Latest News

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായ ഐശ്വര്യ റായിയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അതിനാല്‍ തന്നെ നടിയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വലിയ തോതില്‍ ചര്‍ച്ചയായി മാറാറുണ്ട്. അങ്ങനെയിരിക്കെ ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത വരുന്ന കാര്യം ആലോചിച്ചു നോക്കു. ലോകമെമ്പാടുമുള്ള ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജവാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്.

ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചു കളഞ്ഞ ആ വ്യാജവാര്‍ത്തയുടെ പിന്നില്‍. യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നുമുള്ള ഐശ്വര്യയുടേയും രണ്‍ബീറിന്റേയും ചിത്രവും വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നു.

ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും വാര്‍ത്തയുടെ ഭാഗമായിരുന്നു. എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്ത പുറത്ത് വരുമ്പോള്‍ പക്ഷെ ഇതൊന്നും അറിയാതെ തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പം മനീഷ് മത്ഹോത്രയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ. പുലര്‍ച്ചെ രണ്ട് മണിവരെ ഐശ്വര്യയും ബച്ചനും അവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ദുല്‍ഖറിന്റെ ‘കുറുപ്പ് സിനിമയുടെ പ്രമോഷന്‍ രീതികളില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കുറുപ്പ്’ ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ചാണ് ‘കുറുപ്പ്’ സ്‌പെഷല്‍ ടീ ഷര്‍ട്ടുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുന്നത് അപക്വമാണെന്നാണ് ആളുകളുടെ വാദം.

വിഷയവുമായി ബന്ധപ്പെട്ട് മിഥുന്‍ മുരളീധരന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്കു വഴിവെച്ചു.

മിഥുന്‍ മുരളീധരന്റെ വാക്കുകള്‍:

ഒരു ഉദാഹരണത്തിന് നിങ്ങള്‍ അടുത്ത ഒരു മിനിറ്റ് സമയത്തേയ്ക്ക് നിങ്ങളുടെ പേര് ജിതിന്‍ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ. ചാക്കോ എന്നും കരുതുക. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാള്‍ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടന്‍ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎമ്മിന്റെയും ആഘോഷങ്ങളുടെയും രീതിയില്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓര്‍ക്കുക.

ഒപ്പം അതിന്റെ പ്രൊമോഷനുകള്‍ക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷര്‍ട്ടുകളും മറ്റും ധരിച്ച് നിങ്ങള്‍ക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളില്‍ വില്‍പ്പനക്ക് വക്കുന്നു എന്നും അതിന്റെ വിഡിയോകളും ബിജിഎമ്മും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈല്‍ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

ഇനി, മേല്‍പ്പറഞ്ഞ ഇത്രയും കാര്യങ്ങള്‍ ‘ഒരു ഉദാഹരണം ആയതുകൊണ്ട്’ പ്രശ്‌നം ഇല്ല എന്നാണെങ്കില്‍ യഥാര്‍ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഈ വികാരങ്ങള്‍ തോന്നുന്നുണ്ട്. അയാള്‍ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കല്‍ എങ്കിലും ഒന്ന് കേള്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

‘ഒരിക്കല്‍പ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പന്‍ കൊല്ലപ്പെടുമ്പോള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയില്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.’

‘എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’-എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി’. ?

‘പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല..’

കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിര്‍പ്പ്. അത് ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും.

എന്റെ അതേ അവസ്ഥയാണ് കോടികള്‍ കൈക്കൂലി വാങ്ങിയതില്‍ ആരോപണ വിധേയനായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ഇപ്പോള്‍ നേരിടുന്നതെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.

സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്.
കുടുംബത്തെയാകെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.

തന്റെ പേരിലുണ്ടായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കരിക്കുകയായിരുന്നു ജേക്കബ് തോമസ്. സത്യം ജയിച്ചുവെന്നും നൂറ് ശതമാനവും തെറ്റായിരുന്ന കേസായിരുന്നു അതെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് ഞാന്‍ ഒരു വര്‍ഷം സസ്‌പെന്‍ഷനിലായത്. ഇപ്പോഴും പെന്‍ഷന്‍ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2009 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിള്‍ ബെഞ്ചാണ് കുറ്റപത്രം ഇന്ന് റദ്ദാക്കിയത്.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ എട്ട് കോടി രൂപ വിലയുള്ള ഡ്രഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയെന്നും ഇതില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം.

ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.

നടന്‍ നാഗ ശൗര്യയുടെ ഫാംഹൗസില്‍ ചൂതാട്ടം. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാംഹൗസില്‍ തെലങ്കാന പോലീസ് നടത്തിയ റെയ്ഡിലാണ് താരത്തിന്റെ ഫാംഹൗസില്‍ ചൂതാട്ടം കണ്ടെത്തിയത്. ഇതോടൊപ്പം ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് നിരവധി മൊബൈല്‍ ഫോണുകളും 24 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസ് കാസിനോയാക്കി മാറ്റിയതായി വിവരം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വമ്പന്മാര്‍ ഇവിടം സ്ഥിരം സന്ദര്‍ശിക്കുകയും ചൂതാട്ടം നടത്തുകയും ചെയ്യാറുണ്ട്. ഇതില്‍ ഉന്നത രാഷ്ട്രീയക്കാരും വ്യവസായികളുമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, പോലീസ് റെയ്ഡ് ചെയ്ത ഫാംഹൗസ് പ്രശസ്ത ടോളിവുഡ് നടന്‍ നാഗ ശൗര്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംഭവത്തെക്കുറിച്ച് നടന്‍ പ്രതികരിച്ചിട്ടില്ല.

മുന്‍ മിസ് കേരള ആന്‍സി കബീറും (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) വാഹനാപകടത്തില്‍ മരിച്ചതിന്റെ ദുഃഖത്തില്‍
പങ്കുചേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

ഈ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ച അഞ്ജന സല്യൂട്ട് എന്ന തന്റെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും അന്‍സി ഒരു പരസ്യ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകാന്‍ തന്റെ പ്രാര്‍ഥനയുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വൈറ്റിലയിലുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ.കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ രചിച്ച് അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.

ഒക്ടോബർ 31ന് വൈകിട്ട് സൂമിൽ നടന്ന ലോഞ്ചിങ്ങിൽ മധു ബാലകൃഷ്ണൻ ഈ മനോഹരഗാനം മലയാളക്കരക്കു സമർപ്പിക്കുകയുണ്ടായി. ഗാനരചയിതാവ് ഹരിനാരായണനും സംഗീതസംവിധായകർ ബേണിയും ടാൻസണും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു.

2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിലൂടെ സംഗീതലോകത്തേക്ക് എത്തി ഇതിനകം ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. യു കെ യിലെ പ്രോഗ്രാമുകളിലെ നിറസാന്നിധ്യമായ ടെസ്സ നിരവധി ക്രിസ്ത്യൻ ആൽബങ്ങളും നാടോടി, ഓണപ്പാട്ടുകളും, പ്രണയഗാനവും ഒക്കെ ഇതിനോടകം ചെയ്തു കഴിഞ്ഞു. സച്ചിദാനന്ദൻ വലപ്പാടിന്റെയും അശ്വതി വിജയന്റെയും കീഴിൽ സംഗീതം അഭ്യസിക്കുന്ന ടെസ്സ പാശ്ചാത്യ സംഗീതവും സംഗീതോപകരണങ്ങളും പഠിക്കുന്നുണ്ട്. കെ എസ് ചിത്ര, ശരത്ത്, ജി വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖ സംഗീതജ്ഞരുടെ സ്റ്റേജിൽ പാടിയ ടെസ്സ ഈ ലോക് ഡൗൺ കാലത്ത് ട്യൂട്ടേഴ്സ് വാലി നടത്തിയ ലൈവ് പ്രോഗ്രാമുകളിലൂടെ ഔസേപ്പച്ചൻ, വിനീത് ശ്രീനിവാസൻ, ഗോപി സുന്ദർ, വിദ്യാസാഗർ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം പങ്കെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള മലയാളികൾ പാടിനടക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ്‌ ബി കെ ഹരിനാരായണൻ. ഒപ്പം, ജോസഫ്, തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇപ്പോഴും നമ്മുടെ ചുണ്ടുകളിൽ തത്തികളിക്കുന്നത് ആ വരികളുടെ ഭംഗി മൂലമാണ്. ലോലശതാവരിയുടെ വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇങ്ങനെയാണ്:

“ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക്‌ എത്തുന്നത്‌. മാഷ്‌ ഇതിനെക്കുറിച്ച്‌ പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട്‌ എന്നായിരുന്നു മനസ്സിൽ. അങ്ങനെയാൺ ലോലശതാവരിയിൽ എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്‌. ശതാവരിവള്ളിയെക്കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌ പണ്ട്‌ പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.
ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ് ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്‌. പല്ലവികേട്ട്‌ മാഷ്‌ ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട്‌ ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.

മലയാളികൾക്ക് പ്രത്യേകിച്ച് സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണ് ബേണി-ഇഗ്‌നേഷ്യസ് എന്നത്. 1994 ൽ “തേന്മാവിൻകൊമ്പത്തിലൂടെ” മലയാളികൾ നെഞ്ചേറ്റിയ ആ ബേണിയും മകൻ ടാൻസണും സംഗീതം നൽകിയ ലോലശതാവരിയുടെ സംഗീതവും കേൾക്കാൻ ഇമ്പമുള്ളതും കാതുകൾക്ക് കുളിർമഴ പെയ്യിക്കുന്നതുമാണ്. ലോലശതാവരിക്ക് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇപ്രകാരമാണ് :

“ലോലശതാവരി എന്ന ലളിതഗാനം കുറെ മാസ്സങ്ങൾക്ക്‌ മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ്‌ ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്‌. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്‌. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.

ഹരിനാരായണന്റെ വരികൾക്ക് ബേണിയും ടാൻസണും സംഗീതം നൽകി യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ആലപിച്ച ഈ മനോഹരഗാനം നിങ്ങൾക്കും ഇഷ്ടപ്പെടും എന്നുറപ്പ്. ലളിതഗാനമത്സരവേദികളിൽ ഇനിയുള്ള കാലം ഈ ഗാനം മുഴങ്ങികേൾക്കട്ടെ.

ഈ ഗാനം കേൾക്കുവാനും കാണുവാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം വാഹനാപകടത്തിൽ മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് വിദ്യാർഥിയുമായ ജസ്റ്റിൻ വർഗീസ് (19) മരിച്ചു. ജസ്റ്റിൻ ഓടിച്ചിരുന്ന വാഹനത്തിന്റെ പിറകിൽ എസ്‌യുവി ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽ പെട്ടത്. മാരകമായി പരുക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

കൊടുന്തറ സുനിൽ വർഗീസ്‌ – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ്. ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ: ജേമി, ജീന. സംസ്‌കാരം പിന്നീട്.

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലാണ് അപടമുണ്ടായത്.

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ശനിയാഴ്ച്ച നടന്നു. കീത്തിലിയിലെ സ്റ്റീറ്റണിലുള്ള സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ഇന്നലെ വൈകുന്നേരം 7 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ കീത്തിലി മലയാളി അസ്സോസിയേഷനിലേയ്ക്ക് ഔദ്യോഗീകമായി സ്വാഗതം ചെയ്തു. നിലവില്‍ അസ്സോസിയേഷനിലുള്ള ഓരോ കുടുംബത്തോടൊപ്പമായിരുന്നു പുതിയ കുടുംബങ്ങള്‍ സ്റ്റേജിലെത്തി സ്വയം പരിചയപ്പെടുത്തിയത്. അംഗബലം കൂടിയ ആത്മവിശ്വാസത്തിലായിരുന്നു അസ്സോസിയേഷനിലെ ഓരോ മലയാളിയും.

നല്ലൊരു സംഘാടകനും അസ്സോസിയേഷന്റെ സ്ഥിരകാല കമ്മറ്റി മെംബറുമായ ബാബു സെബാസ്റ്റ്യന്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അസ്സോസിയേഷനില്‍ പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും ഡോ. അഞ്ചു വര്‍ഗ്ഗീസും നേതൃത്വം നല്‍കി അവതരിപ്പിച്ച ഫാമിലി ക്വിസ് ശ്രദ്ധേയമായി. അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ ടീം ഊട്ടി വിജയം കണ്ടപ്പോള്‍ ടീം ധാരാവി രണ്ടാം സ്ഥാനം നേടി.
ശ്രീജേഷ്, എബിസണ്‍, ആന്റോ, ഡോ. അഞ്ചു എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ പാടി സദസ്സിന് ആവേശം പകര്‍ന്നു. അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ സോജന്‍ മാത്യു, രഞ്ചു തോമസ്, ടോം ജോസഫ് എന്നിവര്‍ കീത്തിലി മലയാളി അസ്സോസിയേഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്കായി പങ്കുവെച്ചു.

നാട് വിട്ടവര്‍ പരസ്പരം പരിചയപ്പെടാനും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം പ്രദേശിക സമൂഹവുമായി ഒത്തുചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കാനുള്ള അവസരമാണ് കെ. എം. എ ഒരുക്കിയത്. നാല് മണിക്കൂര്‍ നീണ്ട് നിന്ന ആഘോഷ പരിപാടികള്‍ പത്ത് മണിക്ക് അവസാനിച്ചു.

കീത്തിലിയില്‍ മലയാളികള്‍ എത്തിത്തുടങ്ങിയത് 2001ലാണ്. എയര്‍ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ പറഞ്ഞു.

മുപ്പതോളം പുതിയ കുടുംബങ്ങളാണ് ശനിയാഴ്ച നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തത്. യുകെയില്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ചിന്തയും അതിലുപരി, കോവിഡ് കാലത്താണെങ്കിലും വളരെയധികം ആസ്വദിക്കുകയും ചെയ്ത ഒരു പ്രോഗ്രാമായിരുന്നു കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പ്രോഗ്രാമെന്ന് പുതിയ തലമുറയിലെ നിരവധി കുടുംബങ്ങള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ക്രിസ്തുമസ്സാഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തുമസ്സ് കരോള്‍ നൈറ്റ് ഡിസംബര്‍ പതിനൊന്നിന് നടത്താന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ തിരക്കുകളാല്‍ മീറ്റ് ആന്റ് ഗ്രീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കരോള്‍ നൈറ്റില്‍ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയ്ക്കാനുള്ള അവസരം ഉണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ അറിയ്ച്ചു.

കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് കലാവിരുന്ന് സ്‌പോണ്‍സര്‍ ചെയ്തത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്

 

RECENT POSTS
Copyright © . All rights reserved