കാൻബറ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്നാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
വടക്കൻ സിഡ്നിയിൽ വച്ച് ഏപ്രിൽ 14-നായിരുന്നു സംഭവം. മൂന്നംഗ സംഘം 50-കാരനായ മക്ഗില്ലിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ വാഹനത്തിലിരുത്തി നഗരത്തിന്റെ പുറത്തെത്തിച്ച് തോക്കിൻ മുനയിൽ സംഘം മർദ്ദിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും മഗിൽ പോലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിൽ വരികയായിരുന്നു. മോചനദ്രവ്യം നൽകിയില്ലെന്നും പ്രതികൾ പണത്തിനായാണ് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം.
1981ല് റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്.
അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്.
അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ.
അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് ഒകെ തീരുമാനിച്ചു. ഷൂട്ടിംഗ് ഡേറ്റ് അടുത്ത സമയത്താണ് ജയന് ചേട്ടന് മരിക്കുന്നത്.
കോളിളക്കം കഴിഞ്ഞ് അദ്ദേഹത്തിന്റേതായി വരേണ്ട പടം ഇതായിരുന്നു. ഇനി എന്ത് ചെയ്യും, ആരെ വച്ച് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍.
കാരണം ഉദയ സ്റ്റുഡിയോയ്ക്കകത്ത് മൊത്തം സെറ്റിട്ടിരിക്കുകയായിരുന്നു. ഇനി എപ്പോ ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ആലോചിച്ചു.
അപ്പോ ബാബു സാറാണ് പറഞ്ഞത് മേളയില്‍ അഭിനയിച്ചൊരു ആളുണ്ടല്ലോ എന്ന്. എറണാകുളത്തുകാരനാണ്, അഡ്വേക്കേറ്റാണ്.
കുഴപ്പമില്ലാന്ന് തോന്നുന്നു. ഉടനെ പി.ജി. വിശ്വംഭരന് സാര്‍ പറഞ്ഞു പുളളിയെ വിളിക്ക്, ആളെ കാണട്ടെ എന്ന് പറഞ്ഞു.
അന്ന് മമ്മൂട്ടി അത്ര സെലിബ്രിറ്റിയായിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ഹീറോയിസമുളള പടങ്ങളില്‍ വന്നിരുന്നില്ല.
മമ്മൂക്കയുടെ കട്ട ഹീറോയിസം സ്ഫോടനം എന്ന ചിത്രത്തിലാണ് വരുന്നത്. കാരണം ജയന് ചേട്ടന് വന്നു ചെയ്യുന്ന വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അത് ചെയ്തു.
ജയന് ചേട്ടനെ പോലെ ഞങ്ങള്‍ ഉദ്ദേശിച്ച രൂപമല്ലായിരുന്നു മമ്മൂക്കയുടേത്. എന്നാലും അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ലയിച്ചുചേര്‍ന്നു.
എല്ലാവര്‍ക്കുമൊരു ഇഷ്ടമുളള താരമായിരുന്നു ജയന് ചേട്ടന്. പിന്നെ ഇത് ഉള്‍ക്കൊണ്ടല്ലെ പറ്റൂളളൂ എന്ന രീതിയില്‍ എല്ലാവരും അങ്ങ് ഉള്‍ക്കൊണ്ടു.
നായകന് മാറിയപ്പോ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ കണ്ഫ്യൂഷന് ഒന്നും ഉണ്ടായിരുന്നില്ല. പുളളി ചെയ്യുമെന്ന് അറിയാം.
ഷൂട്ട് ചെയ്ത മമ്മൂക്കയുടെ രംഗങ്ങള്‍ കണ്ടപ്പോഴെല്ലാം വലിയ പ്രശ്നങ്ങളില്ലെന്ന് എല്ലാവര്‍ക്കും തോന്നി. അങ്ങനെ ആ സിനിമ പൂര്‍ത്തികരിക്കുകയാണ് ചെയ്തത്-ചന്ദ്രന് പനങ്ങോട് പറഞ്ഞു.
ചിത്രം സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ശരൺ (40) കുഴഞ്ഞ് വീണു മരിച്ചു.
കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്.
സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി: കോവിഡ് അടച്ചിടൽ കാലത്ത് കുട്ടികൾക്ക് നൽകാതിരുന്ന സേവനങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ ഫീസ് വാങ്ങരുതെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്യുന്നത് ലാഭമുണ്ടാക്കലും വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടച്ചിടൽ കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകൾ ഫീസിന്റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവും മാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹർജിയിലാണ് സുപ്രീം കോടതി വിധി.
അടച്ചിടൽ സമയത്ത് ക്ലാസുകൾ ഓൺ ലൈനായതിനാൽ സ്കൂളുകൾക്ക് പ്രവർത്തനച്ചെലവ് 15 ശതമാനമെങ്കിലും കുറഞ്ഞതായി ബെഞ്ച് വിലയിരുത്തി. അതിനാൽ ഫീസിൽ അത്രയെങ്കിലും കുറവു വരുത്താൻ സ്കൂളുകൾ തയ്യാറാവണം. സേവനത്തിന് കണക്കാക്കി മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഈടാക്കാവൂ എന്നും വാണിജ്യവത്കരണം പാടില്ലെന്നും ടി. എം. എ. പൈ, പി. എ. ഇനാംദാർ കേസുകളിൽ സുപ്രീം കോടതി വിധിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്ത വണ്ണം ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകൾക്ക് അവകാശമുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.
സ്കൂൾ മാനേജ്‌മെന്റ് പെട്രോൾ, ഡീസൽ, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാർജ്ജുകൾ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ ജോധ്പുരിലെ ഇന്ത്യൻ സ്കൂളിന് 15 ശതമാനം ഇളവു നൽകിക്കൊണ്ട് ട്യൂഷൻ ഫീസ് ഈടാക്കാൻ സുപ്രീം കോടതി അനുമതി നൽകി.
കൊച്ചി: യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരും ദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രയായതിനാൽ ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്.
ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസിൽ രണ്ടു കോച്ചുകളിലേക്കുള്ള യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. ആദ്യം കോച്ചുകൾ കുറച്ച് പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി – ബാനസ്‌വാടിയും എറണാകുളം – ബാനസ്‌വാടിയും നിർത്തിയിരുന്നു. അനിശ്ചിതമായാണ് ഈ തീവണ്ടികൾ റദ്ദാക്കിയത്. തിങ്കളാഴ്ചയോടെ ദക്ഷിണ – പശ്ചിമ റെയിൽവേ, യശ്വന്ത്പൂർ – കണ്ണൂർ തീവണ്ടി റദ്ദാക്കി. എന്നു വരെയാണ് റദ്ദാക്കലെന്ന് പറഞ്ഞിട്ടില്ല. ഇതോടെ മലബാറിൽ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികളില്ലാതായി. ഇതിന് പിന്നാലെയാണ് ദക്ഷിണറെയിൽവേ 12 തീവണ്ടികൾ ഒറ്റയടിക്ക് റദ്ദാക്കിയത്.
ലോക് ഡൗണിന് സമാനമായ സാഹചര്യമായതിനാൽ രാത്രി ഒമ്പതിനു ശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് യാത്രാസൗകര്യമില്ലാത്തത് ആളുകൾ കുറയാനുള്ള കാരണങ്ങളിലൊന്നാണ്. കേരളത്തിനുള്ളിൽ ജോലിക്കാർ മാത്രമാണിപ്പോൾ തീവണ്ടിയെ ആശ്രയിക്കുന്നത്. ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളിലടക്കം ഹാജർ 25 ശതമാനമാക്കിയതോടെ ഇനിയും യാത്രക്കാർ ഗണ്യമായി കുറയും
സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിന് ഇടയിലും പൊതു ഗതാഗതം അവശ്യ സർവ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളും, രാത്രികാല സർവ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര രാത്രികാല സർവ്വീസുകൾ നിർത്തുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവ്വീസുകൾ എപ്പോഴും നിലനിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും, രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്ആർടിസി സർവ്വീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൾ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടു പോലും സർവ്വീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവ്വീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘ ദൂര സർവ്വീസുകൾ കുറച്ചിരുന്നില്ല. യാത്രാക്കാര ബുദ്ധിമുട്ടിക്കാത്ത രീതിയിൽ 50% നിലനിർത്തി ആവശ്യാസുരണം സർവ്വീസുകൾ തുടരുകയുമാണ്.
മേയ് 15 മുതൽ പകൽ കൂടുതൽ സർവ്വീസ് നടത്തും. ബസുകളിലും, സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും, യാത്രാക്കാർ കൂട്ടം കൂടാതെയും ആയിരിക്കും സർവ്വീസുകൾ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ പോലും സർക്കാർ പൊതു ഗതാഗതം അവശ്യ സർവ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ്വീസുകൾ നടത്തും. പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവ്വീസ് പൂർണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
തിരക്കുള്ള രാവിലെ 7 മുതൽ 11 മണി വരെയും, വൈകിട്ട് 3 മുതൽ രാത്രി 7 മണി വരെയും കൂടുതൽ സർവ്വീസ് നടത്താൻ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിക്കൂർ എന്നുള്ള ഷിഫ്റ്റ്, ഈ കൊവിഡ് കാലത്തേക്ക് താൽക്കാലികമായി നടപ്പിലാക്കിയത്. ഇത് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
കൊച്ചി : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തേയെന്നു സൂചന. ഈ മാസം മൂന്നാമത്തെ ആഴ്‌ചയോടെ മണ്‍സൂണ്‍ കേരളത്തിലെത്താനുള്ള എല്ലാ അനൂകൂല ഘടകങ്ങളുമുള്ളതായിട്ടാണു ഗവേഷകരുടെ നിഗമനം. ഈ മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ രൂപമെടുക്കാനുള്ള സാധ്യതയേറി. ഇതിന് അനുബന്ധമായി കാലവര്‍ഷവും പെയ്‌തിറങ്ങുമെന്നാണു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്‌ഥാ റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
സാധാരണ ജൂണ്‍ ഒന്നിനാണു മണ്‍സൂണ്‍ കേരളത്തില്‍ പെയ്‌തു തുടങ്ങുന്നത്. കഴിഞ്ഞ സീസണിലും ജൂണ്‍ ഒന്നിനാണു മഴ തുടങ്ങിയത്. രണ്ടായിരത്തിനു ശേഷം മേയില്‍ കാലവര്‍ഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ചില വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരം പിന്നിട്ട ശേഷം മണ്‍സൂണ്‍ എത്തിയിരുന്നു. എന്നാല്‍, ഇക്കുറി അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മണ്‍സൂണ്‍ നേരത്തേ പെയ്യാനുള്ള അനുകൂല കാലാവസ്‌ഥാ സാഹചര്യം രൂപപ്പെട്ടു കഴിഞ്ഞു. പടിഞ്ഞാറു നിന്നു കിഴക്കോട്ടുള്ള വായുപ്രവാഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ.) എന്ന ആഗോള മഴപ്പാത്തിയും സജീവമായതു മണ്‍സൂണിനെ തുണച്ചു.
കാറ്റും മേഘപാളികളും സംയോജിച്ചുണ്ടാകുന്നതാണ് ആഗോള മഴപ്പാത്തി. കാറ്റിനൊപ്പം മഴമേഘങ്ങളുടെയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യതയാണ് എം.ജെ.ഒയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസത്തിലൂടെ മണ്‍സൂണ്‍ മഴയ്‌ക്കു ഗുണകരമാകുന്ന വായുപ്രവാഹവും സംജാതമായിത്തീര്‍ന്നിരിക്കുകയാണ്. രാജ്യമൊട്ടാകെ സാധാരണ മഴയാണ് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം ഇക്കുറി പ്രവചിച്ചിരിക്കുന്നതെങ്കിലും കേരളത്തില്‍ മഴ കൂടുതലായിരിക്കുമെന്നാണ് പ്രവചനം.
തമിഴ്നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവി എന്ന യുവതിയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന്‍ താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ പൊലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്‍കി. മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തില്‍ എത്തിയതോടെ തിരക്കുള്ള നടിയായി മാറി. അടുത്തിടെയാണ് നിഖിലയുടെ അച്ഛന്‍ എആര്‍ പവിത്രന്‍ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ വിയോഗത്തെ കുറിച്ച് വൈകാരിമായി പ്രതികരിച്ചിരിക്കുകയാണ് നിഖില. ഒരു മാഗസിന് അുവദിച്ച അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ച് പറഞ്ഞത്.
അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു. ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുന്‍പ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന്. പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്. പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നു.
ആര്‍ക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍. മാത്രമല്ല കോവിഡിന്റെ തുടക്കകാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.
ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തില്‍ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല.
മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സർക്കാരുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ ഉറപ്പു നൽകി.