അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് കോവിഡ്-19 ടെസ്റ്റ് പൊസിറ്റീവായതായി റിപ്പോര്‍ട്ട്. പൈലറ്റുമാരിലൊരാള്‍ ചൈനയിലെ ഗുവാങ്ഷോവുവിലേക്ക് ഒരു ചരക്കുവിമാനം പറത്തിയിരുന്നു. ലോക്ക്ഡൗണിനു ശേഷം നടന്ന മിക്ക പറക്കലുകളിലും എയര്‍ഇന്ത്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ചരക്ക് നീക്കത്തിനും ആളുകളെ കൊണ്ടുവരാനും കൊണ്ടുപോകാനുമെല്ലാം എയര്‍ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.
ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും പൈലറ്റുമാര്‍ പോയിട്ടുണ്ട്. ചൈനയില്‍ നിന്നായിരിക്കാം കൊറോണ പകര്‍ന്നു കിട്ടിയതെന്നാണ് പ്രാഥമിക അനുമാനം. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരെ ഈ വാര്‍ത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
കോവിഡ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്ക് നഗരത്തിലേക്കുൾപ്പെടെ എയർ ഇന്ത്യ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പോകുന്നുണ്ട്. ഇത്തരം യാത്രകള്‍ക്കു ശേഷം സ്രവ പരിശോധന നിര്‍ബന്ധമാണ് എല്ലാ വിമാനജീവനക്കാര്‍ക്കും. ഇത്തരമൊരു പരിശോധനയില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജോലിക്കു ശേഷം പരിശോധനാ ഫലം വരുന്നതുവരെ ഇവർ ഹോട്ടലിലാണു താമസിക്കുക. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ഇവരെ വീട്ടിലെത്തിക്കും. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഇതും നെഗറ്റീവ് ആയി രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ ഇവർക്കു വീണ്ടും ജോലിയുടെ ഭാഗമാകാം.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍

റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വുമണ്‍സ് ഫോറം ഭാരവാഹികളുടെ യോഗം നടന്നു. രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തില്‍ വുമണ്‍സ് ഫോറത്തിന്റെ രൂപതാ തലത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. സമ്മേളനം ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം SH പ്രാത്ഥനയോടെ ആരംഭിച്ചു. അടുത്ത നാളുകളില്‍ പ്രത്യേകിച്ചു് കൊറോണ കാലത്ത് വുമണ്‍സ് ഫോറം നടത്തിയ പ്രവര്‍ത്തനങ്ങളെ വുമണ്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെപ്രോട്ടോസിഞ്ചെള്ളൂസുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭിനന്ദിച്ചു. പ്രാത്ഥനയും പ്രവര്‍ത്തനവും ഒത്തൊരുമിച്ച് നടത്തുന്ന

ഫാ. ജോസ് അഞ്ചാനിക്കല്‍
വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വുമണ്‍സ് ഫോറം സെക്രട്ടറി ഷൈനി സാബു അവതരിപ്പിച്ചു. വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കായി ആരോഗ്യ പരിപാലനത്തില്‍ നടത്തുന്ന ശുശ്രൂഷകളെ യോഗം ഏകസ്വരത്തില്‍ അഭിനന്ദിച്ചു. ഒപ്പം വിവിധ തരത്തില്‍ നടത്തുന്ന ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കാനും യോഗം തീരുമാനിച്ചു. രൂപതയിലെ എല്ലാ കേന്ദ്രങ്ങളിലും രൂപത മുഴുവനായും നടത്തുന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകണമെന്ന് രൂപതാ ആനിമേറ്റര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍
അഭിപ്രായപ്പെട്ടു.
പ്രാത്ഥനയും, പരിത്യാഗപ്രവര്‍ത്തനങ്ങളും വിവിധങ്ങളായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി ക്രോഡീകരിച്ച് വുമണ്‍സ് ഫോറം ചര്‍ച്ചാ ക്ലാസ്സുകളും സെമിനാറുകളും നടത്തി വരുന്നു. നവസുവിശേഷവത്ക്കരണയത്‌നത്തില്‍ വുമണ്‍സ് ഫോറം നടത്തി വരുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലെ മറ്റു രൂപതകള്‍ക്ക് മാതൃകയായി തീരുന്നുവെന്ന് യോഗം വിലയിരുത്തി. വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിത്തീര്‍ക്കണമെന്ന് വുമണ്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യൂ അഭിപ്രായപ്പെട്ടു. വുമണ്‍സ് ഫോറത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ആത്മീയമായി നയിക്കുന്ന രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുമോദനങ്ങളും പ്രാത്ഥനകളും അറിയിച്ചു.
കുട്ടികള്‍ക്ക് മാതൃഭാഷയെ സ്‌നേഹിക്കാനും പഠിക്കാനുമായി ഫാ. ജോസ് അഞ്ചാനിക്കല്‍ തയ്യാറാക്കിയ മലയാളം പാഠങ്ങള്‍ വുമണ്‍സ് ഫോറം വഴി രൂപത മുഴുവനും ലഭ്യമാക്കാന്‍ തീരുമാനിച്ചു. കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

സി. കുസുമം SH

ഷൈനി സാബു

ജോളി മാത്യൂ
വാർത്ത – മനോജ് കോണത്
സെക്രട്ടറി യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്, തുഗ്ലക്കാബാദ്..ഡൽഹി
പ്രിയമുള്ളവരെ,
കോവിട്19 എന്ന മഹാമാരി അതിതീവ്രമായ നില നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ തുഗ്ലക്കാബാദ് മേഖലയില്‍ , ഏപ്രില്‍ 19 മുതല്‍ ‘RED ZONE AREA’ ആയി പ്രഖ്യാപിച്ച നാള്‍ മുതല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രോഗികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു, രോഗങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ ജോലിയ്ക്കും പോകാതെ , കാശും കൈയ്യില്‍ ഇല്ലാതെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തി ഇല്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വീരപ്പന്‍ മുട്ടി നില്‍ക്കുമ്പോള്‍ , നിയമപാലകര്‍ നോക്കുകുത്തികളായി നില്‍ക്കുന്ന മറ്റൊരാവസ്ഥ . ഈ 4 ഗലികളിലായി തിങ്ങി പാര്‍ക്കുന്ന മലയാളികളും മറ്റു ആളുകളും തങ്ങളുടെ വിധിയയെ പഴി ചാരി നിസ്സഹായതയോടെ നില്‍ക്കുന്ന ചിത്രം .
തൊട്ടടുത്ത മജീദിയ ഹോസ്പിറ്റലിലെ ഏകദേശം 16 ഓളം നഴ്‌സുമാര്‍ , ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ 12 ഓളം നഴ്‌സുമാര്‍ , ഈ എസ് ഐ ഹോസ്പിറ്റലിലെ 3 നഴ്‌സുമാര്‍ അങ്ങനെ ഏകദേശം 50 നു മുകളില്‍ നഴ്‌സുമാര്‍ തങ്ങളുടെ ജോലിക്കു പോലും പോകാനാവാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു , അതും ഇത്തരം ഒരവസ്ഥയില്‍ നഴ്‌സുമാരുടെ സാന്നിധ്യം എല്ലാ ഹോസ്പിറ്റലിലും ആവശ്യമായിരിക്കെ . ഇവിടെയും നമ്മുടെ അധികാരികള്‍ കാണുകളടച്ചിരിക്കുന്ന അവസ്ഥയാണ്.
കൂടാതെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥയും ഇത് തന്നെ പല സ്ഥാപനങ്ങളും തങ്ങളുടെ സ്റ്റാഫുകളേ ജോലിക്കായി തിരിച്ചു വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു , എന്നാല്‍ ആര്‍ക്കും തന്നെ ഈ കാരാഗൃഹത്തില്‍ നിന്നും വെളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. ജോലി ഭീക്ഷണി ഒരു വശത്തും മറുവശത്തു രോഗ ഭീക്ഷണിയും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവും. ആര് ആരോട് പരാതി പറയാന്‍.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് കുടിവെള്ളവും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും നിഷിദ്ധമായിരുന്നു ഈ ഏരിയകള്‍ . എന്നാല്‍ കുറച്ചു മലയാളി സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ മൂലം ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും കൂടി കുറെയധികം ദിവസം വിതരണം നടത്തുകയുണ്ടായി. ഇപ്പോഴും ഭക്ഷണ വിതരങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനകളുടെ ഫലമായി ഇപ്പോള്‍ ഗലി നമ്പര്‍ 25, 26,27,28 ല്‍ രാവിലെ 5 മണി മുതല്‍ 8 മണി വരെ ബാരിക്കേഡ് തുറന്നു തൊട്ടടുത്ത ഗലിയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഉള്ള അധികാരം S.H.O. തന്നിട്ടുണ്ട് . എന്നാല്‍ ഇപ്പോഴും 25,26 ഗലിയിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പറ്റുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നു .
April 19 ആം തീയതി അതായത് രണ്ടാഴ്ച മുന്‍പ് കോവിട് പോസിറ്റീവ് സ്ഥിതീകരിച്ച 38 പേരെ നടത്തിച്ചുകൊണ്ടു പോയതും, അവരുടെ സാധന ജംഗമ വസ്തുക്കള്‍ കൊണ്ട് പോയതും എല്ലാം ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് . അവരുടെ കുടുംബാങ്ങങ്ങള്‍ എല്ലാവരും താമസിക്കുന്നതും 26,27 ഗലികളിലാണ്. 30 ആം തീയതി കോവിട് പോസിറ്റീവ് ആയ 16 പേരെ ഭരണകൂടം ഗലി നമ്പര്‍ 27 ല്‍ കൂടി നടത്തിച്ചുകൊണ്ടാണ് മെയിന്‍ റോഡ് വരെ കൊണ്ടുപോയത്. മെയിന്‍ റോഡില്‍ നിന്നും രോഗികളുടെ വീട് വരെ ആംബുലന്‍സ് ചെന്നെത്തുന്ന വലിയ റോഡ് ആയിട്ട് കൂടി. (കള്ളമാരെ റോഡില്‍ കൂടി പ്രദര്‍ശിപ്പിച്ചു കൊണ്ട് പോകുന്ന രീതിയില്‍, ചില സിനിമകളെ വെല്ലുന്ന രീതിയില്‍ ഉള്ള ഈ പ്രകടനം കാണുമ്പൊള്‍ നമുക്ക് തന്നെ സ്വയം ദേഷ്യം തോന്നിപോകും ഈ നെറികെട്ട ഭരണകൂടത്തെയോര്‍ത്തു ).. കൂടാതെ കോവിട് പോസിറ്റീവ് ആയ വീടുകളിലെ ബാക്കി അംഗങ്ങള്‍ എല്ലാവരും തന്നെ പല കാരണങ്ങളാല്‍ ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് നടന്നു പോകുന്നത്. ഈ ഏരിയകളില്‍ നല്ല രീതിയില്‍ സാനിറ്റൈസേഷന്‍ പോലും നടക്കുന്നില്ല എന്നതും വേറൊരു വസ്തുതയാണ് . ഇത്തരം ആളുകള്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കു ആണെന്ന കര്‍ത്തവ്യം നിലനില്‍ക്കെ അധികാരികള്‍ കണ്ണടയ്ക്കുന്ന സമീപനം ആണ് ഇവിടെ നില നില്‍ക്കുന്നത്.
W.H.O. യുടെ നിയമപ്രകാരം കോവിട് ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നിരിക്കെ ഏപ്രില്‍ 20 ആം തീയതി കൊണ്ടുപോയ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതാകട്ടെ ഏപ്രില്‍ 30 ആം തീയതിയും, ആ രോഗികളെ ഇവിടെ നിന്നും കൊണ്ട് പോയത് മെയ് രണ്ടാം തീയതിയും. എന്തൊരു ആക്രമണമാണ് ഈ വെളിവില്ലാത്ത ഭരണകൂടം ചെയ്തുകൂട്ടുന്നതു ???.
കൂടാതെ ഈ നാല് ഗലികള്‍ക്കുള്ളില്‍ ആയി രോഗികളുടെ ബന്ധുക്കളും, സമ്പര്‍ക്കം പുലര്‍ത്തിയവരും, ഇതിനെല്ലാം ഉപരി ഈ ഗലികളില്‍ താമസിക്കുന്നതുമായ ഞങ്ങളെ പോലുള്ള 10000 കണക്കിന് ആളുകളുടെ കോവിട് ടെസ്റ്റ് ഇതുവരെ ആയിട്ടും നടത്തിയിട്ടില്ല .
ഇങ്ങനെ പോയാല്‍ , ഈ ഗലികള്‍ ഒരു കാലത്തും ‘ റെഡ് സോണ്‍ ‘ എന്ന കടമ്പ മാറി കിട്ടുവാന്‍ സാധ്യമല്ല്‌ല എന്ന് തന്നെ വേണം അനുമാനിക്കുവാന്‍ . കാരണം ഇപ്പോഴും കോവിട്19 ന്റെ പരിശോധനകള്‍ നടത്താത്ത എത്രയോ അധികം ആളുകള്‍ ഈ 4 ഗലികളിലായി കഴിഞ്ഞു കൂടുന്നുണ്ടെന്നറിയാമോ . ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കോവിട് രോഗികള്‍ ഉള്ള തുഗ്‌ളക്കാബാദിലെ ഈ ഗലികളില്‍ ഭരണാധികാരികളുടെ ശ്രദ്ധയെ കൊണ്ടുവരുവാന്‍ ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .പക്ഷെ ഈ 4 ചുവരുകള്‍ക്കുള്ളില്‍ നിന്നും ഒന്നും സാധ്യമാകുന്നില്ല .
മീഡിയകളെ വിളിച്ചു ഇവിടുത്തെ സ്ഥിതിഗതികള്‍ കാണിക്കാം എന്ന് വെച്ചാല്‍ , അവര്‍ക്കും ഈ ഏരിയയില്‍ ഒരു കടന്നു കയറ്റം സാധ്യമല്ല .
അത് കൊണ്ട് ഞങ്ങളുടെ ഈ അവസ്ഥ വായിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇതൊരു നിവേദനമായി കണ്ട് കൊണ്ട് , ഏതെങ്കിലും തരത്തില്‍ തുഗ്ലക്കാബാദിലെ ജനങ്ങളുടെ ജീവിതം തിരിച്ചു കൊണ്ട് വരുവാന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . അല്ലാത്ത പക്ഷം 10000 നു മേല്‍ വരുന്ന ഈ 4 ഗലികളിലെ ജനങ്ങള്‍ തെരുവിലിറങ്ങി അക്രമാസക്തരാവും എന്നത് മറ്റൊരു വസ്തുത കൂടിയാണ് . കൂടാതെ ജോലിയില്ലാതെ 4 ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്ന ഞങ്ങള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തണം എന്നുള്ള നടപ്പടി പ്രായോഗികവുമല്ല.
കാരണം റേഷന്‍ കാര്‍ഡുള്ള കുറയധികം ആളുകള്‍ തങ്ങളുടെ റേഷന്‍ വാങ്ങി ശാന്തരായി ഉറങ്ങുമ്പോള്‍ ഭൂരിഭാഗം വരുന്ന മലയാളികള്‍ റേഷന്‍ കാര്‍ഡിന്റെ ആനുകൂല്യം പോലും ഇല്ലാതെ , കഴിഞ്ഞ 2 മാസത്തിലേറെയായി ജോലിയും സാലറിയും ഇല്ലാതെ ജീവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ അക്രമാസക്തര്‍ ആയില്ലെങ്കിലെ അത്ഭുതപെടാനുളൂ .
വിനയപൂര്‍വം തുഗ്ലക്കാബാദിലെ ജനങ്ങള്‍ക്ക് വേണ്ടി
Sh. Manoj Konathu (Secretary)
9711332284
Yuvavedhi Arts & Sports Club(Regd), Tughlakabad Extn, New Delhi110019
Email [email protected]
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് പ്ലാസ്മ ചികിത്സയ്ക്ക് വിധേയനായ ആദ്യ വ്യക്തിയായ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടർ ആണ് മരിച്ചത്. ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാല ആശുപത്രിയിലായിരുന്നു സംഭവം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ശനിയാഴ്ച ഹൃദഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉള്ള രോഗിയായിരുന്നു അദ്ദേഹം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ശ്വാസകോശത്തിന്റെ അവസ്ഥമെച്ചപ്പെട്ടിരുന്നു. എന്നാൽ മൂത്രനാളിയിൽ അണുബാധ ഉണ്ടായതാണ് രോഗം വഷളാക്കിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ രോഗം ഭേദമായി ആശുപത്രിവിട്ടിരുന്നു. ഇവരുടെ രണ്ട് പരിശോധനകളും നെഗറ്റീവായി.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 128 പേര്‍ മരിക്കുകയും 3277 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 62,939 ആയി ഉയര്‍ന്നു.19,358പേര്‍ക്ക് രോഗം ഭേദമായി. മൂന്നാംഘട്ട ലോക്ഡൗണ്‍, പ്രവാസികളുടെ മടക്കം എന്നിവ ചർച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ലോക് ഡൗൺ ഇളവുകൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യസെക്രട്ടറിമാരുമായും കാബിനറ്റ് സെക്രട്ടറി ഇന്ന് ചർച്ച നടത്തും.
രോഗവ്യാപനവും കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ചര്‍ച്ചയാകും. ലോക്ഡൗണിനുശേഷം വ്യവസായശാലകള്‍ തുറക്കുന്നതിന് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി. ആദ്യ ആഴ്ച പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കണം. വന്‍തോതില്‍ ഉല്‍പാദനം ഉടന്‍ പാടില്ല. വിശാഖപട്ടണം ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ നേരിടുന്നിതിന് സ്വീകരിച്ച സമീപനങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ നയങ്ങള്‍ ദുരന്തമായിരന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുന്നത്. ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് തള്ളി കളഞ്ഞു.
എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായാലും കൊറോണയെ നേരിടുന്നത് വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായ ദുരന്തമായിരുന്നുവെന്ന് ഒബാമ പറഞ്ഞു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാരുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഒബാമ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഗോള പ്രതിസന്ധിയുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ശക്തമായ ഭരണകൂടം ഉണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കൊവിഡ് കാലമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ സ്റ്റാഫ് അംഗങ്ങളെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഒബാമ യോഗം വിളിച്ചത്. ബൈഡനുവേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായല്ല, മറിച്ച് ചില പ്രവണതകള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന പ്രവണതയാണ് വര്‍ധിച്ചുവരുന്നത്. ഇതിനെതിരെയാണ് അടുത്ത തെരഞ്ഞെടുപ്പിലെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഫ്‌ളൈനിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചതിനെയും ഒബാമ വിമര്‍ശിച്ചു.ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ ഫലപ്രദമായ നടപടികളാണ് രാജ്യത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കെയ്‌ലെ മെക്കെയ്‌നെ പറഞ്ഞു.
അമേരിക്കയില്‍ ഇതിനകം 77000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തോളം ആളുകള്‍ രോഗ ബാധിതരാണ്. മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല സംസ്ഥാനങ്ങളും ഇതിനകം ഇളവു വരുത്തിയിട്ടുണ്ട്. രോഗം നിയന്ത്രണത്തിലാകുന്നതി്‌ന മുമ്പ് തന്നെ ലോക്ഡൗണില്‍ ഇളവ് വരുത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുമൊ എന്ന ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കുണ്ട്. സാമ്പത്തിക മേഖല പുനരുജ്ജീവിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതിനിടെ കൊറോണയെ നേരിടുന്നതിന് നേതൃത്വം നല്‍കുന്ന വൈറ്റ് ഹൗസിലെ ടാസ്‌ക് ഫോഴിസിലെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.
കോവിഡ് ബാധിതമേഖലകളിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള . ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട കപ്പൽ കൊച്ചിയിലെത്തി. മാലിദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്.
കപ്പലിൽ 595 പേര്‍ പുരുഷന്മാരും 103 സ്ത്രീകള്‍ക്കും പുറമെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.
മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. മലയാളികൾക്ക് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ നിരീക്ഷണത്തിലാക്കും. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.
അതേസമയം, കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗവും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരില്‍ നിന്ന് 40 ഡോളര്‍ നാവികസേന ഈടാക്കിയിട്ടുണ്ട്.
#SamudraSetuMission #MoDAgainstCorona #bringhomeexpats
As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf— PRO Defence Kochi (@DefencePROkochi) May 10, 2020
വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന് പരസ്യ ഭീഷണിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞെന്നായിരുന്നു ലിജു ആരോപിച്ചത്. തുടര്‍ന്നാണ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി ലിജുവിനെതിരെ രൂക്ഷമായ ഭാഷയില്‍ അന്‍വര്‍ രംഗത്തെത്തിയത്. വീട്ടിലുള്ളവരെക്കുറിച്ച് പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാമെന്നായിരുന്നു പി വി അൻവർ എംഎൽ എ പറഞ്ഞത്. പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുതെന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു. വാക്കുകൾ കൊണ്ട് സംസാരിക്കുമ്പോൾ കായികമായി നേരിടുമെന്ന ധ്വനിയിൽ ഒരു ജനപ്രതിനിധിയുടെ സംസാരം. സോഷ്യൽ മീഡിയയിൽ തന്നെ വിമർശനങ്ങൾ നേരിടുകയാണ് എംഎല്‍എ പി വി അന്‍വര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
@M Liju
മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത് പറയണം. വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരം അറിയും. എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്. ബാക്കി അപ്പോൾ കാണിച്ച് തരാം. പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്‌മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്‌മന്റ് ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ..
(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യണം)
കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ട്രെയിൻ വിലക്കിയ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിക്ക് അമിത്ഷാ കത്തയച്ചു.
ട്രെയിനുകൾക്ക് അനുമതി നൽകാത്തതു പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തിൽ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനു പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയിൽവേ നടത്തിക്കൊണ്ടിരിക്കുന്ന ’ശ്രമിക്’ ട്രെയിൻ സംസ്ഥാനത്ത് എത്താൻ ബംഗാൾ സർക്കാർ അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയിൽ നാടുകളിലേക്കെത്താൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസഹകരണം കുടിയേറ്റക്കാർക്കു പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകി.
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചത്. തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിൻ അനുവദിക്കുന്നതിനു സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് അവിടത്തെ സർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് ട്രെയിൻ ഏർപ്പാടാക്കാൻ സാധിച്ചിരുന്നില്ല.
മാലദ്വീപില്‍നിന്നുള്ള 698 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്നു കൊച്ചി തുറമുഖത്തെത്തും. രാവിലെ 9.30ന് സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന ‘ഐഎന്‍എസ് ജലാശ്വ’ എന്ന കപ്പലിൽ 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുണ്ട്. ഇവരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു നാവികസേന അറിയിച്ചു.
മലയാളികളെ അതതു ജില്ലകളിലേക്കും 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടങ്ങളിലേക്കും പ്രത്യേക വാഹനങ്ങളില്‍ കയറ്റിവിടും. തമിഴ്നാട്ടിൽനിന്നുള്ള 187 പേരുണ്ട്. ആന്ധ്ര (എട്ട്), ആസാം (ഒന്ന്), ഡല്‍ഹി (നാല്), ഗോവ (ഒന്ന്), ഹരിയാന (മൂന്ന്), ഹിമാചല്‍പ്രദേശ് (മൂന്ന്), ജാര്‍ഖണ്ഡ് (രണ്ട്), കര്‍ണാടകം (എട്ട്), ലക്ഷദ്വീപ് (നാല്), മധ്യപ്രദേശ് (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), ഒഡീഷ (രണ്ട്), പുതുശേരി (രണ്ട്), രാജസ്ഥാന് (മൂന്ന്), തെലുങ്കാന (ഒന്‍പത്), ഉത്തര്‍പ്രദേശ് (രണ്ട്), ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ (ഏഴ് വീതം) എന്നിങ്ങനെയാണ് മറ്റു യാത്രക്കാര്‍.