Latest News

ഹോളിവുഡ് സുന്ദരി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്റ്റ് ആണ് വരന്‍. കോളിന്റെ ആദ്യ വിവാഹവും മുപ്പത്തിയഞ്ചുകാരിയായ സ്‌കാര്‍ലെറ്റിന്റെ മൂന്നാം വിവാഹവുമാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിന്‍ ജോസ്റ്റിനൊപ്പം സ്‌കാര്‍ലെറ്റ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

ഹോളിവുഡ് താരം റിയാന്‍ റെയ്‌നോള്‍ഡ്‌സാണ് സ്‌കാര്‍ലെറ്റിന്റെ ആദ്യ ഭര്‍ത്താവ്. 2008-ല്‍ വിവാഹിതരായ ഇവര്‍ 2010 ലാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്‌കാര്‍ലെറ്റ് 2017 ല്‍ വിവാഹമോചിതയായി. ഇതില്‍ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. മാര്‍വെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്‌കാര്‍ലെറ്റിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്.

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പഠനങ്ങൾ ശൈശവ ദശയിൽ നിൽക്കവെ രോഗം തലച്ചോറിനേയും ബാധിക്കുമെന്ന പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത്. കൊവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാവുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. കൊവിഡ് നാഡീസംബന്ധമായ തകരാറുകൾക്ക് കാരണമാകുന്നെന്ന സംശയങ്ങൾ ദുരീകരിക്കുന്നതാണ് ഈ പഠനം.

കൊവിഡ് ബാധിതരിൽ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവർ, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർ, മയക്കത്തിൽ നിന്നെഴുന്നേൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നവർ എന്നിവർക്ക് ഇഇജി പരിശോധന നടത്തണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

ഈ വിഷയത്തിൽ 80ഓളം പഠനങ്ങളാണ് യൂറോപ്യൻ ജോണൽ ഓഫ് എപിലെപ്‌സിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600ഓളം രോഗികൾക്ക് ഈ രീതിയിൽ തലച്ചോറിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയെന്ന് യുഎസിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ സുൽഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം ബാധിക്കുന്നവരിൽ മൂന്നിലൊന്ന് സ്ത്രീകളും മൂന്നിൽ രണ്ട് പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 61 ആണെന്നും ഡോ.ഹനീഫ് പറഞ്ഞു.

തലച്ചോറിന്റെ മുൻഭാഗങ്ങളിൽ പ്രതികരണം കുറയുന്നതുപോലുള്ള ലക്ഷണങ്ങളാണ് രോഗികളിൽ എഠുത്ത ഇഇജിയിൽ പൊതുവിൽ കാണാൻ കഴിയുന്നത്. തലച്ചോറിന്റെ മുൻഭാഗം വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാകാം വൈറസ് തലച്ചോറിനെ ഇത്തരത്തിൽ ബാധിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

കൊവിഡ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്‌സിജൻ തോതിലുണ്ടാവുന്ന മാറ്റങ്ങൾ, കൊവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും കൊവിഡ് പാർശ്വഫലങ്ങൾ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടമായ കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്. വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക നൽകേണ്ടത്.

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് 660 കോടി രൂപ നൽകുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് വിമാനത്തിന്റെ പ്രാഥമിക ഇൻഷൂറർ. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും.

ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങി താഴേക്ക് പതിച്ച് അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റെ ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരോക്ഷ വിമര്‍ശനം.

എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ആരാഞ്ഞു. ഒരാളെ വീട്ടില്‍ക്കയറി പെരുമാറുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നും കോടതി ചോദിച്ചു.

മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് വിജയ് പി നായര്‍ കോടതിയെ സമീപിച്ചത്.

തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്നായിരുന്നു വിജയ് പി നായരുടെ ആവശ്യം. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിച്ചതായും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തതായും വിജയ് പി നായര്‍ പറഞ്ഞു.

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.

തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്.

റിയാദ്∙ സൗദിയിൽ പ്രവാസി തൊഴിലാളികളും തൊഴിലുടമയും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പോൺസർഷിപ്(കഫാലത്ത്) സംവിധാനം എടുത്ത് കളയുന്നുവെന്ന് വീണ്ടും റിപ്പോർട്ട്. മാനവ വിഭവശേഷി വികസന മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവിറക്കാൻ പോകുന്നു എന്നതാണ് വാർത്ത. പകരം തൊഴിലുടമയും പ്രവാസിയും തമ്മിൽ പ്രത്യേക തൊഴിൽ കരാർ ഏർപ്പെടുത്തി നിയന്ത്രിക്കുമെന്നും പറയുന്നു.

ഈ കൊല്ലം ഫെബ്രുവരി 3 ന് ഇങ്ങനെയൊരു വാർത്ത ഒരു ഓൺലൈൻ മാധ്യമത്തെ ഉദ്ധരിച്ച് പ്രചരിച്ചിരുന്നു. ഇത്തരം തീരുമാനങ്ങൾ ഔദ്യോഗിക വൃത്തങ്ങളിലൂടെ അറിയിക്കുമെന്നായിരുന്നു അധികൃതർ അന്ന് പ്രതികരിച്ചത്. ഇതേ വാർത്ത തന്നെയാണ് വീണ്ടും പ്രചാരം നേടിയിട്ടുള്ളത്. 2021 ആദ്യ പകുതിയിൽ ഇത് യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ സൗദിയിൽ കഴിയുന്ന ഒരു കോടിയിലേറെയുള്ള പ്രവാസികൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക.വിനോദം, ഭവനം സ്വന്തമാക്കാൻ തുടങ്ങി പ്രവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം.

ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്നതാണെന്നും എന്നാൽ രാജ്യാന്തര മാധ്യമ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിപുലമായ സമ്മേളനത്തിൽ പുറത്തുവിടാനാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷൻ 2030 ഭാഗമാണ് പരിഷ്കരണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസിക്ക് രാജ്യത്തിന് പുറത്ത് കടക്കാനും മടങ്ങി വരാനും സ്വദേശി പൗരന്റെ അനുമതിയോ അംഗീകാരമോ വേണ്ടി വരില്ല. തൊഴിലുടമയുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടാനും ആകും. റിക്രൂട്ട്മെന്റും തുടർന്നുള്ള അവകാശങ്ങളും തൊഴിൽ കരാറിൽ പറഞ്ഞത് പ്രകാരമാണ് ലഭ്യമാകുക. 2019 മേയ് മാസത്തിലാണ് വിദേശികൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച് നൽകുന്ന പ്രിവിലേജ് ഇഖാമ പ്രാബല്യത്തിൽ വന്നത്.

സമ്പദ് വ്യവ്യസ്ഥയുടെ വൈവിധ്യവൽക്കരണവും മറ്റു വാണിജ്യ ലക്ഷ്യങ്ങളും മുന്നിൽ കണ്ട് നടപ്പാക്കിയ പദ്ധതിക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ അടുത്ത ഘട്ടമായാണ് സ്‌പോൺസർഷിപ്പ് എടുത്തുകളയുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. തൊഴിൽ നിയന്ത്രണങ്ങളും സംവിധാനങ്ങളും ഭേദഗതി ചെയ്യുന്നതിലൂടെ പ്രവാസി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമായും ഇത് നടപ്പാക്കുന്നത് എന്നാണ് വിശദീകരണം.

ഇതു തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുകയും കൂടുതൽ വൈദഗ്ധ്യമുള്ളവരെ ആകർഷിക്കുകയും ചെയ്യും. ഒപ്പം ആരോഗ്യകരമായ മത്സരശേഷി വളർത്തുന്നതിനും ഉപകരിക്കും. പ്രവാസികളുടെ സംതൃപ്തി ഉയർത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ വിപണിയിൽ അവരുടെ ഉൽപാദനക്ഷമത കൂടുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവയും പുതിയ രീതിയിലൂടെ ഉന്നം വയ്ക്കുന്നു. തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ചൂഷണവും തൊഴിലാളികളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന രീതികളും മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളും സ്പോണ്‍സർഷിപ്പിന്റെ മറവിൽ നടന്നിരുന്നു. പലപ്പോഴും സ്‌പോൺസർഷിപ്പ് ദുരുപയോഗം ചെയ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുകയും കൂടി ലക്ഷ്യമുണ്ട്.

നിലവിലെ സ്‌പോൺസർഷിപ്പ് സംവിധാനം പലരും വ്യക്തി താൽപര്യത്തിനാണ് ഉപയോഗപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. ഇത് തൊഴിലില്ലായ്മ നിരക്കിനെയും രാജ്യത്തിന്റെ പ്രതിഛായയെയും നന്നായി ബാധിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് സമ്പ്രദായത്തിലെ അപാകതകൾ ധാരാളമുണ്ടായിരുന്നു. തൊഴിൽ തർക്കങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1952 മുതലാണ് രാജ്യത്ത് സ്‌പോൺസർഷിപ്പ് സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയത്.

ഇരു കക്ഷികൾക്കുമിടയിൽ നിലനിൽക്കേണ്ട ബന്ധങ്ങളെ ചൊല്ലിയുള്ള നിരവധി മാറ്റങ്ങളിലൂടെ ഈ സമ്പ്രദായം വിവിധ ഘട്ടങ്ങളിൽ പരിഷ്കരിച്ചു. സ്പോൺസർക്ക് കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാരന് രാജ്യം വിടാനോ മറ്റു തൊഴിൽ സ്ഥാപനത്തിലേക്ക് മാറാനോ നിലവിൽ ഈ സംവിധാനത്തിൽ കഴിയില്ല. സർക്കാറുമായുള്ള മിക്ക ഇടപാടുകളും സ്പോൺസർ മുഖേനയാണ് നടക്കേണ്ടത്. ഇത്തരം നൂലാമാലകളും നിയന്ത്രണങ്ങളുമാണ് സ്‌പോൺസർഷിപ്പ് സംവിധാനം എടുത്ത് കളയുന്നതിലൂടെ ഇല്ലാതാകുന്നത്.

അതേസമയം ഇത്തരം നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു രീതി നടപ്പാക്കപ്പെട്ടാൽ പ്രവാസികളെ അത് ഏതു രീതിയിൽ ബാധിക്കുമെന്നു പറയാനുമാകില്ല.

ഡബ്ലിൻ ∙ ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലന്റീറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്. ബെംഗളൂരുവിൽനിന്നുള്ള സീമ ബാനു (37), മകള്‍ അസ്‌ഫിറ റിസ (11), മകന്‍ ഫൈസാൻ സയീദ് (6) എന്നിവരാണു മരിച്ചത്.

കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഉടൻ റിപ്പോർട്ട് കിട്ടുമെന്നും അയർലൻഡ് പൊലീസായ ഗാർഡ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ദുരൂഹം’ എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽനിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.

ബാലിന്റീര്‍ എജ്യുക്കേറ്റ് ടുഗെദര്‍ നാഷനല്‍ സ്‌കൂളിലാണു കുട്ടികളെ ചേർത്തിരുന്നത്. ഏതാനും ദിവസമായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്ന അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ക്ഷേത്ര തടാകത്തിലെ മുതല ക്ഷേത്ര നടയില്‍ എത്തിയതു ഭക്തര്‍ക്കു കൗതുകക്കാഴ്ചയായി. കാസര്‍ക്കോട് കുമ്പളയിലെ അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തടാകത്തിലെ ബബിയ എന്ന മുതലയാണ് പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയത്.

തടാകത്തിലെ ഗുഹയില്‍ കഴിയുന്ന ബബിയ ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തിയത് കൗതുകക്കാഴ്ചയാവുകയായിരുന്നു. മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയില്‍ കിടക്കുന്നത് കണ്ടത്. സാധാരണ രാത്രിയില്‍ മുതല ക്ഷേത്രത്തിന് സമീപത്തേക്ക് കരയിലേക്ക് എത്താറുണ്ടെങ്കിലും പുലര്‍ച്ചെ മേല്‍ശാന്തി എത്തുംമുമ്പേ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.

ഭക്തര്‍ ക്ഷേത്യത്തിലെ ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയ ക്ഷേത്ര നടയ്ക്കു മുന്നില്‍ എത്തിയതോടെ മേല്‍ശാന്തി പ്രാര്‍ഥനയും പൂജയും നടത്തി. എന്നാല്‍ ആനപ്പടിക്കപ്പുറത്തേക്ക് മുതല വന്നിട്ടില്ലെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.

ബബിയ നടയില്‍ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി മൊബൈലില്‍ പകരത്തിയ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ചു. ബബിയയ്ക്ക് ഇപ്പോള്‍ 75 ഓളം പ്രായമായെന്നാണ് കണക്ക്‌. ഏതാനും നേരം കഴിഞ്ഞു ബബിയ തിരിച്ച് ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മുതലായാണെന്നും ഒരു പട്ടാളക്കാരന്‍ വെടിവച്ചിട്ടും ബബിയക്ക് ഒന്നും സംഭച്ചില്ലെന്നുമാണ് ഐതിഹ്യം.

ബബിയ ക്ഷേത്രനടയില്‍ കിടക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേല്‍ശാന്തി നല്‍കുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.

പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ116 ആപ്പുകള്‍ നിരോധിച്ചിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവില്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുമായിരുന്നു.

സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പബ്ജി ആരാധകര്‍.

ഒരുകാലത്തു മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് സുചിത്ര. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള താരം അഭിനയ ലോകത്തിൽ എത്തുന്നത് ബാലതാരം ആയിട്ട് ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ അശോകന്റെ കാമുകിയുടെ വേഷത്തിൽ സുചിത്ര അഭിനയിക്കാൻ എത്തുമ്പോൾ താരത്തിന്റെ വയസ്സ് വെറും 14 മാത്രം ആയിരുന്നു.

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സഹോദരി വേഷങ്ങളും അതോടൊപ്പം സിദ്ധിഖിന്റെയും ജഗദീഷിന്റേയും എല്ലാം സ്ഥിരം നായികയും ആയിരുന്നു സുചിത്ര. നടൻ ശങ്കറിന്റെയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും റഹ്മാൻ സത്യരാജ് എന്നിവരെ ഒക്കെ നായിക ആയിട്ട് താരം തിളങ്ങിയിട്ടുണ്ട്. 1990 മുതൽ 2002 വരെ തിരക്കേറിയ നായികയായി മാറിയ സുചിത്ര എന്ന അപ്രതീക്ഷിതമായി ആയിരുന്നു അഭിനയ ലോകത്തു നിന്നും പുറത്തേക്കു പോകുന്നത്.

2002 ൽ തന്നെ താരം വിവാഹം കഴിക്കുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ കഴിഞ്ഞാൽ കുറഞ്ഞ മുതൽ മുടക്കിൽ എത്തുന്ന മുകേഷ് സിദ്ദിഖ് ജഗദീഷ് ചിത്രങ്ങളിലെ സ്ഥിരം നായിക ആയിരുന്നു സുചിത്ര. ആദ്യ കാലങ്ങളിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒപ്പം നല്ല വേഷങ്ങൾ ലഭിച്ചു എങ്കിൽ കൂടിയും പിന്നീട് സഹോദരി വേഷങ്ങൾ ആയി മാറുക ആയിരുന്നു.

അക്കാലത്തെ ട്രെൻഡ് ആയിരുന്ന രണ്ടാംനിരക്കാരുടെ തട്ടുപൊളിപ്പൻ തമാശപടങ്ങളിലെ നായിരയായി മാറിയ സുചിത്രയ്ക്ക് പിന്നീട് ആ ട്രെൻഡ് മാറിയപ്പോൾ പിടിച്ചു നിൽക്കാനായില്ല. പീന്നീട് മലയാളത്തിലെ നായികമാർ സ്ഥിരം വിവാഹ ശേഷം ചെയ്യുന്നത് പോലെ സൂചിത്രയും വിവാഹശേഷം സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. അമേരിക്കയിൽ ഒരു സോഫിറ്റ് വെയർ മേഖലയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവ് മുരളിക്കും മകൾ നേഹക്കൊപ്പം 18 വർഷമായി അവിടെയാണ് താമസം.

കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ ഒരിക്കലും മറക്കില്ല എന്ന് സുചിത്ര പറയുന്നു. ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.

അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ സുചിത്ര താമസിക്കുന്നത്. അമേരിക്കയിലാണെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം സുചിത്ര നിലനിർത്തുന്നുവെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തു എത്താറും ഉണ്ട്.

പാരീസ്: ഫ്രാൻസിൽ ഇന്നലെ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണമുണ്ടായി.
ഫ്രാൻസിലെ നീസിൽ മൂന്ന് പേരെ കൊന്നൊടുക്കിയത് അതിക്രൂരമായി. ഒരു സ്ത്രീയെ അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോൾ മറ്റ് രണ്ടുപേരെ കുത്തിക്കൊല്ലുകയായിരുന്നു. നോത്രദാം ബസലിക്ക പള്ളിയുടെ സമീപത്തും അകത്തുംവെച്ചാണ് കത്തിയാക്രമണം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയർ ക്രിസ്ത്യൻ എസ്ത്രോസി പറഞ്ഞു. ഫ്രാൻസിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട പുരുഷന് ശരീരമാസകലം കുത്തേറ്റിരുന്നു. പള്ളിക്ക് അകത്തുവെച്ച് കുത്തേറ്റ മറ്റൊരു സ്ത്രീ പുറത്തേക്ക് ഓടിയെങ്കിലും തൊട്ടടുത്ത കഫേയിൽവെച്ച് മരിച്ചുവീണെന്നും സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു.

അക്രമിയെ പോലീസ് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്. ഇയാൾ കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവനോടെ കസ്റ്റഡിയിലുണ്ടെന്നും മേയർ അറിയിച്ചു. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചാൽ ഭീകരാക്രമണത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടന്നയുടൻ നഗരത്തിലെ സുരക്ഷ സംവിധാനം ഉപയോഗിച്ച് ദൃക്സാക്ഷികൾ അപായസൂചന നൽകിയിരുന്നു. ഇതോടെ പോലീസ് നഗരം വളഞ്ഞു. ആളുകളുടെ ബഹളം കേട്ടാണ് താൻ പുറത്തേക്ക് നോക്കിയതെന്ന് പള്ളിയുടെ സമീപത്ത് താമസിക്കുന്ന ക്ലോ എന്നയാൾ ബി.ബി.സിയോട് പറഞ്ഞു. ‘ജനലിലൂടെ നോക്കിയപ്പോൾ നിരവധിപേരെ അവിടെ കണ്ടു. ഒട്ടേറെ പോലീസുകാരുമുണ്ടായിരുന്നു. പിന്നെ വെടിയൊച്ചകളും’- ക്ലോ വിശദീകരിച്ചു. അക്രമണം നടന്നതിന് പിന്നാലെ ആളുകൾ കൂട്ടത്തോടെ കരയുന്ന കാഴ്ചയാണ് തെരുവിൽ കണ്ടതെന്ന് വിദ്യാർഥിയായ ടോം വാനിയർ പ്രതികരിച്ചു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം.

നാല് വർഷം മുമ്പും സമാനമായരംഗങ്ങൾക്ക് നീസ് സാക്ഷ്യംവഹിച്ചിരുന്നു. 2016 ജൂലായ് 14-ന് നടന്ന ഭീകരാക്രമണത്തിൽ 86 പേരാണ് കൊല്ലപ്പെട്ടത്.ട്യൂണീഷ്യൻ പൗരൻ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്.

RECENT POSTS
Copyright © . All rights reserved