Latest News

കോട്ടയം: അയര്‍ക്കുന്നത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. 15 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മണര്‍കാട് സ്വദേശിയായ അജേഷ് എന്ന യുവാവ് പോലീസ് പിടിയിലായി. മൊബൈല്‍ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി ഹോളോബ്രിക്‌സ് ഫാക്ടറിയിൽ എത്തിക്കുകയും തുടർന്ന്  അജേഷിൻറെ മാനഭംഗശ്രമം തടഞ്ഞതിന് പെൺകുട്ടിയെ കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണം പുരോഗമിച്ചു വരികയായിരുന്നു. സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കാൾ ഹിസ്റ്ററി പരിശോധിച്ച ശേഷമാണ് പോലീസിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത് എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രതിയുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ പിടിയിലായത് രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ കണ്ട ശേഷം തിയറ്ററിൽ നിന്നു പുറത്തിറങ്ങിയപ്പോൾ. മധുരയിലെ തിയറ്ററിനു മുന്നിൽ വച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്.

ബുധനാഴ്ച ബോബിൻ മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30നു ബോബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരുച്ചിറപ്പള്ളിയാണു കാണിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ്, രാജാക്കാട്, ശാന്തൻപാറ എസ്ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ 2 സംഘങ്ങളായി തിരിഞ്ഞ് തിരുച്ചിറപ്പള്ളിയിലെത്തി.

അവിടെ എത്തിയപ്പോൾ ബോബിന്റെ മൊബൈൽ ഫോൺ തേനി ലൊക്കേഷൻ കാണിച്ചു. അന്വേഷണസംഘം തിരികെ തേനിയിലെത്തി. അന്വേഷണ സംഘം തേനിയിലെത്തിയപ്പോൾ ബോബിന്റെ മൊബൈൽ സിഗ്നൽ പഴനിയാണ് കാണിച്ചത്. പഴനിയിൽ അന്വേഷണ സംഘമെത്തിയപ്പോൾ ലൊക്കേഷൻ മധുരയാണ് കാണിച്ചത്.

അന്വേഷണസംഘം മധുരയിലെത്തി മൂന്നായി വഴി പിരിഞ്ഞു. 2 മണിക്കൂർ ഒരേ ലൊക്കേഷനിൽ സിഗ്നൽ നിന്നതോടെ പൊലീസ് ഉറപ്പിച്ചു– പ്രതി മുറിയെടുത്തിട്ടുണ്ട്; അല്ലെങ്കിൽ സ്ഥലത്തെ ഏതോ തിയറ്ററിലുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ പരിശോധിച്ചു. ഇതിനിടയിലാണ് തിയറ്ററിൽ നിന്ന് ഇറങ്ങിയ വന്ന പ്രതി അന്വേഷണസംഘത്തിന്റെ മുന്നിൽ പെട്ടത്.

തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 ദിവസം മധുരയിൽ തങ്ങാനും ഇടതു കൈയിലേറ്റ പരുക്ക് സ്ഥലത്തെ ആശുപത്രിയിൽ പരിശോധിച്ച ശേഷം തമിഴ്നാട് വിടാനുമായിരുന്നു പ്രതിയുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.

ചിന്നക്കനാൽ നടുപ്പാറയിൽ തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ്(രാജേഷ്–40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു ബോബിനെ അറസ്റ്റ് ചെയ്തത്.

ബോബിൻ തമിഴ്നാട്ടിലെത്തിയതോടെ ആദ്യം ഷൂസും വസ്ത്രങ്ങളും ബാഗും വാങ്ങി. ഇതിനുശേഷമാണ് യാത്ര ആരംഭിച്ചത്. താടി എടുത്തു കളഞ്ഞ് വസ്ത്ര ധാരണ രീതികളും മാറ്റി ഫോണും സ്വിച്ച് ഓഫ് ചെയ്തു. ബസിലും ട്രെയിനിലുമായാണ് പ്രതി യാത്ര ചെയ്തത്.

കൊലപാതകത്തിനു ശേഷം ബോബിൻ ഏലത്തോട്ടത്തിലുടെ നടന്നു കേരള–തമിഴ്നാട് വനാതിർത്തിയിലൂടെ തമിഴ്നാട്ടിലെ തേവാരത്ത് എത്തി. തേവാരത്ത് എത്താൻ പ്രതി 9 മണിക്കൂറോളം എടുത്തെന്നാണ് പൊലീസ് നിഗമനം. തേവാരത്ത് നിന്നു ബസ് കയറി തേനിയിലെത്തിയ ശേഷമാണ് പ്രതി തിരുച്ചിറപ്പള്ളിയിലേക്കു കടന്നത്. കേരള–തമിഴ്നാട് വനാതിർത്തിയിൽ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഈ വനപാതയിലൂടെയാണ് പ്രതി തമിഴ്നാട്ടിലെത്തിയത്.

ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബോബിനെ (36) സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പിടികൂടാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി. ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ചത് 35 അംഗ പൊലീസ് സംഘം. കുറ്റകൃത്യത്തിനു ശേഷം ബോബിൻ തമിഴ്നാട്ടിലെ മധുരയിൽ ഉള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചതാണു കേസന്വേഷണത്തിൽ നിർണായകമായത്.

ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു, ശാന്തമ്പാറ സിഐ എസ്.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 3 അന്വേഷണ സംഘങ്ങളാണ് പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയത്. രാജാക്കാട് എസ്ഐ പി.ഡി.അനൂപ്മോൻ, എഎസ്ഐമാരായ സി.വി.ഉലഹന്നാൻ, സജി.എൻ.പോൾ, സിപിഒമാരായ ആർ.രമേശ്, സി.വി.സനീഷ്, ഓമനക്കുട്ടൻ എന്നിവരുൾപ്പെട്ട സംഘമാണ് 3 ദിവസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ മധുരയിൽ നിന്ന് അറസ്റ്റ്

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി വീണ്ടുമെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മയെയും ഷാനിലെയെയും പോലീസ് തിരിച്ചയച്ചു. നിലയ്ക്കലെത്തിയ ഇരുവരെയും ചര്‍ച്ചയ്‌ക്കൊടുവില്‍ പോലീസ് തിരിച്ചയക്കുകയായിരുന്നു. യുവതികളെ മടക്കിയയച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യുവതികളെത്തിയാല്‍ തടയാനായി സന്നിധാനത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതാണ് പോലീസ് ഇവരെ തിരികെ അയക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് പോലീസ് വാഹനത്തില്‍ ഇവരെ അവിടെ നിന്ന് മാറ്റിയതായിട്ടാണ് വിവരം. നേരത്തെ ഇരുവരും ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോരേണ്ടി വന്നിരുന്നു.

ഷാനിലയ്ക്കും രേഷ്മയ്ക്കുമൊപ്പം എട്ട് പേരുമുണ്ടായിരുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സന്നിധാനത്തും പോലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. 41 ദിവസം വ്രതവുമായി ശബരിമല കയറുമെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതിനു പിന്നാലെ രേഷ്മയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ പരാതി പരിഗണിച്ച് രേഷ്മയുടെ വീട്ടുപരിസരത്ത് പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്.

മൊബൈൽ ഫോൺ പലപ്പോഴും ദാമ്പത്യത്തിലെ വില്ലനാകാറുണ്ട്. ഇപ്പോഴിതാ ഒരു കൊലപതാകത്തിനും മൊബൈൽ ഫോൺ കാരണമായിരിക്കുയാണ്. ഫോണിന്റെ പാസ്‌വേർഡ് നൽകാത്തതിന് ഭാര്യ ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. ഇൻഡോനേഷ്യയിലാണ് സംഭവം. ദേദി പൂർണ്ണാമ്മയെന്ന 26 വയസുള്ള യുവാവാണ് 25 കാരി ഭാര്യ ഇൻഹാം കാഹ്‌യാനിയുടെ കൈ കൊണ്ട് മരണമടഞ്ഞത്.

ദേദി പൂർണ്ണാമ്മയുടെ ഫോണിന്റെ പാസ്‌വേർഡ് ഭാര്യ ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോണെടുത്ത് ഭാര്യ പരിശോധിക്കുന്ന സമയത്ത് പൂർണ്ണാമ്മ വീടിന്റെ മേൽക്കൂര നന്നാക്കുകയായിരുന്നു. പാസ്‌വേർഡ് നൽകാൻ സാധിക്കില്ലെന്ന് പൂർണ്ണാമ്മ പറഞ്ഞതോടെ കലഹമായി. കലഹം മൂത്തപ്പോൾ ഇയാൾ താഴെയിറങ്ങി വന്ന് ഭാര്യയെ അടിച്ചു. ഇതിൽ പ്രകോപിതയായ കാഹ്‌യാനി പെട്രോൾ പൂർണ്ണാമ്മയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. വീട്ടിൽ നിന്നും നിലവിളിയും തീയും ഉയരുന്നത് കണ്ട് അയൽക്കാർ ഓടിയെത്തി. തീയണച്ച ശേഷം പൂർണ്ണാമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എൺപത് ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു. രണ്ടുദിവസത്തിനകം പൂർണ്ണാമ്മ ആശുപത്രിയിൽ മരണമടഞ്ഞു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു മരിക്കുന്നത്. മരിച്ചാല്‍ അടക്കേണ്ടത് കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. പക്ഷെ മരിച്ച അന്ന് അടക്കം നടന്നില്ല. രണ്ട് ദിവസം കഴിഞ്ഞു, അഞ്ച് ദിവസം കഴിഞ്ഞു, പത്ത് ദിവസം കഴിഞ്ഞു… മൃതദേഹം അടക്കാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കപ്പെട്ടു. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പള്ളിയിലേക്കും പള്ളിയില്‍ നിന്ന് നടുറോട്ടിലേക്കും റോഡില്‍ നിന്ന് തിരികെ വീട്ടിലേക്കും മൃതദേഹവുമായി ബന്ധുക്കള്‍ നടന്നു. മൃതദേഹത്തിന് അര്‍ഹിക്കുന്ന മാനുഷിക പരിഗണന പോലും ലഭിക്കാതായപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ടു. ഒടുവില്‍ പന്ത്രണ്ടാം നാള്‍ കുടുംബക്കല്ലറയില്‍ തന്നെ മാത്യൂസ് അന്ത്യവിശ്രമം കൊണ്ടു… സമൂഹമന:സാക്ഷിയെ വേദനിപ്പിച്ച ഈ സംഭവത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു.

Image result for kerala-jacobite-orthodox-church-conflict kattachira

വര്‍ഗീസ് മാത്യുവും കുടുംബവും യാക്കോബായ വിശ്വാസികളായിരുന്നു. വര്‍ഷങ്ങളായി യാക്കോബായ വിഭാഗത്തിന്റേതായിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളി ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടേതാണ്. സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശം ലഭിച്ച പള്ളികളിലൊന്ന്. കേരളത്തില്‍ മറ്റ് പലയിടത്തുമെന്നപോലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷതയില്‍ നില്‍ക്കുന്ന പള്ളിയാണ് കട്ടച്ചിറയും. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷമായി. അന്ന പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. യാക്കോബായ വിശ്വാസികള്‍ പള്ളി പൂട്ടി താക്കോല്‍ കൊണ്ടുപോയി. പിന്നീടിങ്ങോട്ട് ഓരോ പതിനാല് ദിവസമിടവിട്ട് പള്ളിയിലും പരിസരത്തും നിരോധനാജ്ഞ തുടര്‍ന്ന് പോന്നു. മാസങ്ങളായി പള്ളിയില്‍ പ്രാര്‍ഥനയും നടക്കാറില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം കറ്റാനത്തുള്ള പള്ളിയിലും യാക്കോബായ വിശ്വാസികള്‍ കട്ടച്ചിറ പള്ളിയോട് ചേര്‍ന്നുള്ള ചാപ്പലിലും പ്രാര്‍ഥനകള്‍ നടത്തിവരുന്നു. ഇതിനിടെ മൂന്ന് തവണ ശവസംസ്‌ക്കാരം മാത്രം നടന്നു. സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിശ്വാസികള്‍ മരിച്ചാല്‍ ചാപ്പലില്‍ വച്ച് അന്ത്യശുശ്രൂഷ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം പള്ളി സെമിത്തേരിയില്‍ അടക്കും. എന്നാല്‍ യാക്കോബായ വിഭാഗത്തിലെ വൈദികരെ അവിടേക്ക് പ്രവേശിപ്പിക്കില്ല.

Image result for kerala-jacobite-orthodox-church-conflict kattachira

വര്‍ഗീസ് മാത്യു മരിച്ചപ്പോള്‍ പള്ളിയില്‍ വീണ്ടും തര്‍ക്കമായി. വര്‍ഗീസിന്റെ ചെറുമകന്‍ യാക്കോബായ വൈദികനാണ്. ഇദ്ദേഹത്തിന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വൈദികവേഷം അഴിച്ചുവച്ച് മറ്റുവേഷത്തില്‍ എത്തണമെന്ന നിബന്ധന നിയമപ്രകാരം പള്ളിയുടെ ഉടമസ്ഥരായ ഓര്‍ത്തഡോക്‌സ് വിഭാഗം വച്ചു. എന്നാല്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ വൈദിക വേഷം അഴിച്ച് വക്കണമെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ല എന്നും, വര്‍ഗീസിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ചെറുമകനായ ഫാ. ജോര്‍ജി ജോണ്‍ വൈദിക വേഷത്തില്‍ തന്നെ പങ്കുകൊള്ളണമെന്നും യാക്കോബായ വിഭാഗക്കാര്‍ ശഠിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. ഒടുവില്‍ ജില്ലാ കളക്ടറും എഡിഎമ്മും ഉള്‍പ്പെടെ പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശവസംസ്‌ക്കാരം നടത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് വര്‍ഗീസിന്റെ ബന്ധുക്കള്‍ റോഡില്‍ മൃതദേഹവുമായി കുത്തിയിരുന്ന പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് ജില്ലാകളക്ടര്‍ മൃതദേഹം പിടിച്ചെടുക്കും എന്ന് വന്നതോടെ അവര്‍ മൃതദേഹവുമായി വീട്ടിലേക്ക് പോയി. തമ്മില്‍ തല്ലുന്ന സഭകള്‍ക്കും അതിന് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുന്നില്‍ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ദിവസങ്ങളോളം വലിയ ചോദ്യചിഹ്നമായി. പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പിന്നീടും ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ വൈദിക വേഷത്തില്‍ തന്നെ ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കാം എന്ന തരത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അങ്ങനെ പന്ത്രണ്ടാം ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ഭാര്യയെ അടക്കിയ അതേ കല്ലറയില്‍ അടക്കം ചെയ്തു.

ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും ജയിച്ച് ചരിത്രം കുറിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യയെ ഏകദിന പരമ്പര ജയത്തിലേയ്ക്ക് നയിച്ചത്. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. 114 പന്തില്‍ നിന്ന് 87 റണ്‍ നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യയെ 2-1ന്റെ പരമ്പര വിജയത്തിലേയ്ക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ധോണി അര്‍ദ്ധ സെഞ്ചുറി നേടി.

മെല്‍ബണ്‍ ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും നേരത്തെ നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ധോണിയും ചേര്‍ന്നുള്ള
54 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 46 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. പിന്നീട് 57 പന്തില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നിന്ന കേദാര്‍ ജാദവ് ആണ് ധോണിക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 50 ഓവര്‍ പൂര്‍ത്തിയാകാന്‍ നാല് പന്തുകള്‍ ബാക്കിയിരിക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

Image result for sports-india-win-first-bilateral-odi-series-in-australia-ms-dhoni-stunning-performance

നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 48.4 ഓവറില്‍ 230 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2004ലെ പരമ്പരയില്‍ മെല്‍ബണില്‍ പേസര്‍ അജിത് അഗാര്‍ക്കറും ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 63 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. ഹാന്‍ഡ്‌സ്‌കോംബിനെ വീഴ്ത്തിയതും ചഹല്‍ തന്നെ. മുപ്പതാമത്തെ ഓവര്‍ ആയപ്പോള്‍ അഞ്ച് വിക്കറ്റിന് 123 എന്ന പരിതാപകരമായ നിലയിലായിരുന്നു ഓസീസ്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് അവര്‍ക്ക് പിന്നീട് ആശ്വാസം നല്‍കിയത്.

വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പരിപാടിയില്‍ നിന്നും നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ടു. കോളേജ് ഡേ ആഘോഷത്തിലാണ് ഡെയ്ന്‍ ഡേവിസിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്.എന്നാല്‍, ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു.

കോളേജ് പരിപാടിക്ക് വ്യത്യസ്ത തീമുകളില്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രം ധരിക്കരുതെന്ന് നേരത്തെ പ്രിന്‍സിപ്പല്‍ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് കാര്യമായെടുത്തില്ല. ഇതേ ചൊല്ലി വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍.പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്‌നെ വേദിയില്‍ എത്തിച്ചു. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി.

ഏഴു വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച്, അകാലത്തിൽ പൊലിഞ്ഞുപോയ ക്ലിന്റിന്റെ, പിതാവ് തോമസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലിൻറ് വരച്ച ചിത്രങ്ങളുടെ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ചാണ് ജോസഫ് വിടവാങ്ങുന്നത്.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ക്ലിൻറിന്റെ ഓർമകൾക്കും ചിത്രങ്ങൾക്കും ഒപ്പമായിരുന്നു തോമസ് ജോസഫിന്റെയും ഭാര്യ അന്നമ്മയുടെയും ജീവിതം. ആ ഓർമകളിൽ അന്നമ്മയെ തനിച്ചാക്കി ജോസഫ് ക്ലിൻറിൻറെ അരികിലേക്ക് യാത്രയായി. ജോസഫും അന്നമ്മയും പറഞ്ഞു കൊടുത്ത കഥകളിൽ കേട്ട ലോകവും ജീവിതവുമാണ് ക്ലിൻറ് വർണങ്ങളിൽ വരച്ച് ചേർത്തത്. തന്റെ ഏഴാം വയസിൽ ക്ലിൻറ് ലോകത്തോട് യാത്ര പറഞ്ഞപ്പോൾ, ഈ ചിത്രങ്ങളായിരുന്നു പിന്നീട് ഇവരുടെ ജീവിതം.

ഹോളിവുഡ് താരം ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധനയാണ് മകന് ക്ലിൻറ് എന്ന പേര് നൽകിയത്. ക്ലിൻറിനെ കുറിച്ച് അറിയാനിടയായ ക്ലിൻറ് ഈസ്റ്റ് വുഡ് ആദരസൂചകമായി ഒരു ചിത്രം ജോസഫിന് അയച്ചു നൽകിയിരുന്നു. ഒടുവിൽ തൻറെ മകന്റെ ജീവിതം സിനിമയാകുന്നത് കാണുവാനും ഈ പിതാവിനായി.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. മഞ്ഞുമ്മലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷം ജോസഫിൻറെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും. കലൂർ ജഡ്ജസ് അവന്യൂവിലെ കൊച്ചു വീട്ടിൽ ക്ലിൻറിൻറെ ചിത്രങ്ങൾ കാണിച്ചു തരാൻ ജോസഫില്ല. ഇവിടെ ക്ലിൻറിൻറെ ചിത്രങ്ങൾക്കും ഓർമകൾക്കുമൊപ്പം ഇനി അന്നമ്മ തനിച്ചാണ്.

കർണാടകയിൽ റിസോർട്ട് രാഷ്ട്രീയം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ‘ഓപ്പറേഷൻ താമര’യുടെ ഇതളുകൾ അടർന്നു വീഴുന്ന കാഴ്ചയാണ് ഒടുവിൽ കാണാനായത്. ഓപ്പറേഷൻ പാളിയതിന്റെ ക്ഷീണത്തിലാണ് കർണാടക ബിജെപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും.

ഇതിനിടെ ഡൽഹി ഗുർഗോണിലെ റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ പരിഹസിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. ആഡംബര റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന ബിജെപി എംഎൽഎമാർക്ക് എല്ലാവർക്കും സ്വന്തം തട്ടകത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ദിനേഷ് ഗുണ്ടുവിന്റെ പരിഹാസം. എല്ലാവരേയും തിരിച്ചു വിളിക്കുന്നു. നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറയുന്നു. പുത്തൻ ഊർജവുമായി അവർ മടങ്ങിയെത്തുമെന്നു കരുതാം. ഇത്രയും കാലമായിട്ടും പൂർത്തിയാക്കാത്ത സ്വന്തം മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാം. – ദിവേഷ് ഗുണ്ടു റാവു പറഞ്ഞു.

കർണാടക സർക്കാരിനെ മറിച്ചിടാൻ ഊർജിത ശ്രമം നടക്കുന്നതിനിടെയായിരുന്നു ഡൽഹിയിലെ റിസോർട്ടിൽ ബിജെപി എംഎൽഎമാർ ചേക്കേറിയത്. 70 മുറികളായിരുന്നു ബുക്ക് ചെയ്തത്. ഒരു രാത്രിയ്ക്കു 27000 മുതൽ 31000 വരെയാണ് നിരക്ക്. എന്തായാലും ഓപ്പറേഷൻ ലോട്ടസ് പാളിയതോടെ ഓരോരുത്തരായി കൂടു വിട്ടിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.

ശബരിമലയിൽ 51 യുവതികൾ കയറിയെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. 51 യുവതികളുടെ പേരു വിവരങ്ങളും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു.ആധാർ കാർ‌ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയിൽ നൽകിയത്. ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

കേരളത്തിൽനിന്നുള്ള ആരുടെയും പേരു വിവരങ്ങൾ പട്ടികയില്‍ ഇല്ല. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി അല്ലാതെയും യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം 7,564 യുവതികളാണ് ശബരിമലയിലെത്താൻ റജിസ്റ്റർ ചെയ്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. രേഖ പ്രകാരമുള്ള വിവരമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് രാഹുൽ ഈശ്വർ. ശ്രീലങ്കൻ യുവതി കയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞ കള്ളം പോലെതന്നെയാണ് ഇതും. അവർ കയറിയിട്ടുണ്ടെങ്കിൽ ശബരിമലയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ ഈശ്വർ മനോരമന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.

കനകദുർഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോൾ സത്യമായിരിക്കും. പക്ഷെ മറ്റുള്ളർ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹർജിയ്ക്ക് അൽപ്പം ക്ഷീണമുണ്ടാക്കും. എന്നിരാന്നാലും സുപ്രീംകോടതിയിൽ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ശബരിമല കയറിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്നവർക്കു സുരക്ഷ നൽകുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോൾ ഇതു തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിർദേശം. ശബരിമല തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേർ ശബരിമലയിലെത്തിയെന്ന വിവരം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.

നേരത്തേ ഇക്കാര്യത്തിൽ അവ്യക്തതകൾ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശുദ്ധിക്രിയ ഉൾപ്പെടെയുള്ള വിഷത്തിൽ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഞങ്ങൾക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved