ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഗായകന്‍ സുദീപ് കുമാര്‍. ഒമ്പതാം തവണയാണ് ഗായികക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവാന്‍ ഒരുങ്ങുകയാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം. ഇതിനു മുമ്പും ഇതു പോലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ സമം നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
കലാകാരന്മാര്‍ക്ക് എതിരെയുണ്ടാകുന്ന വ്യാജ പ്രചാരണങ്ങളോടും അപകീര്‍ത്തിപ്പെടുത്തലുകളോടും മൗനം പാലിക്കേണ്ട ആവശ്യമില്ല. ജാനകിയമ്മയെ കുറിച്ച് പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനം. ഈ പ്രചാരണം നടത്തിയവര്‍ മനഃസമാധാനത്തോടെയിരിക്കാം എന്നു വിചാരിക്കേണ്ട എന്ന് സമം പ്രസിഡന്റ് കൂടിയായ സുദീപ് കുമാര്‍ പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ കണ്ട് ഗായിക കെ.എസ് ചിത്ര സംസാരിച്ചതിനെ കുറിച്ചും സുദീപ് വ്യക്തമാക്കി. ഇന്നലെ വളരെ ഹൃദയവേദനയോടെ ചിത്ര ചേച്ചി സംസാരിച്ചു. ജാനകിയമ്മയുമായി അമ്മ-മകള്‍ ബന്ധം പുലര്‍ത്തുന്നയാളാണ് ചിത്ര ചേച്ചി. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് ഏറെ വേദനിപ്പിക്കുന്നു. ജാനകിയമ്മയെ കുറിച്ചു ചോദിക്കാനായി മകന്‍ മുരളി കൃഷ്ണനെ വിളിക്കാന്‍ മടിയാണ്.
കാരണം, ഇതു പല തവണയായി സംഭവിക്കുന്നു. ജാനകിയമ്മയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരാളെ ചിത്ര ചേച്ചി വിളിച്ചു സംസാരിച്ചു. കഴിഞ്ഞ ദിവസം കൂടി ജാനകിയമ്മയെ വിളിച്ചു വിശേഷങ്ങള്‍ തിരക്കിയതാണെന്നും അവര്‍ പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്.
കാര്യം എന്താണെന്ന് ബന്ധുക്കളെപ്പോലും വിളിച്ചു ചോദിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല. വിവാദങ്ങളിലൊന്നും ഇടപെടാത്ത ജാനകിയമ്മയോട് മലയാളികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദേഷ്യമേ വിരോധമോ ഉണ്ടാകേണ്ടതിന്റെ ആവശ്യമില്ല. വിദ്യാസമ്പന്നരെന്ന് വാദിക്കുന്ന മലയാളികള്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഏറ്റവും വലിയ വിരോധാഭാസമാണ് എന്നും സുദീപ് പറഞ്ഞു.
‘നായാട്ട്’, ‘നിഴല്‍’ എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നായാട്ട് ഏപ്രില്‍ 8നും അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ ഏപ്രില്‍ 9നും ആണ് റിലീസ് ചെയ്യുന്നത്. ഒന്ന് സര്‍വൈവല്‍ ത്രില്ലറും, മറ്റേത് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമാണ്.
ആത്മാവില്‍ സിനിമ മാത്രമുള്ള ഒരു ടീമും ബാനറും. രണ്ട് സിനിമകളും നിങ്ങളെ ത്രില്ലടിപ്പിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോര്‍ജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നായാട്ട്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം പൊലീസ് കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
ഷൈജു ഖാലിദ് ഛായാഗ്രണവും വിഷ്ണു വിജയ് സംഗീതവും ഒരുക്കുന്നു. മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയും നിഴലിനുണ്ട്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു.
NAYATTU…April 8th
NIZHAL……April 9th
Two movies.Two back-to-back releases.
One a seasoned & successful director and…Posted by Kunchacko Boban on Tuesday, 6 April 2021
കണ്ണൂരിലെ പുല്ലൂക്കരയില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.
വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമാണ് മൻസൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
22കാരനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വെച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ സ്‌പെഷ്യല്‍ കോടതിയാണ് ചെക്ക് കേസില്‍ തടവുശിക്ഷ വിധിച്ചത്. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.
ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്.
അതേസമയം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.
തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.
ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021
ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷമാണ് തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക് നീങ്ങുന്നത്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12 വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കു ശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ ഒമ്പതിന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 4,21,977 പേര് സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേര് ആണ്‍കുട്ടികളും 2,06,566 പേര് പെണ്‍കുട്ടികളുമാണ്.
ഗള്‍ഫില്‍ 9 കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും. 2004 കേന്ദ്രങ്ങളിലായി 4,46,471 പേര് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരില്‍ 2,26,325 പേര് ആണ്‍കുട്ടികളും 2,20,146 പേര് പെണ്‍കുട്ടികളുമാണ്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27,000ത്തോളം വിദ്യാര്‍ത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.
പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം.
പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാന്‍ പാടില്ല. ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പിസി ജോര്‍ജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.
എസ്ഡിപിഐ എതിര്‍ത്തത് ഗുണം ആയി. ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് അനുകൂലമായി വലിയ പിന്തുണ നല്‍കി. ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല.
എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാന്‍ ആകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പാലായില്‍ മാണി സി കാപ്പന്‍ വിജയിക്കും. മാണി സി കാപ്പന്‍ ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കോട്ടയം ജില്ലയിലെ ഫലം പിസി ജോര്‍ജ് പ്രവചിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന്‍ ജയിക്കും. കടുത്തുരുത്തിയില്‍ മോന്‍സിന്റെ നില പരുങ്ങലിലാണ്.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും പൂഞ്ഞാറില്‍ പിസി ജോര്‍ജും ജയിക്കുമെന്നുമാണ് പ്രവചനം.
പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവ്. അമ്മയും രണ്ടാനച്ഛനായ കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും പിതാവ് പറഞ്ഞു.
തന്റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ മുന്‍പും പല തവണ ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ ഭാര്യക്കും പങ്കുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.
അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ സാമ്പത്തികാവസ്ഥ മോശമാണന്ന് അറിഞ്ഞതോടെ പോലീസും നഗരസഭ അധികൃതരും ചേര്‍ന്ന് മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു.
ഷെറിൻ പി യോഹന്നാൻ
മാക്ബത്ത് – മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും ആവിഷ്കാരമാണ് ഷേക്സ്പിയറിന്റെ ഈ ദുരന്ത നാടകം. ട്രാജഡി ഓഫ് അംബീഷൻ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. മാക്ബത്തിനെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്നു എന്നറിയുമ്പോഴേ പ്രതീക്ഷകൾ ഉയരും. പോത്തേട്ടനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ഫഹദും മാക്ബത്തും ഒരുമിക്കുമ്പോൾ ഒരു മോഡേൺ മാസ്റ്റർപീസ് ആണ് മലയാളികൾക്ക് ലഭിക്കുന്നത്.
പനച്ചേൽ കുടുംബത്തിൽ അപ്പനാണ് സർവ്വശക്തൻ. മൂന്ന് ആൺമക്കളിൽ മൂത്ത രണ്ട് പേരും കച്ചവടവുമായി മുന്നോട്ട് പോകുമ്പോൾ ഇളയവനായ ജോജിക്ക് അതിലൊന്നും വലിയ താല്പര്യമില്ല. എങ്കിലും മനസിലെ ആഗ്രഹങ്ങൾക്ക് (അത്യാഗ്രഹങ്ങൾക്ക്) യാതൊരു കുറവുമില്ല. ഇതൊരു ഒടിടി ചിത്രം ആണെന്ന് ആദ്യമേ ഉറപ്പിച്ചാണ് പോത്തേട്ടൻ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകന് കയ്യടിക്കാൻ സീനുകൾ ഇട്ടുനൽകേണ്ട ആവശ്യമില്ലായിരുന്നു. ജോജി ഒരു ട്രാജഡിയാണ്. പെർഫെക്ട് ട്രാജഡി…!
പ്രകടനങ്ങളിൽ ഫഹദ് തന്നെയാണ് ഗംഭീരം. ദിലീഷ് – ഫഹദ് തുടർച്ചയായി മൂന്നാമത്തെ ചിത്രത്തിലും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളിലെ പ്രകടനത്തോട് സാമ്യം തോന്നാതിരിക്കുക എന്നതാണ് പ്രധാനം. വളരെ സുന്ദരമായാണ് ജോജിയിൽ അത് പരിഹരിക്കപ്പെടുന്നത്. ജോജി മുണ്ടക്കയം എന്ന നടന്റെ പ്രകടനമാണ് പിന്നീട് എടുത്തുപറയേണ്ടത്. ബാബുരാജ്, ബേസിൽ, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും ഗംഭീരപ്രകടനം. ലേഡി മാക്ബത്തിന്റെ സ്ഥാനമാണ് ഉണ്ണിമായയ്ക്ക്. കഥ നടക്കുന്ന ഇടങ്ങളെ കൃത്യമായി എസ്റ്റബിളിഷ് ചെയ്യാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ ദുരന്ത നാടകങ്ങളിലെ സംഗീതത്തോട് സാമ്യം തോന്നിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കൃത്യമായ രാഷ്ട്രീയം ഉള്ളിലൊളിപ്പിക്കുന്ന കഥയിലെ ചില സംഭാഷണങ്ങൾ തീവ്രമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തി പ്രേക്ഷകൻ അനുഭവിക്കുന്നത് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിലൂടെയാണ്.
Spoiler Alert
“നീ ഒരു മാസ്ക് എടുത്ത് വച്ചിട്ട് വാ” എന്ന് ബിൻസി പറയുമ്പോഴുള്ള ഫഹദിന്റെ പ്രകടനവും ഇന്റൻസായ പശ്ചാത്തലസംഗീതവും ശ്രദ്ധിച്ചാൽ സിനിമയുടെ റേഞ്ച് മനസിലാകും. “നിനക്കൊക്കെ എന്നും സ്ലാബിന്റെ മേളിൽ ഇരുന്ന് കഴിക്കാനാ വിധി”.. ഈ സംഭാഷണത്തിലൊക്കെ സിനിമ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. സ്ലോ ആയ കഥപറച്ചിൽ ഒരിടത്തും പകച്ചുനിൽക്കുന്നതായി തോന്നിയില്ല. അത് ജോജിയുടെ വിടർന്നു വരുന്ന കണ്ണുകൾ വരെയും.
മൂന്നാമതും ഒരു പോത്തേട്ടൻ ബ്രില്ല്യൻസ്. ദിലീഷ് പോത്തന്റെ മറ്റു രണ്ട് ചിത്രങ്ങളെയും അധികം ഇഷ്ടപെടുന്ന ഒരാൾ ആയതിനാൽ തന്നെ ജോജിയും അതിനൊപ്പം ചേരാൻ അർഹതയുള്ള ചിത്രമാണ്. ജോജിയിൽ നിറയുന്നത് നമ്മുടെ സമൂഹമാണ്. ജോജിയിലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാൻ ആണ്.. നീയുമാണ്. ഒറ്റപെട്ട വീടും, അപ്പനും മക്കളും അവരുടെ ബന്ധവുമൊക്കെ കെ ജി ജോർജിന്റെ ഇരകളെ ഓർമിപ്പിച്ചു. 85ൽ ഇറങ്ങിയ ഇരകൾ ഒരു ക്ലാസ്സിക് ആണെങ്കിൽ ഇതൊരു മോഡേൺ ക്ലാസിക് ആണ്…
മുഹമ്മദ് ഹാഷിമിനെ അടുത്ത ബന്ധുവായ ഷറഫുദീൻ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായി. മാർച്ച് 31 വൈകിട്ട് ഏഴിന് ഹാഷിമിനെ കാണാതായെങ്കിലും ഇടയ്ക്ക് വീട്ടുകാരോട് പറയാതെ ബന്ധുവീട്ടിൽ പോകുന്ന പതിവുള്ളതിനാൽ വീട്ടുകാർ പരാതി നൽകിയില്ല. ഹാഷിമിന്റെ സഹോദരിയുടെ മകൾ നിർബന്ധിച്ചതോടെയാണ് 2ന് ഭാര്യ ഷാമില പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. ആറ്റൂർകോണം പമ്പ്ഹൗസിനു സമീപം ഒറ്റപ്പെട്ട നിലയിലാണ് ഷറഫുദീന്റെ വീട്. കോവിഡ് വ്യാപന സമയത്ത് സൗദിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷറഫുദീൻ പശുവളർത്തൽ ആരംഭിച്ചു.
ഷറഫുദിന്റെ വീട്ടിൽ ഹാഷിമും മറ്റുചിലരും ഒത്തുകൂടി മദ്യപിക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചതോടെ ഈ സംഘത്തിലെ ചിലരെയും ഷറഫുദീനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലിന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സംശയം ഷറഫുദീനിലേക്കു തിരിഞ്ഞത്. പൊലിസ് നായ ഷറഫുദീന്റെ വീട്ടിൽ കയറിയ ശേഷം ചാണകക്കുഴിയുടെ ഭാഗം വരെ പോയി മടങ്ങി. ഹാഷിമിന്റെ മൊബൈൽ ഫോൺ ഓഫാകും മുൻപ് ടവർ ലൊക്കേഷൻ കാണിച്ചത് ഷറഫുദീന്റെ വീടിനു സമീപമായിരുന്നു. ഇതെല്ലാം പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ ഷറഫുദീൻ കുറ്റം സമ്മതിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്നു ജോലി നഷ്ടമായ ഷറഫുദീന് നാട്ടിലേക്ക് മടങ്ങാൻ ഹാഷിമും സഹോദരൻ റഹീമും സാമ്പത്തികമായി സഹായം നൽകിയിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഹാഷിം ഈ പണം മടക്കി ചോദിച്ച് ഷറഫുദീനുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൂട്ടുകാരനായ നിസാമിനെ കൂട്ടി കൊലനടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകി സൽക്കരിച്ച ശേഷം അവശനിലയിൽ കിടന്ന ഹാഷിമിനെ, കട്ടിലിനു അടിയിൽ കരുതിയിരുന്നു വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.
മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുതൊഴുത്തിലിനു സമീപം ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ നിസാമും സഹായിച്ചു. മൃതദേഹം ഇവിടെ നിന്നു മാറ്റാൻ പിന്നീട് തീരുമാനിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇന്നലെ പ്രതികളിൽ ഒരാളായ നിസാമിനെയും കൂട്ടി സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.