കോഴിക്കോട്: അഞ്ചു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശ റെയ്ഹാനയാണ് മരിച്ചത്.
ബേപ്പൂര്‍ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പില്‍ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിൻെറ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈക്കം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് വയസുള്ള കുഞ്ഞിനെ കൂട്ടി യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നാനാടം പിതൃകുന്നം സ്വദേശിയായ 23കാരിയാണ് കുഞ്ഞിനെയും കൂട്ടി ഫേസ്ബുക്ക് കാമുകനൊപ്പം പോയത്. തിങ്കളാഴ്ച രാവിലെ 10.30ന് കുഞ്ഞിനെയും കൂട്ടി അക്ഷയ സെന്ററിലും നഗരസഭയിലും പോയി വരാമെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്.യുവതിയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വൈക്കം പോലീസ് സേറ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതിയും കുഞ്ഞും ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയുടെ കൂടെയുണ്ടെന്ന് വിവരം ലഭിച്ചു.
ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇയാളുമായി യുവതി അടുപ്പത്തിലാകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ കൈനകരിയില്‍ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്റെ മരണത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായത് പോലിസിനേയും ബുദ്ധിമുട്ടിച്ചു. തുടര്‍ന്ന് വിവരം ലഭിച്ച മറ്റൊരു ഫോണിനെ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ഫേസ്ബുക്ക് സുഹൃത്തിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.
ബിവ്‌റേജ് ഔട്ട്‌ലെറ്റിന് മുന്‍പിലെത്തി കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തില്‍ ഇരുന്നപ്പോള്‍ ആദ്യം ആളുകള്‍ അമ്പരന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അത് വ്യത്യസ്തമായൊരു പ്രതിഷേധമാണെന്് അറിഞ്ഞത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പില്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്.
ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവര്‍ത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ട് എത്തിയത്. ബീവറേജില്‍ ആയിരങ്ങള്‍ക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേര്‍ക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിലാണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം.
കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്‌സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആര്‍. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീര്‍, നാസര്‍ ബിസ്മി, മജീദ് എന്നിവര്‍ പ്രസംഗിച്ചു.
മലയാളസിനിമയിൽ മമ്മൂട്ടിക്ക് പകരക്കാർ ഇപ്പോഴും എത്തിയിട്ടില്ല എന്ന് തന്നെ പറയാം. പ്രായത്തിനെ വെല്ലുവിളിക്കുന്ന സൗന്ദര്യവും പ്രകടനവും കാഴ്ചവെച്ച മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ അതികയാൻ ആയി തുടരുകയാണ്. മെഗാസ്റ്റാർ പരിവേഷവും മമ്മൂട്ടി ഇതിനോടകം തന്നെ നേടി. ആളുകൾക്ക് മനസ്സിൽ ഓർമ്മിക്കാനുള്ള ഒരു പിടി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ആരാധകരുടെ സ്വന്തം മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അതുപോലെതന്നെ അന്യഭാഷകളിലും മമ്മൂക്ക നിരവധി ആരാധകരുണ്ട്.
ഒരു അവാർഡ് ഫംഗ്ഷനിൽ അദ്ദേഹം എത്തുമ്പോൾ പോലും അദ്ദേഹത്തെ ആരാധകർ വളയാറുണ്ട്. അതായത് സിനിമയ്ക്ക് അകത്തും അദ്ദേഹത്തിന് ആരാധകരുണ്ട് എന്ന് പറയുന്നതായിരിക്കും സത്യം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു മമ്മൂക്ക തെലുങ്കിലേക്ക് അഭിനയിക്കാൻ പോകുന്നുവെന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് നമുക്ക് തെലുങ്കിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ഒരു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിലേക്ക് മമ്മൂക്ക. ഈ വരവിന് ഒരു പ്രത്യേകതയുണ്ട് പ്രതിനായകൻ വേഷത്തിലായിരിക്കും മമ്മൂക്ക എത്തുന്നത്.
മമ്മൂക്കയുടെ ഈ വില്ലൻ കഥാപാത്രം എങ്ങനെയായിരിക്കും എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ട്. അഖിൽ അക്കിനെനി നായകനായെത്തുന്ന ഏജൻറ് എന്ന ചിത്രത്തിൽ ഒരു വില്ലനായാണ് മമ്മൂട്ടിയെത്തുന്നത് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വീണ്ടും ഏജന്റ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിനുവേണ്ടി മമ്മൂക്ക വാങ്ങിയിരിക്കുന്നത് പ്രതിഫലമാണ് ഇപ്പോൾ വീണ്ടും മമ്മൂക്കയെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കുള്ള ഒരു കാരണം ആക്കിയിരിക്കുന്നത്.
ഭീമമായ ഒരു തുകയാണ് മമ്മൂക്ക ചിത്രത്തിനുവേണ്ടി പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത് എത്രയാണ് എന്നും ചില തെലുങ്ക് മാധ്യമങ്ങൾ പറയുന്നുണ്ട്.ഏകദേശം മൂന്നര കോടിയോളം രൂപയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.
രണ്ടാം മോഡി സര്‍ക്കാറിന്റെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കോവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനഃസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ എത്ര സിന്ധ്യമാര്‍ പോയാലും കോണ്‍ഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ സിന്ധ്യ എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.
എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹാരി കെയ്‌നിന്‍റെ ഗോളിലൂടെ യൂറോ കപ്പ് ഫൈനലിലേക്ക് പറന്നുകയറി ഇംഗ്ലണ്ട്. സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ചാണ് ഇംഗ്ലീഷ് പട ഫൈനലിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
25 വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോ കപ്പിന്‍റെ സെമിയില്‍ കടക്കുന്നു എന്ന പ്രത്യേകതയുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. അതും സ്വന്തം കാണികളുടെ മുമ്പില്‍. തുടക്കം മുതലേ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം 30–ാം മിനിറ്റിന്‍റെ തുടക്കത്തിൽ മിക്കൽ ഡാംസ് ഗാർഡിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഡെൻമാർക്കാണ് ആദ്യം മുന്നിലെത്തിയത്. ഈ യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോളായിരുന്നു അത്. തൊട്ടുപിന്നാലെ 39-ാം മിനിട്ടിൽ ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്‍റെ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തി.ബോക്‌സിനുള്ളില്‍ സ്റ്റെര്‍ലിങിന് ലഭിക്കേണ്ട പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ കെയറിന്‍റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.
ഇതോടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇടക്ക് ഇരു ടീമുകളും നിരവധി തവണ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആയില്ല. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡെന്മാര്‍ക്ക് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
എക്‌സ്ട്രാ ടൈമിലെ വിജയ ഗോൾനിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 104-ാം മിനിട്ടില്‍ തങ്ങള്‍ക്കനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
സ്റ്റെര്‍ലിംഗിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ഹാരികെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ഷ്‌മൈക്കേല്‍ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇംഗ്ലണ്ട് നായകന്‍ പന്ത് വലയിലെത്തിച്ചു. പിന്നീട് ഡെന്മാര്‍ക്ക് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്ങിലും സമനില ഗോൾ നേടാനായില്ല.
ഞായറാഴ്‌ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ കളിക്കുന്നത്.
ബിനോയ് എം. ജെ.
ഈശ്വരൻ നമ്മെ സംബന്ധിച്ചിടത്തോളം നാല് അക്ഷരങ്ങൾ മാത്രമാണ്. സമയത്തും അസമയത്തും, സ്ഥാനത്തും അസ്ഥാനത്തും നാം അതിനെ കുറിച്ച് സംസാരിക്കുന്നു . അത് നമുക്കൊരു ഭംഗി വാക്ക് ആണ്. അതിലുമുപരി അത് നമ്മുടെ അജ്ഞാനത്തെ മറച്ചുപിടിക്കാൻ ഉള്ള മറ കൂടിയാണ്. ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു. വാസ്തവത്തിൽ നമ്മുടെ കർമ്മങ്ങളിലൂടെ ; വികാരവിചാരങ്ങളിലൂടെ ആരാണ് പ്രവർത്തിക്കുന്നത്? പാശ്ചാത്യർ പറയുന്ന മാതിരി അത് ഈ കാണുന്ന ശരീരത്തിന്റെയോ അത് രൂപം കൊടുക്കുന്ന മനസ്സിന്റെയോ സൃഷ്ടിയാണോ ?കുറേ മൂലകങ്ങളും സംയുക്തങ്ങളും കൂടിച്ചേർന്നാൽ ഈ കാണുന്ന വ്യക്തിത്വം ഉണ്ടാകുമോ ? ഈ ചേതന എവിടെനിന്നു വരുന്നു? ഈ അത്ഭുതങ്ങൾ എങ്ങനെ സംഭവിക്കുന്നു?
ഇത് ഈശ്വരന്റെ പ്രവൃത്തിയാണെന്ന് സമ്മതിക്കാതിരിക്കുവാൻ വയ്യ. സങ്കീർണ്ണമായ ഈ ശരീരവും, അതിനേക്കാൾ സങ്കീർണ്ണമായ ഈ മനസ്സും, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ബുദ്ധിശക്തിയും ഒക്കെ ഈശ്വരന്റെ പ്രകടനമോ അവതരണമോ മാത്രമാണ്. ഇത് അവിടുത്തെ കർമ്മം ആകുന്നു. അവിടുന്നാണ് നമ്മളിലൂടെ പ്രവൃത്തിക്കുന്നത്. താൻ പാതി ദൈവം പാതി എന്ന് പറയുമ്പോഴും അത് പൂർണ്ണമാകുന്നില്ല! അവിടെ നമ്മൾ ദൈവത്തിന്റെ കുറെ കർമ്മങ്ങൾ വക്രിച്ചെടുക്കുന്നു. ഇത് എന്റെ കർമ്മം ആണെന്ന് പറയുമ്പോൾ നമ്മുടെ ‘അഹം’ രൂപപ്പെടുന്നു. അഹത്തോടൊപ്പം സ്വാർഥതയും രൂപംകൊള്ളുന്നു. അവിടെ വൃക്തിബോധവും ശരീര ബോധവും ഉത്ഭവിക്കുന്നു. നാം നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ മറക്കുകയും ചെയ്യുന്നു.
നമ്മിലൂടെ പ്രവർത്തിക്കുന്ന ഈശ്വരന്റെ ഈ കർമ്മങ്ങളുടെ ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുക്കുമ്പോൾ അവയുടെ പ്രതിഫലത്തിനുമേൽ നാം ഒരു അവകാശവാദം കൂടി ഉന്നയിക്കുന്നുണ്ട്. “ഇത് എന്റെ കർമ്മമാണ്, ഇതിന്റെ പ്രതിഫലം എനിക്കുള്ളതാണ്.” പ്രതിഫലം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മമൊന്നും നിഷ്കാമ കർമ്മം അല്ല. അവ സ്വാർത്ഥ കർമ്മങ്ങൾ ആകുന്നു. അവ നമുക്ക് ശാശ്വതമായ ശാന്തി തരുന്നതിന് പകരം സുഖദുഃഖങ്ങൾ സമ്മാനിക്കുന്നു. ഞാൻ ബ്രഹ്മം തന്നെയാണെന്നുള്ള ശാശ്വതസത്യം വിസ്മരിക്കപ്പെടുകയും ആ സ്ഥാനത്ത് ഞാൻ ഈ കാണുന്ന ശരീരമാണ് എന്നുള്ള മൂഢമായ വിചാരം പ്രബലപ്പെടുകയും ചെയ്യുന്നു.
ഈശ്വരപ്രണിനിധാനം എന്നാൽ ഈ മൂഢതയെ ജയിക്കുക എന്നതാകുന്നു. ഈ ശരീരത്തിലൂടെ പ്രവർത്തിക്കുന്നത് അവിടുന്നാണ് എന്നും ,അതിന്റെ പ്രതിഫലം അവിടേക്ക് ഉള്ളതാണെന്നും , ഞാൻ എന്ന് പറയുന്ന ഒന്നില്ലെന്നും, ഉണ്ടെങ്കിൽ തന്നെ അത് ഈശ്വരനിൽ നിന്നും അടർത്തിയെടുക്കാൻ ആവാത്ത ഒരു സത്തയാണെന്നും സമ്മതിച്ചു കൊടുക്കുമ്പോൾ നമ്മുടെ അസ്വസ്ഥതകൾ തിരോഭവിക്കുന്നു; നമ്മിലെ അല്പത്വം തിരോഭവിക്കുന്നു. നാം നിസ്വാർത്ഥരായി മാറുന്നു. ഇപ്രകാരം നിസ്വാർത്ഥ കർമ്മം അനുഷ്ഠിക്കുന്നത് ആകുന്നു നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം. ഇവിടെ നാം സത്യം പറയുന്നു .മറിച്ചു പറയുന്നതെല്ലാം നുണയാണ്. അഹവും സ്വാർത്ഥതയും മിഥ്യയാകുന്നു. അവ ദ:ഖത്തിലേക്കുള്ള പ്രവേശന കവാടങ്ങളാണ്. ഈശ്വരപ്രണിനിധാനം ആകട്ടെ നിഷ്കാമകർമ്മം അനുഷ്ഠിക്കുവാൻ ഉള്ള ഏറ്റവും സ്വാഭാവികമായ മാർഗ്ഗവും ആകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഷിബു മാത്യൂ.
സീറോ മലബാര്‍ സഭയുടെ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ മന്നയ്ക്ക് നല്‍കിയ ആശംസയുടെ പൂര്‍ണ്ണരൂപം.
ആയിരം എപ്പിസോഡിന്റെ നിറവില്‍ ‘മന്ന’.
സോഷ്യല്‍ മീഡിയ വചന പ്രഘോഷണത്തിനും കൂടി ഉപയോഗിക്കണമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അന്വര്‍ദ്ധമാക്കി ഫാ. ബിനോയ് ആലപ്പാട്ട് മന്ന എന്ന പേരില്‍ യൂ ട്യൂബില്‍ ദിവസവും പബ്‌ളീഷ് ചെയ്യുന്ന ദൈവവചനപ്രഘോഷണത്തിന്റെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയായി. വചനം പ്രഘോഷിക്കുന്നതോടൊപ്പം വ്യക്തികളുടെയും സമൂഹത്തിന്റെയും സഭയുടെയും ആദ്ധ്യാത്മികവും ഭൗതീകവുമായ വിഷയങ്ങള്‍, അനുസ്മരിക്കപ്പെടേണ്ട ദിവസങ്ങളുടെയും കാലങ്ങളുടെയും ചിന്തകള്‍ ഇവയെല്ലാം വിശുദ്ധ ബൈബിളിലെ വചനങ്ങളുമായി കൂട്ടിയിണക്കി സഭയ്ക്കും സമൂഹത്തിനും വ്യക്തികള്‍ക്കും പോസിറ്റീവായ ഊര്‍ജ്ജം പകരുക എന്നതാണ് മന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുപ്പിറവിക്ക് ഒരുക്കമായ സന്ദേശങ്ങള്‍ നല്‍കി 2017 ഡിസംബര്‍ ഒന്നിനാണ് മന്നയുടെ ആദ്യ എപ്പിസോഡ് റിലീസായത്.
മുടങ്ങാതെ ആയിരം എപ്പിസോഡില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും വീഡിയോ രൂപത്തില്‍. വായനക്കാര്‍ക്ക് താല്പര്യമുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളം യുകെ സ്പിരിച്ച്വല്‍ ടീം ഫാ. ബിനോയ് ആലപ്പാട്ടുമായി ബന്ധപ്പെട്ടിരുന്നു.
മന്ന എന്ന ചിന്ത ജന്മമെടുത്തതെങ്ങനെയെന്ന ചോദ്യത്തിന് ഫാ. ബിനോയ് മറുപടി പറഞ്ഞതിങ്ങനെ.
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഒരിക്കല്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ സോഷ്യല്‍ മീഡിയയിലാണ് ജനം മുഴുവനും. സോഷ്യല്‍ മീഡിയയിലെ എല്ലാ ഉപകരണങ്ങളും വചന പ്രഘോഷണത്തിനും കൂടി ഉപകരിക്കുന്ന വിധത്തിലാവണം. ഈയൊരു ചിന്തയാണ് മന്നയുടെ പിറവിക്ക് കാരണം. കൂടാതെ, എന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് തേന്‍പള്ളില്‍ അച്ചന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു.
ഒരു ക്യാപ്‌സൂള്‍ ടൈപ്പാണ് മന്ന. കുറഞ്ഞ സമയം കൊണ്ട് വചനത്തേക്കുറിച്ചൊരു ധ്യാനം. വചനം മനസ്സിന്റെ ഭാഗമാകാന്‍ പെട്ടന്ന് സാധിക്കണം. ഒത്തിരി പറയുന്നതിലല്ല കാര്യം.
മന്ന നേരിട്ട പ്രതിസന്ധികള്‍, മന്ന കത്തോലിക്കാ സഭയ്ക്ക് നല്‍കിയ സംഭാവനകള്‍, ആയിരം എപ്പിസോഡ് ചെയ്ത ഫാ. ബിനോയ് മന്നയില്‍ എങ്ങനെ ആനന്ദം കാണുന്നു ഈ ചോദ്യങ്ങളോടെല്ലാം ഫാ. ബിനോയ് പ്രതികരിച്ചതിങ്ങനെ.
ഒരു പ്രതിസന്ധിയും മന്ന നേരിട്ടിട്ടില്ല. ഇത് എന്റെ പാഷനാണ്. ദിവസവും രാവിലെ അല്പനേരം ധ്യാനിക്കും. പിന്നീട് റിക്കോര്‍ഡ് ചെയ്ത് എഡിറ്റ് ജോലികളും നടത്തി അപ് ലോഡ് ചെയ്യും. ശുശ്രൂഷ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ ഞാനതറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷയില്‍ വചനം പ്രഘോഷിക്കണം. ആരോഗ്യമുള്ളിടത്തോളം കാലം മന്നയുമായി മുന്നോട്ട് പോവുക എന്നതാണ് ആഗ്രഹം. മന്നയ്ക്കായി ഒരുങ്ങുന്നത് എനിക്കെന്നും ആനന്ദമാണ്. ഒരു പാട് ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ സഭയിലെ വൈദീക സഹോദരങ്ങള്‍ എല്ലാം വലിയ പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു. ഒരു വലിയ സന്തോഷമുള്ളതിതാണ്. ആയിരം എപ്പിസോഡ് ചെയ്തിട്ടും ആവര്‍ത്തന വിരസതയുണ്ടായിട്ടില്ല എന്ന് പലരും പറഞ്ഞു. അത് പരിശുദ്ധാത്മാവിന്റെ കൃപ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഫാ. ബിനോയ് പറഞ്ഞു.
സഭാ മേലധ്യക്ഷന്‍മാര്‍ മുതല്‍ സമൂഹത്തിന്റെ നിരവധി മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ മന്നയ്ക്ക് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സാങ്കേതികമായ തടസ്സം ഉള്ളതുകൊണ്ട് പലതും ഒഴിവാക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
ആശംസകളിലൂടെ…
ഫാ. മാത്യൂ മുളയോലില്‍
(ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാന്‍, രൂപതയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ )
വചനത്തോട് ബിനോയ് അച്ചന്‍ കാണിക്കുന്ന താല്പര്യമാണ് മന്ന. അത് ആയിരം എപ്പിസോഡില്‍ എത്തിയതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു. മന്നയുടെ പല എപ്പിസോഡും കാണുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതില്‍ അനുദിന വചന വിചിന്തനങ്ങള്‍, ലോകമാസകലം അനുസ്മരിക്കപ്പെടേണ്ട പ്രത്യേക ദിനങ്ങളുടെ ചിന്തകള്‍, നോമ്പ് കാലം പോലെ അനുസ്മരിക്കപ്പെടേണ്ട കാലങ്ങളേക്കുറിച്ചുള്ള ചിന്തകള്‍ എല്ലാം അടങ്ങിയ മന്ന, അത് ശ്രവിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും ജീവിത വിജയം നേടുകയും ചെയ്യുമെന്നതില്‍ തെല്ലും സംശയമില്ല. അച്ചന്റെ ഈ സംരംഭത്തിന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
ഫാ. ജോസഫ് അന്തിയാകുളം
(സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
മന്ന ഇസ്രായേല്‍ ജനത്തിന് വിശപ്പിനുള്ള ആഹാരമായിരുന്നു. പുതിയ നിയ്മത്തിലെ വിശുദ്ധ കുര്‍ബാനയുടെ മുന്നാസ്വാദനമായിരുന്നു പഴയ നിയ്മത്തിലെ മന്ന. ആത്മീയ ദാഹത്തോടു കൂടി മാത്രമേ ഇത് ഭുജിക്കാനാവൂ. ബിനോയ് അച്ചന്‍ ഒരുക്കുന്ന മന്നയിലെ സന്ദേശങ്ങള്‍ കേള്‍ക്കുന്നവരില്‍ തീര്‍ച്ചയായും ഒരു ആത്മീയ ഉണര്‍ച്ച് ലഭിക്കുവാനിടയായിട്ടുണ്ട് എന്നത് ശ്ലാഹനീയമാണ്. ഓരോ പ്രഭാതത്തിലും ഉന്മേഷം നല്‍കുന്ന ആത്മീയ വെളിച്ചമാണ് മന്ന നല്‍കുന്ന സന്ദേശങ്ങള്‍. ധാരാളം പേരുടെ ആത്മീയ വിശപ്പകറ്റാന്‍ മന്ന കാരണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബിനോയ് അച്ചന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
സി. ആന്‍ മരിയ SH
(ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആന്റ് ചെയര്‍പേഴ്‌സണ്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ഈശോയുടെ കരങ്ങളിലെ ഉപകരണമായി മാറിക്കൊണ്ട് തനിക്ക് കിട്ടിയ ആത്മീയ വെളിച്ചം മന്നയിലൂടെ മറ്റുള്ളവരിലേയ്ക്ക് പകരാന്‍ അച്ചനെടുത്ത കഠിനമായ അധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആദ്യമേ പ്രാര്‍ത്ഥിക്കുന്നു. ഈ മീഡിയയിലൂടെ കര്‍ത്താവിന്റെ വചനം താന്‍ ആയിരിക്കുന്നിടത്തു നിന്ന് അനേകം ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍ തീര്‍ച്ചയായും അച്ചന്റെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പാണ്. കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് വിശ്വാസത്തെ തിരുവചനത്തിലേയ്ക്കും വിശുദ്ധ കുര്‍ബാനയിലേയ്ക്കും സഭയിലേയ്ക്കുമൊക്കെ ചേര്‍ത്ത് പിടിക്കാന്‍ വലിയ കരുതലും ശ്രദ്ധയും അച്ചന്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. ദൈവവചനം പങ്കുവെയ്ക്കുവാനുള്ള അച്ചന്റെ തീവ്രമായ ആഗ്രഹത്തിന് ദൈവം നല്ല ഫലം തരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫാ. ജേക്കബ് ചക്കാത്ര
( സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി, SMYM ഗ്ലോബല്‍ ഡയറക്ടര്‍, യുവദീപ്തി SMYMചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍)
ബഹുമാനപ്പെട്ട ബിനോയ് ആലപ്പാട്ടച്ചന്റെ ഹൃദയഹാരിയായ വചന പ്രസംഗം ‘മന്നാ’ എന്ന യൂടൂബ് ചാനലിലൂടെ ശ്രവിക്കുമ്പോള്‍ ഒരു പാട് സന്തോഷം. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനത്തോടെ ആദരവോടെ അച്ചനെ അഭിനന്ദിക്കുന്നു. ഓരോ നാളിനെയും വചന ബദ്ധമായി അവതരിപ്പിക്കുമ്പോള്‍ വചനത്തിന്മേല്‍ ദിനംപ്രതിയുള്ള ധ്യാനം എത്രമാത്രം ആത്മാര്‍ത്ഥമായുള്ളതാണ്. ജീവിത വിശുദ്ധിയും ആത്മാര്‍ത്ഥമായ സമര്‍പ്പണവും അച്ചന്റെ ഓരോ ധ്യാന ചിന്തകളേയും വേറിട്ടതാക്കുന്നു. അവസരങ്ങളെ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് വചനാവിഷ്‌കാരം നടത്തുന്ന ബിനോയ് അച്ചന്റെ ധ്യാനം ശ്രവിക്കുമ്പോള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നു. ഉണര്‍ത്ത് പാട്ടായും മനസ്സിനെയും ശരീരത്തേയും ബലപ്പെടുത്തുന്ന സ്വര്‍ഗ്ഗീയമന്നയായും മന്നാ പ്രഭാഷണം മാറുന്നു. ഇനിയും ഇടമുറിയാതെ വചനം ഒഴുകട്ടെ. ഒരു പ്രവാഹമായും കടല്‍ ഇരമ്പലായും അച്ചന്‍ ശബ്ദിക്കട്ടെ. വിത്ത് വീഴുന്ന വയല്‍ കോരിത്തരിച്ച് നൂറ് മേനി ഫലങ്ങള്‍ കൊയ്യുമ്പോള്‍ വയലുടമ വിത്ത് വിതച്ച് കൊയ്യുന്നവന്റെ നെറ്റിമേല്‍ ഇപ്രകാരം എഴുതും… ദൈവത്തിന് വിശ്വസ്തനായ കാര്യസ്ഥന്‍..
ജോളി മാത്യൂ
(വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ബഹു. ബിനോയി ആലപ്പാട്ട് അച്ചന്‍ ഒരുക്കുന്ന ‘മന്ന’ എന്ന ദൈവവചന പ്രഘോഷണം ആയിരം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ അത് അദ്ധ്യാത്മിക യാത്രയിലെ ഒരു നിര്‍ണ്ണായക നാഴികകല്ലാവുകയാണ്. അച്ചനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ആദ്ധ്യാത്മിക ബന്ധവും, അനുഭവങ്ങളും ഒരു ആത്മ സാഫല്യമായി കരുതുന്നു. വളരെ അഗാധമായ ദൈവശാസ്ത്ര വിഷയങ്ങള്‍ അവയുടെ തീഷ്ണതയും, ഗൗരവവും ശോഷിക്കാതെ സാമാന്യ മനസ്സുകളിലേക്ക് ലളിതവും ദീപ്തവുമായി സംവേദിക്കുവാനുള്ള അച്ചന്റെ അനന്യമായ കഴിവ് ദൈവനിവേശിതമെന്നല്ലാതെ മറ്റെന്തുപറയാന്‍? ദൈവ വചനങ്ങളെ ജീവിത യാത്രയില്‍ അനുഭവവേദ്യമാക്കി ആത്യന്തീക ലക്ഷ്യത്തിലേക്കുള്ള പ്രയാണം അര്‍ത്ഥസമ്പുഷ്ടമാക്കുന്ന ഈ വചന സമൃദ്ധിയുടെ സമ്പന്നതയില്‍ ഒരു നവ ക്രിസ്തീയ ജീവിതം നയിക്കുവാനുതകുന്ന പാത വെട്ടിത്തുറന്ന ബിനോയി അച്ചനെ അത്യന്തം ബഹുമാനപൂര്‍വ്വം അനുമോദിക്കാം. ഇനിയും അപൂര്‍ണ്ണമായ, അപക്വമായ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അച്ചന്‍ തരുന്ന ‘മന്ന’ ധാരാളം പൊഴിക്കട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആദ്ധ്യാത്മിക ജീവിതത്തിന് പുതിയ മാനങ്ങള്‍ തേടുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMFനും മന്നയ്ക്കും മലയാളം യുകെ സ്പിരിച്ച്വല്‍ ന്യൂസ് ടീമിന്റെ ആശംസകള്‍.
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി 12ത് മാന്‍ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇപ്പോഴിതാ അതിനിടയില്‍ തന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു ഗംഭീര ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു അഭിമുഖത്തിലാണ് ജീത്തു തന്റെ മനസ്സുതുറന്നത്. ദൃശ്യം ടുവിന് ശേഷ്ം പെട്ടെന്ന് ആ സിനിമയിലേക്ക് കടക്കാതിരുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
ജീത്തുവിന്റെ വാക്കുകള്‍
ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണ്.
കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ്. ജീത്തു പറയുന്നു. ദൃശ്യം 2വിലെ മീനയുടെ വസ്ത്രാലങ്കാരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ജീത്തു മനസ് തുറന്നു.
ഹെയ്തി പ്രസിഡന്റ് ജോവനൽ മോസ് കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്‌സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്നും സംസ്ഥാനത്തിന്‍റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു.