കർഷക സമരം, മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കുറ്റം ചുമത്തൽ, സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം, ഇന്‍റർനെറ്റ് വിച്ഛേദനം തുടങ്ങി ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നതായി യു.എൻ. വെള്ളിയാഴ്ച മനുഷ്യാവകാശ കൗൺസിലിന് നൽകിയ റിപ്പോർട്ടിൽ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാഷലെറ്റാണ് വിമർശനം ഉന്നയിച്ചത്. സ്പെയിൻ മുതൽ സുഡാൻ വരെയുള്ള 50 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ബാഷലെറ്റ് തന്‍റെ വാക്കാലുള്ള റിപ്പോർട്ടിൽ ആശങ്ക അറിയിച്ചു.
ഇന്ത്യയെക്കുറിച്ചുള്ള ഭാഗത്ത് കർഷകരുടെ പ്രതിഷേധം അവർ എടുത്തുപറഞ്ഞു. ‘നിയമങ്ങളും നയങ്ങളും ബന്ധപ്പെട്ടവരുമായുള്ള അർഥവത്തായ കൂടിയാലോചനകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും’ അവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കർഷകരുടെയും കേന്ദ്രത്തിേന്റയും സംഭാഷണ ശ്രമങ്ങൾ കാരണം ഈ പ്രതിസന്ധിക്ക് തുല്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
പ്രതിഷേധം റിപ്പോർട്ടുചെയ്യുന്നതിനോ അഭിപ്രായം പറയുന്നതിനോ മാധ്യമപ്രവർത്തകർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും ഇത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. ട്രാക്ടർ റാലിയെക്കുറിച്ച് ‘സ്ഥിരീകരിക്കാത്ത’ വാർത്തകൾ പങ്കുവെച്ചതിന് ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളെങ്കിലും മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ദി വയർ, സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, റിപ്പോർട്ടർ ഇസ്മത് അറ എന്നിവർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തു. ജനുവരി 26 ന് നടന്ന ട്രാക്ടർ റാലിയിൽ നവരീത് സിങിന്‍റെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണിത്. കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് സ്വതന്ത്ര പത്രപ്രവർത്തകനായ മന്ദീപ് പുനിയയെ സിംഘു അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കർഷകരുടെ പ്രതിഷേധത്തിൽ സജീവമായി പോസ്റ്റുചെയ്യുന്ന ട്വീറ്റുകളും ഹാൻഡിലുകളും തടയാൻ കേന്ദ്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കാരവൻ മാസിക, കർഷകരുടെ പ്രതിഷേധ കൂട്ടായ്മയായ കിസാൻ ഏക്താ മോർച്ച, നിരവധി സ്വതന്ത്ര പത്രപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടിനെ പ്രതിരോധിച്ച് സർക്കാർ പ്രതിനിധി രംഗത്തെത്തി.
കർഷകരുടെ വരുമാനം 2024 ഓടെ ഇരട്ടിയാക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിട്ടതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. ‘കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഉദ്ദേശ്യം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില കിട്ടാനും വരുമാനം വർധിപ്പിക്കാനും പ്രാപ്തമാക്കകനാണ്. നിയമങ്ങൾ ചെറുകിട കർഷകർക്ക് ഏറെ ഗുണം ചെയ്യും. കർഷകരുടെ പ്രതിഷേധത്തോട് സർക്കാർ വളരെയധികം ആദരവ് പ്രകടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു’ -അവർ പറഞ്ഞു.
അതേസമയം കേരളത്തിൽ നിന്നുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ അനുഭവത്തെ ബാഷലെറ്റ് അഭിനന്ദിച്ചു. ‘ഉദ്യോഗസ്ഥരും സിവിൽ സൊസൈറ്റി സംഘടനകളും കമ്മ്യൂണിറ്റി നേതാക്കളും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആവശ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതായും’ അവർ പറഞ്ഞു.
ഓണ്‍ലൈന്‍ റമ്മിയ്ക്ക് കേരളത്തില്‍ നിരോധനം. ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഗെയിമിങ് ആക്ട് ഓണ്‍ലൈന്‍ റമ്മിയെ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമവകുപ്പിന്‍റെ നടപടി. ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഇസ്റോയുടെ ഈ വർഷത്തെ ആദ്യത്തെ പിഎസ്എൽവി വിക്ഷേപണം ഞായറാഴ്ച നടക്കും. ഫെബ്രുവരി 28 ന് വിക്ഷേപിക്കുന്ന പിഎസ്‌എൽവി-സി 51 ന്റെ കൗണ്ട്ഡൗൺ തുടങ്ങി. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്‌എൽവി-സി 51) റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ -1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയിൽ നിന്ന് ഞായറാഴ്ച രാവില 10.24 നാണ് വിക്ഷേപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് എന്നിവയാണ് വിക്ഷേപണത്തിലെ ശ്രദ്ധേയമായ ചില വശങ്ങൾ. മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. ഇതെല്ലാം സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ (ഇസ്‌റോ) ചെയർപേഴ്‌സൺ ഡോ. കെ. ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ. ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും- ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ–പവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.
കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എബിപി ന്യൂസ്–സിവോട്ടർ സർവേ റിപ്പോർട്ട്. 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി സർക്കാർ ഭരണത്തുടർച്ച നേടുമെന്നാണ് സർവേ പ്രവചനം. യുഡിഎഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിക്കുമെന്നും ബിജെപി രണ്ട് സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സർവേ പ്രവചനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചുവരുമെന്നും സർവേ പ്രവചിക്കുന്നു. 154–162 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58–66 സീറ്റുകൾ ലഭിക്കുമെന്നും കമലിന്റെ മക്കൾ നീതി മയ്യം 2–6 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. അസമിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് റിപ്പോർട്ട്.
മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ ആഗോള ഭീഷണിയായി ഫെർട്ടിലിറ്റി പ്രതസന്ധി മാറുമെന്ന് പുസ്തകത്തിൽ പറയുന്നു.
ഇതിന്റെ പ്രധാന കാരണം നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങാളാണ്. ഇവ മനുഷ്യജീവന് തന്നെ ഭീഷണിയാകും. 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു.
ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണത്തെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവ മനുഷ്യനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളാക്കും. ഗർഭം അലസൽ നിരക്ക് വർദ്ധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു.
മെട്രിസ് ഫിലിപ്പ്
കല്ലും മണ്ണും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ, ഭാരം നിറഞ്ഞ കുരിശും ചുമന്നുകൊണ്ട്, അങ്ങ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ടു നിൽക്കുന്ന യേശുനാഥന്റെ, യാത്രയുടെ അനുസ്മരണത്തിന്റെ നാളുകൾ ആണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പീലാത്തോസിന്റെ അരമനയിൽ, കുറ്റം ചെയ്യാത്തവൻ, കുറ്റക്കാരനായി, നിൽക്കുമ്പോൾ, യേശുനാഥന്റെ മനസ്സിൽ, നിറഞ്ഞുനിൽക്കുന്ന, നൊമ്പരം എത്ര വലുതായിരിക്കും. ഗെത് സമേൻ തോട്ടത്തിൽ ഇരുന്നുകൊണ്ട്, പിതാവേ കഴിയുമെങ്കിൽ, ഈ പാനപാത്രം, എന്നിൽ നിന്നും അകറ്റണമേ എന്ന് പ്രാർത്ഥിക്കുന്നതും, എങ്കിലും എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടേ, എന്നും പറയുന്ന യേശുനാഥൻ, തന്റെ പീഡാനുഭവും ഉദ്ധാനവും മുന്നേ പ്രവചിച്ചിരുന്നു. വി. ബൈബിളിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖൻമാർ, നിയമജ്ഞർ, എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (Luke 9:22).
“മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു” (Luke 9:44).
എന്റെ ജെറുസലേം യാത്രയിൽ, പീലാത്തോസിന്റെ അരമനക്കുള്ളിൽ, ഉള്ള തടവറകൾ കാണുവാൻ സാധിച്ചിരുന്നു. അതിൽ, ഏറ്റവും ആഴത്തിൽ ഉള്ള ഒരു ഇടുങ്ങിയ തടവറക്കുള്ളിലേയ്ക്ക് യൂദൻമാർ, കൈകളിൽ കയർ കെട്ടി, ഒരു കൊടും കുറ്റവാളിയെ പോലെ യേശുവിനെ ഇറക്കികിടത്തിയിരുന്നു. കണ്ണീരും, രക്തവും പറ്റിപിടിച്ച ആ തടവറയ്ക്കുള്ളിൽ, നിൽക്കുമ്പോൾ, ഓരോ വിശ്വാസികളും സ്വയം ഉരുകിതീരുന്ന നൊമ്പരം അനുഭവിക്കും.
പിറ്റേന്ന് രാവിലെ മുതൽ വിചാരണ തുടങ്ങി. പീലാത്തോസ്, അവനിൽ കുറ്റം ഒന്നും കാണുന്നില്ല. ഓശാന നാളിൽ സൈത്തിൻ കൊമ്പുകളും വീശി, ദാവീദിന്റെ പുത്രന് ഓശാന ഓശാന എന്ന് ആർത്തുവിളിച്ചു എതിരേറ്റവരും ഇന്ന് തള്ളിപറഞ്ഞു കഴിഞ്ഞു. അന്നത്തെ കൊടും കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ കുരിശു മരണം ആണ്. കുറ്റം ചെയ്തവരെ മാത്രം,ശിക്ഷ വിധിക്കുന്ന, പീലാത്തോസ് അവസാനം കുറ്റം ചെയ്യാത്ത യേശുവിനെ കുരിശ് മരണത്തിനുള്ള വിധിവാചകം ഉച്ചരിച്ചു.
ഭാരമുള്ള കുരിശ് ചുമന്നുകൊണ്ടുള്ള, യാത്ര ആരംഭിക്കുന്നതിന് മുന്നേയും ശേഷവും അതിക്രൂരമായ പീഡനങ്ങൾ ആണ് യേശുവിന് ലഭിച്ചത്. തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നവർ ആരുമില്ല, ഏറ്റവും വിശ്വസ്ഥനായ, പത്രോസ് വരെ തള്ളിപറഞ്ഞു. കോഴി കൂവുന്നതിന് മുന്നേ നീ മൂന്ന് പ്രാവശ്യം എന്നെ തള്ളിപറയും എന്ന് നേരത്തേ പ്രവചിച്ച യേശുവിനെകുറിച്ച് പത്രോസ് അപ്പോൾ ഓർത്തു കരഞ്ഞു. ജെറുസലേം ദേവാലയം കല്ലിൻ മേൽ കല്ലിലാതെ നശിക്കുകയും മൂന്ന് ദിവസം കൊണ്ട് പുനരുദ്ധരിക്കും എന്ന് പറഞ്ഞ യേശു. ലോകപാപങ്ങൾക്ക് പരിഹാരമായി, കുരിശുമരണം സ്വയം ഏറ്റെടുത്ത യേശുവിന് വേണ്ടി നമുക്കും കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാം.
പതിനാല് സ്ഥലങ്ങൾ കടന്ന് പോയി വേണം, കാൽവരിയിലെ, ഗാഗുൽത്താമലയിലേയ്ക്കുള്ള അവസാനയാത്ര എത്തി ചേരാൻ. ഓരോ സ്ഥലങ്ങളിലും ഓരോ സംഭവങ്ങൾ നടക്കുന്നു. ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്ന ഒന്നാം സ്ഥലം മുതൽ, കുരിശു ചുമക്കുന്നു, കല്ലുകൾ നിറഞ്ഞ വഴിയും, ഭാരമുള്ള കുരിശും, വിറക്കുന്ന കാലുകളും കൊണ്ട് മൂന്ന് പ്രാവശ്യം യേശു വീഴുന്നതും, തന്റെ മാതാവിനെ വഴിയിൽ വെച്ചു കണ്ടപ്പോൾ ഉണ്ടായ വേദന ഹൃദയം തകർക്കുന്നതായിരുന്നു.
കുരിശു യാത്ര മുന്നോട്ട് പോകുംതോറും, യേശു തളർന്നു കൊണ്ടിരുന്നു. അപ്പോൾ, ശിമയോൻ എന്നൊരാൾ വയലിൽ നിന്ന് വരുന്നതും, യേശുവിന്റെ കുരിശു ചുമക്കുവാൻ, പട്ടാളക്കാർ നിർബന്ധിക്കുകയും ചെയ്യുന്നു. യാത്ര മുന്നോട്ട് പോകുന്ന വഴിയിൽ വച്ച് , ഭക്തയായ വെറോണിക്കയ്‌ക്ക് മിശിഹായുടെ തിരുമുഖം തുടയ്ക്കുവാൻ ഭാഗ്യമുണ്ടായി.
ജെറുസലേം പഴയ പട്ടണത്തിന് ചുറ്റിലും, വലിയ കോട്ട മതിൽ പണിതിട്ടുണ്ട്. ഇതിനുള്ളിലൂടെയാണ്, യേശുവിന്റെ കുരിശു ചുമന്നുകൊണ്ടുള്ള അവസാന യാത്ര. ഈ കോട്ടയ്ക്കുള്ളിൽ, നിരവധി ചെറിയ ചെറിയ തെരുവുകൾ ഉണ്ട്. യേശു ഈ വഴികളിലൂടെ, സഞ്ചരിക്കാറുണ്ടായിരുന്നു. അതിനാൽ, അവിടെയുള്ള സ്ത്രീ ജനങ്ങൾ ഉൾപ്പടെയുള്ള ആളുകൾക്ക്, യേശുവിനെ അറിയാം. വലിയ ആരവങ്ങളോടു കൂടി പോകുന്ന, കുരിശു യാത്ര, എന്തെന്ന് കാണുവാൻ സ്ത്രീകൾ ഓടി എത്തി, തങ്ങൾക്ക് പരിചിതനായ യേശുവിനെ കണ്ടപ്പോൾ അവർ വാവിട്ട് കരഞ്ഞു. എന്നാൽ യേശു അവരെ ആശ്വസിപ്പിക്കുന്നു.
ആ യാത്ര കാൽവരികുന്നിൻ മുകളിൽ എത്തി ചേർന്നു, തുടർന്ന് യൂദന്മാർ യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു നീക്കി, മീറ കലർത്തിയ വീഞ്ഞു കുടിക്കാൻ കൊടുത്തു. അവശനായ യേശുവിനെ, കുരിശിൽ പിടിച്ചു കിടത്തി, കൈകളിൽ, ആണികൾ അടിച്ച ശേഷം, രണ്ട് കള്ളൻമാരുടെ നടുവിൽ, കുരിശിൽ തറച്ചു. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജീവൻ വെടിഞ്ഞു. അപ്പോൾ ഭൂമിയിളകി, ഭൂമി അന്ധകാരമായി തീർന്നു. യേശു നീതിമാൻ ആയിരുന്നു എന്ന് ഇതെല്ലം കണ്ടപ്പോൾ ഒരു ശതാധിപൻ വിളിച്ചുപറഞ്ഞു.
ലോകത്തിന് പുതിയ ഒരു വെളിച്ചം പകർന്നു നൽകാൻ, കാലിതൊഴുത്തിൽ പിറന്നുവീണ ആ ഉണ്ണി യേശുവിനെ വളർത്തി വലുതാക്കിയ, മാതാവിന്റെ മടിയിൽ, മരിച്ചു കിടക്കുന്ന, തന്റെ പ്രീയ പുത്രന് അന്ത്യചുംബനം നൽകുമ്പോൾ, ഒരു പട്ടാളക്കാരൻ, കുന്തം കൊണ്ട് കുത്തിയ വിലാപ്പുറത്തു നിന്ന് രക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
പീലാത്തോസിന്റെ അനുവാദത്തോടെ, പുതിയതായുള്ള, ഒരു കല്ലറയിൽ, പരിമള ദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ്, ലോകത്തിന്റെ മുൻപിൽ, ഒരു പുതിയ അധ്യായം തുറന്നു കാട്ടുകയായിരുന്നു യേശു നാഥൻ.
ഈ നോമ്പുകാലം, ഓരോ വിശ്വവാസികൾക്കും പരിവർത്തനത്തിന്റെയും, ചെയ്തുപോയ പാപങ്ങൾക്കുള്ള പരിഹാരമായി, ഈ കുരിശിന്റെ വഴി നമുക്ക് ഉപകാരപ്പെടണം. ഓരോ പ്രാവശ്യവും, നമുക്ക്, യേശു അനുഭവിച്ച, വേദനയുടെ, ചെറിയ അളവ് നമുക്കും അനുഭവിക്കാൻ സാധിച്ചെങ്കിൽ, ഈ നോമ്പുകാലം, ഏറ്റവും വിജയകരമായിരിക്കും…
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ശ്രീദേവി. അഞ്ചു ദശാബ്ദത്തോളമാണ് ശ്രീദേവി തിളങ്ങിയത്. 1967ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാല താരമായി അരങ്ങേറ്റം. 1967ല്‍ കെ .ബാലചന്ദര്‍ സംവിധാനം ചെയ്ത കമലഹാസന്‍ ചിത്രം മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെ നായികയായി. തമിഴ്, തെലുങ്ക്, ഹിന്ദി, ഉര്‍ദു, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. മരിക്കുമ്പോള്‍ 54 വയസായിരുന്നു.
അമിതാഭ് ബച്ചനും ഖാന്മാരും കപൂര്‍മാരുമൊക്കെ അടക്കിവാണ ബോളിവുഡിനെയാണ് ശ്രീദേവി കീഴടക്കിയത്. ആ പേര് മാത്രം മതിയായിരുന്നു ഒരു ചിത്രം സൂപ്പര്‍ ഹിറ്റാകാന്‍. സൗന്ദര്യം, നൃത്തം, അഭിനയം എല്ലാം ഒത്തുചേര്‍ന്ന അപൂര്‍വ പ്രതിഭ, ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാള്‍. സിനിമകളിലെയും സ്റ്റേജ് ഷോകളിലെയും ശ്രീദേവിയുടെ നൃത്തച്ചുവടുകള്‍ പലര്‍ക്കും അമ്പരപ്പാണ് സമ്മാനിച്ചത്. താരം മണ്‍മറഞ്ഞ് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ആ നൃത്തച്ചുവടുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. പഴയ വീഡിയോകള്‍ വീണ്ടും വൈറലാവുകയാണ്.
2013ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ് (ഐഐഎഫ്എ) വേദിയില്‍ പ്രഭുദേവക്കൊപ്പം ശ്രീദേവി ചെയ്ത ഡാന്‍സ് വീഡിയോയാണ് വീണ്ടും വൈറലായിരിക്കുന്നത്. ശ്രീദേവിയുടെ ചരമവാര്‍ഷികദിനത്തില്‍ ഐഐഎഫ്എയുടെ ഫേസ്ബുക്ക് പേജിലാണ് പഴയ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം 8.8 ലക്ഷത്തോളം പേരാണ് വീഡിയോക്ക് പ്രതികരണം രേഖപ്പെടുത്തിയത്. 4500 പേര്‍ കമന്റുകള്‍ അറിയിച്ചു. 46,000ലധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു.
നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ സർക്കാർ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ബോക്കോ ഹറാം ഇസ്ലാമിക ഭീകര സംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്.
ജാംഗ്ബെ പട്ടണത്തിലെ ഗവൺമെന്റ് ഗേൾസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അർധരാത്രി ഒരു മണിക്കാണ് നൂറിലധികം ആയുധധാരികൾ എത്തിയതെന്ന് അധ്യാപകർ പറഞ്ഞു.
ചില അക്രമികൾ സ്കൂളിലെ സെക്യൂരിറ്റി ഗാർഡുകളുടെ വേഷമാണു ധരിച്ചിരുന്നത്.
അക്രമികൾ എത്തിയത് പിക്അപ് വാഹനങ്ങളിലാണെന്നും അതല്ല, കാൽനട ആയിട്ടാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്.
ഇന്നലെ രാവിലെ സംഭവമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കൾ സമീപത്തെ വനങ്ങളിൽ തെരച്ചിൽ തുടങ്ങി.
മോചനദ്രവ്യത്തിനായി വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നതു നൈജീരിയയിൽ പതിവു സംഭവമാണ്. 2017ൽ ബോക്കോ ഹറാം തീവ്രവാദികൾ ചിബോക്കിലെ സ്കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത് വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ കങ്കാറയിൽനിന്നു മുന്നൂറിലധികം ആൺകുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയെങ്കിലും ചർച്ചകൾക്കൊടുവിൽ വിട്ടയച്ചു.
കഴിഞ്ഞയാഴ്ച നൈജർ സംസ്ഥാനത്തെ ബോർഡിംഗ് സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 27 വിദ്യാർഥികൾ അടക്കം 42 പേരുടെ മോചനം സാധ്യമായിട്ടില്ല.
നോബി ജെയിംസ്
പാല് തിളപ്പിച്ച് അതിൽ നാരങ്ങാ നീര് ഒഴിച്ചു തിളപ്പിച്ച് ഇളക്കി വീഡിയോയിൽ കാണുന്നപോലെ പിരിഞ്ഞു വരുമ്പോൾ നേർത്ത തുണിയിൽ അരിച്ചു ആ തുണി പിരിച്ചു മുറുക്കി അതിനു മുകളിൽ വെയിറ്റ് വച്ചു വെള്ളം പോയതിനു ശേഷം എടുത്താൽ പനീർ അല്ലങ്കിൽ കോട്ടേജ് ചീസ് റെഡി
അതിനു ശേഷം കബാബ് ഇങ്ങനെ ഉണ്ടാക്കുന്നു എന്നു നോക്കാം
പനീർ കബാബ്
500 ഗ്രാം പനീർ ക്യൂബ് ആയി
2 നിറത്തിലുള്ള ക്യാപ്‌സിക്കം ക്യൂബ് ആയി
1 സവോളക്യൂബ് ആയി
ഇനി പറയുന്ന എല്ലാ സാധനങ്ങളും ഒന്നിച്ചു അരച്ച് മസാല ഉണ്ടാക്കാം
1/2 ടീസ്പൂൺ ജീരകം
1 പച്ച മുളക്
1 ടീസ്പൂൺ ചാറ്റ് മസാല
1 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ ഗരം മസാല
1 ടീസ്പൂൺ പാപ്രിക അല്ലങ്കിൽ കാശ്മീരി മുളകുപൊടി
50 ഗ്രാം ഇഞ്ചി
50 ഗ്രാം വെളുത്തുള്ളി
1 നാരങ്ങാ നീര്
2 ടേബിൾസ്പൂൺ തൈര്
അല്പം മല്ലിയില
അല്പം എണ്ണ ഇവ മിക്സിയിൽ ഇട്ടു അരച്ച് പനീറിൽ മസാല തിരുമി ഒരുമണിക്കൂർ വച്ചതിനു ശേഷം വീഡിയോയിൽ കാണുന്നതുപോലെ കബാബ് സ്റ്റിക്കിൽ കുത്തി അറേഞ്ച് ചെയ്തു കുറച്ചു നേരം കൂടി വച്ചതിനു ശേഷം ഓവനിലെ ഗ്രിൽ ഓൺ ചെയ്തു ആദ്യ ഒരു വശം 20 മിനിറ്റും തിരിച്ചിട്ടു മറുവശവും കളർ ആക്കി നാൻ ബ്രെഡിന്റെയോ ചപ്പാത്തിയുടെയോ പൊറോട്ടയുടെ കൂടെയോ കഴിക്കാം കൂടെ ഗാർലിക് സോസും അല്ലങ്കിൽ മിന്റ് കോറിയാണ്ടെർ ചട്ണിയും കൂടി ഉണ്ടങ്കിൽ സൂപ്പർ.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി
“ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷന് ഒരു ലെറ്റർ പാഡും രസീത് ബുക്കും സംഘടിപ്പിക്കണം.”ജോർജ് കുട്ടി പറഞ്ഞു. ഞാൻ കേട്ടതായി ഭാവിച്ചതേയില്ല.
“ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ?”ജോർജ് കുട്ടി വീണ്ടും എന്നോട് ചോദിച്ചു.
“കേട്ടു,പക്ഷെ,അത് സെക്രട്ടറിയും ട്രഷററും കൂടി ചെയ്യേണ്ട ജോലിയാണ്. ഞാൻ പ്രസിഡണ്ട്, അതായത് താൻ പറഞ്ഞിരുന്നതു പോലെ എവിടെ ഒപ്പിടണം എന്ന് പറഞ്ഞാൽ ഒപ്പ് ഇടും.”
അടവ് ഫലിക്കുന്നില്ല എന്ന് ജോർജ് കുട്ടിക്ക് മനസ്സിലായി. വൈകുന്നേരം ജോർജ് കുട്ടി കോൺട്രാക്ടർ രാജനെ കണ്ടപ്പോൾ പറഞ്ഞു,”എനിക്ക് ട്രഷറർ ജോലിയും സെക്രട്ടറി ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ഞാൻ വളരെ തിരക്കിലാന്ന്. അതു കൊണ്ട് താൻ ട്രഷറർ ആയിക്കോ.”
രാജൻ കേട്ടപാടെ സമ്മതിച്ചു.
“നമ്മൾക്ക് ലെറ്റർ ഹെഡ് അടിപ്പിക്കണം, രസീത് ബുക്ക് വേണം അതെല്ലാം തയ്യാറാക്കാൻ ഞാൻ ട്രഷററെ ഏൽപ്പിക്കുന്നു.”
രാജൻ പറഞ്ഞു ,”ശരി,ഒരു ഇരുനൂറ്റമ്പത് രൂപ വേണം,ഇപ്പോൾ എൻ്റെ കയ്യിൽ കാശില്ല. ഞാൻ ഒരു കോൺട്രാക്ട് കൊടുത്തിട്ടുണ്ട്. കിട്ടിയാൽ പിന്നെ പ്രശ്നമില്ല.”
ജോർജ് കുട്ടി എന്നെ നോക്കി. ഞാൻ സൂര്യൻ അസ്തമിക്കുന്നതും നോക്കി നിൽക്കുകയാണ്. അതുകൊണ്ട് അവർ പറയുന്നത് ഒന്നും കേൾക്കുന്നില്ല.
ജോർജ് കുട്ടി പറഞ്ഞു.”എന്നാൽ കോൺട്രാക്ട് കിട്ടിയിട്ട് പ്രിൻറ് ചെയ്യിച്ചാൽ മതി. എവിടെയാണ് കോൺട്രാക്ട് എടുത്തിരിക്കുന്നത്?എത്ര ലക്ഷം വരും?”
“ഇവിടെ ഒരു ഗൗഡയുടെയാണ് വർക്ക്. അവരുടെ പട്ടിക്കൂടിന് ഒരു വാതിൽ ഫിറ്റു ചെയ്യണം. ഇരുനൂറ്റമ്പത് രൂപ ചോദിച്ചിട്ടുണ്ട്. നൂറ്റമ്പത് അയാളും പറയുന്നു. നടന്നാൽ ഭാഗ്യം.”രാജൻ പറഞ്ഞു.
” ആരു നടക്കുന്ന കാര്യമാ പറയുന്നത്? കൂട്ടിൽ കിടക്കുന്ന പട്ടി എങ്ങോട്ട് നടക്കും.?”
“പട്ടിയും ഗൗഡയും നടക്കുന്ന കാര്യമല്ല, കോൺട്രാക്റ്റ് നടക്കുമോ എന്നാണ് പറഞ്ഞത്. “രാജൻ വിശദീകരിച്ചു.
പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയാണെങ്കിലും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. രാജൻ കോൺട്രാക്ടറെക്കൊണ്ട് കാര്യം നടക്കില്ല എന്നുറപ്പായി. രസീത് ബുക്കില്ലാതെ എങ്ങനെ പിരിവിന് ഇറങ്ങും?പിരിച്ചില്ലെങ്കിൽ എങ്ങനെ ഓണം നടത്തും?
ഓണം ഇല്ലെങ്കിൽ എങ്ങനെ കലാപരിപാടികൾ നടത്തും?
ആരെയെങ്കിലും വീഴ്ത്തണം.”ശരി,നമുക്ക് ആലോചിക്കാം”, എന്ന് പറഞ്ഞു ജോർജ് കുട്ടി നടന്നു. ഞങ്ങൾ ബ്രദേഴ്‌സ് ബേക്കറിയുടെ മുൻപിൽകൂടി സി .എസ്സ്.ഐ.ചർച്ചിൻ്റെ അടുത്തേക്ക് പോകുമ്പോൾ ബിഷപ്പ് ദിനകരൻ ഒരു കീറിയ ജീൻസും ഒരു ടീ ഷർട്ടും ധരിച്ച് അവിടെ നിന്നു പ്രസംഗിക്കുന്നു.
“ഈശ്വരനെ തേടി ഞാൻ നടന്നു,അവിടെയുമില്ല ഈശ്വരൻ, എവിടെയുമില്ല ഈശ്വരൻ, അവസാനം ഞാൻ എന്നിലേക്ക് തിരിഞ്ഞു.”ദിനകരൻ കത്തി കയറുകയാണ്. ഒരു അൻപതുപേരോളം കേൾവിക്കാരായുണ്ട് .
“ഇത് കലാഭവനിലെ ആബേലച്ചൻ എഴുതിയ പാട്ടല്ലേ? ഇതെങ്ങനെ തമിഴൻ ദിനകരൻ പ്രസംഗത്തിന് ഉപയോഗിക്കുന്നു?”
,”ഇന്നലെ ദിനകരൻ പള്ളിയിൽ പ്രസംഗത്തിന് ഒരു പ്രസംഗം എഴുതി തരണമെന്ന് പറഞ്ഞു,ഞാൻ എഴുതിക്കൊടുത്തതാ.”
“കൊള്ളാം,നല്ല ബിഷപ്പ് തന്നെ. ഭാഗ്യമില്ലാത്ത ബിഷപ്പ്. “ഞാൻ പറഞ്ഞു.
“തലവര ,എങ്ങനെ ജീവിക്കേണ്ടതാണ്. ഒരു തൊപ്പിയൊക്കെ വച്ച് നല്ല പള പള മിന്നുന്ന കുപ്പായം ഒക്കെ ഇട്ട് ചെത്തി നടക്കാൻ ഭാഗ്യം ഇല്ലാതെ പോയി.”
ഞാൻ പറഞ്ഞു, “എപ്പോഴാ ഭാഗ്യം വരിക എന്ന് ആര് അറിഞ്ഞു ?”
“ശരിയാ .നാട്ടിൽ പോയി താറാവ് വളർത്തിയാലോ എന്ന് പുള്ളിക്കാരന് ഒരഭിപ്രായം ഉണ്ട്. കാശുള്ള ബിഷപ്പ് ആകാൻ അരോ ഉപദേശിച്ചു കൊടുത്ത വഴിയാണ്.”
കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു പ്രസംഗം കേട്ടു. ജോർജ്കുട്ടി പറഞ്ഞു “ഇങ്ങനെ നിന്നാൽ പറ്റില്ല. ഓണം നടത്തേണ്ടതാണ്. എങ്ങിനെയെങ്കിലും ഫണ്ട് പിരിവ് തുടങ്ങണം. നമുക്ക് തൽക്കാലം കാഥികൻ രാധാകൃഷ്ണനെ വീഴ്ത്തി നോക്കാം.”
“നമുക്ക്? ഞാനില്ല.”
“തന്നെ കാണുമ്പോഴേ അറിയാം, ഒരു അരസികൻ ആണെന്ന്. ഓണം ആഘോഷിക്കേണ്ട, എന്നു പറയുന്ന ആദ്യത്തെ മറുനാടൻ മലയാളിയാണ് താൻ.”
“ഹേയ്, ഓണം വേണം. അതിന് എവിടെ ഒപ്പ് ഇടണം എന്നു പറഞ്ഞാൽ മതി.”
“കോമഡി കള. ഒരു പുതിയ പാർട്ടി വന്നിട്ടുണ്ട്. നമുക്ക് ഒന്നു ചാക്കിട്ടു നോക്കാം.. ഒരു ജോർജ് വർഗ്ഗീസ്. ”
ഇതെല്ലാം എങ്ങിനെ കണ്ടു പിടിക്കുന്നു എന്നായി എൻ്റെ സംശയം.
“ഇനി ജോർജ് വർഗീസിനെ കണ്ടുപിടിക്കണം”
“.അയാൾ എവിടെ കാണും?”
“മിക്കവാറും കോശിയുടെ ശ്രീവിനായക ബാറിൽ കാണും.”
തേടിച്ചെന്നു. ആവശ്യക്കാരന് ഔചിത്യമില്ല. ഞങ്ങളുടെ പ്ലാനും പദ്ധതികളും എല്ലാം യാതൊരു ചോദ്യവുമില്ലാതെ കേട്ട് നിശബ്ദനായി ഇരുന്നു ജോർജ് വർഗീസ്. അവസാനം ഒരു ചോദ്യം.”തന്റെ പേര് എന്താ?”
“ജോർജ് കുട്ടി.”
“ദൃശ്യത്തിലെ ജോർജ് കുട്ടിയെ താൻ തോൽപ്പിക്കും അടവുകളുടെ കാര്യത്തിൽ. ഒന്ന് പോ മോനെ ദിനേശാ”.
ഒന്നും മിണ്ടാതെ അല്പസമയം നിന്നിട്ട് ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട. പക്ഷെ ഓണത്തിന് വരണം. പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ശബ്ദം നല്ലതായിരുന്നു. പക്ഷെ താൽപര്യമില്ലെങ്കിൽ എന്ത് ചെയ്യാനാണ്?ഓണത്തിന് ഏതായാലും വരണം.”
ജോർജ് കുട്ടി നടന്നു. പിറകെ ഞാനും. പുറകിൽ നിന്നും വിളിക്കുന്നു ,ജോർജ് വർഗീസ്.
“ജോർജ് കുട്ടി നിൽക്കൂ,കാശ് ഞാൻ തരാം. അപ്പോൾ അനൗൺസ്‌മെൻറ് മോഡറേഷൻ എല്ലാം ഞാൻ, ഓക്കേ?”
ഇരുന്നൂറ് രൂപ ജോർജ് വർഗ്ഗീസ് പോക്കറ്റിൽ നിന്നും എടുത്ത് ജോർജ് കുട്ടിക്ക് കൊടുത്തു.
വാങ്ങി താങ്ക്സ് പറഞ്ഞു നടക്കുമ്പോൾ അയാൾ വീണ്ടും വിളിച്ചു, ഞങ്ങൾ തിരിഞ്ഞു നിന്നു .”ഒരു കാര്യം ഉറപ്പായി, ദൃശ്യം 2 ഇറങ്ങും,ഉറപ്പാ. ഒന്ന് പരിശ്രമിച്ചു നോക്ക്,തനിക്കുപറ്റിയ റോൾ കാണും.”
അയാൾ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.
(തുടരും)