ബിജു ഗോപിനാഥ്
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തിൽ ആർക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂർവ്വമായ പ്രതികരണമാണ് യുകെ യിലെ മലയാളി പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത് . നിർദ്ധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷൻ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നൽകിയത്.

അവകാശപോരാട്ടങ്ങളുടെ ചുവന്ന ഭൂമിയായ ആലപ്പുഴയിലെ മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ: യു പി സ്കൂളിലെ പത്തു കുട്ടികൾക്ക് ടെലിവിഷൻ സീറ്റുകൾ നൽകി അവരുടെ അതിജീവനസ്വപ്നങ്ങൾക്കു സമീക്ഷ യു കെ DYFI യുടെ സഹായത്തോടെ നിറം പകർന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന മഹനീയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാനായ ശ്രീ.കെ.ടി.മാത്യു വിതരണോത്ഘാടനം നിർവഹിച്ചു. DYFI ജില്ലാ സെക്രട്ടറി ശ്രീ.ആർ.രാഹുൽ., KSTA സംസ്ഥാന സെക്രട്ടറി ശ്രീ. ഡി .സുധീഷ് , ശ്രീ. ശ്രീജിത്ത് , ശ്രീ . അരുൺ പ്രസാദ് , ശ്രീ സജി രാജൻ തുടങ്ങിയവർ പങ്കെടുത്തു . സമീക്ഷ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയുടെയും പ്രസിഡന്റ് ശ്രീമതി.സ്വപ്ന പ്രവീണിന്റേയും ആശംസ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു.

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ജി വേണു , സ്റ്റാഫ് സെക്രട്ടറി ശ്രീ യേശുദാസ് എന്നിവർ സമീക്ഷയും DYFI യും നടത്തിയ നന്മ നിറഞ്ഞ ഈ മഹനീയ പ്രവർത്തനത്തിന് നന്ദി പറഞ്ഞു . പ്രവാസ ലോകത്തിരിക്കുമ്പോളും സ്വന്തം നാടിനോടും നാട്ടുകാരോടും സമീക്ഷയും അതിലെ അംഗങ്ങളും കാണിക്കുന്ന കരുതൽ മാതൃകാപരമാണെന്നു അവർ കൂട്ടിച്ചേർത്തുകൊണ്ട് സംഘടനകുടെ തുടർന്നുള്ള പ്രവർത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

കേരളത്തിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു സമീക്ഷ നടത്തിയ പ്രവർത്തനങ്ങളുമായി സഹകരിച്ച നന്മനിറഞ്ഞ എല്ലാ മനസ്സുകൾക്കും സമീക്ഷാ യുകെയുടെ നാഷണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

2019 മാർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ സ്യൂട്ട്‌കേസിൽ കണ്ടെത്തിയ സിഡ്‌നിയിലെ ഡെന്റിസ്റ്റായ പ്രീതിയുടെത് കൊലപാതകമെന്ന് അന്വോഷണ റിപ്പോർട്ട്. കൊലക്ക് ശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുമായായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിഡ്‌നിയിലെ പെൻറിത്തിലുള്ള ഡെന്റിസ്റ്റ് പ്രീതി റെഡ്ഡിയെ കാണാതാകുന്നത്. ഒരു ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇത്.
ഞായറാഴ്ച രാവിലെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കിംഗ്‌സ്‌ഫോര്‍ഡില്‍ ഒരു കാറിനുള്ളില്‍ സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ പ്രീതിയുടെ മൃതദേഹം കണ്ടെത്തി. പ്രീതിയുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.
പ്രീതിയുടെ മുന്‍ കാമുകനും, ടാംവര്‍ത്തില്‍ ഡെന്റിസ്റ്റുമായ ഹര്‍ഷവര്‍ദ്ധന്‍ നാര്‍ഡെയ്‌ക്കൊപ്പമായിരുന്നു സിഡ്‌നിയിലെ ഒരു ഹോട്ടലില്‍ പ്രീതിയെ അവസാനം കണ്ടത്.

ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ച് പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ഹര്‍ഷ് നാര്‍ഡെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് കൊറോണര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
തലയ്ക്കടിയേറ്റും, കഴുത്തിലും പുറകിലും കുത്തേറ്റുമാണ് പ്രീതി മരിച്ചതെന്ന് ഡെപ്യൂട്ടി സ്‌റ്റേറ്റ് കൊറോണര്‍ കാര്‍മല്‍ ഫോര്‍ബ്‌സ് അറിയിച്ചു. സിഡ്‌നിയിലെ മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള സ്വിസോട്ടല്‍ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ചാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ തമ്മിലുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായി കോണ്‍ഫറന്‍സില്‍ വച്ച് പ്രീതി ഹര്‍ഷ് നാര്‌ഡെയെ അറിയിച്ചിരുന്നു. മറ്റൊരാളെ സ്‌നേഹിക്കുന്നതായും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായുമാണ് പ്രീതി അറിയിച്ചത്. അതിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതും, തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപാതകം നടന്നതും. കൊലയ്ക്കു ശേഷം ആണ് സ്യൂട്ട്‌കേസ് വാങ്ങിയത്. മാര്‍ച്ച് മൂന്ന് ഞായറാഴ്ച രാവിലെ 11.06നു ശേഷമാണ് കൊലപാതകം നടന്നത് എന്നാണ് കൊറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നയാളെ ഹോട്ടലില്‍ വച്ച് പ്രീതി ഫോണില്‍ വിളിച്ചിരുന്നുവെന്നും, അതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഹോട്ടലിലെ താമസം ഒരു ദിവസം കൂടി നീട്ടാന്‍ ആവശ്യപ്പെട്ട ഡോ. നാര്‍ഡെ, ഉച്ചയ്ക്ക് പുറത്തു പോയി ഭക്ഷണം കഴിക്കുകയും, വലിയ സ്യൂട്ട് കേസും, ഗാര്‍ബേജ് ബാഗുകളും, ക്ലീനിങ് സാമഗ്രികളും അതോടൊപ്പം ടവൽ കൂടി വാങ്ങുകയും ചെയ്‌തിരുന്നു. ഇതെല്ലാം വാങ്ങിയത് ഫൈവ് സ്റ്റാർ ഹോട്ടൽ ആയ സിസ്സോട്ടലിൽ താമസിക്കുമ്പോൾ ആണ് എന്നും റിപ്പോർട്ട് പറയുന്നു.
ഈ സ്യൂട്ട്‌കേസിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ നിന്ന് പ്രീതി റെഡ്ഡിയുടെ രക്തക്കറ കണ്ടെത്തിയതായും കൊറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാത്രി കൂടി തങ്ങാന്‍ ഹോട്ടലില്‍ ബുക്കിംഗ് നീട്ടിയെങ്കിലും, ഞായറാഴ്ച വൈകുന്നേരം തന്നെ നാര്‍ഡെ മുറിയൊഴിഞ്ഞു. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് സ്യൂട്ട്‌കേസ് കാറിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സി സി ടി വി യിലും തെളിഞ്ഞിരുന്നു. പ്രീതി റെഡ്ഡിയുടെ കാറില്‍ സ്യൂട്ട്‌കേസും ബാഗുകളും കിംഗ്‌സ്‌ഫോര്‍ഡില്‍ ഉപേക്ഷിച്ചു.
ഇതിനകം തന്നെ അന്വോഷണ ഉദ്യോഗസ്ഥർ ഡോക്ടർ പ്രീതിയുടെ തിരോധനത്തെക്കുറിച്ചു ഡോ. നാര്‍ഡെയോട് ചോദിച്ചിരുന്നു. ആ സമയം ഡോ. നാര്‍ഡെ വളരെ അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. തുടര്‍ന്ന് ടാക്‌സിയില്‍ വിമാനത്താവളത്തിലേക്ക് പോയ ഡോ. നാര്‍ഡെ, ടാംവര്‍ത്തിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ വാടകയ്‌ക്കെടുത്ത കാറില്‍ ടാംവര്‍ത്തിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ഡോ. നാര്‍ഡെ ന്യൂ ഇംഗ്ലണ്ട് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. എതിരെ വന്ന ട്രക്കിലേക്ക് ഇയാള്‍ ബോധപൂര്‍വം കാറിടിച്ചുകയറ്റുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.
നാര്‍ഡെ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപാതകം നടത്തിയത് എന്ന് ബോധ്യപ്പെട്ടതായി മജിസ്‌ട്രേറ്റ് ഫോര്‍ബ്‌സ് പറഞ്ഞു. മറ്റാരുടെയും പങ്കാളിത്തം ഈ കൊലപാതകത്തിൽ ഇല്ല എന്നും വ്യക്തമാക്കുന്നു. പങ്കാളികളോ, മുന്‍ പങ്കാളികളോ സ്ത്രീകളെ കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാൽവഴുതി കൈത്തോട്ടിൽ വീണു കാൽ കിലോമീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ കുരുന്നിനു രക്ഷകരായി നാട്ടുകാരുടെ ഹീറോകളായി കുട്ടിപ്പട്ടാളം. തെരേസ എന്ന ഒന്നേമുക്കാൽ വയസുകാരുടെ ജീവിതത്തിലേക്കുള്ള മടക്കയായത്ര ഇങ്ങനെ:
കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകൾ തെരേസ അമ്മ ബിന്ദുവിന്റെ വീടായ പൊൻകുന്നം എലിക്കുളം മല്ലികശേരി പുത്തൻ പുരയ്ക്കൽ വച്ചാണ് അപകടത്തിൽപെട്ടത്.ചൊവ്വ വൈകിട്ട് 5.30 നാണ് വീടിനു പിന്നിലെ കൈത്തോട്ടിലേക്കു വീണത്. വീട്ടുകാർ അറിഞ്ഞില്ല. തോട്ടിൽ രണ്ടര അടിയോളം വെള്ളമുണ്ടായിരുന്നു. 300 മീറ്ററോളം ഒഴുകി കുട്ടി കൈത്തോട് ചേരുന്ന സ്ഥലത്തു കുളിച്ചു കൊണ്ടിരുന്ന സീനയും പ്രിൻസിയും ഇതു കണ്ടു.
ഒഴുകി വരുന്നത് പാവയാണെന്നാണ് എന്ന് അവർ ആദ്യം കരുതിയത്. അടുത്തുവന്നപ്പോഴാണ് കുഞ്ഞാണെന്നു മനസിലായത്. ഞങ്ങൾ നിലവിളിച്ചു. താഴെ കുളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിവന്നു. ഈ സമയം കുഞ്ഞ് കടവ് കഴിഞ്ഞിരുന്നു.– സീനയും പ്രിൻസിയും പറഞ്ഞു.
സഹോദരങ്ങളായ പാമ്പോലി കിണറ്റുകര ഡിയോൺ നോബി (11), റയോൺ നോബി (9), നിഖിൽ മാത്യു (15), കല്ലമ്പള്ളിയിൽ ആനന്ദ് (17) മുകളിലെ കടവിൽ നിന്നു 2 ചേച്ചിമാർ വിളിച്ചു പറഞ്ഞു. ഒരു കുഞ്ഞ് ഒഴുകി വരുന്നേ എന്ന്. ഞങ്ങൾ നോക്കുമ്പോൾ ഒരു കൈ മാത്രം വെള്ളത്തിനു മുകളിൽ കാണാം. കുഞ്ഞിന്റെ കൈകളിൽ പിടി കിട്ടിയെങ്കിലും രക്ഷിക്കാനായില്ല. ആനന്ദ് ചേട്ടനാണു കുഞ്ഞിനെ മുങ്ങിയെടുത്തത്. കുഞ്ഞിനെ രക്ഷപെടുത്തിയ കുട്ടികളുടെ വാക്കുകൾ ഇങ്ങനെ…
വേദനയും നന്ദിയും ചാർത്തിയ കണ്ണുകളാൽ കുട്ടിയുടെ അമ്മ ബിന്ദു പറയുന്നത്…
മോൾ പോയതറിഞ്ഞില്ല. കൈത്തോടിനു സമീപത്തേക്കു പോകാതിരിക്കാനായി വീടിന്റെ ഗ്രില്ല് എല്ലാ സമയവും പൂട്ടിയിടും. ഇന്നലെ മറന്നു. തെരേസയും ചേച്ചി എലിസബത്തും വീട്ടിൽ ഉണ്ടായിരുന്നു. ടിവി വാർത്ത തുടങ്ങിയ ശേഷം കുട്ടികളെ അന്വേഷിച്ചപ്പോൾ തെരേസയെ കണ്ടില്ല. വീടിന്റെ പരിസരത്തു തിരച്ചിൽ നടത്തിയ ശേഷം സമീപത്തെ ബന്ധു വീട്ടിലും അന്വേഷണം നടത്തി. ഇതിനിടെയാണ് കുഞ്ഞിനെ തോട്ടിൽ നിന്നു കണ്ടെത്തി ആശുപത്രിയിലേക്കു കൊണ്ടു പോയ വിവരം അറിഞ്ഞത്.
പ്രാഥമിക ശിശ്രുഷ നൽകി കുട്ടിയുടെ ജീവൻ നിലനിർത്തിയ അയൽവാസിയുടെ വാക്കുകൾ
കുഞ്ഞിനെ കമഴ്ത്തി കിടത്തി പുറത്ത് തട്ടി 2 കവിൾ വെള്ളം പുറത്തു കളഞ്ഞു. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി കുഞ്ഞിന് അനക്കം ഇല്ലായിരുന്നു. തുടർച്ചയായി സിപിആർ നൽകി. ഒന്നര മിനിറ്റിനകം ആശുപത്രിയിൽ എത്തിച്ചു. കണ്ണുകൾ അടഞ്ഞു വായിൽ നിന്നു നുരയും പതയും വന്ന കുഞ്ഞിനെ ആദ്യം എത്തിച്ചത് തൊട്ടടുത്തുള്ള എന്റെ വീട്ടിൽ. ഇവിടെ നിന്നാണു ഞാനും ബന്ധുവായ എബിനും ചേർന്നു കുഞ്ഞിനെ പൈകയിലെ സ്വകാര്യ ആശുപത്രിയിെലത്തിച്ചത്.അയവാസിയായ തോമസ് മാത്യു പറഞ്ഞു. സിപിആർ കൊടുത്തത് രക്ഷയായി. കുഞ്ഞിനു കാർഡിയാക് പൾമണറി റീസക്സിറ്റേഷൻ (സിപിആർ) ചെയ്തതു കൊണ്ടാണു ജീവൻ തിരിച്ചു കിട്ടിയത്. ഇതുകൊണ്ടു തലച്ചോറിനും ഹൃദയത്തിനും തകരാർ സംഭവിച്ചില്ല.ഡോ. അലക്സ് മാണി (ചീഫ് കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ, പാലാ മരിയൻ മെഡിക്കൽ സെന്റർ) വാക്കുകൾ
കൊല്ലം കരുനാഗപ്പള്ളിയില്‍ മകന്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊന്നു. തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ കുരുക്കിയാണ് പത്തൊന്‍പതുകാരന്‍ അച്ഛനെ കൊന്നത്. ഇരുവരം ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളനാതുരുത്ത് സ്വദേശിയായ വിശ്വനന്ദാണ് മരിച്ചത്. അച്ഛനും മകനും കരുനാഗപ്പള്ളി കോഴിക്കോട് വായനശാലാ ജംക്‌ഷനു സമീപം നാലു മാസമായി വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ വിശ്വനന്ദിനെ കണ്ടു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമലിനെ പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും തമ്മിലുള്ള വഴക്കില്‍ മടുത്ത് വിശ്വനന്ദിന്റെ ഭാര്യ ബന്ധുവീട്ടിലാണ് താമസം.
കൊച്ചി: കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന്, ഇവര്‍ കുത്തിവയ്പ്പെടുത്ത 70 കുട്ടികളാണ് എറണാകുളത്ത് നിരീക്ഷണത്തിലായത്. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടശേഷവും നിരവധി കുട്ടികള്‍ക്ക് ഇവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. തുടര്‍ന്നാണ് ഈ കുട്ടികളുടെ വിവരം ശേഖരിച്ചത്. നഴ്‌സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടികളെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് 70 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. നഴ്‌സിന്റെ ഭര്‍ത്താവിനും കോവിഡ് പോസിറ്റീവാണ്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതി വഴിയെത്തുന്ന ഘട്ടത്തില്‍ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് കോടതി മരവിപ്പിച്ചത്.
ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതിയില്‍ ആരംഭിച്ചത്. ഇതിനിടയിലാണ് ജഡ്ജിക്ക് സ്ഥലംമാറ്റം നല്‍കി ജൂലായ് ഒന്നിന് കോഴിക്കോട് പോക്‌സോ കോടതിയില്‍ ചുമതല ഏല്‍ക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
പഴയ ഉത്തരവ് മരവിപ്പിച്ചതോടെ ഇനി നടിയെ അക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലംമാറ്റം പ്രാബല്യത്തിലാകുക.
ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ നാലുപേർ അറസ്റ്റിൽ. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടി നടിയുടെ മാതാവാണ് മരട് പോലീസിൽ പരാതി നൽകിയത്. ഇത് പ്രകാരമാണ് നടപടി.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂർ സ്വദേശി അഷറഫ് ഏന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിപ്പുകാരിൽ മുന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പേലീസ് അറിയിച്ചു.
അതേസമയം, വിവാഹാലോചനയുമായി വന്നവരാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് ഷംന കാസിം പ്രതികരിച്ചു. വിവാഹാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് കാലമായതിനാൽ ഇവരെ കുറിച്ച് നേരിട്ട് പോയി അന്വേഷിക്കാനായില്ല. ഇതിനിടെയാണ് വരനായി വന്നയാൾ പണം ആവശ്യപ്പെട്ടത്. ഇതോടെ സംശയം തോന്നുകയും പരാതിപ്പെടുകയുമായിരുന്നു. തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയത് മറ്റാരും തട്ടിപ്പിന് ഇരയാവാതിരിക്കാനാണെന്നും നടി പ്രതികരിച്ചതായി ചൂണ്ടിക്കാട്ടുന്നു.
മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് അഭിനയത്തിനോടല്ല പ്രിയം. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഇതിനു പുറമേ തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ പുതിയ വീഡിയോ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആയോധനകല അഭ്യസിക്കുന്നതിന്റെ വീഡിയോ വിസ്മയ മുൻപും പങ്കുവച്ചിട്ടുണ്ട്.
അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയ ആഗ്രഹിച്ചത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. എഴുത്തിന്റെ പാതയിലാണ് വിസ്മയ. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
തായ്‌ലൻഡിലാണ് ഇപ്പോൾ വിസ്മയയുളളത്. എന്നാൽ പ്രണവ് അച്ഛനും അമ്മയ്ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലാണ്. അടുത്തിടെയാണ് മോഹൻലാൽ 60-ാം പിറന്നാൾ ആഘോഷിച്ചത്. മോഹൻലാലിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും വിസ്മയ എത്തിയിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ അച്ഛന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. ഹാപ്പി അറുപതാം ജന്മദിനം അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാളും സ്‍നേഹിക്കുന്നുവെന്നുമാണ് വിസ്‍മയ എഴുതിയത്.
എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി. ജൂൺ 30 നു പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് സാധ്യത. ജൂൺ 30 നു തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ വിദ്യാഭ്യാസവകുപ്പിനു നിർദേശം നൽകി.
ഫലപ്രഖ്യാപനം ഇനിയും വെെകിയാൽ അത് വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. എത്രയും വേഗം ഫലം പ്രഖ്യാപിക്കാനുള്ള നടപടികള്‍ പരീക്ഷാഭവനും തുടങ്ങി. ടാബുലേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് പരീക്ഷാഭവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായത്.
എസ്എസ്എൽസി ഫല പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലെെ ആദ്യവാരത്തിൽ തന്നെ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കാനാണു തീരുമാനം. കണ്ടെയ്‌ൻമെന്റ് സോണുകളിലെ മൂല്യനിർണയം വെെകിയതാണ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതു നീണ്ടുപോകാൻ കാരണം. മൂല്യനിർണയം രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പല അധ്യാപകർക്കും സ്‌കൂളുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇങ്ങനെയൊരു പ്രതിസന്ധി നേരിട്ടതോടെ ഫലപ്രഖ്യാപനവും വെെകി.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. അതിനുശേഷം അടുത്ത ഘട്ട മൂല്യനിർണയം ആരംഭിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് സാധാരണനിലയിലുള്ള അധ്യയനം ജൂലൈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ജൂലൈയിലോ അതിനു ശേഷമോ മാത്രമേ സ്‌കൂളുകൾ സാധാരണ രീതിയിൽ തുറക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരുപക്ഷേ, ഓഗസ്റ്റ് പകുതിയോടെ മാത്രമേ സ്‌കൂളുകളും കോളേജുകളും തുറക്കൂ എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, സംസ്ഥാനത്ത് ജൂൺ ഒന്നിനു തന്നെ ഓൺലൈൻ അധ്യയനം ആരംഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പര്യടനത്തിനൊരുങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. 10 പാക് താരങ്ങള്‍ക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് താരങ്ങള്‍ കൂടി കോവിഡിന് പിടിയിലാണെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നത്.
പാക് താരങ്ങളായ ഫഖര്‍ സമന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ബട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പാക് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ മലാംഗ് അലിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്കൊന്നും ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച താരങ്ങളെ ക്വാറന്റൈന്‍ ചെയ്തു. കഴിഞ്ഞ ദിവസം പാക് താരങ്ങളായ ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 24-ന് താരങ്ങളെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാക്കും. കോവിഡ് നെഗറ്റീവായ താരങ്ങളെ മാത്രമാകും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ഇംഗ്ലണ്ടിലെത്തിയ ശേഷവും താരങ്ങളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും.
ഇതിനുശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമെ കളിക്കാരെ മത്സരത്തിനായി ഇറക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് മുമ്പ് കുറഞ്ഞത് അഞ്ച് തവണയെങ്കിലും കളിക്കാരെ കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും പാക് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കി.
ജൂലൈ അവസാനമാണ് പാകിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. നേരത്തെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സര്‍ഫ്രാസ് മരിച്ചു.