്നു അപകടം നടന്നത്.
തമിഴ്‌നാട്ടില്‍നിന്ന് കച്ചികയറ്റി എത്തിയ വാനാണ് അപകടത്തില്‍പ്പെട്ടത്. കുളക്കടയില്‍ വെച്ച് വാനിന്റെ പിന്‍ഭാഗത്തെ ടയര്‍ പങ്ചറായി. റോഡിന്റെ ഓരത്ത് വാഹനം നിര്‍ത്തിയശേഷം സുരേഷ്‌കുമാര്‍ ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ സഹായത്തിനായി അതുവഴി വന്ന മറ്റൊരു ലോറിക്ക് കൈകാണിച്ചുനിര്‍ത്തി. അതിന്റെ ഡ്രൈവറും ഇറങ്ങിവന്നു.
ജോലി തുടരുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിയുകയായിരുന്നു. വാന്‍ ചരിയുന്നുവെന്ന് അടുത്തുണ്ടായിരുന്ന ആള്‍ പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറുംമുന്‍പ് ലോറി സുരേഷ്‌കുമാറിന്റെ മുകളിലേക്ക് ലോറി മറിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ഉയര്‍ത്താന്‍ സാധിച്ചില്ല.
ഒടുവില്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയര്‍ത്തിയശേഷമാണ് സുരേഷ്‌കുമാറിനെ പുറത്തെടുത്തത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മഞ്ജു. മക്കള്‍: അഭയ സുരേഷ്, ആദിത്യ സുരേഷ്.
ബിനോയ് എം. ജെ.
മനുഷ്യരെല്ലാവരും ചിന്തിക്കുന്നവരായി കാണപ്പെടുന്നു. എന്താണ് ചിന്തയുടെ മന:ശ്ശാസ്ത്രം? ചിന്തയുടെ അടിസ്ഥാന കാരണം എന്താണ്? ആശയക്കുഴപ്പത്തിൽ നിന്നും ചിന്ത ഉത്ഭവിക്കുന്നുവെന്ന് സാമാന്യമായി പറയാം. ആശയം ഉള്ളവനേ ആശയക്കുഴപ്പങ്ങളും ഉള്ളൂ. അതിനാൽ തന്നെ പഠന ഗവേഷണങ്ങളിൽ ഏർപ്പെടുന്നവർ കൂടുതലായി ചിന്തിക്കുന്നതായി കാണപ്പെടുന്നു .ചിന്തയിൽ നിന്ന് മാത്രമേ പുതിയ ആശയങ്ങൾ ജനിക്കുന്നുളളൂ. ഇതിനെ ഏറ്റവും നല്ല പഠനോപാധിയായി മന:ശ്ശാസ്ത്രജൻമാർ കാണുന്നു. എന്നിരുന്നാലും ചിന്തയെ കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ അത് അത്ര ഗുണകരമായ കാര്യമല്ലെന്ന് മനസ്സിലാക്കുവാൻ കഴിയും . കാരണം അത് ആശയക്കുഴപ്പത്തെ പ്രോത്സാഹിപ്പിക്കുന്നു.
എന്താണ് അടിസ്ഥാനപരമായ ആശയക്കുഴപ്പം?ഉള്ളിൽനിന്നും ഒന്നു പറയുന്നു. ബാഹ്യലോകം അതിനു വിരുദ്ധമായ കാര്യം പറയുന്നു. ഉള്ളിൽ എന്നും ഭാവാത്മകമായ ഒരു ആശയം അഥവാ സത്യം പൊന്തിവരുന്നു. ബാഹ്യലോകം നിഷേധാത്മകമാണ് .നാം ചെറുപ്പംതൊട്ടേ നിഷേധാത്മകതയെ പ്രോത്സാഹിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ചിലർ ദാരിദ്ര്യത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു . മറ്റ് ചിലർ മരണത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു. വേറേ ചിലർ സമൂഹത്തെക്കുറിച്ച് നിഷേധാത്മകമായി ചിന്തിക്കുന്നു. എങ്ങനെയാണെങ്കിലും എല്ലാവരും തന്നെ നിഷേധാത്മകമായി ചിന്തിച്ചു വരുന്നു .ഭാവാത്മകതയും നിഷേധാത്മകതയും തമ്മിലുള്ള സംഘട്ടനം മനസ്സിൽ സദാ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനത്തിൽ ചിലപ്പോൾ ഭാവാത്മകതയ്ക്ക് താത്കാലിക വിജയം ഉണ്ടാകുന്നു. മറ്റുചിലപ്പോൾ നിഷേധാത്മകതയ്ക്ക് താത്കാലിക വിജയം ഉണ്ടാകുന്നു. ഭാവാത്മകത വിജയിക്കുമ്പോൾ സുഖവും നിഷേധാത്മകത വിജയിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു.
ഇപ്രകാരം മനസ്സിൽ സംഭവിക്കുന്ന സംഘടനവും ചിന്തയും മനസ്സിന്റെ ശാന്തിയെ തകർക്കുന്നു. അതിനാൽ തന്നെ ചിന്തയിൽ നിന്നും കരകയറുവാൻ ഉള്ള മാർഗങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്ത തിരോഭവിക്കണമെങ്കിൽ ആന്തരിക സംഘട്ടനം തിരോഭവിക്കേണ്ടിയിരിക്കുന്നു. ആന്തരിക സംഘട്ടനം തിരോഭവിക്കണമെങ്കിൽ നിഷേധാത്മകത തിരോഭവിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ ചിന്തയെ ജയിക്കണമെങ്കിൽ നിഷേധാത്മകതയെ ജയിക്കേണ്ടിയിരിക്കുന്നു. കുറേസമയം ജാഗ്രതയോടെ ഉള്ളിലേക്ക് നോക്കിയിരുന്നാൽ ഇടതടവില്ലാതെ നിഷേധാത്മകമായ കാര്യങ്ങൾ പൊന്തി വരുന്നതായി കാണുവാൻ സാധിക്കും. ഈ നിഷേധാത്മകത എന്തുകൊണ്ട് പൊന്തിവരുന്നു? കാരണം നാമവയെ പ്രോത്സാഹിപ്പിക്കുന്നു എന്നത് തന്നെ. നാമവയ്ക്ക് മൂല്യം കൽപ്പിക്കുന്നു. അവ പ്രധാനങ്ങളും അനുപേക്ഷണീയങ്ങളും ആണെന്ന് നാം കരുതുന്നു. ഫലമോ അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗവും ആകുന്നു.
നിഷേധാത്മകതയെ നാം സദാ മാടിവിളിച്ചു കൊണ്ടേയിരിക്കുന്നു. ഫലമോ അത് നമ്മെ വിട്ടു പിരിയുന്നതും ഇല്ല. നിഷേധാത്മകത നമ്മുടെ ഏറ്റവും വലിയ കൂട്ടുകാരനും സന്തതസഹചാരിയും ആകുന്നു. ഈ മനോഭാവമാണ് നാം ആദ്യമേ മാറ്റേണ്ടത്. നിഷേധാത്മകതയെ വീണ്ടും തിരിച്ചു വരാൻ ആകാത്തവിധം ഒടുക്കത്തെ വിടനൽകി പറഞ്ഞയയ്ക്കുവിൻ! “നിഷേധാത്മക ചിന്തകളെ ദൂരെയകലുവിൻ. നിന്നോട് എനിക്ക് ചങ്ങാത്തം ഇല്ല. ഒരിക്കലും തിരികെ വരാതിരിക്കുവിൻ”.. ഇങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറയുവിൻ! ക്രമേണ നിങ്ങൾ നിഷേധാത്മകതയുമായി ദൂരം പാലിക്കുവാൻ പഠിക്കുന്നു. നിഷേധാത്മകത മാറും തോറും ആശയക്കുഴപ്പവും മാറുന്നു. നിങ്ങൾ ഭാവാത്മക ചിന്തയുടെ ഒരു പ്രഭവകേന്ദ്രമായി മാറുന്നു .അപ്പോൾ നിങ്ങളുടെ ആനന്ദം അനന്തതയിലേക്ക് ഉയരുന്നു .പിന്നീടങ്ങോട്ട് ദുഃഖിക്കുവാൻ യാതൊന്നുമില്ല. വേവലാതിപ്പെടാൻ യാതൊന്നുമില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് വീഴുന്നു. അവിടെ നിങ്ങൾക്ക് അജ്ഞത ഇല്ല. നിങ്ങളുടെ അജ്ഞതയുടെ കാരണം ആശയക്കുഴപ്പം തന്നെ ആയിരുന്നു. ആശയക്കുഴപ്പത്തിൽ കഴിയുന്നവന് ശരിയേതെന്ന് തിട്ടമില്ല. അയാളുടെ ഉള്ളം വേദനിക്കുന്നു. ചിന്ത തിരോഭവിക്കുമ്പോൾ ഒരുവൻ ബുദ്ധിക്കും അപ്പുറം പോകുന്നു. അയാൾ ബുദ്ധൻ ആകുന്നു. ഇതാണ് അനന്ത ജ്ഞാനത്തിലേയ്ക്കുള്ള ഏകമാർഗ്ഗം.
കോട്ടയം വൈക്കം ടി വി പുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ചെമ്മീൻ കൃഷിക്കായി രമേശൻ നായർ എന്ന വ്യക്തി സ്ഥലം ലീസിന് എടുത്ത് ഇരിക്കുകയായിരുന്നു. സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ ആണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഫോറൻസിക് പരിശോധന നടത്തി ആളെ കണ്ടെത്താനുള്ള ശ്രമമാണ് ഭാഗികമായി വിജയം കാണുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് 18 നും 30 നും മധ്യേ പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോക്ടർ ജെയിംസ് കുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇയാളുടെ ശരീരഘടന സംബന്ധിച്ചുള്ള നിഗമനങ്ങളും ഫോറൻസിക് സംഘം മുന്നോട്ടുവെക്കുന്നു. 160- 167 സെന്റീമീറ്റർ വരെ ഉയരമുള്ള വ്യക്തിയാണ് ഇതെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. ഏറെ ശാരീരിക പുഷ്ടിയുള്ള ആളുടെ ശരീരാവശിഷ്ടങ്ങൾ ആണ് ഇതെന്നും ഫോറൻസിക് സംഘം കണ്ടെത്തി. ഒരു കാലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. മുട്ടിനും പാദത്തിലും ഇടയിലാണ് ഈ പൊട്ടൽ ചേർന്ന നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തന്നെ ഈ പൊട്ടൽ ഭേദമായതാകാം എന്ന് ഫോറൻസിക് സംഘം വിലയിരുത്തുന്നു.
സംഭവത്തിൽ ഏറെ നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് പറഞ്ഞു. നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ചെമ്മനത്തുകര യിൽ നിന്ന് തന്നെ കാണാതായ രണ്ടു യുവാക്കൾക്ക് 40 വയസിൽ താഴെയാണ് പ്രായം. അതിലൊരാൾക്ക് 21 വയസ്സ് ആണ് ഉള്ളത് എന്നും പോലീസ് പറയുന്നു. ഇവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി അന്തിമ നിഗമനത്തിലെത്താൻ ആണ് പോലീസ് നീക്കം. ഇവിടെ നിന്നും കാണാതായ 40 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാളിന്റെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ വൈകാതെതന്നെ അന്തിമമായ നിഗമനത്തിലെത്താൻ ആകും എന്നാണ് പോലീസ് കരുതുന്നത്. കാണാതായ ഇരുപത്തിയൊന്നുകാരൻ മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിക്കു സമീപത്തുതന്നെയുള്ള ആളാണ്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം നടത്തി വരുന്നത്. കേവലം മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം അന്തിമ നിഗമനത്തിലെത്താൻ ആകില്ല എന്ന് പോലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങൾ മാത്രം ആണ് നിലവിൽ കൈയിലുള്ള തെളിവ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ അന്തിമമായ നിഗമനത്തിൽ എത്തുവെന്നും വൈക്കം പോലീസ് അറിയിച്ചു. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചാൽ തുടർന്ന് ആ വ്യക്തിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് നീക്കം. സ്വാഭാവികമരണം ആണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അന്തിമമായ വ്യക്തത അപ്പോൾ മാത്രമാകും ഉണ്ടാകുക. ഏതായാലും അത്തരം അന്വേഷണങ്ങൾ നടത്തണം എന്നുണ്ടെങ്കിൽ ആദ്യം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
തിരുവനന്തപുരം നെയ്യാർ ഡാമിൽ അപകടം വിതച്ച് ബൈക്ക് റേസിങ്, ദൃശ്യങ്ങൾ.. റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങി..സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടുവാൻ ബൈക്ക് സ്റ്റണ്ടിംഗ്് നടത്തുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്.
നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കൾ ബൈക്ക് സ്റ്റണ്ടിംഗ് ചെയ്യുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബൈക്ക് യുവാവിന്റെ ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാലൊടിയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് കുറുകെ പിടിച്ചതിൽ ആണ് അപകടം ഉണ്ടായത് ഇതാണ് ബൈക്കിൽ എത്തിയവർ ചോദ്യം ചെയ്തു മർദിക്കാൻ ഉണ്ടായ കാരണം.ഇതിനിടെ അപകടത്തിൽ കാലൊടിഞ്ഞു എന്നു കണ്ടതോടെ ബൈക്കിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രസിഡന്റ് സൈബിൻ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80)അന്തരിച്ചു. അങ്കമാലി പടയാട്ടിൽ കുടുബാ൦ഗാമാണ് പരേത. സംസ്കാരം പിന്നീട്.
മക്കൾ :സൈബിൻ പാലാട്ടി (യുകെ ), ഓൽബിൻ പാലാട്ടി (അയർലണ്ട് ).മരുമക്കൾ : ടാൻസി പാലാട്ടി (യുകെ ), ജെന്നി പാലാട്ടി (അയർലണ്ട് ).
കൊച്ചുമക്കൾ :സിബിൻ, കെവിൻ, ബെഞ്ചമിൻ, ആദിമോൾ, ആദിക്കുട്ടൻ. സഹോദരങ്ങൾ :മേരി ഡേവിഡ്, ട്രീസ സ്റ്റീഫൻ, സി. ഫ്രാൻസി എഫ് സി സി, ജെമ്മ പോൾ (ജർമ്മനി ), ജോളി എം പടയാട്ടിൽ (ജർമ്മനി ), ആന്റു.
റോസി ജോസെഫിന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ഗോപാലപിള്ള, ജോൺ മത്തായി, ജോസഫ് ഗ്രിഗറി, ജോസ് കുംബ്ലുവേലിൽ, ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ജിമ്മി ഡേവിഡ്, അജി അക്കരക്കാരൻ, പോൾ വർഗീസ്, വേണുഗോപാൽ, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ് എബ്രഹാം, ജോൺസൺ ദേവസ്യ, ലാലി ഫിലിപ്പ്, എൽദോ വർഗീസ്, പ്രസാദ് ജോൺ, ബേബി, സോണി സിൽവി, ഡോ :ഗ്രേഷ്യസ് സൈമൺ,ജോജി വർഗീസ്, മാത്യു ചെറിയാൻ, വെങ്കിടെഷ്, കൂടാതെ മറ്റു ഭാരവാഹികൾ, മെമ്പേഴ്സ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
റോസി ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു