Latest News

സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തി അവരുടെ ശരീരത്തിലൂടെ വണ്ടി അതിവേഗം ഓടിച്ച് കയറ്റുന്ന വിഡിയോയുടെ പൂർണരൂപം പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. 46 സെക്കൻഡുകളുള്ള വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതിൽ വാഹനം സമാധാനമായി പ്രതിഷേധിച്ച് മുന്നോട്ടുപോകുന്ന കർഷകരുടെ പിന്നിലൂടെ പാഞ്ഞ് കയറുകയാണ്.നിലത്ത് വീണവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പോയ വാഹനം അൽപം മുന്നോട്ടുപോയി നിൽക്കുന്നതും കാണാം. പ്രതിഷേധക്കാർ ചിതറി ഓടുന്നതും വിഡിയോയിൽ കാണാം. അൽപം കഴിഞ്ഞ് വടികളുമായി വാഹനത്തിന് സമീപത്തേക്ക് കർഷകർ വരുന്നുണ്ട്.

വൻപ്രതിഷേധമാണ് രാജ്യത്ത് ഇതിനെതിരെ ഉയരുന്നത്. കോൺഗ്രസ് സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ വിഷയത്തിൽ സജീവമായി ഇടപെടുകയാണ്. പ്രിയങ്കയും രാഹുലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
യോഗി സര്‍ക്കാരിന്റെ വിലക്കുകള്‍ മറികടന്ന് ലഖിംപുരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്

ലഖ്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ലഖിംപുര്‍ സംഘര്‍ഷവും കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകന്‍ ആശിഷ് മിശ്രക്കും എതിരായആരോപണങ്ങളും പരമാവധി ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ലഖിംപുര്‍ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. നിരോധനാജ്ഞയുടെ കാരണം പറഞ്ഞ് യുപി സര്‍ക്കാര്‍ വിലക്കുമെന്നറിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയും പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും അടക്കം അഞ്ച് പേരടങ്ങുന്നസംഘം യാത്രാനുമതി തേടി. യുപി പൊലീസ് അനുമതി നിഷേധിച്ചിട്ടും യാത്ര ആരംഭിച്ചു. യാത്രക്ക് മുന്പായി രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചത്.

വിഡിയോ കാണാം.

ഫൈസൽ നാലകത്ത്

മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ വി . ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
video link
https://www.youtube.com/watch?v=EmdGW-uz7tw

സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരനായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, അർദ്ധനാരീശ്വരി, കളിയച്ഛൻ, നേരം തുടങ്ങി ഒട്ടനവധി വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മനോജ്‌.കെ.ജയൻ നേരത്തെ ഹസ്ബീ റബ്ബീ എന്ന വൈറൽ ഗാനം ആലപിച്ച് തന്റെ സർഗ്ഗപ്രതിഭ തെളിയിച്ചിരുന്നു.

ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് “മക്കത്തെ ചന്ദ്രിക” ഒരുക്കി യിട്ടുള്ളത്. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടേതാണ് വരികൾ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ആൽബം നടൻ സിദ്ധിക്ക്, നടനും സംവിധായകനുമായ രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി ആളുകളാണ് ‘മക്ക മദീന മുത്തു നബീ’ എന്ന പാട്ടു കേട്ടു മനോജ്‌ കെ ജയനെ വിളിച്ചു അഭിനന്ദിച്ചത്. മക്കത്തെ ചന്ദ്രിക എന്ന ഈ ആൽബം മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു മാപ്പിളപാട്ട് ആൽബം ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.

ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.

മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

മംഗളുറു: (www.kvartha.com 06.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര പ്രഭു (15) ആണ് മരിച്ചത്. വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കളും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായിട്ടുണ്ട്.

തൊഴിലാളിക്ക് നേരെ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ മകൻ സുധീന്ദ്രയുടെ തലക്ക് കൊള്ളുകയായിരുന്നു എന്ന് മംഗളുറു സൗത് പൊലീസ് പറഞ്ഞു. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചതായും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ രാജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മകൻ മരിച്ചതിനാൽ കേസിന്റെ വകുപ്പുകൾ മാറ്റും.

2022ൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയും പുരുഷ, വനിതാ ഹോക്കി ടീമുകൾ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യുകെ അറിയിച്ചത്. 2022 ജൂലായിൽ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ബിജെപി വിട്ട തൃണമൂല്‍ എംഎല്‍എ ആശിഷ് ദാസ് തലമുണ്ഡനം ചെയ്തു. ‘ദുഷ്പ്രവര്‍ത്തികള്‍ക്കുള്ള പ്രായശ്ചിത്തം’ എന്നായിരുന്നു തലമുണ്ഡനം ചെയ്തതിനുള്ള കാരണമെന്ന് ആശിഷ് ദാസ് പറഞ്ഞു. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആശിഷ് ദാസ് തലമുടി വടിച്ചത്.

ഏറെ കാലമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവും സുര്‍മ മണ്ഡലത്തിലെ എംഎല്‍എയുമാണ് ആശിഷ് ദാസ്. ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാഷ്ട്രീയ അരാജകത്വമാണ്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ ജനങ്ങള്‍ വളരെ അധികം അസ്വസ്ഥരാണ്. ഇതുകൊണ്ടൊക്കെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിയെ ആശിഷ് ദാസ് പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത എത്തണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. ആശിഷ് ദാസിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ബിജെപി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രായശ്ചിത്തമായി ഞാന്‍ ഇന്ന് എന്റെ തലമുണ്ഡനം ചെയ്യുകയാണ്. ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു, എന്റെ അടുത്ത നടപടി ഉടന്‍ തീരുമാനിക്കും. പക്ഷേ, ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കീഴില്‍ അരാജകത്വവും ദുര്‍ഭരണവുമാണ് ത്രിപുരയില്‍ നടക്കുന്നത്. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഈ തെറ്റായ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനായിരുന്നു. ഞാന്‍ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ്’. ആശിഷ് ദാസ് പറഞ്ഞു.

പാന്‍ഡോറ രേഖകള്‍ പുറത്തായതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറംലോകമറിഞ്ഞിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുള്‍പ്പടെയുള്ള ലോകനേതാക്കള്‍ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളും പാന്‍ഡോറ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഈ പ്രമുഖരുടെ എല്ലാവരുടെയും കൂടെ ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു പേരാണ് ലണ്ടന്‍. രഹസ്യ സമ്പാദ്യങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള പ്രമുഖര്‍ നോട്ടമിടുന്ന സ്ഥലങ്ങളില്‍ ഏറ്റവും മതിപ്പുള്ള സ്ഥലമാണ് ലണ്ടന്‍. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാര്‍ക്കും വന്‍തോതില്‍ രഹസ്യസമ്പാദ്യങ്ങളുള്ളത് ലണ്ടനിലാണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്.

2019ല്‍ ഗ്ലോബല്‍ വിറ്റ്‌നസ്സ് എന്ന സംഘടന നടത്തിയ സര്‍വേ് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാര്‍ക്കാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാതരായ ഉടമകളുള്ള വസ്തുവകകളില്‍ 40 ശതമാനവും ലണ്ടനിലാണ്.ഇവയ്‌ക്കെല്ലാം കൂടി 10,000 കോടി പൗണ്ടാണ് വിലമതിക്കുന്നത്.

ജോര്‍ദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന് പറഞ്ഞ് ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമന്‍ ധനസഹായം ചോദിച്ചതിന് പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികള്‍ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഇത്തരം ഇടപാടുകള്‍ അനധികൃതമല്ല.

വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഇത്തരം ഇടപാടുകള്‍ക്കെതിരെ ബ്രിട്ടീഷ് അധികൃതര്‍ കണ്ണടച്ചിട്ട് കാലങ്ങളായി. എങ്കിലും പാന്‍ഡോറ രേഖകളിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ ധാരാളമായി പുറത്തുവന്നതിനാല്‍ വെളിപ്പെടുത്തലുകളില്‍ നികുതിവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനുക് അറിയിച്ചിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ അറിയിപ്പ്.

ആഡംബരക്കപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി മാതാവ് ഗൗരി ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി.

പായ്ക്കറ്റ് മക്ഡൊണാള്‍ഡ് ബര്‍ഗറുമായാണ് ഗൗരി കാറില്‍ എന്‍സിബി ഓഫീസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിച്ചില്ല. ഗൗരി കൊണ്ടുവന്ന ഭക്ഷണം ആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും ലോക്കപ്പില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ആഡംബര വിഭവങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും റോഡരികിലെ തട്ടുകടയില്‍ നിന്നുള്ള ഭക്ഷണമാണ് നല്‍കുന്നത്.

പുരി-ഭാജി, ദാല്‍-ചവല്‍, സബ്‌സി പറാത്ത തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും കൂടാതെ, അടുത്ത റസ്റ്റോറന്റില്‍ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കിയത്. അറസ്റ്റിലായതിന് ശേഷം ആര്യന്റെയും മറ്റു പ്രതികളുടെയും ജീവിതരീതി തന്നെ മാറിമറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വില കൂടിയ വസ്ത്രങ്ങള്‍ മാത്രം ധരിച്ചവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒരേ ഡ്രസ് തന്നെയാണ് ധരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ഷാരൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നും ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട നടന്നത്.

കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.

2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെയും ശാലിനിയുടെയും വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുുവതിയെ അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു.

അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഫര്‍സാനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫര്‍സാന ജോലി ചെയ്യുന്ന ആശുപത്രിയില്‍ അജിത്തും ശാലിനിയും എത്തിയിരുന്നു.

അപ്പോള്‍ ഇരുവര്‍ക്കും ഒപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നലെയാണ് യുവതിയെ ജോലിയില്‍ നിന്നും അധികൃതര്‍ പുറത്താക്കിയത്. ജോലി നഷ്ടമായതോടെ ഫര്‍സാന ശാലിനിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. യുവതിയെ അനുനയിപ്പിച്ച് വിടാന്‍ ശ്രമിച്ചെങ്കിലും തിരികെ പോകാതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യ ശ്രമവും നടത്തി.

Copyright © . All rights reserved