Latest News

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറിയോടെ മിന്നും തുടക്കം. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് മേല്‍ ആധിപത്യം നേടിയ രോഹിത് 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4 സിക്‌സും 10 ഫോറും ആ ഇന്നിംഗ്‌സിന് അഴകായി.

നേരത്തെ, 84 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതമാണ് രോഹിത് ടെസ്റ്റിലെ 11ാം അര്‍ധസെഞ്ചുറി പിന്നിട്ടത്. 114 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സും സഹിതമാണ് അഗര്‍വാളിന്റെ അര്‍ധസെഞ്ചുറി. ഇതുവരെ 171 പന്തുകള്‍ നേരിട്ട മായങ്ക് 10 ഫോറും രണ്ടു സിക്‌സും സഹിതമാണ് 76 റണ്‍സെടുത്തത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സുരക്ഷിത തുടക്കമാണ് രോഹിത്തും മായങ്കും നല്‍കിയത്. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും പന്ത് സ്വിങ് ചെയ്യിച്ചപ്പോള്‍ ആദ്യ സെഷനില്‍ സാവധാനമായിരുന്നു ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്തിയത്. പിന്നാലെ ട്രാക്കിലായ രോഹിത് ശര്‍മ്മ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ 91/0 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ.

ഉച്ചഭക്ഷശേഷം രോഹിത് ശര്‍മ്മ കരുതലോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പായിച്ചാണ് മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി ആഘോഷിച്ചത്. നാട്ടിലും വിദേശത്തും ആദ്യ ഇന്നിംഗ്സില്‍ അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഇതോടെ മായങ്ക് അഗര്‍വാള്‍.54 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 178 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിലെ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് 100 റണ്‍സോടെയും നാലാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ 76 റണ്‍സോടെയും ക്രീസില്‍.

ഖത്തറിൽ കനത്ത ചൂടില്‍ പണിയെടുക്കുന്ന ഇതരരാജ്യ തൊഴിലാളികൾ മരണമടയുന്നതായി റിപ്പോർട്ട്. ദി ഗാർഡിയൻ നൽകുന്ന റിപ്പോർട്ട് പ്രകാരം നൂറുകണക്കിനാളുകളാണ് ഇതിനകം ചൂട് അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. ഇത് വർഷാവർഷം നടക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫിഫ ലോകകപ്പ് അടുക്കുന്നതോടെ ഖത്തറിലെ നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പത്ത് മണിക്കൂറോളം നീളുന്ന തൊഴിൽസമയത്തിൽ ഭൂരിഭാഗവും 45 ഡിഗ്രി സെൽഷ്യസ്‍ കവിയുന്ന ചൂടിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.

എന്നാൽ, തൊഴിലാളികള്‍ക്ക് വേണ്ട മാനുഷിക പരിഗണന തങ്ങൾ നൽകുന്നുണ്ടെന്നാണ് ഖത്തർ അധികാരികളുടെ അവകാശവാദം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തുള്ള ജോലികൾക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11.30 മുതൽ ഉച്ചതിരിഞ്ഞ് 3 മണിവരെ പുറത്ത് തൊഴിലെടുപ്പിക്കുന്നതിന് നിരോധനമുണ്ടെന്ന് അധികാരികൾ പറയുന്നു. ഇതല്ലാതെ മറ്റേതെങ്കിലും നടപടികൾ ഇക്കാര്യത്തിൽ അധികൃതർ എടുത്തിട്ടുള്ളതായി വ്യക്തമല്ല.

ഈ നിരോധനം കാര്യക്ഷമമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു കാരണം, മറ്റു സമയങ്ങളിലും ചൂടിന് കുറവില്ല എന്നതാണ്. ജൂണിനും സെപ്തംബറിനുമിടയിലുള്ള കാലയളവിൽ താപ സമ്മർദ്ദം അതിജീവിക്കുക പ്രയാസമാണെന്ന് ഹൃദ്രോഗവിദഗ്ധർ പറയുന്നു. തണുപ്പുള്ള മാസങ്ങളിലും പകൽസമയങ്ങളിൽ പുറത്ത് പണിയെടുക്കുന്നവർ കഠിനമായ വെയിലിനെ നേരിടേണ്ടി വരുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു.

ഉയര്‍ന്ന ചൂട് ഹൃദയവും രക്തക്കുഴലുകളുമടങ്ങുന്ന ശരീരസംവിധാനത്തെയാണ് ഏറെ ബാധിക്കുക. 25നും 35നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് മരിക്കുന്നവരിലധികവും. ഏല്ലാവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്.

പ്രധാനമന്ത്രിയായാലും ശരി, മറ്റാരായാലും ശരി രാജ്യത്ത് ഒരു നയമേ ഉള്ളൂ എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ സഹായിക്കുള്ളത്. തിരക്കിട്ട് നടന്നുവരുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും ഇതിനിടയിലാണ് ഒരു അസിസ്റ്റന്റ് പ്രധാനമന്ത്രിക്ക് കുടിക്കാനായി കയ്യില്‍ ഒരു കപ്പ് കാപ്പി വച്ചുകൊടുത്തത്. പ്ലാസ്റ്റിക്ക് കപ്പായിരുന്നു. ഉടന്‍ മറ്റൊരു അസിസ്റ്റന്റ് ഇടപെട്ട് യാതൊരു സങ്കോചവുമില്ലാതെ പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്ന് കപ്പ് പിടിച്ചുവാങ്ങി. ഡിസ്‌പോസിബിള്‍ കപ്പ് വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ജോണ്‍സണ്‍ ഒന്ന് അമ്പരന്നു. പ്രധാനമന്ത്രിയും സംഘവും നടന്നുപോവുകയും ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. സ്ഥലത്തുണ്ടായിരുന്ന ചാനല്‍ ഫോര്‍ ന്യൂസിന്റെ കാമറാമാന്‍ നീല്‍ കോര്‍ബറ്റ് ആണ് കൗതുകകരമായ ഈ ദൃശ്യം പകര്‍ത്തിയത്. കാപ്പി കപ്പ് കയ്യില്‍ നിന്ന് പോയ പ്രധാനമന്ത്രി ട്രോളര്‍മാര്‍ക്ക് ചാകര നല്‍കി.

2023നകം എല്ലാ ഡിസ്‌പോസിബിള്‍ കപ്പുകളും റീസൈക്കിള്‍ ചെയ്ത് ഒഴിവാക്കുമെന്ന് യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇത് പ്രധാനമന്ത്രിയുടെ വെറും പബ്ലിക് റിലേഷന്‍സ് തന്ത്രമാണ് എന്ന് ആരോപിക്കുന്നവരുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിരവധി ആരോപണങ്ങളും നേരിടുന്ന ബോറിസ് ജോണ്‍സണ്‍ ശ്രദ്ധ തിരിക്കാനായി നടത്തുന്ന പിആര്‍ കളിയാണ് ഇത് എന്നാണ് ആരോപണം. അതേസമയം ഇത് വലിയ ചര്‍ച്ചയായതിനെ പിന്നാലെ ജോണ്‍സണ്‍ Get Brexit Done എന്ന സന്ദേശമെഴുതിയ ഒരു ഗ്ലാസ് മഗുമായി ട്വിറ്ററില്‍ രംഗത്തെത്തി. അവസാനം എനിക്ക് കാപ്പി കിട്ടി (I got my coffee in the end.) എന്നും കുറിച്ചു.

 

മരടിലെ ഫ്ലാറ്റുകൾ വിട്ടൊഴിയാൻ കൂടുതൽ സമയം അനുവദിക്കില്ലെന്ന് സർക്കാർ. നാളെ വൈകുന്നേരത്തിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോകണം. പുനരധിവാസത്തിന് അപേക്ഷ നൽകിയത് 94 പേർ മാത്രമാണെന്നും ഇവർക്ക് ഇടം ഒരുക്കുമെന്നും സബ് കലക്ടർ വ്യക്തമാക്കി.

സർക്കാരിന് മുന്നിൽ വേറെ വഴിയില്ല. കോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരം എല്ലാം മുറ പോലെ നടക്കും. അതുകൊണ്ട് നാളെ കഴിഞ്ഞാൽ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ താമസക്കാർ ഒരാളുപോലും പാടില്ല. കർശന നിലപാട് വ്യക്ത്മാക്കിയിരിക്കുകയാണ് സർക്കാർ. സെപ്റ്റംബർ 16, സെപ്റ്റംബർ 30, തുടങ്ങി പല തിയതികളിൽ പുനരധിവാസം ആവശ്യം ഉള്ളവർ അപേക്ഷിക്കണം എന്ന് അറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ 94 പേർ മാത്രം ആണ് സർക്കാരിനെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിക്കും.

സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി. ഒഴിയാനുള്ള സൗകര്യത്തിനായാണ് വെള്ളവും വൈദ്യുതിയും നൽകിയത്. സമയപരിധി കഴിഞ്ഞാൽ ഇത് രണ്ടും വിച്ഛേദിക്കും. സബ് കലക്ടർ വരുന്നതിനു മുൻപ് h20 ഫ്ലാറ്റിൽ എത്തിയ സെക്രട്ടറി ആരിഫ് ഖാനുമായി ഫ്ലാറ്റ് ഉടമകൾ തർക്കിച്ചു.

സബ് കളക്ടർ നേരിട്ട് ഫ്ലാറ്റിലിലെത്തി ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്തി. ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസം ആണ് ഉടമകൾആവശ്യപെട്ടത്. വാസസ്ഥലങ്ങൾ ലഭിക്കാത്ത പലരും ബന്ധുവീടുകളിലേക്ക്‌ സാധനങ്ങൾ മാറ്റി. താമസസൗകര്യം ലഭിക്കാത്തവർ ഫ്ലാറ്റുകളിൽ നിന്ന് സാധങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല.അതിനിടെ H2O ഫ്ലാറ്റിലും, ജെയിൻ ഫ്ലാറ്റിലും ലിഫ്റ്റ് തകരാറിൽ ആയത് പ്രതിസന്ധി വർധിപ്പിച്ചു.

പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് ഞാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.

ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്‌ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.

നാട്ടിൽ സ്കൂട്ടർ ഒാടിച്ച പരിചയമേയുള്ളൂ, ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജ തങ്കച്ചന്.  എന്നാൽ, വളയം തിരിക്കുന്ന ജോലി ഇൗ കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. അതാണ് തിങ്കളാഴ്ച ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കിയതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

ബസിൽ ജോലി ചെയ്യുമ്പോൾ സുജയുടെ ഒരു കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങും. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 32കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണല്ലോ, ഒടുവിൽ സുജ ഹെവി ബസ് ഡ്രൈവിങ്ങിനുള്ള സൈലൻസ് സ്വന്തമാക്കി.

സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു.

പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാല്‍, ഇൻസ്ട്രക്ടർ ഗീവർഗീസിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. അൽ അഹ്‌ലി സ്കൂള്‍ അധികൃതരും ജീവനക്കാരും പിന്തുണച്ചു.

ടോം ജോസ് തടിയംപാട്

യൂറോപ്പിലെ വോൾഗ നദി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബ് നദി ബുഡാപെസ്റ്റിലെ ഹങ്കറിയുടെ പാർലമെന്റിനു മുൻപിലൂടെ ഒഴുകി പോകുമ്പോൾ ചെവിയോർത്താൽ ഒരു കരച്ചിലിന്റെയും പല്ലുകടിയുടെയും, ശബ്ദം കേൾക്കാം .
ആയിരക്കണക്കിന് യഹൂദ ശവശരീരങ്ങള്‍ ഈ നദി വഹിക്കേണ്ടിവന്നിട്ടുണ്ട് ആ വേദന അവൾ മാലോകരോട് പറഞ്ഞുകൊണ്ടാണ് ജർമനിയിൽ നിന്നും ഉത്ഭവിച്ചു പത്തു രാജൃങ്ങളിൽ കൂടി ഒഴുകി ,കറുത്ത കടലിൽ ചെന്ന് ചേരുന്നത്.

രണ്ടാം ലോകയുദ്ധകാലത്തു ഹിറ്റലറുടെ പട്ടാളം ഹങ്കറി പിടിച്ചെടുത്തശേഷം നാസി ആശയങ്ങളെ അംഗീകരിക്കുന്ന കുരിശു ചിന്നമുള്ള arrow cross പാർട്ടിയുടെ നേതാവായ Ferenc Szálasi 1944 ൽ അവിടെ അധികാരമേറ്റു.
അവർ അവിടെ താമസിച്ചിരുന്ന 15000 യഹൂദരെ അറസ്റ്റു ചെയ്തു കോൺസ്ട്രഷൻ ക്യാമ്പിൽ താമസിപ്പിച്ചു. (ഇന്നത്തെ ബൂഡപെസ്ട് യഹൂദ പള്ളിയുടെ അടുത്തായിരുന്നു ക്യാമ്പ് സ്ഥാപിച്ചിരുന്നത്) അവിടെ ഭക്ഷണവും ശുചിത്വവും ഇല്ലാതെ ശവങ്ങൾ തെരുവിൽ കുന്നുകൂടി, കൂടതെ ഇവിടെ നിന്നും പിടികൂടുന്ന യഹൂദരെ പോളണ്ടിലെ ഔസ്വിച് ഗിസ ചേമ്പറിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു .
അതൊന്നും കൂടാതെ കുട്ടികളെയും സ്ത്രീകളെയും ഉൽപ്പെടെ ആയിരകണക്കിനു യഹൂദരെ ഡാന്യൂബ് നദിതീരത്തുകൊണ്ടുപോയി ഷൂ കൾ ഊരിമാറ്റിയതിനു ശേഷം തലക്കു പുറകിൽ വെടിവച്ചു നദിയിൽ ഒഴുക്കികളഞ്ഞു.

ഷൂ ഊരിമാറ്റിയതിനു കാരണം അന്ന് ഷൂ വിലയുള്ള ഒന്നായിരുന്നു അത് അവര്‍ വിറ്റുപണമാക്കി . ആ കൊടും ക്രൂരതയുടെ സ്മരണയ്ക്ക് വേണ്ടിയാണു ഈ ഫോട്ടോയിൽ കാണുന്ന അറുപതു ജോഡി ഷൂകൾ ഈ നദിക്കരയിൽ സ്ഥാപിച്ചിരിക്കുന്നത് ഇതു സ്ഥാപിക്കാൻ മുൻകൈയെടുത്ത് സിനിമ സംവിധായകനായ Can Togay യാണ് .


ലോകത്തിന്റെ വിവിധ പ്രദേശത്തേക്ക് കുടിയേറിയ ഹങ്കറിയിലെ ബുഡാപെസ്റ്റിൽ കൊലചെയ്യപ്പെട്ട മനുഷ്യരുടെ ബന്ധുക്കൾ സുഹൃതുക്കളുമെല്ലാം ഇവിടെയെത്തി ഈ ഷൂ ക്കളുടെ മുൻപിൽ തിരി തെളിക്കുന്നു പൂക്കള്‍ അർപ്പിക്കുന്നു.അവിടെ നിന്നുകരയുന്നു .

ഇത്തരം ഷൂ സ്ഥാപിക്കാൻ കാരണം ലോകത്തു ആരും സുരക്ഷിതരല്ലയെന്നുള്ള സന്ദേശം ലോകത്തിനു നൽകുന്നതിന് വേണ്ടിയാണു . .

ഞങ്ങൾ ഡാന്യൂബ് നദിയിലൂടെ ക്രൂയുസിൽ യാത്ര ചെയ്യുന്നതിനു വേണ്ടി കപ്പലിൽ പ്രവേശിച്ചപ്പോൾ രണ്ടു കസേരകൾ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക് ചെന്നപ്പോൾ അവിടെ ഇരിക്കുന്നത് പലസ്‌തീനിൽ വന്ന സന്ദർശകരായിരുന്നു ,ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ അവർ നിങ്ങള്‍ ഇന്ത്യക്കാരല്ലേ ഇരുന്നൊള്ളു നിങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞു .

കപ്പല്‍ നദിയിലൂടെ ഷൂ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതില്‍ ഒരാൾ പറഞ്ഞു കണ്ടോ അവിടെ ആ ഷൂ കളുടെ അടുത്ത് നിന്ന് ആളുകൾ കരയുന്നതു കണ്ടോ, അതെല്ലാം കള്ള കരച്ചിലുകളാണ് .

ഹിറ്റ്‌ലർ കൊന്ന യഹൂദരെക്കാൾ ഇസ്രേയൽ ഞങ്ങൾ പലസ്തിനികളെ കൊന്നൊടുക്കിയിട്ടുണ്ട് .നിങ്ങൾക്ക് അറിയുമോ ഞാൻ ജെറുസലേമിലാണ് താമസിക്കുന്നത് ഒരു മുസ്ലിമായ എന്റെ വീട് വിൽക്കാമെന്നു പറഞ്ഞാൽ പറയുന്ന പണം തന്നു യഹൂദർ അത് വാങ്ങും, അതുകൂടാതെ അമേരിക്കൻ പാസ്‌പോർട്ടും തരും. അവരുടെ ഉദേശം ജെറുസലേമിൽ അവരുടെ ജനസംഖൃ ഉയർത്തുകയാണ് ,അതിനു ശേഷം ജെറുസലേം ദേവാലയവും ജെറുസലേമും അവരുടെ നിയത്രണത്തിൽ കൊണ്ടുവരിക എന്നതാണ് .എന്നാൽ ഞാൻ ജനിച്ചു വളർന്ന എന്റെ വീട് ഞാൻ വിൽക്കില്ല .

ജൂത വർഗീയ വാദികൾ ഇസ്ലാമിക വർഗീയ വാദികൾ ചെയ്തതുപോലെ മതം മാറാത്തവരെ കൊന്നു അവരുടെ സ്വത്തും ,സ്ത്രീകളെയും കൊണ്ടുപോയില്ലല്ലോ, വിലക്കു വങ്ങനല്ലേ ശ്രമിച്ചോള്ളു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
.
ഒരു കാര്യം എല്ലാവരും അറിയുക ഒരു വർഗീയവാദം മറ്റൊരു വർഗീയ വാദത്തെയാണ് ജനിപ്പിക്കുന്നത് അല്ലാതെ സമാധാനത്തെയല്ല.
ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ ഡാന്യൂബ് നദിതീരത്തുള്ള ഈ ഷൂ ക്കൾ .ബുടപെസ്റ്റ് യഹൂദപള്ളി, മരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ കോണ്‍സെന്ട്രറേന്‍ ക്യാമ്പ്‌ ഇരുന്ന സ്ഥലം ..

കാരൂര്‍ സോമന്‍

പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ചിലെ റോയല്‍ ഒബ്‌സര്‍വേറ്ററിയിലെ സമയമാണ് ജി.എം.ടി. . ഇന്ത്യയിലെ സമയത്തേക്കാള്‍ അഞ്ചരമണിക്കൂര്‍ പിന്നിലാണ്. അതനുസരിച്ചാണ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഫോണില്‍ ബന്ധപ്പെടുന്നത്.

ലോകരാജ്യങ്ങളുടെ സമയങ്ങള്‍ കേന്ദ്രീകരിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം കാണാന്‍ കഴിയുമെന്ന് അന്നൊക്കെ സ്വപനത്തില്‍ പോലും വിചാരിച്ചില്ല. എല്ലാം ഭാഗ്യം. ഭൂലോകത്തെ സമയ കേന്ദ്രവും യുനെസ്‌ക്കോയുടെ പൈതൃക കേന്ദ്രവുമായ ഗ്രീന്‍വിച്ച് റോയല്‍ ഒബ്‌സര്‍വേറ്ററിയിലേക്കാണ് ഞങ്ങളുടെ കുടുംബ യാത്ര. ഞാന്‍ താമസ്സിക്കുന്ന ന്യൂഹാം ബൊറോയുടെ അടുത്ത പ്രദേശമാണ് ബോറോഓഫ് ഗ്രീന്‍വിച്ച്. കാറില്‍ അരമണിക്കൂര്‍ യാത്ര. ശാസ്ത്ര-സാങ്കേതിക രംഗത്തു പഠിക്കുന്ന കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥാപനമാണിത്. കാറില്‍ വരുന്നവര്‍ക്ക് അകത്തും പുറത്തും പാര്‍ക്ക് ചെയ്യാം. വീല്‍ ചെയറില്‍ വരുന്നവര്‍ക്കും യാത്ര ചെയ്യുവാനുള്ള വഴിയുണ്ട്. ഇതിനടുത്തായി യൂണിവേഴ്‌സിറ്റി ഓഫ് ഗ്രീന്‍വിച്ച്, പുരാതന നോവല്‍ കോളേജ് എന്നിവയും കാണാം. മുന്‍മ്പ് ഞാനിവിടെ വന്നത് ഈസ്റ്റ്ഹാമില്‍ നിന്നുള്ള വുള്‍വിച്ച് ബസ്സ് കയറി ഇവിടുത്തെ ഫെറി കടന്നാണ്. ഉല്ലാസ കപ്പലല്ല തേംസ് നദിയിലൂടെ വാഹനങ്ങളും യാത്രക്കാരെ അക്കരെയിക്കര എത്തിക്കുന്ന ചെറിയ കടത്തു കപ്പലുകളാണിത്. ഒഫ്‌സര്‍വേറ്ററിയിലേക്ക് എത്താന്‍ പലവഴികളുണ്ട്. കോളേജ് ഓഫ് നേവല്‍ ബേസിനടുത്താണ് ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തത്. അവിടെ നിന്ന്് പത്ത് മിനിറ്റ് നടന്നെത്തുന്നത് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പച്ചപ്പാര്‍ന്ന മൈതാനത്തേക്കാണ്. ആദ്യം കാണുന്നത് വലത്തുഭാഗത്തായി ചെറിയ ഒരു തടാകമാണ്. അതില്‍ കുട്ടികള്‍ ചെറിയ ബോട്ടുകളില്‍ മത്സരിച്ച് കളിക്കുന്നു. കരക്ക് ഇരുന്ന നായ് ബോട്ടിനൊപ്പം ഓടുന്നു. ആ ബോട്ട് മടങ്ങി വരുമ്പോള്‍ നായും തിരികെയോടുന്നു. ബോട്ട് വെള്ളത്തില്‍ ഓടാതെ കിടക്കുമ്പോള്‍ നായ് അത് നോക്കിയിരിക്കുന്നു. ആ ബോട്ടിലോടുന്ന കുട്ടിയുടെ രക്ഷകര്‍തൃസ്ഥാനം ഈ നായ്ക്കാണോ എന്ന് തോന്നി. വീട്ടിലെ വളര്‍ത്തു നായിലും ഉത്തരവാദിത്വബോധം വെളിപ്പെടുത്തുന്നു. പലപ്പോഴും കണ്ടിട്ടുള്ളത് മനുഷ്യര്‍ക്കൊപ്പം നടക്കുന്ന നായ് മനുഷ്യരുടെ കാവല്‍ക്കാരായിട്ടാണ്. മനസ്സിന് സംതൃപ്തി നല്‍കുന്നതായിരുന്നു ആ നായുടെ ഓരോ ചലനങ്ങളും. ഞങ്ങള്‍ നടന്നകന്നു.

അകലെ കുന്നിന്‍ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന റോയല്‍ ഒഫ്‌സര്‍വേറ്ററി മ്യൂസിയം സൂര്യപ്രഭയില്‍ തിളങ്ങുന്നു. അവിടുത്തെ പച്ചപ്പാര്‍ന്ന മൈതാനത്തുകൂടി നടന്നപ്പോള്‍ ഒരു ഗ്രാമപ്രദേശത്തിന്റെ ഭംഗിയും സൗന്ദര്യവും കണ്ടു. നീണ്ടു നീണ്ടു കിടക്കുന്ന നടപ്പാതകള്‍. അതിലൂടെ സൈക്കിള്‍ സവാരിക്കാര്‍ ആണും പെണ്ണും മത്സരിച്ച് ചവുട്ടിപോകുന്നു. നിരനിരയായി നില്ക്കുന്ന വന്‍മരങ്ങള്‍ കാണാനഴകാണ്.

കല്ലു പാകിയ പടികള്‍ ചവിട്ടി കയറുമ്പോള്‍ ക്ഷീണിച്ചു വെള്ളം കുടിക്കുന്ന ഒരു വയോധികയെ കണ്ടു. ഈ പടികള്‍ ചവിട്ടികയറാന്‍ വല്ല നേര്‍ച്ചയുണ്ടോ എന്ന് തോന്നി. ഒറ്റ നോട്ടത്തില്‍ എഴുപത് വയസ്സിന് മുകളില്‍ പ്രായം വരും. ഏത് രാജ്യക്കാരിയെന്ന് നിശ്ചയമില്ല. ഒരു പക്ഷെ മരണത്തിന് മുന്‍മ്പുള്ള ആഗ്രഹനിര്‍വൃതിയാകാം ഈ അന്വേഷണ യാത്ര. മലകയറ്റം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എന്റെ നെറ്റിത്തടങ്ങളും നനഞ്ഞു. മുകളിലും കാര്‍പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. യാത്രക്കാരില്‍ കൂടുതലും അത് വഴിയാണ് വരുന്നത്. ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ മദ്ധ്യലണ്ടനില്‍ ഉയര്‍ന്ന നില്ക്കുന്ന പല കെട്ടിടങ്ങള്‍ കാണാം. താഴെത്തേക്ക് നോക്കിയാല്‍ താഴ്‌വാരങ്ങളില്‍ പ്രകൃതി രമണീയവും വൃക്ഷ നിബിഡവുമായ പ്രദേശം. മനസ്സിന് ആനന്ദം നല്കുന്ന കാഴ്ചകള്‍.

എ.ഡി 1675 മാര്‍ച്ച് 4 നാണ് ചാള്‍സ് രണ്ടാമന്‍ രാജാവിന് ലോകത്തെ നിയന്ത്രിക്കുന്ന സമയവും ദേശവും നിരീക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൊടുക്കുന്നത്. അതിന്റെ പ്രധാനകാരണം ലോകത്ത് പല കടലിടുക്കുകളിലും ബ്രിട്ടീഷ് യുദ്ധകപ്പലുകള്‍ സഞ്ചരിക്കുന്നുണ്ട്. സമയക്രമങ്ങള്‍ അവരെ വല്ലാതെ അലട്ടി. കടലിലെയും കരയിലെയും സമയക്രമങ്ങള്‍ ഇവിടുത്തെ ഒബ്‌സര്‍വേറ്ററി വഴി നടത്താന്‍ അവര്‍ തീരുമാനിച്ചു. അത് ഡിസൈന്‍ ചെയ്തത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ജോതി ശാസ്ത്രം, സമയം, സഞ്ചാരം കണക്കിലെടുത്താണ്. കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. ഓരോ മുറികളിലൂടെ കടന്നുപോകുമ്പോള്‍ നേവി ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും, ലോക ഭൂപടങ്ങളും, വിവിധ രൂപത്തിലുള്ള ചെറുതും വലുതുമായ ക്ലോക്കുകള്‍, ഡ്രോയിങ്ങുകള്‍, കോംമ്പസ്സുകള്‍, കാറ്റലോഗുകള്‍, ടെലിസ്‌കോപ്പുകള്‍, ഓഫ്‌സര്‍വേറ്ററി ഫോട്ടോഗ്രാഫുകള്‍, സ്‌പെക്റ്ററോ സ്‌കോപ്പുകള്‍, കോറോണോ മീറ്ററുകള്‍, റെഗുലേറ്ററുകള്‍, ചെറിയ ചിത്രങ്ങള്‍ ഇങ്ങനെ എഴുതിയാല്‍ തീരാത്തവിധമുള്ള ശാസ്‌ത്രോപകരണങ്ങളാണ് ദൃശ്യവസ്തുക്കളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പഴയ ടെലക്‌സ് മെഷിനിലേക്ക് ഞാന്‍ അല്പനിമിഷം നോക്കി. 1985 കളില്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ ടെലക്‌സ് ഓപ്പറേറ്റായി ജോലി ചെയ്തത് ഓര്‍മ്മയിലെത്തി. ഇതെല്ലാം കണ്ടു നടക്കുന്നതില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിയിനികളാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഈ മ്യൂസിയം കണക്കും സയന്‍സും പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ ഉപകരണങ്ങളെപ്പറ്റി വിവരിച്ചുകൊടുക്കുന്നവരും പലഭാഗങ്ങളിലായി കണ്ടു. ചിലയിടത്ത് വിശദമായി എഴുതിവെച്ചിട്ടുണ്ട്. അവിടുത്തെ കുട്ടികളില്‍ കണ്ട ഒരു പ്രത്യേകത അവര്‍ കണ്ട ഉപകരണത്തെപ്പറ്റി മൂന്ന് നാലു പേരടങ്ങുന്ന സംഘമായി നിന്ന് ഗൗരവമായി ചര്‍ച്ചചെയ്യുന്നു. അതിലൂടെ പുതിയ പുതിയ അറിവുകളും ആശയങ്ങളും അവര്‍ പരസ്പരം കൈമാറുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. പല രൂപത്തിലുള്ള ഘടികാരങ്ങളില്‍ പല രാജ്യങ്ങളിലെ സമയമാണുള്ളത്.

പതിനാറ്-പതിനേഴാം നൂറ്റാണ്ടിലെ സമയം നിര്‍ണ്ണയിച്ചിരിക്കുന്നതും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.റ്റി)നോക്കിയായിരുന്നു. അതിന്റെ കണക്ക് ആഗോള പ്രൈം മെറിഡിയന്‍ ലോങ്റ്റിട്യൂട്് അനുസരിച്ചുള്ളതാണ്. ഭൂമി സൂര്യനെ ഒരു തവണ ചുറ്റാനുള്ള സമയമാണ് 365 ദിവസം. അതിനെ റോയല്‍ ഒബ്‌സര്‍വേറ്ററി 24 മണിക്കൂറുകളായി വീതിച്ചു. മാത്രവുമല്ല ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള സമയവും അവര്‍ നല്കുന്നു. ഇവര്‍ വികസിപ്പിച്ചെടുത്ത് സാങ്കേതിക വിദ്യ ഏത് സമുദ്രത്തില്‍ നിന്നാലു ഇവിടെയറിയാം. ഉപഗ്രഹ നിരീക്ഷണം പോലെ ഡിജിറ്റല്‍ ക്യാമറ ഡിവിഡി പ്ലെയറിനെ നിയന്ത്രിക്കുന്ന ലേസര്‍വരെ ഇവിടുത്തെ പരീക്ഷണ നിരീക്ഷണ ശാലയിലുണ്ട്. റോയല്‍ ഒബ്‌സര്‍വേറ്ററി ഗ്രീന്‍വിച്ചില്‍ നിന്ന് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അഞ്ചരമണിക്കൂര്‍ മുന്നിലാണെന്ന പറഞ്ഞല്ലോ. പടിഞ്ഞാറന്‍ രാജ്യങ്ങളിലോട്ട് പോകുമ്പോള്‍ അത്രയും സമയം പിറകോട്ടാണ്. ഭൂമിയെ 360 ഡിഗ്രിയില്‍ രണ്ടായി വിഭജിക്കുന്നു. അത് ഓരോരോ ദേശങ്ങളെ 15 ഡിഗ്രി ലോന്‍ങ്ങിട്യൂഡില്‍ നിറുത്തിയിരിക്കുന്നു. (3600 ഭാഗം 24 മണിക്കൂര്‍ = 150 ). പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത് ഒരിടത്തും ശരിയായ സമയക്ലീപ്തതയില്ലായിരുന്നു. നമ്മുടെ പൂര്‍വ്വികരക്കൊ രാവിലെ എഴുന്നേറ്റിരുന്നത് കിളികളുടെ ശബ്ദം, പൂവന്‍കോഴി കൂവുന്ന സമയത്തെ നോക്കിയാണ്. അത് പ്രകൃതി മനുഷ്യന് നല്കിയ ഒരനുഗ്രഹം. ചില രാജ്യക്കാര്‍ സമയം ക്രമീകരിച്ചിരുന്നത് സൂര്യ ചലനങ്ങള്‍ നോക്കിയായിരുന്നു. കടല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ഫ്രഞ്ച്, സ്‌പെയിന്‍, പോര്‍ച്ചുഗീസ്സുകാരുമായി ബ്രിട്ടന്‍ ഏറ്റുമുട്ടി വിജയിച്ചതിന്റെ പിന്നില്‍ ഗ്രീന്‍വിച്ച് സമയവും വലിയയൊരു ഘടകമാണ്. ഏതൊരു യുദ്ധത്തിലും എതിരാളിയെ ആക്രമിക്കുന്നതില്‍ സമയത്തിനാണ് പ്രധാന പങ്കുള്ളത്. ഏ.ഡി 1660 കളില്‍ ബ്രിട്ടന്‍ ഭരിച്ച ചാള്‍സ് രണ്ടാമന്‍ രാജാവ് വിവിധ കടലുകളില്‍ കിടക്കുന്ന യുദ്ധകപ്പലുകളുടെ സമയം ഈ റോയല്‍ കമ്മീഷന്‍ വഴി തിരിച്ചറിയാന്‍ സാധിച്ചു. അതില്‍ പ്രധാനിയാണ് ഓക്‌സ്ഫഡ് പ്രൊഫസറും സര്‍വേയര്‍ ജനറലുമായിരുന്ന സര്‍ ക്രിസ്റ്റഫര്‍ റെന്‍, പ്രൊഫസറായിരുന്ന റോബര്‍ട്ട് ഹുക്ക്, ഗണിത ശാസ്ത്രജ്ഞനായിരുന്ന സര്‍ ജോനസ് മൂരി, യുവജോതി ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ ഫ്‌ളാംസ്റ്റീഡ്്. ഇതിനായി രാജ്യമാകെ ഭുമി പിരശോധിച്ചെങ്കിലും ഈ മലമുകളാണ് ലോകത്തിന്റെ സമയതലസ്ഥാനമായി ഇവര്‍ കണ്ടെത്തിയത്. 1675 ഓഗസ്റ്റ് 10 ന് ജോണ്‍ ഫ്‌ളാംസ്റ്റീഡ് തറക്കല്ലിട്ട് പണിതുടങ്ങി. പിന്നീട് ഫ്‌ളാം സ്റ്റീഡ് ഹൗസ് ഉണ്ടായി. ഇതിനെ കുട്ടികളുടെ ഭവനം എന്നറിയപ്പെടുന്നു. ലോകത്തെ കാലാവസ്ഥയുടെ കണക്കറിയിക്കുന്ന പുതിയ ക്ലോക്കുകളും മറ്റ് ഉപകരണങ്ങളുമുണ്ടായി. ബ്രിട്ടനിലെ ആദ്യ സര്‍ക്കാര്‍ ശാസ്ത്രസ്പാനമാണ് ദ് റോയല്‍ ഓഫ് സര്‍ വേറ്ററി. ഗാലറികളില്‍ പഴയ ക്ലോക്കുകള്‍, ലോക ഭൂപടങ്ങള്‍ ആരിലും കൗതുകമുണര്‍ത്തുന്നു. ഒരു മുറിക്കുള്ളില്‍ ആകാശനീലിമയിലേക്ക് കണ്ണും നട്ടുള്ള ഭീമന്‍ ടെലിസ്‌കോപ്പ് കണ്ടു. ചെറുതും വലുതുമായ ടെലിസ്‌കോപ്പുകള്‍ പലയിടത്തുമുണ്ട്.

ഒടുവില്‍ ഒരു വില്പനശാലയില്‍ എത്തി. വിവധ തരം ഭൂപടങ്ങള്‍, പുസ്തകങ്ങള്‍, ക്ലോക്കുകള്‍ മറ്റ് ശാസ്ത്ര സംബന്ധിയായ പലതും വില്പനക്കുണ്ട്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കണ്ടതുപോലുള്ള തിരക്കാണ് ഇവിടേയും. അതില്‍ മുന്‍പന്തിയിലുള്ളത് വിദ്യാര്‍ത്ഥികളാണ്.

2000 ത്തില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദിഅറേബ്യയിലെ ആരാംകോയുടെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളം ബ്രിട്ടാഷ്-അമേരിക്കന്‍ എന്‍ജീനിയറന്മാരെ എണ്ണ പോകുന്ന പൈപ്പ് ലൈന്‍ ജോലിക്കായി നിയോഗിച്ചിരുന്നു. ദഹറാനിലെ ആരാംകോ അസ്ഥാനത്തു നിന്ന് ജിദ്ദയിലെ റിഫൈനറിയിലെത്താന്‍ ഒരു രാത്രി വേണം. ഇവിടെ നിന്ന് വൈകിട്ട് പുറപ്പെട്ടാല്‍ അതിരാവിലെയവര്‍ ജിദ്ദയിലെത്തു. അവര്‍ക്ക് കൊടുത്തുവിടുന്നത് ഒരു പിക്ക്അപ്പ് വാഹനം മാത്രം. ഒറ്റക്ക് പോകുമോ അതോ ഡ്രൈവറെ വിടണമോയെന്ന് ചോദിച്ചാല്‍ അവര്‍ ഒറ്റക്ക് പൊയ്‌ക്കൊള്ളാം എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ ഞാനവരെ ആശ്ചര്യത്തോടെ നോക്കിയിട്ടുണ്ട്. ഇതേ സ്ഥാനത്ത് ഒരു ഏഷ്യക്കാരനെങ്കില്‍ വഴിയറിയാവുന്ന ഒരു ഡ്രൈവറെ ഒപ്പം വിടണം. വികസിത രാജ്യത്തു് നിന്നുള്ളവര്‍ നാവിഗേറ്റര്‍ ഉപയോഗിച്ചാണ് ഏത് മലയിലും മരുഭൂമിയിലും യാത്ര ചെയ്യുന്നത്. ബ്രിട്ടീഷ്കാരുടെ യുദ്ധവിജയങ്ങള്‍ക്ക് പിന്നിലും നാവിഗേറ്ററിന് വലിയൊരു സ്ഥാനമുണ്ട്.്. 2018 ല്‍ ഇത് കണ്ടുപിടിച്ച ഒഫ്‌സര്‍വേറ്ററിയില്‍ നിന്നപ്പോഴാണ് പാശ്ചാത്യന്റെ ബുദ്ധി നമ്മളേക്കാള്‍ എത്രയോ ഉയരങ്ങളിലെന്ന് മനസ്സിലായത്. പുറത്തിറങ്ങിയപ്പോള്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിലെ മണിനാദം കേട്ടു. മ്യൂസിയത്തിന് മുന്നില്‍ മൂന്നാള്‍പൊക്കത്തിലുള്ള ജനറല്‍ ജയിംസ് വുള്‍ഫിന്റെ പ്രതിമയുണ്ട്. യാത്രികര്‍ അടിവാരങ്ങളിലെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു.

ഞങ്ങള്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം എന്ത്, എങ്ങനെയെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാച്ചില്‍ നോക്കി. പിന്നെ അഞ്ചരമണിക്കൂര്‍ കൂട്ടിനോക്കി. എന്റെ നാട്ടിലെ മാവേലിക്കര, താമരക്കുളത്ത്, ചാരുംമൂട്ടില്‍ സന്ധ്യയായിരിക്കുന്നു. ഇവിടെ പകല്‍ ഏറെ ബാക്കി. രാവിലത്തെ യാത്രക്ഷീണമകറ്റാന്‍ കുളിച്ചിട്ട് ഒന്ന് മയങ്ങാം. ഉന്മേഷം വീണ്ടെടുക്കുമ്പോള്‍ ഒരു സായാഹ്ന നടത്തം കൂടിയാകാം. ഒപ്പം ചിന്തിക്കാം അടുത്ത യാത്ര എപ്പോള്‍, എങ്ങോട്ട് വേണം. 2019 ല്‍ അത് റോം-പാരീസാണ്. അതെ, അന്വേഷങ്ങള്‍, യാത്രകള്‍ അവസാനിക്കുന്നില്ല. കണ്ടറിയാന്‍ ഇനിയും ഒത്തിരി കാര്യങ്ങള്‍ ബാക്കിയുണ്ട്.

 

അമേരിക്കയെ ഭസ്മമാക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാസിറ്റിക് മിസൈലുമായി ചൈന.ഡി.എഫ്-41 എന്ന പേരുള്ള മിസൈല്‍ ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നാണ് റിപ്പോര്‍ട്ട്.

ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരണ പരിധി 15000 കിലോമീറ്ററാണ്. നിലവില്‍ ഇത്രയും പ്രഹരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഒരു ലോകരാജ്യങ്ങളുടേയും പക്കലില്ല.

മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡിന് അകമ്പടിയായി 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയും ഉണ്ടായിരുന്നു. ദേശീയ ദിന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും ചൈന പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍ തയാറെടുത്തിരുന്നുവെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്നും കുമ്മനം പറഞ്ഞു.വ്യക്തിപരമായി ഒരു താല്‍പര്യവുമില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി.

ഇതിനിടെ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

രാജഗോപാലിനെ വേദിയിലിരുത്തി പേരെടുത്ത് പറയാതെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. വട്ടിയൂര്‍ കാവില്‍ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഭജന്‍ പാടിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം അല്‍പസമയം ഇരിക്കുകയും ചെയ്തു.

”സ്‌നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സത്യമാക്കാന്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും”, എന്ന് രാജ്ഘട്ടിലെത്തും മുന്‍പ് മോദി ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, സ്പീക്കര്‍ ഓം ബിര്‍ളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്താനെത്തി. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവരുമെത്തി.

പാര്‍ലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടക്കും. രാവിലെ 9.30-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

RECENT POSTS
Copyright © . All rights reserved