Latest News

കോവിഡ്–19 രോഗവ്യപനത്തിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ല. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരോട് ഇനി അഭ്യര്‍ഥനയില്ലെന്നും, ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍  പറഞ്ഞു.

നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ അതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നഗരത്തില്‍ കണ്ടത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടം കൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തോടെ കലക്ടര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. അത്യവശ്യക്കാരല്ലാത്തവരെ മുഴുവന്‍ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി മടക്കി അയച്ചു.

നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ കോവിഡ്–19 രോഗം സ്ഥിരീകരിച്ച രോഗികളുടെ സ‍ഞ്ചാരപഥം ഇനി തയ്യാറാക്കില്ല. യാത്ര സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ മറച്ചുവയ്ക്കുന്നതാണ് റൂട്ട് മാപ്പ് വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് അധികൃതരെ എത്തിച്ചത്.

നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ചു മണിവരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്.

സംസ്ഥാനത്ത് ജനതാകര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്കുശേഷവും ആളുകള്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി.

അതേസമയം 75 ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. കര്‍ണാടക ഇന്ന് കേരള, തമിഴ്നാട് ആന്ധ്ര അതിര്‍ത്തികള്‍ അടയ്ക്കും. മാഹിയുടേതുള്‍പ്പെടെ അല്ലാ അതിര്‍ത്തികളും അടയ്ക്കുമെന്ന് പുതുച്ചേരി.

കോവിഡ് ബാധിത ജില്ലകളാണ്‌ കേരളത്തില്‍ അടച്ചിടുന്നത്‌.ജില്ലകള്‍ അടച്ചിടണം. പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ഈ ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം.

സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്‍. ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല.

കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു.

രാത്രിയിലെ അലോകനയോഗത്തിന് ശേഷമെ ഇന്നത്തെ യഥാര്‍ഥ സ്ഥിതി വ്യക്തമാകുകയുള്ളൂ. മറ്റുജില്ലകളില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലായെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാന്‍ അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ കൂട്ടുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ചു നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ ഇത് നടപ്പാക്കുക. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്

വിദേശത്തു നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാള്‍ മരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ദുബായില്‍ നിന്നെത്തിയ പൂവാര്‍ കല്ലിങ്കവിളാകം സ്വദേശി ഗോപി (52) യാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ജനത കര്‍ഫ്യൂ എന്ന് നടന്‍ സലിം കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ജനത കര്‍ഫ്യൂ മൂലം ഇല്ലാതാകുമെന്നാണ് സലിം കുമാര്‍ അവകാശപ്പെടുന്നത്. ഇതിലൂടെ സ്വഭാവികമായും ചങ്ങല മുറിയുമെന്നും നടന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ഫ്യൂ പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂവെന്നും കൂടി സലിം കുമാര്‍ ഓര്‍മിപ്പിക്കുന്നു. ജനത കര്‍ഫ്യൂവിനെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ കൈയടിച്ചോ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയേയും സലിം കുമാര്‍ സ്വാഗതം ചെയ്യുകയാണ്.

നമുക്ക് വേണ്ടി രാപകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യവകുപ്പ് ജിവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്നതിലെന്താണ് തെറ്റ് എന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നാണ് സലിം കുമാര്‍ പറയുന്നത്.

വേറൊരു അഭ്യര്‍ത്ഥനയും സലിം കുമാര്‍ ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. ജനത കര്‍ഫ്യുവിനെ ട്രോളാന്‍ തന്റെ മുഖം ഉപയോഗിക്കരുതെന്നാണ് ആ അഭ്യര്‍ത്ഥന. ജനത കര്‍ഫ്യു പ്രഖ്യപനം വന്നതിനു പിന്നാലെ ഇറങ്ങിയ ട്രോളുകളില്‍ തന്റെ മുഖം വച്ചുള്ള ട്രോളുകള്‍ കൂടുതലായിരുന്നുവെന്നും നേരിട്ടതില്‍ ബന്ധമില്ലെങ്കിലും തനിക്കതില്‍ പശ്ചാത്താപമുണ്ടെന്നാണ് നടന്‍ പറയുന്നത്. അത്തരം ട്രോളുകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് സലിം കുമാര്‍ അപേക്ഷിക്കുന്നത്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ’ എന്നുള്ള ഓര്‍മപ്പെടുത്തലും സലിം കുമാര്‍ പങ്കുവയ്ക്കുന്നുണ്ട്.

കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.

ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.

ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.

കോവി‍ഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്.

പുറത്തിറങ്ങി മരണം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി കോവിഡിൽ നിന്നും രക്ഷപെട്ട യുവാവ് ട്വിറ്ററിൽ. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചാണ് ഫിലദെൽഫ്യ സ്വദേശിയായ ബ്രാഡ്​ലി സിഫർ ആശുപത്രിയിലായത്. ഭീതിദമായ ദിവസങ്ങളെ കുറിച്ചുള്ള സിഫറിന്റെ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ജീവൻ തിരികെ കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്നും അൽപം പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിലെന്ന് ആലോചിക്കാൻ കഴിയുന്നില്ലെന്നും സിഫർ കുറിക്കുന്നു. ചെറുപ്പക്കാർക്ക് അപകടമില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും സിഫർ വ്യക്തമാക്കുന്നു.

സിഫറിന്റെ ട്വീറ്റ് ഇങ്ങനെ: ചെറുപ്പക്കാർക്ക് കോവിഡിന്റെ ലക്ഷണങ്ങളേയുണ്ടാകൂ, മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറയുന്നത് വെറുതേയാണ്. ജീവിതത്തിൽ ഇത്രത്തോളം ഞാൻ മുൻപ് തളർന്നു പോയിട്ടില്ല. ആ ദുരിത ദിവസങ്ങളെ കുറിച്ച് പറയാം.. കഴിഞ്ഞയാഴ്ച കോവിഡിനോടും ന്യൂമോണിയയോടും പൊരുതുകയായിരുന്നു.

പത്തു ദിവസം മുൻപാണ് ഇതെല്ലാം തുടങ്ങിയത്. എനിക്കു പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ iboprofen കഴിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി. ശ്വസിക്കാൻ ബുദ്ധിമുട്ടും തുടങ്ങി. പിറ്റേന്നായപ്പോഴേക്കും ഹൃദയത്തിന് താഴ്ഭാഗത്തായി നെഞ്ചിൽ തുടർച്ചയായ വേദന തുടങ്ങി. കിതയ്ക്കാതെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ ലക്ഷണങ്ങളാണ് വൈറസിനുള്ളത്. ഈ മഹാമാരി സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്:

േവദന നിറഞ്ഞ സൈനസ്

സൈനസ് വേദന പനിക്കും ജലദോഷത്തിനൊപ്പവും വരാം- ചൈനയിലെ വുഹാനിലെ കോണർ റീഡ് പറയുന്നു. 2019 നവംബറിൽ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളൂകളിൽ റീഡും ഉൾപ്പെട്ടിരുന്നു. ദേഹം മുഴുവൻ വേദനയായിരുന്നു. തലയിൽ ശക്തിയായി ഇ‌ടിക്കുന്നതു പോലെയുള്ള തോന്നൽ, കണ്ണുകൾ കത്തുന്നതുപോലെ, തൊണ്ട ഇറുകുന്നതുപോലെ– റീഡ് തന്റെ ‍ഡയറിലെഴുതി

ചെവിയിൽ മർദം

ചെവി ഇപ്പോൾ പൊട്ടിതെറിക്കുന്നതു പോലെ തോന്നി എന്ന് കോണർ പറയുന്നു. ചെവി അടയും. ആന്തരകർണത്തിനും മധ്യകർണത്തിനും ഇ‌ടയിലുള്ള Eustachian tube അ‌‌ടയുകയും ഇത് ചെവികൾക്ക് പ്രഷർ ഉണ്ടാക്കുകയും ചെയ്യും. ഇയർബഡ് ഉപയോഗിക്കരുത്. അത് കൂടൂതൽ ദോഷം ചെയ്യും.

തലവേദന

പനിക്ക് ഒപ്പം തലവേദനയും ഉണ്ടാകും. ഒാഹിയോയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെവിൻ ഹാരിസ് പറയുന്നത് കടുത്ത തലവേദന ഉണ്ടാകും എന്നാണ്. തലയിൽ ശക്തമായി ഇടിച്ചതുപോലുള്ള അനുഭവം.

കണ്ണിനു നീറ്റൽ

മറ്റ് അലർജികളിലുള്ളതുപോലെ കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും ഉണ്ടാകും. ആദ്യം പനിയുടേതുപോലുള്ള ലക്ഷണങ്ങളും തുടർന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നുവെന്ന് കോണർ റീഡ് പറയുന്നു.

തൊണ്ടയ്ക്ക് മുറുക്കം

തുർച്ചയായുള്ള ചുമ മൂലം തൊണ്ടയ്ക്ക് വീക്കവും മുറുക്കവും അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്. ശ്വസിക്കുന്നതിനോ ഭക്ഷണം ഇറക്കുന്നതിനോ പ്രയാസം ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആൻഡ്രു ഒ ഡൈയർ പറയുന്നു.

ദേഹവേദന

കൊറോണവൈറസ് ബാധിച്ചവർക്ക് ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്ട്രെസും ടെൻഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങൾ എന്ന് സിയാകിൽ സ്വദേശിനി എലിസബത്ത് പനയ്ക്കൽ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.

കുറുകുറുപ്പ്

ശ്വസിക്കുമ്പോൾ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്ളൂയി‍ഡുകൾ മൂലമാണ് ശ്വാസമെടുക്കുമ്പോൾ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാൻ പറ്റിയില്ല എന്ന് മാർക്ക് തിബോൾട്ട് പറയുന്നു.

വിശപ്പിലായ്മയും ക്ഷീണവും

ക്ഷീണമാണ് ഒരു ലക്ഷണം. വിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തായ്‌ലൻഡിൽ ആദ്യമായി വൈറസ് ബാധിച്ച ജയ്റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളർച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.

പനി

ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി. പനി മാത്രമാണ് വൈറസ് ബാധയുടെ ലക്ഷണമെന്നാണ് ആളുകൾ കരുതുന്നത് .ചിലർക്ക് ചുമയോ ശ്വസനപ്രശ്നങ്ങളോ ഇല്ലാതെ പനി മാത്രം വരാം. ഇറ്റലിയിൽ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ‍ഡൽഹിയിലെ കോവി‍ഡ് –19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്ററ് ചെയ്യാൻ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു.

നെഞ്ചിന് മുറുക്കം

പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയിൽ നിന്നുള്ള തുള്ളികളിലൂ‌ടെ വൈറസ് പകരും. അമേരിക്കയിൽ തിരിച്ചെത്തുമ്പോൾ പനിയും ചെറിയ ചുമയും നെഞ്ചിന് മുറുക്കവും (Tightness) തനിക്കുണ്ടായിരുന്നെന്ന് കാൾ ഗോൾഡ്മാൻ പറയുന്നു

രാജ്യത്തെ ട്രെയിൻ ഗതാഗതം ഈമാസം 31 വരെ നിർത്തി വയ്ക്കും. നിലവില്‍ പുറപ്പെട്ട ട്രെയിനുകള്‍ യാത്ര പുര്‍ത്തിയാക്കും. ചരക്കുഗതാഗതത്തിന് വിലക്ക് ബാധകമല്ല. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു ഇത് സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുളള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു അടുത്ത 72 മണിക്കൂർ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നത്.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും.. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുളള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചികിൽസയിലുണ്ടായിരുന്ന 2 പേർ ബെംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തു.

കമിതാക്കളെ പാറക്കെട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ.ജിനു, മുളപ്പുറം കൂനംമാനിയില്‍ മെറിന്‍ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിയില്‍ നിന്നു ചാടി ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരങ്ങള്‍ ഷാള്‍ കൊണ്ട് ബന്ധിച്ച നിലയില്‍ ആയിരുന്നു. തൊടുപുഴയില്‍ നിന്നു എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ മുകളില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇരുവര്‍ക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടില്‍ നിന്നു കാണാതായെന്നു ബന്ധുക്കള്‍ കരിമണ്ണൂര്‍ പൊലീസില്‍ ഇന്നലെ രാവിലെ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വെളളിയാമറ്റം ടവറിനു കീഴില്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്.

പരിശോധനയില്‍ പാറക്കെട്ടില്‍ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടക്കുഴ ഗവ. വിഎച്ച്‌എസ്‌എസില്‍ കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. മെറിന്‍ ആന്ധ്രയില്‍ നഴ്‌സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിന്‍ ആന്ധ്രയില്‍ നിന്നു വീട്ടില്‍ എത്തിയത്.

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.

അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved