Latest News

ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു ഡോണൾഡ് ട്രംപ് വീണ്ടും പൊതുവേദിയിൽ. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി.

ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു.

ജനുവരി 6ലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊൺസാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉൾപ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻപ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ജൂൺ 30ന് യുഎസ്–മെക്സിക്കോ അതിർത്തി സന്ദർശിക്കും. ജൂലൈ 3നു ഫ്ലോറി‍‍ഡയിലാണു റാലി.

അതിനിടെ യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ട്രംപ് വിഡിയോ പ്ലാറ്റ്ഫോമായ ‘റംബിളി’ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഒഹായോയിലെ ട്രംപ് റാലി റംബിളിൽ തത്സമയം കാണിച്ചിരുന്നു.

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ക്രിമിയയുടെ തീരത്തുകൂടി യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡര്‍ കടന്നുപോയതിനോടുള്ള റഷ്യന്‍ പ്രതികരണമാണ് രേഖകളില്‍ ഒന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേതൃത്വത്തിലുള്ള നാറ്റോയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ യുകെയുടെ സൈനിക സാന്നിധ്യത്തിനുള്ള പദ്ധതികളാണ് മറ്റൊന്നിലുള്ളത്.

ആയുധങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികളുമായി ബ്രിട്ടന് മത്സരമുള്ള മേഖലകളെക്കുറിച്ചുള്ള തന്ത്രപരമായ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ആദ്യ മാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തിങ്കളാഴ്ചത്തെ യുകെ-യുഎസ് പ്രതിരോധ സംഭാഷണത്തിന്റെ സംക്ഷിപ്ത കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ബസ് സ്റ്റോപ്പിന് പിന്നില്‍ നിന്ന് 50 പേജുള്ള രേഖകള്‍ കണ്ടെടുത്തത്. രേഖകളുടെ പ്രധാന്യം മനസിലാക്കിയ അയാള്‍ ഇക്കാര്യം ബിബിസിയെ അറിയിക്കുകയായിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ഒരു പ്രതിരോധ മന്ത്രാലയ വക്താവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് അന്വേഷണം ആരംഭിച്ചതിനാല്‍ കൂടുതല്‍ അഭിപ്രായം പറയാൻ കഴിയില്ലെന്നായിരുന്നു.

കേന്ദ്രസർക്കാറുമായി നിരന്തരം കൊമ്പുകോർക്കുന്ന ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യൻ ഭൂപടം തെറ്റായി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ നടപടിയെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.

എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമായ ജമ്മുകശ്മീരും ലഡാക്കും ട്വിറ്ററിൻറെ ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്താത്തത് എന്നതിൽ ട്വിറ്ററിൻറെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

‘ട്വീപ്പ് ലൈഫ്’ വിഭാഗത്തിലാണ് കശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഭൂപടത്തിനെതിരെ രൂക്ഷവിമർശനമാണ് ഉപയോക്താക്കളിൽനിന്ന് ഉയരുന്നത്.

പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ, ഭൂപട വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.

അതേസമയം ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസ‌റായി കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ വേണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നി‌ർദേശം നിലനിൽക്കുമ്പോഴാണ് ട്വിറ്ററിന്റെ ഈ നീക്കം.

കേന്ദ്രവുമായി കൊമ്പുകോർക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പ് നിയമിതനായ ധർമേന്ദ്ര ചതുർ കഴിഞ്ഞദിവസം രാജിവെച്ച ഒഴിവിലാണ് നിയമനം.

തിങ്കളാഴ്ച രാവിലെയാണ് കെസ്സെലിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ട്വിറ്റർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ളയാളാണ് കെസ്സെൽ. ഇന്ത്യയിൽ നിന്നുള്ള പരാതികൾക്കായുള്ള ഇമെയിൽ കെസ്സെലിന് നൽകി.

മേയ് 25നാണ് പുതിയ ഐ ടി നിയമം നിലവിൽ വന്നത്. പരാതി പരിഹാര ഓഫീസർ, കംപ്ളയൻസ് ഓഫീസ‌ർ, നോഡൽ ഓഫീസർ എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യക്കാരെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിയമങ്ങൾ. എന്നാൽ ഇവ അനുസരിക്കാൻ ട്വിറ്റർ ഇതു വരെ സന്നദ്ധത കാണിച്ചിട്ടില്ല.

കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോകേനാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച് നടി കങ്കണ റണാവത്. വിരമിക്കുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം. ഈ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം.

കേരള മോഡല്‍ എന്ന കാപ്ക്ഷനോടെയാണ് താരം സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

 

കേരളത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ കൂടുതലാണ്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് ലക്ഷ്യം. ഇതൊക്കെ പോലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുണ്ട്. ദിവസവും വിവരങ്ങളുടെ വന്‍ ശേഖരമാണ് വിശകലനം ചെയ്യുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി, കേന്ദ്ര ഏജന്‍സികള്‍ എന്നിവയുമായി യോജിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ളവരെ നിര്‍വീര്യമാക്കാന്‍ സംസ്ഥാന പോലീസിന് കഴിവുണ്ട് എന്നാണ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.

മെട്രിസ് ഫിലിപ്പ്

എല്ലാവർക്കും, എല്ലാവരേയും “miss” ആയിമാറിയിരിക്കുന്ന ലോകത്തിന്റെ പുതിയ ഒരു അവസ്ഥ. ഈ കൊറോണകാലത്ത് ഏറ്റവും അധികമായി ഉപയോഗിക്കുന്ന ഒരു പദം miss തന്നെ. നാട്ടിലും മറുനാട്ടിലും ഉള്ളവർക്ക് പരസ്പരം കണ്ട്, സ്നേഹം പങ്ക് വെയ്ക്കാൻ സാധിക്കുന്നില്ലാത്ത ഒരുനശിച്ച കാലം. മക്കൾ, മാതാപിതാക്കളെയും, കുടുംബാംഗങ്ങളെയും, നാടിനെയും നാട്ടുകാരെയും കാണുവാൻ സാധിക്കാതെ, വിഷമിച്ചിരിക്കുന്നു.

കേരളത്തിൽ നിന്നുമാണ് ഏറ്റവും അധികമായി പ്രവാസികൾ ഉള്ളത്. ഓരോ വർഷവും ഈ പ്രവാസികൾ കേരളത്തിൽ വന്ന് പൊയ്കൊണ്ടിരുന്നിരുന്നു. ഒരു മാസത്തെ ഹോളിഡേ അവർ അടിച്ചുപൊളിച്ചു സന്തോഷിച്ചു തിരിച്ചു പോയിരുന്നു. ആ സന്തോഷദിനങ്ങൾ എല്ലാം ഇല്ലാതെ ആയിട്ട് രണ്ട് വർഷങ്ങൾ. ഓരോ പ്രവാസിയും ഓരോ അവധിക്കും, മാനസിക ഉല്ലാസത്തിന് വേണ്ടി, ടൂർ, റിസോർട്ട് സ്റ്റേ, എന്നിവിടങ്ങളിൽ എല്ലാം പോവുകയും താമസിക്കുകയും ചെയ്തിരുന്നു.

റിലേറ്റീവ്‌സിൻെറ വിവാഹം, മറ്റ് ആഘോഷങ്ങൾ, തിരുനാളുകൾ എല്ലാം miss ആയിരിക്കുന്നു. സ്വന്തം ആളുകളുടെ, മൃത സംസ്കാരശുശ്രുഷകളിൽ പങ്കെടുക്കാൻ സാധിക്കാതെ, കരഞ്ഞിരിക്കുന്ന, എത്രയോ പ്രവാസികൾ. സ്വന്തമായുള്ളവർ മരണപെട്ടാൽ, കമന്റ് ഇടുന്നതും ‘miss you dear’ എന്നല്ലേ.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ കരുതുന്ന, കേരളത്തിൽ, എന്തെല്ലാം പ്രോബ്ലെംസ്, ഇപ്പോൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഓരോരുത്തർക്കും, സ്വന്തം ഗ്രാമമെന്നത്, ഒരു വികാരം ആണ്. ഗ്രാമത്തിൽ ഉള്ള ചെറിയ കവലകളിൽ പോയി, ഒരു ചായ കുടിച്ചു സൊറപറഞ്ഞിരിക്കുന്നത് miss ആകുന്നില്ലേ സുഹൃത്തേ. സ്വന്തം ഇടവക പള്ളിയിൽ പോയി, വി. കുർബാനയിൽ പങ്കെടുക്കുവാനും, തുടർന്ന്, ആ പള്ളിമുറ്റത്ത്, നിന്ന്, കൂട്ടുകാരോടൊത്തു ചേർന്ന് വിശേഷങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹമില്ലേ ഇപ്പോൾ. നാട്ടിൻ പുറത്തെ കള്ള് ഷാപ്പിൽ പോയി, കുളിരുകോരിനിൽക്കുന്ന, കൂജയിൽ നിന്ന് ഒരു ഗ്ലാസ് മധുരകള്ളും, എരുവുള്ള മീൻ കറിയിൽ, കപ്പമുക്കി കഴിക്കാൻ തോന്നുന്നില്ലേ. ക്ലബ്ബുകൾ, വായനശാലകൾ, കളി സ്ഥലങ്ങൾ, സ്വന്തം വാഹനങ്ങൾ, ലക്ഷങ്ങൾ മുടക്കിപണിത വീടുകൾ എല്ലാം miss ആകുന്നില്ലേ. അങ്ങനെ അങ്ങനെ എന്തെല്ലാം എന്തെല്ലാം miss ആയിരിക്കുന്നു.

കൊച്ചി എയർപോർട്ടിലേയ്ക്ക് ലാൻഡ് ചെയ്ത് കഴിയുമ്പോൾ, സീറ്റ് ബെൽറ്റിന്റെ ടിക് ടിക് സൗണ്ട് ഉയരുന്നതും, ഹാൻഡ്ബാഗും എടുത്ത്, ഡോർ തുറക്കാൻ വേണ്ടി വെമ്പിനിൽക്കുന്നവർക്കെല്ലാം, miss ആകുന്നില്ലേ. എങ്ങനെ എങ്കിലും ഇടിച്ചു ഇടിച്ചു ഇറങ്ങി ഒരു, ബോട്ടിൽ ഒക്കെ വാങ്ങി, കാത്തുനിൽക്കുന്നവരെ ചേർത്തുപിടിച്ചു, കാറിൽ കയറി, റോഡിലേക്ക് ഇറങ്ങി കഴിയുമ്പോൾ, ആദ്യമേ പറയുന്ന ഒരു വാചകം ഉണ്ട്, നമ്മുടെ നാട് എന്ത് സുന്ദരമാ…

ഈ കൊറോണകാലത്ത് എല്ലാവർക്കും എല്ലാം miss ആയിരിക്കുന്നു. Miss ആകൽ ഇനിയും ഇനിയും നീണ്ടു പൊയ്കൊണ്ടിരിക്കും. അനന്തമായി ഒഴുകുന്ന ഒരു നദിപോലെ. കൊറോണ ഇന്നോ നാളെയോ പോകില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ജാഗ്രതയോടെ മുന്നോട്ട് പോകാം…
Miss You dear all…

കേരളത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങളും ആത്മഹത്യകളും തുടർക്കഥയാവുന്നു. ഏറ്റവും പുതുതായി 12 വയസ്സുകാരിയായ മകൾ ഷംനയെ കൊലപ്പെടുത്തി കൂട്ടിക്കൽ സ്വദേശിയായ ഷമീറിൻറെ ഭാര്യ ലൈജീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ഉറക്കഗുളിക നൽകിയശേഷം പുലർച്ചെ നാലുമണിയോടെയാണ് ലൈജീന മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. പിന്നാലെ ലൈജീനയും സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ച് രക്ഷപ്പെടുത്തിയത്. കടുത്ത ഒറ്റപ്പെടലാണ് മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചതിന് കാരണമെന്ന് ലൈജീന പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മാനസിക പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അയൽവാസികളുമായി കാര്യമായ സഹകരണം ഒന്നും ഇല്ലാതിരുന്ന ലൈജീന ഭർത്താവിൻറെ വീട്ടുകാരുമായി അകന്നായിരുന്നു താമസിച്ചിരുന്നത്. ലൈജീനയുടെ ഭർത്താവ് ഷമീർ വിദേശത്താണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജീനയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണിൻെറ ഭാര്യ വിസ്മയയുടെ ദുരൂഹ മരണത്തിന് ശേഷം ഒട്ടേറെ സ്ത്രീകളും കുട്ടികളുമാണ് കേരളത്തിൽ സ്വയം ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്.

ഇന്നലെയാണ് തിരുവല്ലയിൽ  പ്ലസ് ടു വിദ്യാർത്ഥിനിയായ  പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മൂന്നു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിതൃ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിം​ഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ.

സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഇല്ലെന്ന് പറയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഡി.ജി.പി നടത്തിയത്.

വിദ്യാഭ്യാസ മുള്ളവരെ പോലും വർ​ഗീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭീകരസംഘടനകളെ വലയിലാക്കാൻ വിവിധ ശ്രമങ്ങൾ പൊലീസ് നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരള പൊലീസ് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മാവോയിസ്റ്റ് വോട്ടയിൽ ഖേദമില്ലെന്ന് ലോക്നാഥ് ബെഹ്റ തുറന്നടിച്ചു.

സംരക്ഷിത വനിങ്ങളിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്നും മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് ചെയ്തത് കർത്തവ്യം ആണെന്നുമാണ് ഡി.ജി.പിയുടെ നിലപാട്.

മാവോയിസ്റ്റ് ഭീഷണി നേരിടാനായി ഹെലികോപ്റ്റർ ഉപോയിക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. രാജ്യസുരക്ഷയ്ക്കാണോ ചിലവിനാണോ പ്രാധ്യമെന്നും അദ്ദേഹം ചോദിക്കുന്നു.

മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

35 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ താരമാണ് നീന കുറുപ്പ്. 1987ല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീനയുടെ സിനിമാ അരങ്ങേറ്റം. സിനിമയില്‍ ഏറെ വിഷമം തോന്നിയ സന്ദര്‍ഭങ്ങളെ കുറിച്ചാണ് നീന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 27 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നുണ്ടെന്ന് നീന പറയുന്നു.

അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. ‘മിഖായേലിന്റെ സന്തതികള്‍’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായാണ് ബിജു മേനോന്‍ നായകനായി ‘പുത്രന്‍’ എന്ന സിനിമ വന്നത്. ആ സീരിയലില്‍ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് താനായിരുന്നു.

പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ താനല്ല. തന്നോടൊന്ന് പറഞ്ഞതു പോലുമില്ല. 27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ് എന്ന് നീന പറയുന്നു. ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിന് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു.

ആവശ്യത്തിന് പ്രായം തോന്നുന്നില്ല, വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്‌നം. കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി കൊണ്ടു നടക്കുന്നില്ലെന്നും നീന വ്യക്തമാക്കി.

സ്വന്തം അനുഭവം പങ്കുവെച്ച ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നംകൊണ്ടും ജീവിതം നെയ്യ്‌തെടുത്ത പെണ്‍കുട്ടിയാണ് ഇന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായ ആനി ശിവ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിയാണ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായി മാറിയിരിക്കുന്നത്

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ കിടക്കാന്‍ ഒരു കൂരയോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച്.
ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു.
അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍
ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.

2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

” 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവുംവിറ്റ് ജീവിച്ച… അതേ സ്ഥലത്ത്…ഞാന്‍ ഇന്ന്..; സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്…!??
ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക.” എന്നാണ് ആനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

RECENT POSTS
Copyright © . All rights reserved