Latest News

മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ സന്ദര്‍ഭത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍.

‘തോല്‍വിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാന്‍ ഞാനിപ്പോഴും പഠിച്ചിട്ടില്ല. ഇന്നലെ ഞങ്ങള്‍ തോറ്റതിനു ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. സങ്കടത്തിലായതിനാല്‍ ‘എന്നെ തോല്‍പ്പിച്ചുവല്ലേയെന്നു’ ചോദിച്ച് മെസിയെ തമാശരൂപത്തില്‍ ഞാന്‍ ചീത്ത വിളിച്ചു.’

‘തോറ്റതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. പക്ഷെ അയാള്‍ അതിഗംഭീരനായ ഒരു താരമാണ്. ഫുട്‌ബോളിനും എനിക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. തോല്‍ക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങള്‍ സഹോദരാ.’ മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നെയ്മര്‍ കുറിച്ചു.

22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

 

View this post on Instagram

 

A post shared by NJ 10 🇧🇷 (@neymarjr)

കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കിയ ഒരു പരാജയ ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി. 2007ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് എന്ന ചിത്രത്തെ കുറിച്ചാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഏറെ പ്രയാസപ്പെട്ട് നില്‍ക്കുന്ന സമയത്തായിരുന്നു ഈ ചിത്രം താന്‍ ചെയ്തത്.

വളരെ ചെറിയ ചിത്രമായിരുന്നു ഇന്ദ്രജിത്ത്. നല്ല തിരക്കഥയായിരുന്നു കേട്ടത്. എന്നാല്‍ സിനിമ ചെയ്തു വന്നപ്പോള്‍ അത് മാറി. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും നിര്‍മ്മാതാവ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജയറാം ചിത്രം സര്‍ക്കാര്‍ ദാദ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് ഇന്ദ്രജിത്ത് സിനിമ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് ചെയ്തത്. നല്ലൊരു ആക്ഷന്‍ മൂവിയായിരുന്നു. പക്ഷെ ചിത്രീകരിച്ച് വന്നപ്പോള്‍ മോശമായി. ഫൈനല്‍ എഡിറ്റിംഗിന് ശേഷം സിനിമ കണ്ടപ്പോള്‍ ആദ്യം തനിക്ക് ചിരിയായിരുന്നു വന്നത്.

സിനിമ പോയി എന്ന് അത് കണ്ടപ്പോള്‍ തന്നെ മനസിലായി. സിനിമ ഓടില്ലെന്ന് സംവിധായകന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. തല്ലിപ്പൊളി സിനിമ. ഇന്നും ആ സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടാണ്. സിനിമ പരാജയപ്പെട്ടപ്പോള്‍ കലാഭവന്‍ മണിക്കും വലിയ വിഷമം ആയിരുന്നു. സിനിമയുടെ പേരില്‍ കുറെ വിമര്‍ശനം കേട്ടു.

കാണുന്നവര്‍ മുഴുവനും മണിയെ വെച്ച് സിനിമ എടുത്തതില്‍ തന്നെ വിമര്‍ശിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ മകളും ഈ സിനിമയുടെ പേരില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അച്ഛന് വേറെ പണിയില്ലേ കലാഭവന്‍ മണിയെ വെച്ച് സിനിമ എടുക്കാന്‍ എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് അവള്‍ പറഞ്ഞത്. ആ സിനിമ വേണ്ടെന്ന് അവള്‍ അന്ന് പറഞ്ഞിരുന്നു. അവള്‍ അന്ന് ചുമ്മാതെ ചോദിച്ചതാണ് എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി ഇംഗ്ലണ്ട് ആരാധകര്‍.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്.

‘പെനാല്‍റ്റി നഷ്ടപ്പെടുത്തിയ നീഗ്രോ കുരങ്ങുകളെ നിങ്ങള്‍ സ്വയം ആത്മഹത്യ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടകാര്യങ്ങളായ വാഴ നടുക. വൃത്തികെട്ട അടിമക്കൂട്ടങ്ങളെ’- എന്നിങ്ങനെയാണ് ഇംഗ്ലീഷ് ആരാധകരുടെ വംശീയ അധിക്ഷേപം .

ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വിജയിച്ചപ്പോള്‍ മൂന്നു പേരുടേയും കിക്കുകള്‍ പാഴായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപം ആരംഭിച്ചത്.

ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ‘ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണമായും തങ്ങളുടെ കഴിവ് പുറത്തെടുത്തിട്ടും ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാകില്ല.

താരങ്ങള്‍ക്കൊപ്പമാണ് അസോസിയേഷന്‍. എല്ലാ തരത്തിലുള്ള വിവേചനങ്ങളേയും എതിര്‍ക്കും.’ ട്വീറ്റിലൂടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം ഇംഗ്ലീഷ് താരങ്ങള്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം അധിക്ഷേപങ്ങളും വംശീയ പ്രസ്താവനകളും അംഗീകരിക്കാനാകില്ലെന്നും അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി.

അതേസമയം കളി തോറ്റതിന് പിന്നാലെ ഇറ്റലി ആരാധകര്‍ക്ക് നേരെ വലിയ ആക്രമണമാണ് ഇംഗ്ലണ്ട് ആരാധകര്‍ അഴിച്ചു വിട്ടത്. ഇറ്റലി ആരാധകരെ തിരഞ്ഞ് പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഏറ്റവും വൃത്തികെട്ട ഫാന്‍സുള്ള ടീമാണ് ഇംഗ്ലണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുകുളം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുമ്മല്‍ സുരേഷിന്റെ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്.

മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച വൈകിട്ടാണ് രേഷ്മയെ വീടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.

തൊണ്ടയില്‍ മിക്‌സ്ചര്‍ കുരുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പിഎസ് വിദ്യാര്‍ഥിനി നിവേദിതയാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറായ തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ ഏക മകളാണ് മരിച്ച നിവേദിത.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ മിക്‌സ്ചര്‍ കഴിച്ചപ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒറ്റ ദിവസം ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി 58 പേര്‍ മരിച്ചു.ഉത്തര്‍പ്രദേശില്‍ 38 പേരും രാജസ്ഥാനില്‍ 20 പേരുമാണ് മരിച്ചത്.

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലായാണ് 38 പേര്‍ മരിച്ചത്. പ്രയാഗ് രാജില്‍ 14 പേരും കാണ്‍പുര്‍, ദേഹാതില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗശംഭി എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ഉന്നാവോ, ചിത്രകൂട് എന്നിവടങ്ങളിലായി രണ്ടുപേര്‍ വീതവും മരിച്ചു. കാണ്‍പുര്‍, പ്രതാപ്ഗഢ്, ആഗ്ര, വാരണാസി, റായ് ബറേലി എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ ദുരന്തത്തിനിരയായതായി ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശ വാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ചിലര്‍ പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ബരന്‍, ജല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കോട്ടയില്‍ നാലുപേരും ധോല്‍പുരില്‍ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇടിമിന്നല്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

ന്യൂഡൽഹി: റഷ്യൻ നിർമ്മിത കോവിഡ് വാക്സിനായ സ് പുട് നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നുവെന്ന് വാക്സിൻ നിക്ഷേപകരായ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്). അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

അറുപതുവയസിന് മുകളിലുള്ളവർക്ക് മറ്റുള്ളവർക്കൊപ്പം പ്രതിരോധ ശേഷി വാക്സിൻ നൽകുന്നുണ്ടെന്നും ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്ന് വ്യക്തമായതായും ആർ‌ഡി‌എഫ് അറിയിച്ചു. വാക്സിന്റെ ഒന്നും രണ്ടും ഘട്ട പഠനങ്ങളുടെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെന്നും ആർ‌ഡി‌എഫ് വ്യക്തമാക്കി.

മോർപൻ ലബോറട്ടറീസ് തങ്ങളുടെ ഹിമാചൽ പ്രദേശിലെ നിർമ്മാണശാലയിലാണ് ഇന്ത്യയിലെ സ് പുട് നിക് വാക്സിന്റെ ഉത്പാദനം നടത്തുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മാർച്ച് നാലുമുതൽ ഏപ്രിൽ എട്ടുവരെ ഒന്നോ രണ്ടോ ഡോസ് സ് പുട് നിക് വാക്സിൻ സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്.

ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ആസന്നമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ടൂറിസ്റ്റ്, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണം. ഈ നിര്‍ണായക ഘട്ടത്തില്‍ പൊതുജനങ്ങളും അധികാരികളും സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും ഐ.എം.എ പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യ പുറത്തുകടന്നു വരുന്നതേയുള്ളൂ. അതില്‍ രാഷ്ട്രീയ നേതൃത്വവും മെഡിക്കല്‍ സംഘവുമെടുത്ത പരിശ്രമങ്ങളില്‍ നന്ദിയുണ്ട്. ‘ഏതൊരു മഹാമാരിയുടെയും ചരിത്രം പരിശോധിച്ചാല്‍ മൂന്നാം തരംഗം അനിവാര്യവും ആസന്നവുമാണെന്ന് വ്യക്തമാണ്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളും സര്‍ക്കാരും വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ പല ഭാഗത്തും കാണുന്നു. ഇത് വരെ വേദനയുണ്ടാക്കുന്നു. -ഐ.എം.എ പത്രക്കുറിപ്പില്‍ പറയുന്നു.

വിനോദയാത്രകളും തീര്‍ഥാടന യാത്രകളും മതപരമായ ചടങ്ങളുകളുമെല്ലാം അനിവാര്യമാണ്. എന്നാല്‍ അതിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുകയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാതെ വന്‍തോതില്‍ തിക്കിതിരക്കുന്നതും മൂന്നാം തരംഗത്തിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് ഇടയാക്കും.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍, സാര്‍വ്വത്രികമായ വാക്‌സിനേഷനും കോവിഡ് മാനദണ്ഡം പാലിക്കുന്നതും മൂന്നാം വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു.

കെയിൻസ്, ഓസ്ട്രേലിയ: മറ്റൊരു കൊച്ചു കേരളം എന്നറിയപ്പെടുന്ന ഓസ്ട്രേലിയയിലെ കെയിൻസിൽ, സെൻറ് തോമസ് സീറോ മലബാർ മിഷൻ ഇടവകയുടെ നേതൃത്വത്തിൽ സംയുക്തമായി ദുക്റാന തിരുനാൾ ആഘോഷിച്ചു. ജൂലൈ 1-ന് തുടങ്ങിയ തിരുകർമ്മങ്ങൾക്ക് മാർ ബോസ്കോ പുത്തൂർ നേതൃത്വംനൽകി . ഫാ. റോയി നീർവേലിൽ, ഫാ. മാത്യു കൊച്ചു വീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

പ്രധാന തിരുനാൾ ദിവസമായിരുന്ന ജൂലൈ 3 ഫാ. റോയി നീർവേലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തിരുനാൾ പ്രദിക്ഷണവും നടന്നു. “തദ്ദേശീയ ബാൻഡ്” അവതരിപ്പിച്ച സംഗീതവിരുന്നും, സീറോ മലബാർ അമ്മമാരുടെ നേതൃത്വത്തിലുള്ള മാർഗംകളിയും, സീറോമലബാർ ഗായകസംഘം അവതരിപ്പിച്ച സംഗീത നിശയും ആസ്വാദ്യകരമായിരുന്നു. തിരുനാൾ കമ്മിറ്റി നേതൃത്വം നൽകിയ സ്നേഹവിരുന്നും ഉൽപ്പന്ന ലേലവും കുട്ടികൾക്കുള്ള സ്റ്റാളും മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫാ.റോയി തിരുനാൾ കൊടി ഇറക്കിയതോടെ ആഘോഷങ്ങൾക്ക് സമാപനമായി.

ആഘോഷപരിപാടികൾക്ക് കൈക്കാരന്മാരായ റെനിൽ ജോസഫ്, വിബിൻ അഗസ്റ്റിൻ, മറ്റ് കമ്മിറ്റി മെമ്പർമാർ എന്നിവർ നേതൃത്വം നൽകി. മിഷേൽ മാർട്ടിൻ, മിയാന മാർട്ടിൻ, ജോജു വർഗീസ്, സാബു ചുമ്മാർ, ഷാജി കുര്യൻ, ജോമോൻ ജോസ്, അരുൺ ബാബു, ഡോ. പുതിയപറമ്പിൽ ജോസുകുട്ടി, ജോജി ജോസ്, ഷിജു ജേക്കബ്, ജോയ്സ് ജോർജ് , ഷിജോ മാത്യു, ജോഷി ജോൺ, വിപിൻ അഗസ്റ്റിൻ, റെനിൽ ജോസഫ്, ഫ്ലുവർ ലിറ്റൻ, ജോഷി ജേക്കബ് എന്നിവർ പ്രസുദേന്തിമാരായിരുന്നു

ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ര്ടാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി.

നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്‌കോര്‍ ചെയ്തു.

1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയണ്‍സിന് വിനയായത്.

ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലില്‍ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയര്‍ ടീമില്‍ ഇടം നേടി. വര്‍ണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്.

മത്സരം തുടങ്ങിയ ഉടന്‍ തന്നെ ഇറ്റലിയ്‌ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടില്‍ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തില്‍ നിന്നും പിറന്ന കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ പന്ത് ട്രിപ്പിയര്‍ക്ക് കൈമാറി. പന്തുമായി ബോക്‌സിലേക്ക് കയറാന്‍ ശ്രമിച്ച ട്രിപ്പിയര്‍ മികച്ച ഒരു ക്രോസ് ബോക്‌സിലേക്ക നല്‍കി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പര്‍ ഡോണറുമ്മയ്ക്ക് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.

യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്.

തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിട്ടില്‍ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമര്‍ഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു. ഗോള്‍ നേടിയതോടെ പ്രതിരോധത്തില്‍ കൂടുതല്‍ ശക്തി പകരാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.

35-ാം മിനിട്ടില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ മേസണ്‍ മൗണ്ടിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലില്‍ കുരുക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയില്‍ 48-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെര്‍ലിങ് പന്തുമായി ബോക്‌സിലേക്ക് കയറിയെങ്കിലും താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. 50-ാം മിനിട്ടില്‍ ഇറ്റലിയ്ക്ക ഇംഗ്ലീഷ് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.

56-ാം മിനിട്ടില്‍ ഹാരി മഗ്വയറിന്റെ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു, തൊട്ടുപിന്നാലെ ഇന്‍സീന്യെ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പിക്ക്‌ഫോര്‍ഡ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി.

61-ാം മിനിട്ടില്‍ കിയേസയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. 63-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഡോണറുമ്മ തട്ടിയകറ്റി.

ഒടുവില്‍ 67-ാം മിനിട്ടില്‍ ഇറ്റലി സമനില ഗോള്‍ നേടി. പ്രതിരോധതാരം ലിയോണാര്‍ഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ കോര്‍ണര്‍ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. എന്നാല്‍ പന്ത് ക്രോസ് ബാറില്‍ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.

അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂര്‍ണമെന്റിലെ ആദ്യ ഗോളാണിത്.

74-ാം മിനിട്ടില്‍ തുറന്ന അവസരം ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിട്ടില്‍ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

95-ാം മിനിട്ടില്‍ സ്‌റ്റെര്‍ലിങ് ബോക്‌സിലേക്ക് കുതിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. 103-ാം മിനിട്ടില്‍ ഇറ്റലിയുടെ മുന്നേറ്റത്തെ സധൈര്യത്തോടെ നേരിട്ട പിക്ക്‌ഫോര്‍ഡ് ഇംഗ്ലീഷ് ഗോള്‍വല കാത്തു.

105-ാം മിനിട്ടില്‍ ഇറ്റാലിയന്‍ ബോക്‌സിന് പുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അവസരം ഗോളാക്കി മാറ്റാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 106-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെര്‍ണാഡെസ്‌കിയുടെ ഫ്രീകിക്ക് പിക്ക്‌ഫോര്‍ഡ് കൈയ്യിലൊതുക്കി.

എക്‌സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങള്‍ ഇരുടീമുകള്‍ക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 1976-ലാണ് ഇതിനുമുന്‍പ് ഒരു യൂറോ കപ്പ് ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോയിലെ രാജാക്കന്മാരായി.

RECENT POSTS
Copyright © . All rights reserved