ലണ്ടൻ: കോവിഡ് വ്യാപനത്തിനു പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബ്രിട്ടനിൽ കുടുങ്ങിയവരെയും കൊണ്ടുള്ള ആദ്യ വിമാനം പാക്കിസ്ഥാനിലേക്ക് തിരിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് 1,500 പാക്കിസ്ഥാനികളാണ് ബ്രിട്ടനിൽ കുടുങ്ങിയത്.
ഇവരെ സ്വന്തം രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ആറ് ചാർട്ടേഡ് വിമാനങ്ങളാണ് പാക്കിസ്ഥാൻ ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യ വിമാനത്തിൽ 200 പേരാണുള്ളതെന്നാണ് വിവരം. മറ്റുള്ളവരെ തൊട്ടുത്ത ദിവസങ്ങളിൽ മാതൃരാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുമെന്നും പാക് ഭരണാധികാരികൾ വ്യക്തമാക്കി.ഇതിനൊപ്പം, അമേരിക്കയിൽ കുടുങ്ങിയ 150 പാക് വിദ്യാർഥികൾക്കായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിമാനവും പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചിരുന്നു.
വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കരുതി വൈറ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് അപ്രതീക്ഷിതമായാണ്. കാരണം, തലേദിവസം അതേ വ്യക്തിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു- ട്രംപ് പറഞ്ഞു. അത്യാവശ്യ സേവനങ്ങൾക്കുള്ള ആളുകൾ മാത്രമേ ഇപ്പോൾ വൈറ്റ്ഹൗസിൽ വന്നു പോകുന്നുള്ളുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധനയിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ കോവിഡ് പരിശോധനകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. മുൻപ് 1,50,000 പേർക്കാണ് ഒരു ദിവസം പരിശോധന നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 3,00,000 ആയി ഉയർന്നെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതുവരെ ഒൻപത് മില്യണ്‍ ആളുകൾക്ക് കോവിഡ് പരിശോധന നടത്തി കഴിഞ്ഞുവെന്നും ഈ അടുത്തയാഴ്ചയോടെ അത് 10 മില്യണായി ഉയരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതല്‍ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. ലോക്ക്ഡൗണുമായ ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതു ഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യോഗം തുടരുകയാണ്. ലോക്ക്ഡൗണില്‍ കേന്ദ്രം ഇളവുകള്‍ ആവശ്യപ്പെടുമ്പോഴാണ് സംസ്ഥാനസര്‍ക്കാരുകള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുകയാണ്. രാജ്യം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് എല്ലാവരും പറയുന്നത്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകള്‍ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകള്‍ നോക്കി തന്ത്രമാവിഷ്‌കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആലോചന.
പത്തനംതിട്ട സ്വദേശിനിയെ സൗദി അറേബ്യയിലെ തബൂക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിന്റെ മകൾ സ്നേഹ മാത്യു (30) ആണ് മരിച്ചത്. തബൂക്കിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
നാട്ടിൽപോകാൻ വേണ്ടി ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കയായിരുന്നു. രണ്ട് മക്കളുണ്ട്. തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മൂത്ത മകൾ എയ്ഞ്ചൽ. നാല് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുമുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം.(ലൂക്കാ 11: 27, 28 ) മിശിഹാ ഇവിടെ പരിശുദ്ധ കന്യകയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്നു നമ്മെ മനസ്സിലാക്കുന്നു. ദൈവവചനം ശ്രവിച്ചു അതനുസരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് അവള്‍ ഭാഗ്യവതിയായിരിക്കുന്നത്.
അതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. ദൈവവചനവും എല്ലാ തിരുവെഴുത്തുകളും ദൈവ പ്രചോദിതമാകയാല്‍, പഠിപ്പിക്കുന്നവന് അബദ്ധങ്ങളെ ഖണ്ഡിക്കുന്നതിനും, ജനങ്ങളുടെ ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്കുന്നതിനും, അവരെ വിശുദ്ധി പ്രാപിക്കുന്നതിന് പഠിപ്പിക്കുന്നതിനും ഫലദായകമാം വിധം ഉപയോഗിക്കുവാന്‍ കഴിയുന്നവയാണ്. ഇരു മുനവളായ ദൈവവചനം ശ്രവിച്ച് അത് പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.
പ്രാര്‍ത്ഥന.
മരിയാംബികയേ..!
അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. ‘ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ ‘ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു.
നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ.. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനേക്കുറിച്ച് ഞങ്ങള്‍ മനഃസ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഗണിക്കണമേ..
സുകൃതജപം.
ബോധജ്ഞാനത്തിന്റെ സിംഹാസനമേ…
ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്‍കണമേ…
ടൊവീനോ തോമസ് നായകനായ ഫോറൻസിക് സിനിമയിൽ പരാമർശിക്കുന്ന സീരിയൽ കില്ലറുകളായ കുട്ടികളെ കുറിച്ചാണ്. സിനിമ കണ്ടവരിൽ കുറച്ചുപേരെങ്കിലും ഇതെല്ലാം വെറും കഥകൾ അല്ലെ എന്ന് കരുതിയിട്ടുണ്ടാവും. എന്നാൽ ആ പേരുകൾ ഒന്നും കഥയായിരുന്നില്ല. സിനിമയിലെ നായകനായ ടൊവിനോ പരാമർശിക്കുന്ന അമർജീത് സദാ എന്ന ഇന്ത്യക്കാരനായ ആ കുട്ടിക്കുറ്റവാളിയെ കുറിച്ചുള്ള സുനില്‍ വെയ്നിന്റെ ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സുനില്‍ വെയ്ൻസിന്റെ ഫേസ്ബുക്ക് കുറിപ്പ്
“ഫോറൻസിക്” എന്ന സിനിമയിലെ നിർണായക കഥാ സന്ദർഭങ്ങളിലൊന്നിൽ നായകൻ ടോവിനോ തോമസ് ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധരായ കുട്ടിക്കുറ്റവാളികളെ കുറിച്ച് തന്റെ സഹപ്രവർത്തകരുടെ മുന്നിൽ പറയുന്നുണ്ട്. അതിൽ ടോവിനോ ആദ്യം പരാമർശിക്കുന്ന പേര് ‘അമർജീത് സദാ’ എന്ന ഇന്ത്യൻ ബാലന്റേതാണ്. ശേഷം മേരി ബെൽ, റോബർട്ട് തോംപ്‌സൺ എന്നിവരെയെല്ലാം എടുത്ത് പറയുന്നുണ്ട്. നിങ്ങളിൽ ചിലരെങ്കിലും ആദ്യമായിട്ടായിരിക്കും ഈ പേരുകളെല്ലാം കേൾക്കുന്നത്.
ആരാണ് ഇവരൊക്കെ ??
വർഷം 2007, ബീഹാറിലെ ഭഗവാൻപൂർ പോലീസ് സ്‌റ്റേഷനിലെ ടെലിഫോണിലേക്ക് പതിവില്ലാതെ നിരവധി കോളുകൾ വരുന്നു. ലോകത്തെയാകമാനം നടുക്കാൻ പോകുന്ന ഒരു കൊലപാതക പരമ്പരയുടെ അറിയിപ്പാണ് തങ്ങളെത്തേടി വരുന്നതെന്ന് അന്ന് ആ പോലീസ് സ്റ്റേഷനിൽ വ്യാപൃതരായ പോലീസുകാർ ആരും കരുതിക്കാണില്ല. ബിഹാറിലെ ഒരു ചെറിയ ഉൾനാടൻ ഗ്രാമത്തിൽ നിന്നായിരുന്നു ഫോൺകോളുകൾ ഇടതടവില്ലാതെ ആ പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോളുകൾ പ്രവഹിച്ചത്. ഗ്രാമത്തിൽ നിന്ന് ഒരു കൊടിയ കൊലപാതകിയെ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പോലീസ് തങ്ങളുടെ ഗ്രാമത്തിലേക്ക് വരണമെന്നും, അവനെ കൈ മാറാൻ വേണ്ടി തങ്ങൾ കാത്തു നിൽക്കുകയാണെന്നുമായിരുന്നു ഗ്രാമവാസികൾ ടെലിഫോൺ മുഖേനെ പോലീസുകാരെ അറിയിച്ചത്. പോലീസുകാർ ഉടൻ തന്നെ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. അവിടെ നിന്നാണ് ഇന്ത്യയെ നടുക്കിയ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ കഥ പുറം ലോകം അറിയുന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് കൊലപാതകിയെന്ന് പറഞ്ഞ് നാട്ടുകാർ കൈമാറിയത് കേവലം 8 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ ബാലനെയാണ്. അവന്റെ പേര് അമർജീത് സദാ (ചിലയിടങ്ങളിൽ അമർദീപ് സദാ എന്നും കാണാം) നാട്ടുകാർ അവനെ പോലീസിന് കൈമാറിയ സമയത്തും അവൻ പോലീസിനെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു.1998-ൽ ആയിരുന്നു അമർജീത് സദാ എന്ന ആ ബാലന്റെ ജനനം, ബിഹാറിലെ ബെഗുസരയ് ജില്ലയിൽ. പിന്നീട് അവന്റെ കുടുംബം മുസ്‌റഹി എന്ന സ്ഥലത്തേക്ക് താമസം മാറി. അവന്റേത് തീർത്തും ഒരു ദരിദ്ര കുടുംബമായിരുന്നു, അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു.
ഇത്രയും ചെറിയൊരു പയ്യൻ എങ്ങനെ ഇത്രയും കൊലപാതകങ്ങൾ നടത്താനാണ് എന്ന് പറഞ്ഞ് പോലീസുകാർ ആദ്യം നാട്ടുകാരോട് ദേഷ്യപ്പെടുകയാണുണ്ടായത്. എന്നാൽ നാട്ടുകാരിൽ നിന്ന് സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ വിറച്ചു പോയി. കുട്ടിത്തം വിട്ടു മാറാത്ത ആ ബാലനാണ് നാട്ടിലെ കൊലപാതക പരമ്പരകളുടെയെല്ലാം അമരക്കാരൻ എന്ന നടുക്കുന്ന സത്യം പോലീസുകാരെ ഏറെ അമ്പരപ്പിച്ചു. താൻ എങ്ങനെയാണ് കൊല നടത്തിയതെന്ന് യാതൊരു പേടിയും കൂസലുമില്ലാതെ ആ ബാലൻ പോലീസുകാർക്ക് വിവരിച്ചു കൊടുത്തു. അവന്റെ വെളിപ്പെടുത്തൽ കേട്ട പോലീസുകാർ അക്ഷരാർത്ഥത്തിൽ തരിച്ചു പോയി.
ഏറ്റവും ഭയപ്പെടുത്തുന്ന സംഗതി എന്തെന്നാൽ അമർജീത്ത് സദാ എന്ന ആ ബാലൻ, ക്രൂരമായി കൊന്നു കളഞ്ഞത് വെറും ആറു മാസം മാത്രം പ്രായമുള്ള ഒരു പെൺ കുഞ്ഞിനെയാണ്. ഗ്രാമത്തിലെ ചുങ് ചുങ് ദേവി എന്ന സ്ത്രീ തന്റെ ആറു മാസം മാത്രം പ്രായമുള്ള ഏക മകൾ ഖുശ്ബുവിനെ അവിടെയുള്ള ഒരു പ്രൈമറി സ്‌കൂളിൽ ഉറക്കിക്കിടത്തിയ ശേഷം വീട്ടുജോലികൾ ചെയ്യാനായി തിരിച്ചു പോയപ്പോഴായിരുന്നു ആ ദാരുണ സംഭവം അരങ്ങേറിയത്. ജോലി ചെയ്ത് മടങ്ങി വന്നപ്പോൾ തന്റെ കുഞ്ഞിനെ ആ അമ്മക്ക് അവിടെ കാണാൻ സാധിച്ചില്ല. ആ പിഞ്ചു കുഞ്ഞ് അതിനോടകം അമർജീത്തിന്റെ കൈപ്പിടികളിൽ അമർന്നു കഴിഞ്ഞിരുന്നു. അവൻ ഒരു ദയാദാക്ഷണ്യവും കൂടാതെ നിഷ്ഠൂരമായി ആ കുഞ്ഞിനെ കൊന്നു കളഞ്ഞു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഒരു മടിയും കൂടാതെ അവൻ സംഭവിച്ച കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തു.
എന്നാൽ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച സംഭവ കഥകളാണ് അതിന് ശേഷം പുറത്ത് വന്നത്. ഇത് അവന്റെ ആദ്യത്തെ കൊലപാതകമല്ല പോലും, ഇതിന് മുമ്പും അവൻ രണ്ട് കുഞ്ഞുങ്ങളെ ഇത് പോലെ കൊന്നു തള്ളിയിട്ടുണ്ടെത്രെ..!! അവൻ കൊന്നു തള്ളിയ രണ്ട് കുരുന്നുകളും 6 മാസത്തിനും ഒരു വയസ്സിനും ഇടയിൽ മാത്രം പ്രായമുള്ളവരായിരുന്നു. തന്റെ ആദ്യ കൊലപാതകം നടത്തുമ്പോൾ അവന് പ്രായം വെറും 7 വയസ്സ് മാത്രം. എന്നാൽ നാട്ടുകാർ ഞെട്ടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവൻ കൊന്നു കളഞ്ഞതിൽ ഒരാൾ മറ്റാരുമല്ലായിരുന്നു, അവന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം അനുജത്തി തന്നെ ആയിരുന്നു..!! അമ്മയുടെ മടിയിൽ സുഖനിദ്രയിൽ മുഴുകിക്കിടന്നിരുന്ന ആ പൈതലിനെ എടുത്ത് കൊണ്ട് പോകുമ്പോൾ അവന്റെ അമ്മ ഒരിക്കലും കരുതിക്കാണില്ല, അതവരുടെ കുഞ്ഞിന്റെ മരണത്തിലേക്കുള്ള മടക്കയാത്രയാണെന്ന്.
കുഞ്ഞുമായി ഒരൊഴിഞ്ഞ വയലിലേക്ക് ചെന്ന അമർജീത് പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നത്, അനുജത്തിയില്ലാതെ ഒഴിഞ്ഞ കൈകളുമായിട്ടാണ്. വീട്ടുകാർ കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോൾ അവരെ അവൻ ആ വയലിലേക്ക് വിളിച്ചു കൊണ്ടുപോകുകയും അവിടെ കരിയിലയും പുല്ലും കൊണ്ട് മൂടിക്കിടത്തിയ തന്റെ സഹോദരിയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയുമാണ് ഉണ്ടായത്. അത് കൊണ്ടും അവനിലെ മൃഗം അടങ്ങിയിട്ടില്ലായിരുന്നു. അടുത്ത ഇരയേയും അവന് ലഭിച്ചു; അതും സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ. തന്റെ സ്വന്തം അമ്മാവന്റെ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞാണ് അവന്റെ അടുത്ത ഇരയായി തീർന്നത്.
ഈ രണ്ട് കൊലപാതകങ്ങളും അമർജീത് തന്നെയാണ് നടത്തിയതെന്ന് കുടുംബാംഗങ്ങൾ എല്ലാവരും അറിഞ്ഞു. എന്നിട്ടും അമർജീത്തിനെ രക്ഷിക്കാനായി ഈ വിവരങ്ങളെല്ലാം കുടുംബാംഗങ്ങൾ മൂടി വയ്ക്കുകയാണ് ഉണ്ടായത്. അത് അവനുള്ളിലെ മൃഗീയ തൃഷ്ണകൾക്ക് കൂടുതൽ ശക്‌തിയും വീര്യവും പകർന്നു. ഏറ്റവുമൊടുവിൽ അവന്റെ പ്രതികാരാഗ്നിക്ക് പാത്രമായി തീർന്നത് ഖുശ്ബു എന്ന ആ പാവം പെൺകുഞ്ഞായിരുന്നു. നേരത്തെ തന്നെ അമർജീതിൽ പലവിധ സംശയങ്ങൾ ഉണ്ടായിരുന്ന നാട്ടുകാർക്ക് ഖുശ്ബുവിന്റെ മരണത്തോടെ അത് ഉറപ്പിക്കാനായി. അങ്ങനെയാണ് നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തിയത്. തുടർന്ന് അമർജീത്തിനെ പോലീസുകാർ സ്റ്റേഷനിൽ എത്തിച്ചു.
ശേഷം എന്തിനാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് എന്ന് അവനോട് ചോദിച്ചു. എന്നാൽ അമർജീത് അപ്പോഴും പോലീസിനെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശേഷം പോലീസുകാരോട് തനിക്ക് വിശക്കുന്നുവെന്നും ബിസ്കറ്റ് വേണമെന്നും അവൻ ആവശ്യപ്പെട്ടു. ബിസ്ക്കറ്റ് നൽകിയ ശേഷം വീണ്ടും എങ്ങനെയാണ് ഈ കൊടും കൊലപാതകങ്ങളെല്ലാം ചെയ്തത് എന്ന് പോലീസുകാർ ആവർത്തിച്ചു ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഇങ്ങനെയായിരുന്നു. താൻ ആ കുഞ്ഞുങ്ങളെയെല്ലാം ആളൊഴിഞ്ഞ ഒരു വയലിലേക്ക് കൊണ്ട് പോയെന്നും ശേഷം ആ കുഞ്ഞുങ്ങളുടെയെല്ലാം മുഖത്ത് ഒരു ഇഷ്ടിക ഉപയോഗിച്ച് ആഞ്ഞാഞ്ഞ് ഇടിക്കുകയും ഇത്തരത്തിൽ എല്ലാവരെയും കൊന്നു തള്ളിയെന്നുമാണ് അവൻ പോലീസുകാരോട് പറഞ്ഞത്. അമർജീതിന്റെ ഉത്തരം കേട്ട പൊലീസുകാർ ശരിക്കും സതംഭിച്ചു പോയി. അവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടായിരുന്നു. അത് കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവരിൽ പലരും മടിച്ചു. ഒരു മനശാസ്ത്രജ്ഞൻ വരുന്നത് വരെ പോലീസുകാർ അക്ഷമയോടെ കാത്തിരുന്നു. അമർജീത് അപ്പോഴും പോലീസുകാരെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു
മൈനർ ആയിരുന്നിട്ടും അമർജീത് സദാ എന്ന അവന്റെ യഥാർത്ഥ പേരും ഫോട്ടോയും പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് മന:പൂർവം തന്നെയായിരുന്നു. അതീവശ്രദ്ധ ചെലുത്തേണ്ട അത്യന്തം അപകടകാരിയായ ഒരു മാനസിക രോഗിയാണ് അമർജീത് എന്ന് അവനെ പരിശോധിച്ച മനശാസ്ത്രജ്ഞർ രേഖാമൂലം അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്തരമൊരു കരുതൽ നടപടി പോലീസുകാർ സ്വീകരിച്ചത്. വെറും 8 വയസ്സുള്ള ഒരു ബാലനാണ് കൊലപാതക പരമ്പരകൾ നടത്തിയതെങ്കിലും കൊലപാതകം, കൊലപാതകം തന്നെയാണെന്നും അത്തരത്തിൽ തന്നെയാണ് കേസ് മുന്നോട്ട് പോവുകയെന്നും പോലീസുകാർ മാധ്യമങ്ങളെ അറിയിച്ചു. അവന്റെ പ്രായം പരിഗണിച്ചാൽ തന്നെയും, അവന്റെ മാനസിക നിലയും മാനസികാവസ്ഥയും ഒരിക്കലും പരിഗണിക്കാൻ സാധിക്കുകയില്ലെന്നും അവർ പറഞ്ഞു. ജന്മനാലുള്ള സ്വഭാവ വൈകൃതമാണ് ഇത്തരത്തിലുള്ള കൊലപാതക പരമ്പരകൾ ചെയ്യാൻ അവന് പ്രേരകമാകുന്നതെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് ആണ് അമർജീത് എന്നും അവനെ ചികിത്സിച്ച ഡോക്ടർമാർ കണ്ടെത്തി.
എന്നാല്‍ അവന്‍റെ മാനസികവും ശാരീരികവുമായ എല്ലാം പ്രശ്നങ്ങളും മരുന്നുകളിലൂടെയും മറ്റ് ചികിത്സാ രീതികളിലൂടെയും പരിഹരിക്കാമെന്നായിരുന്നു അവനെ ചികിത്സിച്ച ഡോക്ടർമാരുടെ അഭിപ്രായം. പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാതെ അവനെ പുറത്തേക്കിറക്കി വിട്ടാൽ അത് അപകടകമാണെന്നും അവന്റെ മാനസികാവസ്ഥയിൽ ശരി തെറ്റുകൾ തിരിച്ചറിയാനുള്ള മാനസിക നില അവൻ ആർജ്ജിച്ചിട്ടില്ല എന്നും ഡോക്ടർമാർ പറഞ്ഞു. കേസ് നടക്കുന്നതിനിടെ ജഡ്ജിയുടെ മുൻപിൽ പോലും ചിരിച്ചു ഉദാസീനനായി നിലകൊണ്ട അമർജിത്തിന്റെ വാർത്തകൾക്ക് അക്കാലത്ത് വലിയ തോതിൽ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇതിന് ശേഷം അമർജീത്തിനെ ഒരു ജുവനൈൽ ഹോമിലേക്ക് മാറ്റുകയാണ് ചെയ്‌തത്, അതും മറ്റ് കുട്ടികളോടൊന്നും യാതൊരുവിധ സമ്പർക്കവും സാധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു അവിടെയുള്ള അവന്റെ വാസം. പിന്നീട് അവനെ കുറിച്ചുള്ള യാതൊരു വിധ വാർത്തകളും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല. 18 വയസ്സ് പൂർത്തിയായ ശേഷം അവിടെ നിന്ന് പുറത്തിറങ്ങിയ അവൻ ഇപ്പോൾ ചിലപ്പോൾ എവിടെയെങ്കിലും സാധാരണ ജീവിതം നയിക്കുന്നുണ്ടാവും. അതുമല്ലെങ്കിൽ മറ്റൊരു പേരിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നയിച്ച് വേറെ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവാം..!!
മേരിബെൽ-ന്റെ കഥയും ഏതാണ്ട് ഇത് പോലൊക്കെ തന്നെ.1957-ൽ ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ജനിച്ച മേരി ബെല്ലിനെ പല തവണ അവരുടെ അമ്മ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തീർത്തും അരക്ഷിതമായൊരു ബാല്യമായിരുന്നു മേരിയുടേത്. തന്റെ പതിനൊന്നാം പിറന്നാളിന് കൃത്യം ഒരു ദിവസം മുൻപാണ് മേരി നാലു വയസ്സുകാരനായ മാർട്ടിൻ ബ്രൗണിന്റെ കൈപിടിച്ച് ഇംഗ്ലണ്ടിലെ ന്യൂകാസിൽ നഗരത്തിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് നടന്നു കയറിയത്. അവിടെ വച്ച് അവൾ, ആ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. മാർട്ടിന്റെ കൊലപാതകിയെ കണ്ടെത്താൻ ആദ്യ ദിവസങ്ങളിലൊന്നും പോലീസിന് കഴിഞ്ഞില്ല. ഒരിക്കൽ നഗരത്തിലുള്ള ഒരു നഴ്സറി സ്കൂളിൽ കൂട്ടുകാരികൾക്കൊപ്പമെത്തിയ മേരി ബെൽ താനാണ് കൊലപാതകിയെന്ന് പറഞ്ഞുള്ള ഏതാനും കടലാസുതുണ്ടുകൾ അവിടെ നിക്ഷേപിച്ച് കടന്നുകളഞ്ഞു. പോലീസ് ഇവരുടെ പ്രഖ്യാപനം അന്ന് കാര്യമായിട്ടെടുത്തില്ല. ഇത് മേരിക്ക് വലിയ പ്രോത്സാഹനമായി.
രണ്ടു മാസത്തിനു ശേഷം മൂന്നു വയസ്സുകാരൻ ബ്രയാൻ ഹോവിന്റെ കൊലപാതകത്തിലാണ് അത് ചെന്ന് കലാശിച്ചത്. മാർട്ടിൻ ബ്രൗണിന്റെ മൃതദേഹം കിട്ടിയ അതേ സ്ഥലത്ത് നിന്നാണ് ബ്രയാൻ ഹോവിന്റ മൃതദേഹവും പോലീസിന് കണ്ടുകിട്ടിയത്. ഈ പിടിവള്ളി ഉപയോഗിച്ച് കേസ് അന്വേഷിച്ച പോലീസ് ഒടുവിൽ മേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ മേരി ബെല്ലിന് മികച്ച മാനസിക രോഗവിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി വിധിച്ച 12 വർഷത്തെ ജയിൽ ശിക്ഷയ്ക്കൊടുവിൽ 1980-ൽ മേരി പുറംലോകത്തെത്തി. മറ്റൊരു പേരിൽ അവർ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടന്നു.
റോബർട്ട് തോംപ്സണും ജോൺ വെനബിൾസും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു. എന്നാൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവർ ചെയ്ത കൊലപാതകം കേട്ട് ബ്രിട്ടൻ ശരിക്കും വിറങ്ങലിച്ചു പോയി. ജെയിംസ് ബൾജർ എന്ന രണ്ടു വയസ്സുകാരനെ ഇരുവരും ചേർന്ന് മൃഗീയമായി കൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ മേഴ്സിസൈഡിലെ സ്കൂളിൽ നിന്ന് സ്ഥിരമായി ക്ലാസ് കട്ട് ചെയ്തു പുറത്തു പോവുമായിരുന്നു ജോണും റോബർട്ടും. അങ്ങനെ 1993 ഫെബ്രുവരി 12-ന് അവർ ചെന്നെത്തിയത് നഗരത്തിലെ വലിയൊരു ഷോപ്പിങ് കോംപ്ലക്സിലായിരുന്നു. കടകളിൽ നിന്ന് ചെറിയ മോഷണങ്ങൾ നടത്തിയശേഷം അവർ കോംപ്ലക്സിലെത്തിയ ചെറിയ കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങി.
അമ്മയുടെ അരികുപറ്റി ഷോപ്പിങ്ങിന് വന്ന ജെയിംസ് ‘ബൾജർ’ എന്ന ബാലനെ അങ്ങനെയാണ് അവർ കണ്ടെത്തുന്നത്. ബൾജറുടെ അമ്മയുടെ കണ്ണു തെറ്റിയ ഒരു ദുർബല നിമിഷത്തിൽ അവർ ജയിംസിനെയും കൊണ്ട് അതിവേഗം കടന്നു കളഞ്ഞു. ആൻഫീൽഡിലെ ഒരു പഴയ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കിയായിരുന്നു അവർ നടന്നു നീങ്ങിയത്. ചെറിയ കുട്ടിയുമായി ഇരുവരും നടക്കുന്നതു കണ്ട് സംശയം തോന്നി ചോദിച്ചവരോടൊക്കെ, അവൻ തങ്ങളുടെ ഇളയ സഹോദരനാണെന്നും വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്നും ഇരുവരും മറുപടി നൽകി. ശേഷം റെയിൽവേ സ്റ്റേഷനടുത്തുള്ള സെമിത്തേരിക്കടുത്ത് വച്ച് വെനബിൾസും തോംപ്സണും ചേർന്ന് ബൾജറെ നിർത്താതെ ഉപദ്രവിക്കാൻ തുടങ്ങി.
ചായം നിറച്ച ടിന്നും ഇഷ്ടിക കഷ്ണങ്ങളും മുഖത്തേക്കെറിഞ്ഞായിരുന്നു തുടക്കം. പലവിധത്തിലുള്ള പീഡനങ്ങൾക്ക് ശേഷം 10 കിലോ ഭാരമുള്ള ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തുടരെത്തുടരെ മർദിച്ച് അതിക്രൂരമായി അവർ ബൾജറെ കൊലപ്പെടുത്തി. തുടർന്ന് അവനെ വിവസ്ത്രനാക്കിയ ശേഷം അവന്റെ മൃതശരീരം റെയിൽവേ ട്രാക്കിലുപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി. കുട്ടി ട്രെയിനിടിച്ച് മരിച്ചതാണെന്ന് വരുത്തി തീർക്കാനായിരുന്നു അവരുടെ ശ്രമം.
രണ്ടു ദിവസത്തിനു ശേഷമാണ് ബർജറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ ട്രെയിനിടിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നെന്ന് ഉറപ്പിച്ചു പറഞ്ഞു. ഷോപ്പിങ് ക്ലോംപ്ലക്സിൽ നിന്ന് കുട്ടിയുമായി പുറത്തുപോവുന്ന അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് റോബർട്ട് തോംപ്സണെ അയൽവാസിയായ ഒരു സ്ത്രീ തിരിച്ചറിഞ്ഞതോടെ രണ്ടു കുട്ടികളും പെട്ടെന്ന് തന്നെ പിടിയിലായി.
ഏറെ കാലം ജുവനൈൽ ഹോമിൽ തടവിൽ കഴിഞ്ഞ ഇരുവരും പിന്നീട് പുതിയ പേരുമായി ജയിലിൽ നിന്ന് പുറത്തിറങ്ങി. പരോൾ നിയമങ്ങൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വെനബിൾസ് രണ്ടു തവണ കൂടി ജയിലിലായി. തോംപ്സൺ തന്റെ ഒരു പുതിയ വ്യക്തിത്വം സ്വീകരിച്ച് സാധാരണ ജീവിതം നയിക്കുന്നതായാണ് ഒടുവിൽ അറിയാൻ സാധിച്ചത്.
ലോകത്തെ നടുക്കിയ കുട്ടികുറ്റവാളികളുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കുട്ടിക്കുറ്റവാളികളെ പറ്റി നാമൊരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഒരു പക്ഷെ ഫോറൻസിക് എന്ന ചിത്രം കണ്ട ശേഷം ആയിരിക്കാം നമ്മളിൽ പലർക്കും സീരിയൽ കില്ലേഴ്സ് എന്നൊരു ഇമേജ് കുട്ടികളിലും കാണാവുന്ന സാധ്യതയെ പറ്റി ചിന്തിച്ചു കാണുക..!!
കോവിഡ് മഹാമാരി ഒട്ടേറെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു. ശമ്പളമില്ലാത്ത അവധിയിലാണ് മറ്റു പലരും. കുടുംബവുമായി കഴിഞ്ഞിരുന്നവരാണ് ജോലി നഷ്ടത്തിലൂടെ ഏറ്റവുമധികം ദുരിതത്തിലായത്. മാസവരുമാനം മുഴുവൻ താമസ വാടക, സ്കൂൾ ഫീസ്, വീട്ടുചെലവ് എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മധ്യവർഗക്കാർക്ക് കൈയിൽ ഒന്നും ബാക്കിയാകാറില്ല. ഇത്തരക്കാർക്ക് ഇൗ വിഷകമകരമായ അവസ്ഥയിൽ ആരോടും കടം ചോദിക്കാൻ പോലും പറ്റില്ലല്ലോ. ജോലി നഷ്‌ടപ്പെട്ട തന്റെ കുടുംബം കടന്നുപോകുന്ന അവസ്ഥാന്തരങ്ങള്‍ വരച്ചിടുകയാണ് കോട്ടയം ഇൗരാറ്റുപേട്ട സ്വദേശിനിയും യുവ എഴുത്തുകാരിയുമായ ദുബായിൽ താമസിക്കുന്ന വീട്ടമ്മ മഞ്ജു ദിനേശ് :
”മാർച്ചിൽ സ്കൂൾ പൂട്ടിയ മകനും ജോലി നഷ്ടപെട്ട ഭർത്താവും വീട്ടിലിരിക്കാൻ തുടങ്ങിയതുകൊണ്ട് കൊറോണ വാർത്തകൾ വലുതായി ബാധിക്കാത്ത മട്ടായിരുന്നു ജീവിതം, തുടക്കത്തിൽ. ഇടയ്ക്കിടെ പാർക്കിലും മാളിലും ബന്ധുവീട്ടിലുമൊക്കെ പോയി സമയം പോകവേ പെട്ടന്നാണ് നാട്ടിലും ഇവിടെയുമൊക്കെ ലോക്ഡൗൺ എന്ന കാർമേഘപടലം വന്ന് മൂടുന്നത്.
കൊറോണയുടെ ട്രോളുകളും തമാശകളും ഒക്കെയായി ഒരാഴ്ച കടന്നു പോയി. ജോലി അന്വേഷണത്തിലായിരുന്നു ഭർത്താവ്, അപ്പോഴും. കൊറോണ അതും വെള്ളത്തിലാക്കി. നാട്ടിൽ പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ഇവിടെ ദേശീയഗാനം ആലപിക്കുകയും ഒക്കെ ചെയ്‌തപ്പോൾ ഒന്നും മിണ്ടാതെ ഇതൊക്കെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്കായിട്ടിട്ടുള്ള നന്ദി പ്രകടനമാണെന്നു മനസ്സിലാക്കി വീട്ടിൽ ഒതുങ്ങിക്കൂടി.
പതിയെ മരണനിരക്കുകളും വൈറസ് വ്യാപനവും ഒരു ദുരന്തമായി നമ്മുടെ മുന്നിൽ തകർത്താടുന്നത് ഭീതിയോടെ അറിഞ്ഞു. നമ്മളിൽ ഒരാൾക്ക് വന്നാൽ മാത്രമേ നമുക്കും ഇതിന്റെ ഭീകരാവസ്ഥ മനസിലാകൂ എന്ന് അറിയവേ രാഷ്ട്രീയ മതചിന്തകൾക്ക് അതീതമായി ‘ഒന്നാണ് നമ്മൾ’ എന്നുള്ള തത്ത്വം ലോകം അറിയുന്നത് കൗതുകത്തോടെ നോക്കിക്കണ്ടു.
പത്തുവയസ്സുകാരൻ മകന് കൊറോണയോട് ദേഷ്യം. കളിക്കാനോ പുറത്തിങ്ങാനോ സമ്മതിക്കാത്ത കൊറോണയെ സ്വന്തം അമ്മയോട് താരതമ്യപ്പെടുത്തി. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ കെട്ടിപ്പിടിച്ചു സോറി പറച്ചിലും കരച്ചിലും പിന്നീടത് പ്രാർഥനയിലേക്കും വഴിമാറി. അവന്റെ കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയെന്നുള്ള വാർത്ത കേട്ടപ്പോൾ ഓടിച്ചെന്നു ഭഗവാനോട് ‘അവർക്കൊന്നും വരുത്തല്ലേ ദൈവമേ, ഇതൊന്ന് മാറ്റിത്തരുമോ?’
എന്ന് കൈകൂപ്പിയുള്ള അപേക്ഷയും കണ്ണീരും കണ്ടപ്പോൾ, സ്വാർഥതയില്ലാതെ ലോകത്തിലെ സകലർക്കും വേണ്ടി പ്രാർഥിക്കാൻ നമ്മളെ പഠിപ്പിച്ച കൊറോണ സ്നേഹത്തിന്റെ രൂപത്തിലും അവതരിച്ചോയെന്നൊരു സംശയം.
പുതിയ പാചക പരീക്ഷണങ്ങളിൽ മുഴുകിയപ്പോളും മനസ്സിൽ ഭക്ഷണം കഴിക്കാനാകാതെ ഇരിക്കുന്നവരുടെ മുഖങ്ങൾ തെളിഞ്ഞുവന്നു. ഫോണെടുത്ത് ആവേശത്തോടെ സംസാരിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഈ ആപത്ത് ഘട്ടത്തിലും കൂടെയുണ്ടെന്ന തോന്നൽ മനസ്സിനെ ശക്തമാക്കി. നാട്ടിലോട്ട് വിളിക്കാൻ ഉത്സാഹം കൂടി. അവിടെ ബന്ധുക്കളെയും വീടും പരിസരവും കണ്ടപ്പോൾ ഇതൊക്കെ എന്ന് ഇനി കാണും എന്നുള്ള ഒരു നീറ്റൽ മനസ്സിലെവിടെയോ തുള്ളിത്തുളുമ്പി വരികയായിരുന്നു. അതിനിടക്ക് അമ്മക്ക് വന്ന അസുഖം മാനസികമായി ഏറെ തളർത്തിയെങ്കിലും ഈശ്വരൻ കൈവിട്ടില്ല.
ഒരു വശത്ത് കാലിയാകുന്ന കീശ. അത് അറിയിക്കാതെ എന്നെയും മക്കളേയും ചേർത്തുനിർത്തുന്ന ഭർത്താവ്. ചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി മക്കൾ ആകുലതകൾ കുറേയൊക്കെ അകറ്റി നിർത്തി. ചേർത്ത് പിടിക്കേണ്ട സമയം ഇതല്ലാതെ ഏതാണ്? ഒരു ദിവസം ബാൽക്കണി വൃത്തിയാക്കിയപ്പോൾ ‘ഞാനിപ്പോ പെരുംതച്ചൻ ആയേനെ’ എന്ന് പറഞ്ഞ ഭർത്താവിനോട് ഇത്രേം പൊങ്ങച്ചം പറയല്ലെന്നു പറഞ്ഞപ്പോൾ ‘താഴോട്ട് നോക്ക്, അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടോ? എന്റെ കൈയ്യിൽ നിന്ന് ചുറ്റിക താഴെ വീണിരുന്നേൽ?’കേട്ടപ്പോൾ അന്ധാളിച്ച് തലയിൽ കൈവച്ചുനിൽക്കാനേ പറ്റിയുള്ളൂ.
ഞങ്ങൾ ഒന്നിച്ചാണല്ലോയെന്നുള്ള ആശ്വാസത്തിരിക്കുന്ന വീട്ടുകാർ പുറത്തുപോവല്ലെന്നുള്ള പല്ലവി ആവർത്തിക്കുമ്പോൾ അവരുടെ ഉത്കണ്ഠ മുഖത്തു വായിച്ചെടുക്കാം. കൂട്ടുകാരായ ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടു കഥകൾ കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു. മറ്റുള്ളവർക്കായി ജീവിതം ഹോമിക്കുന്നവർക്കിടയിൽ ജീവിതം പലതും ഓർമിപ്പിക്കുകയാണ്.
കൂട്ടുകാരിയുടെ ബന്ധുക്കൾക്കും കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയപ്പോൾ പേടിച്ചതും പിന്നീടവരൊക്കെ നെഗറ്റീവ് ആണെന്ന് കേട്ടപ്പോൾ സന്തോഷിച്ചതും മറക്കാനാകാത്ത ഓർമകളായി എന്നും കൂടെയുണ്ടാകും. അറിയുന്നവരും അല്ലാത്തവരുമായുള്ള ചിലരുടെ വിയോഗങ്ങൾ അതിനിടയിൽ കണ്ണീരു വീഴ്ത്തി. അച്ഛൻ മരിച്ചിട്ട് ഒരുനോക്കു കാണാൻ കഴിയാത്ത കൂട്ടുകാരനേയും നാട്ടിൽ നോക്കിയിരിക്കുന്നവരെ കാണാൻ കഴിയാതെ ഭാഗ്യം കെട്ടവരും മനസ്സിൽ മായ്ക്കാനാകാത്ത കറുത്തപാടുകൾ കോറിയിടുന്നു.
പുണ്യമാസം അപ്പോഴേയ്ക്കും വന്നെത്തി. മകന്റെ കൂട്ടുകാരൻ ക്ലാസിലേയ്ക്ക് വേണ്ട കുറെ പുസ്തകങ്ങൾ റമസാൻ സമ്മാനമായി വാങ്ങിത്തന്നു. ജോലിയില്ലാതെ ഇരിക്കുന്നത് അവർ അറിഞ്ഞിരിക്കാം. നിറകണ്ണുകളോടെ അത് വാങ്ങുമ്പോൾ നല്ല മനസ്സുകൾ എത്രയോ ഇനിയും ഉണ്ടെന്നു സന്തോഷപൂർവ്വം ഓർത്തു. സ്കൂൾ ഫീസ് മൂന്നിലൊന്നാക്കി സ്കൂൾ അധികൃതരും സഹായിച്ചു. ‘കാശില്ലേൽ പറയണേ, എന്താവശ്യമുണ്ടേലും ചോദിക്കാൻ മടിക്കല്ലേ’എന്ന് കൂട്ടുകാർ ഒരേപോലെ പറഞ്ഞപ്പോൾ നമ്മൾ എത്ര സമ്പത്തുള്ളവർ ആണെന്ന് അഭിമാനം തോന്നിപ്പോയി!. കൂട്ടുകാർ എന്നുള്ള സമ്പത്ത് അതൊരു അക്ഷയപാത്രം പോലെയാണ്.
മനുഷ്യരെല്ലാം ഒരു ചെറിയ വൈറസിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മനസിലാക്കി ഈ കാലം കടന്നുപോകുമ്പോൾ കൂടുതൽ തിരിച്ചറിവ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മുഖാവരണം കൊണ്ട് മനുഷ്യനെ തിരിച്ചറിയാത്തവരാക്കി കൊറോണ. പക്ഷേ ആത്മാർഥയും സ്നേഹവും, സൗഹൃദത്തിന്റെ നൈർമല്യവും ഒരു മൂടുപടവും കൊണ്ട് മൂടിവയ്ക്കാനാകില്ല എന്ന് ജീവിതത്തിലെ ലോക് ഡൗൺ കാലം എന്നോട് മന്ത്രിക്കുന്നു.
തമിഴ്നാട്ടിൽ വിഴുപുരത്ത് പത്താം ക്ലാസുകാരിയെ വീട്ടില്‍ കയറി തീവച്ചു കൊന്നു. അണ്ണാ.ഡി.എം.കെയുടെ പ്രാദേശിക നേതാവും സുഹൃത്തുമാണ് കൊടും ക്രൂരത കാട്ടിയത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് വിഴുപുരം പൊലീസിന്റെ വാദം.
വിഴുപുരം സിറുമരുതൈ ഗ്രാമത്തില്‍ നിന്നുള്ള ക്രൂരതയില്‍ നടുങ്ങി നില്‍ക്കുകയാണ് തമിഴകം ഒന്നാകെ. നിസാര വഴക്കിന്റെ പേരില്‍ പതിനഞ്ചുകാരിയെ കൈകള‍്‍ പിറകിലോട്ടു കെട്ടി വായില്‍ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു കത്തിച്ചു. ഗ്രാമത്തില്‍ പെട്ടികട നടത്തുന്ന ജയപാലിന്റെ മകള്‍ ജയശ്രീയാണ് കൊല്ലപെട്ടത്. ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പെണ്‍കുട്ടി.
ഈ സമയത്ത് പ്രാദേശിക അണ്ണാ ഡി.എം.കെ നേതാവ് ജി.മുരുകന്‍ , കാളിയ പെരുമാള്‍ എന്നിവരെത്തി സാധനങ്ങള്‍ ആവശ്യപെട്ടു വഴക്കായി. പെണ്‍കുട്ടിയെ പിടികൂടിയ സംഘം കൈകള്‍ രണ്ടും പിറകിലേക്കു ബന്ധിച്ചു. വായില്‍ തുണി തിരുകി മണ്ണണ്ണ ഒഴിച്ചു കത്തികുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു.
ജയപാലിന്റെ സഹോദരനെ എട്ടുവര്‍ഷം മുമ്പ് മുരുകനും സംഘവും കൊലപെടുത്തിയിരുന്നു. ഇതേ തുടർന്ന് കുടുംബങ്ങള്‍ തമ്മില്‍ വഴക്കും ശത്രുതയുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മുരുകനെയും കാളിയപെരുമാളിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുടുംബത്തിനു നീതി കിട്ടണമെന്നാവശ്യപെട്ടു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.