Latest News

ലണ്ടന്‍ ആസ്ഥാനമായി സംഘടിപ്പിക്കുന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവലില്‍ മലയാള ഹ്രസ്വ ചിത്രമായ ‘ആപ്പിള്‍’ ന് ചിത്രസംയോജനത്തിനു പ്രത്യേക ജൂറി പുരസ്‌കാരം. കണ്ണൂര്‍ സ്വദേശി പ്രിയ എസ് പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ് പ്രിയ. വാഗമണ്‍ ഡി സി കോളേജിലെ മുന്‍ അധ്യാപികയായിരുന്ന പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ‘വാഫ്റ്റ് ‘ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് ‘ആപ്പിള്‍’ സംവിധാനം ചെയ്തിരിക്കുന്നത്.

‘പ്രിയ ആദ്യമായാണ് ഒരു ഷോര്‍ട്ട് ഫിലിം എഡിറ്റ് ചെയ്യുന്നത്. എന്നാല്‍ അതിന്റെ ഒരു പരിമിതിയും എഡിറ്റിങ്ങില്‍ ഉണ്ടായിട്ടില്ല. അവാര്‍ഡിന്റെ മാത്രമല്ല, ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പ്രിയയ്ക്കാണ്. ഷൂട്ടിങ് സമയങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പലതും വിചാരിച്ച പോലെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോഴെല്ലാം പ്രിയ തന്ന ആത്മവിശ്വാസം വലുതായിരുന്നു. സാരമില്ല നമുക്ക് എഡിറ്റ് ചെയ്തു ശരിയാക്കാം എന്നായിരുന്നു പ്രിയ ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്. ഇതിപ്പോള്‍ ആറ് ചലച്ചിചത്ര മേളയില്‍ ആപ്പിള്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ എഡിറ്റിങിന് ഒരു പരാമര്‍ശം ലഭിച്ചതില്‍ തന്നെ വലിയ സന്തോഷമുണ്ട്’. ആപ്പിളിന്റെ സംവിധായകന്‍ വിഷ്ണു ഉദയന്‍ പറയുന്നു.

‘ആപ്പിള്‍’ എന്ന പതിനഞ്ചു മിനിറ്റ് ധൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹ്രസ്വ ചിത്രത്തില്‍ സുനില്‍കുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ യൂറോപ്പ് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ രണ്ട് ഇന്ത്യന്‍ പടങ്ങളില്‍ ഒന്നാണ് ‘ആപ്പിള്‍’.

വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ ഓര്‍മിപ്പിക്കുന്നു.

സനുഷയുടെ വാക്കുകൾ:

ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്‍റെ ചിരിയാണ്. കൊറോണയുടെ സമയത്ത് ലോക്ക്ഡൌണ്‍ തുടക്കം എല്ലാംകൊണ്ടും എനിക്ക് ‌ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ എങ്ങനെ ആളുകളോട് പറയുമെന്ന പേടിയായിരുന്നു കുറേക്കാലം. ഒറ്റയ്ക്കായി പോയ പോലെയായിരുന്നു. ആരോടും സംസാരിക്കാന്‍ മൂഡില്ലാതെ, പ്രത്യേകിച്ച് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ.

ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയന്നു. ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഓടുക എന്നല്ലാതെ ഒരു വഴിയുമില്ല എന്ന അവസ്ഥയിലെത്തി. ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളെ മാത്രം വിളിച്ച്, ഞാൻ വരികയാണ് എന്നും പറഞ്ഞ് കാറുമെടുത്ത് വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ കാണുന്ന ചിരിച്ചുകളിച്ചു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിക്കേണ്ടിരുന്നപ്പോഴുള്ള സമയത്തേതാണ്. അതിനിടെയിലെ വളരെ വളരെ വിലപ്പെട്ട നിമിഷങ്ങള്‍.. എനിക്ക് തോന്നുന്നത് എല്ലവാരും അങ്ങനെയാണെന്നാണ്. സന്തോഷം മാത്രം കാണിക്കുക, സന്തോഷം മാത്രം പങ്കുവെയ്ക്കുക.. നമ്മുടെ പ്രശ്നങ്ങളെ കുറിച്ചോ പേടികളെ കുറിച്ചോ ആരും ചോദിക്കാറുമില്ല.. പറയാറുമില്ല..

വീട്ടിൽ പറയാനും പേടിയായിരുന്നു. എനിക്ക് അറിയാവുന്ന മിക്ക ആള്‍ക്കാരും പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവരോടൊക്കെ വീട്ടില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. സൈക്കോളജിസ്റ്റിന്‍റെയോ സൈക്കാർട്ടിസ്റ്റിന്‍റെയോ സഹായം മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ തേടുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും മിക്കവരും ചിന്തിക്കുന്നത്. അങ്ങനെയൊരു സഹായം തേടിയാല്‍ ആളുകള്‍ എന്തുവിചാരിക്കുമെന്നാണ് പലരും കരുതുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. പല മാതാപിതാക്കള്‍ ഉള്‍പ്പെടെ അങ്ങനെയാണ് കാണുന്നത്. ഞാനും ആരോടും പറയാതെ ഡോക്ടറുടെ സഹായം തേടി. ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് എന്താ, പ്രശ്നങ്ങളൊന്നുമില്ലല്ലോ, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവര്‍ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. എന്നാലും ചില ഘട്ടങ്ങളില്‍ നമുക്ക് പറയാന്‍ കഴിയാറില്ല.

ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നെ വേറെയൊന്നിലും ചാടിക്കാതെ പിടിച്ചുനിർത്തിയൊരു ഘടകം എന്‍രെ അനിയനാണ്. ഞാന്‍ പോയാൽ അവനാര് എന്ന ചി‌ന്ത വന്നപ്പോഴാണ് ജീവിച്ചിരിക്കണമെന്ന് തോന്നിയത്.

പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, മെഡിറ്റേഷന്‍, ഡാൻസ് എല്ലാം തുടങ്ങി. യാത്രകൾ ചെയ്യാന്‍ തുടങ്ങി. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമയം ചെലവഴിച്ചു. അതിൽ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചു. ഞാൻ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചില്ല.

സുശാന്തിന്റെ മരണം, വേറെ ആത്മഹത്യാ വാര്‍ത്തകളൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവരുടെ സ്ഥാനത്ത് സ്വയം ചിന്തിച്ച് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു എനിക്ക്. ഇപ്പോള്‍ ചിന്തിക്കുമ്പോ സ്വയം അഭിമാനമൊക്കെ തോന്നുന്നു. ചിലപ്പോ നമുക്ക് കുടുംബത്തോടെ കൂട്ടുകാരോടോ പറയാന്‍ പറ്റാത്തത് ഡോക്ടറോട് പറയാന്‍ കഴിഞ്ഞേക്കും. അങ്ങനെ സഹായം തേണമെന്ന് തോന്നുവാണെങ്കില്‍ മടി വിചാരിക്കരുത്. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കായി പറയുന്നതല്ല… ”

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. മുംബൈയിലെ വീട്ടില്‍ ബംഗളൂരു പൊലീസാണ് എത്തിയത്. വിവേകിന്‍റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.

ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

മലയാളികളും കേസില്‍ അറസ്റ്റിലായി. അറസ്റ്റിലായ അനൂബ് മുഹമ്മദിന്‍റെ സുഹൃത്തായ ബിനീഷ് കോടിയേരിയെയും കേസില്‍ ചോദ്യംചെയ്തിട്ടുണ്ട്. അനൂബും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.

ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്.

കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.

കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിന് എതിരെയുളള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

സജ്നയുടെ ബിരിയാണി തേടിയെത്തി നടൻ സന്തോഷ് കീഴാറ്റൂർ. തൊട്ടുപിന്നാലെ മുൻ മന്ത്രി കെ. ബാബു. ഇതിനൊപ്പം ബിരിയാണി വാങ്ങി പിന്തുണച്ച് വഴിയാത്രക്കാരും. അങ്ങനെ കേരളം ആ കണ്ണീരിന് മുന്നിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. ബിരിയാണി വാങ്ങി കഴിക്കുകയും ഒരു പിടി സജ്നയ്ക്ക് നീട്ടുകയും ചെയ്താണ് സന്തോഷ് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനൊപ്പം വിൽപ്പനയ്ക്കും താരം ഒപ്പം കൂടി. ഇതിനിടയിലാണ് കെ.ബാബു സ്ഥലത്തെത്തുന്നതും സജ്നയോട് സംസാരിക്കുന്നതും. ട്രാൻസ്ജെന്റർ സമൂഹം നേരിടുന്ന അവഗണന ബാബുവിനോട് അവർ പങ്കുവച്ചു. വിഡിയോ കാണാം.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്കും രമേശ് ചെന്നത്തലയ്ക്കും ജയസൂര്യയ്ക്കും നന്ദി പറഞ്ഞ് ഇന്നലെ സജ്ന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കിട്ടിരുന്നു. കോട്ടയം സ്വദേശി സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്നയുട ബിരിയാണി കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു ക്രൂരതക്ക് മുതിർന്നത്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. ഇതിന്റെ സൂചനകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.

കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്തുനിന്ന് ആയുധങ്ങൾ കേരളത്തിലേക്കു കടത്തിയിട്ടുണ്ട്. പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിനിടയിലാണ് എൻ.ഐ.എ. ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രതികളുടേത് ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവർക്കുമേൽ യു.എ.പി.എ. ചുമത്താനുള്ള കാര്യങ്ങൾ വിശദമാക്കാൻ ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായി 90-ഓളം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ. അറിയിച്ചു. ഇതിൽ 22 ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള രേഖകൾ മാത്രമേ തിരിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റർ ചെയ്തശേഷവും ചില പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. അവ തിരിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എൻ.ഐ.എ. പറഞ്ഞു.

അതിഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന്‌ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പരിശോധനാ ഫലത്തിനായി ഒരു മാസംമുമ്പ് അപേക്ഷ നൽകിയിട്ടും ഇതുവരെ റിപ്പോർട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ ധരിപ്പിച്ചു.

യു.എ.ഇ., ടാൻസാനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസാണിത്. ഇതിനാവശ്യമായ സമയം ലഭിക്കണം. ഈ സാഹചര്യത്തിൽ പ്രതികൾക്ക്‌ ജാമ്യം നൽകരുതെന്ന് എൻ.ഐ.എ. പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ അഭ്യർഥിച്ചു. കേസിലെ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ വ്യാഴാഴ്ച വാദം തുടരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മയെ ഷാളു കൊണ്ട് കെട്ടിത്തൂക്കിയതിനു പിന്നാലെ മകന്‍ തൂങ്ങിമരിച്ചു. വൈക്കം ചെമ്ബ് മത്തുങ്കല്‍ ആശാരിത്തറയില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാര്‍ത്ത്യായനിയാണ് കൊല്ലപ്പെട്ടത്.

ല്‍പ്പത്തിയഞ്ച് വയസുള്ള മകന്‍ ബിജുവാണ് അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുത്ത മുറിയില്‍ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

മൃതദേഹങ്ങള്‍ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. അഞ്ച് മക്കള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു.

തുടര്‍ന്ന്പണിക്ക് പോകുന്നതും നിര്‍ത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണം നല്‍കാന്‍ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ബിജു മദ്യത്തിന് അടിമപ്പെട്ടതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഡിനി ഡാനിയേല്‍. പരമ്പരകളിൽ വില്ലത്തിയായും നായികയായുമൊക്കെ തിളങ്ങിയ നടിയെ കുറിച്ച് ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

ഡിനിയും ലിവിങ് ടുഗെദര്‍ പാര്‍ട്നെര്‍ വിനയനും പോക്‌സോ കേസില്‍ കുടുങ്ങിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂടാതെ ഇനി ഇരുവരും കേരളത്തില്‍ വന്നാല്‍ ഉടന്‍ തന്നെ അറസ്റ്റിലാകും, നടിക്കും പാര്‍ട്നര്‍ക്കുമെതിരെ പൊലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

പക്ഷെ നടി ഡിനി ഡാനിയേലിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച വീണ്ടും കൊച്ചി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു, പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പോലീസില്‍ പരാതി നല്‍കിയത്. ഡിനിക്ക് എതിരെ ഇതിന്റെ പേരില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന് സൂചന. ഏറെ നാള്‍ മുന്‍പ് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ അടുത്തു കൂടുകയായിരുന്നു വിനയന്‍. അതിന് വേണ്ടി തന്നെ ഡിനിയിലൂടെ ഈ സുഹൃത്ത് ബന്ധം വളര്‍ത്തിയിരുന്നു. വിനയന്റെ വീട്ടില്‍ ഒരു ദിവസം പെണ്‍കുട്ടിയും അമ്മയും എത്തിയപ്പോഴാണ് പീഡനം നടന്നത്.

കുട്ടിയുടെ മാതാവിനെയും കൊണ്ടു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഡിനി പുറത്തു പോയപ്പോഴാണ് വിനയന്‍ പെണ്‍കുട്ടിയെ പീഡത്തിന് ഇരയാക്കിയത്. മകളെ തനിച്ചാക്കി പോകാന്‍ മടിച്ച മാതാവിനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഡിനി. പീഡനത്തിന് സഹായിക്കാനായിരുന്നു മാതാവുമായി ഡിനി പുറത്ത് പോയത്. എന്നാല്‍ തന്ത്രപരമായി’കൊച്ച്‌ ഉറങ്ങിക്കോട്ടെ…ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മള്‍ക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയന്‍) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞിരുന്നതും. കുട്ടി അമ്മയോട് സംഭവത്തെക്കുറിച്ച്‌ കുറിച്ചു തുറന്ന് പറഞ്ഞിരുന്നില്ല. മൂന്നാഴ്‌ച്ചയോളം പെണ്‍കുട്ടി സ്‌കൂളില്‍ പോയതുമില്ല.

പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടില്‍ പറഞ്ഞത്.. തുടര്‍ന്ന് സ്‌കൂളില്‍ പോയ പെണ്‍കുട്ടി അദ്ധ്യാപകരോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു, ഇതോടെയാണ് സീരിയല്‍ താരത്തിന്റെ വീട്ടില്‍ വച്ചു നടന്ന പീഡനകഥ പുറം ലോകം അറിഞ്ഞത്.

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. ചൈനയിലെ ഗുവാങ്‌ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്‍റ് ഈ ആഹ്വാനം നടത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ചാവോ സിറ്റിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മറൈന്‍ കോര്‍പ്‌സിന്‍റെ പരിശോധനക്കിടെ, അദ്ദേഹം സൈനികരോട് അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വസ്തരും ശുദ്ധരും കൂറുള്ളവരുമാകുക എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സൈനികർ രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്തണം. രാജ്യത്തിന്‍റെ എല്ലാ സൈനികരും അവരുടെ മനസും ശക്തിയും ഓരോ നിമിഷവും യുദ്ധത്തിനായി തയ്യാറാക്കി വെക്കണം. അതീവജാഗ്രത പാലിക്കണം – എന്നെല്ലാം ഷി ജിന്‍പിംഗ് സൈനികരോട് പറഞ്ഞതായാണ് വാര്‍ത്തകള്‍.

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഈ ആഹ്വാനം ആശങ്ക സൃഷ്ടിക്കുന്നത്. ഷി ജിന്‍പിംഗിന്‍റെ ഈ ആഹ്വാനം ഇന്ത്യക്കെതിരെയോ, അമേരിക്കയ്ക്കെതിരെയോ, ചൈനയുമായി തർക്കമുള്ള മറ്റു രാജ്യങ്ങൾക്ക് എതിരെയാണോ എന്ന് വ്യക്തമായിട്ടില്ല.

ചൈനീസ് സേനയ്ക്ക് ആത്മവിശ്വാസം നല്‍കാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്താനുമായിരുന്നു ഷി ജിന്‍പിംഗിന്‍റെ സന്ദര്‍ശനം എന്നും പറയുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇപ്പോഴും സൈനിക, നയതന്ത്ര, തലത്തിൽ നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്.

ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.

Copyright © . All rights reserved