Latest News

ആലപ്പുഴ പള്ളാത്തുരുത്തി ആറ്റിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി ഏഴോടെ പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം കണ്ടെത്തിയത്.

അനിതയുടെ കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രബീഷ് അനിതയെ പള്ളാത്തുരുത്തിയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ശാരീരികബന്ധത്തിലേർപ്പെടുന്നതിനിടയിൽ അനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. രജനി സഹായത്തോടെയായിരുന്നു കൊലപാതം. ശേഷം ഒഴുക്കുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തിൽ കൊണ്ടു പോകുംവഴി വള്ളം മറിഞ്ഞു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു.

പ്രബീഷും രജനിയും ഉപയോഗിച്ചിരുന്ന ഫോണുകൾ വിറ്റ ശേഷം നാടുവിടാനായിരുന്നു പദ്ധതി. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അനിതയുടെ ഫോൺ കോളുകൾ പ്രകാരം നടത്തിയ അന്വേഷണത്തിൽ നിരീക്ഷണത്തിലായിരുന്ന പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

അനിതയ്ക്കും പ്രബീഷിനും ആദ്യ ബന്ധത്തിൽ കുട്ടികളുണ്ട്. കുഞ്ഞുങ്ങളേയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് പ്രബീഷിനൊപ്പം അനിത ചേർന്നത്. തുടക്കത്തിൽ കുഴപ്പങ്ങളില്ലാതെ പോയ ജീവിതം രജനിയുടെ കടന്നു വരവോടെ കീഴ്മേൽ മറിയുകയായിരുന്നു. രജനിയുമായുള്ള ബന്ധത്തെ തുടർന്ന് അസ്വാരസ്യങ്ങൾ തലപൊക്കി. പിന്നീട് അനിതയെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടർന്നാണ് അനിത പ്രബീഷ് വിളിച്ചതനുസരിച്ച് കൈനകരിയിൽ എത്തുന്നത്.

കേസന്വേഷണം വേഗം മുന്നോട്ടു കൊണ്ടു പോകാൻ പൊലീസിന് കഴിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് 5 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ തന്നെ പ്രബീഷിനെയും രജനിയേയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

നിലമ്പൂർ സ്വദേശിയാണ് പ്രബീഷ്. ഇയാൾ വർഷങ്ങളായി ആലപ്പുഴയിൽ താമസിച്ച് വരികയാണ്. രജനിയും മക്കളെ പോലും ഉപേക്ഷിച്ച് പ്രബിഷിന് ഒപ്പം വർഷങ്ങളായി ഉണ്ട്. എന്നാൽ ഇവർ ആരും തന്നെ നിയമപരമായി വിവാഹിതരല്ല. വിവാഹേതര ബന്ധങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് പറഞ്ഞു. അനിതയും പ്രബീഷും തമ്മിലുള്ള അടുപ്പം രജനിയുമായും തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒടുവിൽ ഇരുവരും ചേർന്ന് അനിതയെ ഇല്ലാതാക്കാനായി തീരുമാനിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി തോട്ടുവാത്തലയിലെ വീട്ടിലേക്ക് അനിതയെ സനേഹ പൂർവ്വം വിളിച്ച് വരുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി രജനിയും പ്രബീഷും ചേർന്ന് കായലിൽ തള്ളിയതും.

ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് ഖാൻ പറഞ്ഞു.

വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി പൊതുഗതാഗത സംവിധാനത്തിൽ മാസ്കുകൾ നിർബന്ധമാണ്.അടുത്ത തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുന്നത്. തിരക്കേറിയ ട്യൂബ് ട്രെയിൻ പോലുള്ള സ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ അവയുടെ ഉപയോഗം നിർബന്ധമാക്കിയിരുന്നില്ല.

ടി‌എഫ്‌എൽ ജീവനക്കാരും ബസ് ഡ്രൈവർമാരും മാസ്‌ക്കുകൾ ആവശ്യമാണെന്ന് യാത്രക്കാരെ ഓർമ്മിപ്പിക്കുന്നത് തുടരുമെന്നും മേയർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷവും മാസ്ക് നിർബന്ധമാക്കുന്ന ആദ്യത്തെ യുകെ നഗരമാണ് ലണ്ടൻ. പൊതുഗതാഗതത്തിൽ ഫേസ് മാസ്കുകൾ നിർബന്ധമാക്കുന്നത് തള്ളിക്കളയില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാമും പറഞ്ഞു.

എന്നാൽ മാഞ്ചസ്റ്ററിലെ ട്രാമുകളിൽ മാസ്കുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ആളുകളുടെ ആശയക്കുഴപ്പം കൂട്ടുന്നത് ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ ജൂലൈ 19 ന് നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കുമെങ്കിലും മാക്സ് നിർബന്ധമായും ഉപയോഗിക്കുന്നത് കുറച്ചുകാലം കൂടി തുടരുമെന്ന് നിക്കോള സ്റ്റർജൻ പറഞ്ഞു.

അതിനിടെ ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ 1,200 ൽ അധികം വരുന്ന ശാസ്ത്രജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധരുടെ കൂട്ടായ്മ രംഗത്തെത്തി. നീക്കത്തെ രൂക്ഷമായി വിമർശിച്ച കൂട്ടായ്മ തീരുമാനം അശാസ്ത്രീയവും അപകടകരവമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ലാൻസെറ്റ് എന്ന മെഡിക്കൽ ജേണലിലാണ് വിദഗ്ദരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ദർ പറയുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് മുതിർന്നവർക്ക് 2 ഡോസ് വാക്സിൻ നൽകാനും കുട്ടികളിൽ വാക്സിനേഷന് തുടക്കമിടാനും നാല് പ്രമുഖ സേജ് വിദഗ്ധർ ഉൾപ്പെടുന്ന ഗ്രൂപ്പ് ശുപാർശ ചെയ്യുന്നു.

​തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കടകളുടെ പ്രവര്‍ത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകള്‍ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കാനും തീരുമാനമായി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമാവില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകന യോഗം തീരുമാനിച്ചു. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി,സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ടി പി ആര്‍ നിരക്ക് പത്തില്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പ്രത്യേക യോഗം വിളിക്കും.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ച സൗഹാ‌ർദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പൂർണമായ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് വലിയ കടൽതീരമുള‌ളതിനാൽ ജലഗതാഗത മേഖലയിൽ സംസ്ഥാനത്തിനുള‌ള സാധ്യതയെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പദ്ധതികളായ സിൽവൽ ലൈൻ പദ്ധതി, സെമി ഹൈസ്‌പീഡ് പദ്ധതി എന്നിവ ചർച്ച ചെയ്‌തു.

കേരളത്തിന്റെ ദീർഘകാലമായുള‌ള പ്രധാന ആവശ്യമായ എയിംസ് പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ആരോഗ്യപരമായാണ് ഇതേക്കുറിച്ച് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ച് സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിന് സംസ്ഥാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ കേരളത്തിലെ കോവിഡ് പ്രതിസന്ധി നേരിടാൻ കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്‌സിൻ പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ മതിയായ പരിഗണന വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 60 ലക്ഷം ഡോസ് വാക്‌സിൻ ഈ മാസം വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

18 വയസിന് മുകളിൽ പ്രായമുള്ള 44 ശതമാനം പേ‍ർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചിട്ടുണ്ട്. അതുവഴി മാത്രമേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണം കൂടുതലും പകർച്ചവ്യാധികൾ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിൽ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

ദില്ലി: എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് സംസ്ഥാനം നിലപാട് അറിയിച്ചത്. സർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.

ഇനി മുതൽ സംസ്ഥാനത്തെ എയിഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാം. പുതിയ കോഴ്സുകൾ അനുവദിക്കരുതെന്നും സർക്കാർ പറഞ്ഞു. സ്വാശ്രയ മാനേജുമെന്റുകൾ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.

കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം. ജോളിയുടെ മോഡല്‍ കൊലപാതകം ഇപ്പോള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭര്‍തൃപിതാവിനും സമാന രീതിയില്‍ വിഷം നല്‍കുകയായിരുന്നു.

59കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളമാണ് ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കിയത്. സംഭവത്തില്‍ ഫസീലയ്ക്ക് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ തുടരുകയാണ്.

2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു മുഹമ്മദിന് വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടത്. പിന്നാലെ പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് പോലീസ് ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്.

കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. 2016 ജൂണിലായിരുന്നു ദുരൂഹമരണം. ഇരുവരോടും ഫസീലയ്ക്കുള്ള മുന്‍ വൈരാഗ്യമാണ് സമാനമായ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

നടന്‍ ആദിത്യന്‍ ജയനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ ഗാര്‍ഹിക പീഡന പരാതിയിലാണ് ചവറ പോലീസിന്റെ നടപടി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആദിത്യന്റ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യന്‍ ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നും അമ്പിളി പരാതിയില്‍ ആരോപിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലും ആദിത്യന്‍ തന്നെ മര്‍ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയിൽ അരങ്ങേറിയത്​ നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകർ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞു ​പിടിച്ച്​ ആക്രമിക്കുന്ന വിഡിയോ വൈറലായി.

ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാൻ ശ്രമിച്ചത്​ പരാജയപ്പെട്ടതോടെ ഒരാൾ അതിൽ നിരന്തരം തുപ്പി. ചിലർ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാൻ സാധിക്കും.

പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ്​ ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകർ. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ്​ ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്​. വിജയം ഉറപ്പിച്ച അവർ സ്​റ്റേഡിയത്തിന്​ പുറത്ത്​ പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാൽ മത്സരം പെനാൽറ്റിയിൽ തോറ്റതോടെ പ്രകോപിതരായി.

ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകർ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവിൽ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതും പോരാഞ്ഞ് യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ അഴിഞ്ഞാടിയതുകാരണം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലണ്ടന്‍ നഗരം.

ഫൈനല്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ബിയര്‍ കുപ്പികള്‍, കാനുകള്‍ തുടങ്ങി മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യൂറോ 2020 ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.

ലണ്ടനില്‍ ഞായറാഴ്ച മുഴുവന്‍ ആളുകള്‍ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്‌സി അണിഞ്ഞും നിരവധി പേരാണ് നഗരത്തില്‍ ചുറ്റിയടിച്ചത്. വെംബ്ലിയില്‍ ചില ആരാധകര്‍ ബസിനു മുകളില്‍ കയറി ആഘോഷിച്ചപ്പോള്‍ കിംഗ് ക്രോസ് സ്റ്റേഷന്‍ പരിസരത്ത് ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പുക സൃഷ്ടിച്ചിരുന്നു.

ഞായറാഴ്ച രാത്രി മാത്രം വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി 49ഓളം പേരെ അറ്റസ്റ്റ് ചെയ്‌തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയെന്നും പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു വംശീയ അധിക്ഷേപത്തിന് ഇരയായത്. മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കി. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.

ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റന്‍ ഹാരികെയ്ന്‍ രംഗത്തെത്തി. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകള്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരികെയ്ന്‍ തുറന്നടിച്ചു. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലായെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റും താരങ്ങള്‍ക്കെതിരെയുള്ള ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞു.

ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.

യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിന് ജൂലൈ 19 ന് തുടക്കമാകും. സാമൂഹിക അകലം ഉൾപ്പെടെ നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യപ്പെടുമ്പോൾ, ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കും. ചില പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിക്കാനുള്ള നിയമപരമായ ആവശ്യകത നീക്കം ചെയ്യും, പക്ഷേ തിരക്കേറിയ ഇൻഡോർ പ്രദേശങ്ങളിൽ അവ ഇപ്പോഴും തുടരേണ്ടതാണെന്ന് ശുപാർശ ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.

2020 മാർച്ചിനുശേഷം ആദ്യമായി നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാൻ അനുവദിക്കുകയും എല്ലാ വേദികൾക്കും ഇവന്റുകൾക്കുമുള്ള ശേഷി പരിധി നീക്കം ചെയ്യുകയും ചെയ്യും. എത്രപേർക്ക് കണ്ടുമുട്ടാമെന്നതിന് മേലിൽ ഒരു പരിധിയും ഉണ്ടാകില്ല കൂടാതെ 1 മീറ്റർ പ്ലസ് ഡിസ്റ്റൻസ് റൂൾ നീക്കം ചെയ്യും. നൈറ്റ്ക്ലബ്ബുകളും വലിയ ജനക്കൂട്ടമുള്ള മറ്റ് വേദികളിലും കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കേഷൻ (വാക്സിൻ പാസ്‌പോർട്ടുകൾ) സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൻ‌എച്ച്‌എസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നോ നെഗറ്റീവ് പരിശോധനാ ഫലമുണ്ടായെന്നും അല്ലെങ്കിൽ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെന്നും കാണിക്കാൻ ഇവ ആളുകളെ അനുവദിക്കും. ഭാവിയിൽ ആവശ്യമെങ്കിൽ ചില വേദികളിൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള അവകാശം നിക്ഷിപ്തമാണെന്ന് പത്രസമ്മേളനത്തിനുശേഷം പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സർക്കാർ പറഞ്ഞു. വർക്ക് ഫ്രം ഹോം നിർബന്ധമാക്കില്ല.

അതേസമയം നിലവിലെ കോവിഡ് തരംഗത്തിന്റെ ഉച്ചസ്ഥായി ഓഗസ്റ്റ് പകുതിക്ക് മുൻപായി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ അതിനുശേഷം ഇത് പ്രതിദിനം 1,000 മുതൽ 2,000 വരെ ആശുപത്രി പ്രവേശനങ്ങളിലേക്ക് എത്തുമെന്നും സർക്കാർ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മരണങ്ങൾ പ്രതിദിനം 100 മുതൽ 200 വരെ ആയിരിക്കുമെന്നും വിദഗ്ദർ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റോഡ് മാപ്പിൽ മാറ്റം വരുത്താതെ സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളും ഉണർന്നു. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ ഗ്രീൻ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അവധി ആഘോഷങ്ങൾക്ക് കൂടുതൽ ലക്ഷ്യ സ്ഥാനങ്ങൾ ലഭ്യമാകും.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ അവധിയാഘോഷിച്ച് മടങ്ങിയെത്തുന്ന ആർക്കും ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അടുത്ത തിങ്കളാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മോചിതമാകുന്നതോടെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് ലഭിച്ച ആളുകളെ സ്വയം ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇവർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കേണ്ടിവരും.

അതേസമയം നിയമങ്ങൾ ലഘൂകരിക്കുന്നതിനാൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഇമിഗ്രേഷനിലെ കാത്തുനിൽപ്പ് നാല് മണിക്കൂർ കവിയുന്നുവെങ്കിൽ റൺവേകളിലെ വിമാനങ്ങളിൽ തന്നെ യാത്രക്കാരെ ഇരുത്താനാണ് ഹീത്രുവിൽ അധികൃതർ ഒരുങ്ങുന്നത്. അതിനാൽ യാത്ര കഴിഞ്ഞെത്തുന്നവർക്ക് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം.

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ജൂലൈ 19 മുതൽ സ്വയം ഒറ്റപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനാൽ ഗുരുതരമായ തടസ്സമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. യുകെയിൽ പ്രബലമായ ഡെൽറ്റ വേരിയൻറ് പകരുന്നത് തടയാൻ കർശന നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.

ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി പ്രമുഖ പത്ര മാധ്യമം റിപ്പോർട്ട് ചെയുന്നു.

2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്കിപ്പുറം 2017 ലാണ് ഫസലു റഹ്മാൻ അറസ്റ്റിലാവുന്നത്. എന്നാൽ ആ ദിവസം ഫസലു നാട്ടിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട് റൂറൽ എസ്. പി. നോർക്കയ്ക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ശുചിമുറിയിൽ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഫാദി മുഹമ്മദിന്റെ വീട്ടിൽ ഫസലുറഹ്മാൻ ശുചീകരണ ജോലിക്കു പോകാറുണ്ടായിരുന്നെന്നും അങ്ങിനെയാണ് വിരലടയാളം പതിഞ്ഞതെന്നും ബന്ധുക്കൾ വിശദീകരിക്കുന്നു. കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ യഥാസമയം ഹാജരാക്കാൻ സാധിക്കാതെ വന്നതാണ് ഫസലുറഹ്മാനെതിരെ ഷാർജ കോടതി ശിക്ഷ വിധിക്കാനിടയാക്കിയത്. 5 വർഷം തടവും 40 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷാ കാലാവധി കഴിയാറായിട്ടും 40 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മോചന സാധ്യത നീണ്ടുപോവുകയാണ്. ഫസലു റഹ്മാന്റെ മോചനത്തിനായി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് എം. കെ. മുനീർ എംഎൽഎ മുഖ്യമന്ത്രിക്കു കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved