അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ താലിബാനില്‍ അധികാര തര്‍ക്കം രൂക്ഷമായി. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന്‍ സഹ സ്ഥാപകനും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്നയാളുമായ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.
പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. ബരാദര്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ ചികിത്സയിലാണ്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.
അധിക്കാരത്തെച്ചൊല്ലിയാണ് ഇവര്‍ ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നല്‍കാന്‍ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് സൂചന.
അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചെടുത്ത് മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം നടന്നിരുന്നില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള തര്‍ക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ ഇടപെടലാണ് താലിബാന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര വടംവലിക്കും ഏറ്റുമുട്ടലിനും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹഖാനി വിഭാഗവുമായി പാകിസ്ഥാന്‍ നല്ല ബന്ധത്തിലാണ്. അതിനാല്‍ തന്നെ സര്‍ക്കാരിലെ പ്രധാന സ്ഥാനങ്ങള്‍ ഹഖാനി വിഭാഗത്തിന് കിട്ടണമെന്ന് പാകിസ്ഥാന്‍ താല്‍പര്യപ്പെടുന്നു. ഇതിലൂടെ അഫ്ഗാനില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീര്‍ പ്രശ്‌നത്തിലുള്‍പ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാം എന്നുമാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.
പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുമായി സഹകരിച്ച് ഹഖാനികള്‍ ഇന്ത്യയ്ക്കെതിരെ അഫ്ഗാന്‍ മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച് 58 പേരുടെ മരണത്തിനിടയായ സംഭവത്തിനു പിന്നില്‍ ഹഖാനികളാണ്.
2007 ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്വര്‍ക്കാണ്. കാര്‍ബോംബ് സ്ഫോടനങ്ങള്‍, വലിയ നാശം വിതയ്ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്ക്കെതിരെ ഹഖാനി ഭീകരര്‍ നടത്തിയിട്ടുണ്ട്.
അതേസമയം ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പാക് അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പാക് ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദില്‍ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.
ഹഖാനിയുടെ അധികാരം ഉറപ്പിക്കാന്‍ വേണ്ടിയാണ് പാകിസ്താനില്‍ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുന്‍ അഫ്ഗാന്‍ വനിതാ എംപിയായ മറിയം സൊലൈമാന്‍ ഖില്‍ ട്വീറ്റ് ചെയ്തു.
പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.
നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.
നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.
അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്‌ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.
മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യത്തെ കുറിച്ചും പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും അദ്ദേഹത്തിന് ബൈഹാര്‍ട്ട് ആണ്. താന്‍ നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയ്ല്‍സ് പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി.
അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെ കുറിച്ച് അത് ഇറങ്ങും മുമ്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മൂക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
സിനിമയില്‍ എത്തുന്നതിന് മുമ്പേ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത തീരം തേടുന്ന തിരയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.
പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി.
ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.
പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായത് താത്കാലിക ജീവനക്കാരന്‍. ചെന്നീര്‍ക്കര സ്വദേശിയായ ബിനുവിനെയാണ് പോക്‌സോ കേസില്‍ പത്തനംതിട്ട പോലീസ് പിടികൂടിയത്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍വെച്ച് ബിനു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 16 വയസ്സുകാരിയാണ് പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായത്. ഓഗസ്റ്റ് 27-നാണ് പെണ്‍കുട്ടിയെ കോവിഡ് പോസിറ്റീവായി ഇവിടെ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ താത്കാലിക ജീവനക്കാരനായ ബിനു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി ഫോണിലൂടെയും സംസാരിച്ചിരുന്നു. ചികിത്സാകേന്ദ്രത്തില്‍ ഒരുമുറിയില്‍ ഒരുരോഗിയെന്ന ക്രമീകരണവും പ്രതിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കോവിഡ് നെഗറ്റീവായതോടെ പിറ്റേദിവസം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടത്. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റാന്നി അടിച്ചിപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ ലൈംഗികാതിക്രമത്തെക്കുറിച്ചും പുറത്തറിയുകയായിരുന്നു.
ചികിത്സാകേന്ദ്രത്തില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ഏറേനേരം തിരക്കിലായിരുന്നു. ഇതില്‍ രക്ഷിതാക്കള്‍ ശകാരിച്ചതോടെയാണ് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. കാറുമായെത്തി പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടാക്കിയത് ബിനുവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കാബൂൾ: അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് മൂന്നാഴ്ചയോളമാകുമ്പോള്‍ സർക്കാർ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍. എന്നാല്‍ അധികാരവടംവലി താലിബാന് ഉള്ളിലും സംഘഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സർക്കാരിന്‍റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാൻ നേതാക്കൾ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ സർക്കാർ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
താലിബാനകത്ത് നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് സർക്കാർ രൂപവത്കരണ ചർച്ചകൾ ആരംഭിച്ചതോടെ രൂക്ഷമായിരിക്കുന്നത്. താലിബാനകത്തുള്ള ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി ഭീകരവാദികളുടെ തലവൻ, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദറും തമ്മിൽ അധികാര തർക്കമുണ്ടായി എന്നും പരസ്പരം വെടിവെപ്പ് ഉണ്ടായതായുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. വെടിവെപ്പിൽ ബറാദറിന് പരിക്കേറ്റതായും പഞ്ച്ഷിർ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ ബറാദർ നിലവിൽ പാകിസ്താനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹഖാനി ഭീകരവാദികളുടെ ആക്രമണത്തിലാണ് ബറാദറിന് പരിക്കേറ്റത് എന്നാണ് വിവരം.
അഫ്ഗാനിസ്താൻ പിടിച്ചടക്കിയതോടെ താലിബാൻ സർക്കാരിനെ ആരാണ് നിയന്ത്രിക്കുക എന്നായിരുന്നു ലോക രാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദർ അഫ്ഗാന്‍റെ പുതിയ ഭരണാധികാരിയാകും എന്ന് വാർത്ത പുറത്തുവന്നിരുന്നു.
അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദിൽ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.
ഹഖാനിയുടെ അധികാരം ഉറപ്പിക്കാൻ വേണ്ടിയാണ് പാകിസ്താനിൽ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുൻ അഫ്ഗാൻ വനിതാ എംപിയായ മറിയം സൊലൈമാൻഖിൽ ട്വീറ്റ് ചെയ്തത്. ബറാദർ സർക്കാരിനെ നയിക്കുന്നില്ലെന്നും ഹഖാനിയെ ഭരണ തലവനാക്കാൻ വേണ്ടിയാണ് പാക് സംഘം എത്തിയതെന്നുമായിരുന്നു മറിയത്തിന്‍റെ ട്വീറ്റ്.
നിലവിൽ പഞ്ച്ഷീർ മേഖലയിൽ പ്രതിരോധ സേനയുമായി ഏറ്റുമുട്ടൽ തുടരുന്ന തന്റെ അനുയായികളെ ബറാദർ കാബൂളിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഈ കൊവിഡ് കാലത്ത് ഓൺലൈനിലൂടെ മാത്രം അധ്യാപകരുമായി സംവദിക്കുന്ന വിദ്യാർഥികൾക്ക്….
ഇന്ന് അധ്യാപക ദിനം
“ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…”
കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് കബീർദാസ് പറഞ്ഞ വാക്കുകളാണിത്. ഈ അധ്യാപക ദിനത്തിലും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.
അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണ്. വിദ്യാർത്ഥികളെ നാളെയെ നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. പുസ്തക താളുകളിലെ അറിവുകൾ പകരുക മാത്രമല്ല, ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു.
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ഓരോ വിദ്യാലയങ്ങളും. പരീക്ഷകളെ നേരിടുക മാത്രമല്ല ലക്ഷ്യം, അച്ചടക്കം, പരസ്പര ബഹുമാനം, സഹകരണം, ആരോഗ്യകരമായ മത്സരങ്ങൾ എന്നിവയുടെ ബാല പാഠങ്ങൾ പഠിച്ചെടുക്കുന്നതും ഇവിടെ വെച്ച് തന്നെ. ഇതിനെല്ലാം മുന്നിൽ നിന്ന് വഴി തെളിക്കുന്നവരെയാണ് അധ്യാപകർ എന്ന് ഒറ്റ വക്കിൽ അഭിസംബോധന ചെയ്യുന്നത്. കൊവിഡ് കാരണം അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈൻ വേദികളിൽ മാത്രമാണ് സംവദിക്കുന്നത്. ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നത് വലിയൊരു അനുഭവമാണ്.
വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്.
1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ധേഹത്തിന്റെ ജന്മ ദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. മദ്രാസിന് വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് മാറി ആന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തിൽ 1888 സപ്തംബർ 5നായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ജീന്‍ സൈബിലസ് എന്ന തത്വചിന്തകന്‍ പറഞ്ഞത് ‘അധ്യാപകന്‍ ശില്‍പ്പിയാണ്, തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പി’ എന്നാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി.എസ്. കോത്താരി 1966 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു; ‘ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ്മുറികളിലൂടെയാണ്….’
ഇത്രമാത്രം വിലപ്പെട്ടതായി കരുതുന്നതാണ് അധ്യാപകരുടെ സേവനം. കരുതലോടെയാണ് അധ്യാപകർ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നത്. അത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയായതിനാൽ അധ്യാപകർക്ക് പിഴവുകൾ സംഭവിക്കാനും പാടില്ല.
‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത് ‘, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്.

ആലുവ പ്രസന്നപുരം പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെയായിരുന്നു പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്.
വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ മൈക് എടുത്തു മാറ്റി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇടയലേഖനം കത്തിച്ചു. സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നത് വിശദീകരിച്ചുകൊണ്ടുള്ള ഇടയലേഖനമാണ് പള്ളികളില്‍ വായിച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുര്‍ബാനയില്‍ ഏകീകൃത രീതി നടപ്പാക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു.
1934 മുതലുള്ള ആരാധനാക്രമ പരിഷ്‌കരണ ശ്രമങ്ങളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളിലേക്ക് നല്‍കിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നവംബര്‍ 28 മുതല്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാനക്രമം നടപ്പാക്കാനാണ് സിനഡ് തീരുമാനം.
സഭയില്‍ തുടര്‍ന്നു വന്നിരുന്ന രണ്ട് കുര്‍ബാന അര്‍പ്പണ രീതികള്‍ സമന്വയിപ്പിച്ചാണ് ഏകീകൃത രീതി നിശ്ചയിച്ചത്. ആരുടെയെങ്കിലും ജയപരാജയമായി സിനഡ് തീരുമാനങ്ങളെ കാണരുതെന്ന അഭ്യര്‍ഥനയുമുണ്ട്. മാര്‍പ്പാപ്പയുടെ നിര്‍ദേശം അനുസരിക്കാന്‍ മെത്രാന്‍മാരും വൈദികരുമടക്കം ബാധ്യസ്ഥരാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ പള്ളിയില്‍ ഇടയലേഖനം വായിച്ചതായി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പറഞ്ഞു.
നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.
അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.