Latest News

അറിവ് അത് സാഗരമാണ്.. പഠിക്കാനുള്ള ആഗ്രഹം വയസ്സായത് കൊണ്ട് നഷ്ടപ്പെട്ട് പോകുന്നില്ല എന്നതിന്റെ തെളിവാണ് 96 വയസ്സുകാരി കാർത്യായനിയമ്മ തെളിയിച്ചിരിക്കുന്നത്. സാക്ഷരതാമിഷന്റെ ‘അക്ഷരലക്ഷം’ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ല്‍ 98 മാര്‍ക്ക്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ എല്‍പി സ്‌കൂളില്‍ ശ്രദ്ധയോടെ പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയെയും അവരുടെ ഉത്തര പേപ്പറിലേക്കു നോക്കാന്‍ ശ്രമിക്കുന്ന എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രനെയും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നൂറാം വയസില്‍ പത്തു പാസാകണം എന്ന ആഗ്രഹം പറഞ്ഞ കാര്‍ത്യായനിയമ്മയെ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി നാളെ ആദരിക്കും.

‘അക്ഷരം വെളിച്ചമാണ്, അതഗ്‌നിയാണ്, പൊള്ളലാണ്’– വിറയാര്‍ന്ന കൈ കൊണ്ടു തൊണ്ണൂറ്റാറുകാരി കാര്‍ത്യായനിയമ്മ സാക്ഷരതാമിഷന്‍ ‘അക്ഷരലക്ഷം’ പരീക്ഷയുടെ ഉത്തരക്കടലാസിലെഴുതിയ ഈ വാക്കുകള്‍ പ്രചോദനം പകരുന്നത് അക്ഷരങ്ങളെ അറിയാത്തവര്‍ക്കു മുഴുവനുമാണ്. പഠിക്കാന്‍ വൈകിയെന്നു കരുതുന്നവര്‍ക്കെല്ലാം കാര്‍ത്യായനിയമ്മ ഒരു വഴിവിളക്കാണ്. പ്രായം ഒന്നിനും തടസ്സമല്ലെന്ന ഓര്‍മപ്പെടുത്തലും.

‘പഠിച്ചതത്രയും ചോദിച്ചില്ലല്ലോ ?’ അക്ഷരലക്ഷം പരീക്ഷ കഴിഞ്ഞപ്പോള്‍ ഓടിയെത്തിയ സതി ടീച്ചറോടു കാര്‍ത്യായനിയമ്മ ആദ്യം പങ്കുവച്ചത് ഈ കൊച്ചു പരിഭവമായിരുന്നു. സാക്ഷരതാ മിഷന്‍ പ്രേരകായ സതി ടീച്ചര്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ പൊട്ടിച്ചിരിച്ചു. കാരണം പഠിച്ചതത്രയും വന്നില്ലെന്നു പരിഭവം പറയുന്നത് അക്ഷരലക്ഷം പരീക്ഷയെഴുതിയ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ‘കുട്ടി’യാണ്. പരീക്ഷയെഴുതാതെ ‘മുതിര്‍ന്ന കുട്ടികള്‍’ പലരും വീട്ടില്‍ മടി പിടിച്ചിരുന്നപ്പോള്‍ ഹാളില്‍ അരമണിക്കൂര്‍ നേരത്തേയെത്തി മുന്‍ ബഞ്ചില്‍ ഇടം പിടിച്ചിരുന്നു ഈ മുതുമുത്തശ്ശി.

ശ്രദ്ധയോടെ ചോദ്യപേപ്പര്‍ വായിക്കുമ്പോഴാണ് തൊട്ടടുത്തിരുന്ന എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രന്‍ ഉത്തരപേപ്പറിലേക്കു നോക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയത്. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയ ഒരു ചിത്രമായിരുന്നു. പേപ്പർ നോക്കിയാ വല്യപ്പനെ ഡീബാർ ചെയ്യണമെന്നുള്ള രസകരമായ കമെന്റുകൾ വരെ പ്രത്യക്ഷപ്പെട്ടു. പരീക്ഷാ ചുമതലക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ രാമചന്ദ്രനും നല്ല കുട്ടിയായി. പരീക്ഷ കഴിഞ്ഞപ്പോള്‍ വായനാ വിഭാഗത്തില്‍ ഫുള്‍ മാര്‍ക്ക്. 40ല്‍ 38 മാര്‍ക്കുണ്ട് കാര്‍ത്യായനിയമ്മയ്ക്ക്. കണക്കില്‍ മുഴുവന്‍ മാര്‍ക്കും. ഒന്നുകൂടി പഠിക്കണമെന്ന ആഗ്രഹം ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാര്‍ത്യായനിയമ്മയ്ക്ക് തോന്നുന്നത് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ജനുവരിയില്‍ വീട്ടിലെത്തിയപ്പോഴാണ്. അപ്പോള്‍ പ്രായം 96.

പഠിക്കണമെന്നു പറഞ്ഞതു തമാശയ്‌ക്കെന്നാണു സാക്ഷരതാ മിഷന്‍ പ്രേരകായ കെ.സതി ആദ്യം കരുതിയത്. എന്നാല്‍ കാര്‍ത്യായനിയമ്മ സീരിയസായിരുന്നു. മുതുമുത്തശ്ശി അക്ഷര ലോകത്തില്‍ രണ്ടാമത്തെ ഹരിശ്രീ കുറിച്ചതോടെ പഠിക്കാന്‍ മടിച്ചു നിന്ന പലരും മുന്നോട്ടുവന്നെന്നു സാക്ഷരതാ മിഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍ പറയുന്നു. തുല്യതാ പരീക്ഷയ്ക്കു മുന്‍പായുള്ള അക്ഷരലക്ഷം പരീക്ഷയ്ക്കായി ആറു മാസത്തിലധികം നീണ്ട ചിട്ടയായ പഠനം. ‘പിള്ളേരു പഠിച്ചില്ലേലും അമ്മ പഠിക്കുന്നുണ്ട്. വീടിനായി ഒരുപാടു കഷ്ടപ്പെട്ട അമ്മ ഇപ്പോള്‍ പുസ്തകമൊക്കെ വായിച്ച് സന്തോഷമായിരിക്കുന്നു. ഇതു കാണുമ്പോ ഞങ്ങളും ഹാപ്പി’. സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷ കഴിഞ്ഞ വര്‍ഷം പാസായ മകള്‍ അമ്മിണിയമ്മയും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കട്ട സപ്പോര്‍ട്ടുമായി മുത്തശ്ശിക്കൊപ്പമുണ്ട്. കാർത്യായാനിയമ്മ ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലാം ഇതിനകം ഇടം പിടിച്ചു. താമസമില്ലാതെ ലോക മാധ്യമങ്ങളിൽ കേരളത്തിലെ ഈ “കൊച്ചുകുട്ടി” സ്ഥാനം പിടിക്കുമെന്നത് ഉറപ്പ്.

ശബരിമല പ്രശ്നത്തില്‍ എല്‍ഡിഎഫിനും എന്‍എസ്എസിനുമിടയില്‍ കുടുങ്ങി കേരള കോൺഗ്രസ് (ബി) ചെയർമാൻ ആര്‍.ബാലകൃഷ്ണപിള്ള. ബുധനാഴ്ച കൊല്ലത്ത് എല്‍ഡിഎഫ് രാഷ്ട്രീയവിശദീകരണയോഗത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച പിള്ള, ഇന്ന് പത്തനാപുരത്ത് എന്‍എസ്എസ് സ്ഥാപകദിനാഘോഷത്തില്‍ യുവതീപ്രവേശത്തെ എതിര്‍ക്കുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗമാണ് ആര്‍.ബാലകൃഷ്ണപിള്ള. രാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്കൊപ്പവും.

‘അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാല്‍, ബിജെപിയെ കണ്ട് അങ്ങനെയൊക്ക പറയുന്നവര്‍ അപകടത്തില്‍പ്പെടും..’ ഇതായിരുന്നു എല്‍ഡിഎഫ് യോഗത്തിലെ പിള്ളയുടെ പ്രസംഗം. കൊല്ലത്തെ പ്രസംഗം എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്ന് സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പിള്ള താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തതും ശബരിമല ആചാരസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും.

നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു.

വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.

വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍ വില്‍സണും സഹോദരനും ഇവിടെയെത്തിയത്. ഇരുവരെയും ഒരുസംഘം കംബോഡിയന്‍ സൈനികരെയും എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നു. വനത്തിനുള്ളില്‍ കടന്നെങ്കിലും, സായുധരായ മാഫിയകള്‍ പ്രദേശം കൈയടക്കിയിരിക്കുന്നതിനാല്‍, ഇവര്‍ക്ക് തിരികെപ്പോരേണ്ടിവന്നു.

വില്‍സണ്‍ വിമാനാവശിഷ്ടം കണ്ടുവെന്ന് പറയുന്നതിന് 16 കിലോമീറ്റര്‍ അകലെയാണ് ഡാനിയല്‍ ബോയര്‍ അവകാശപ്പെടുന്ന പ്രദേശം. ച്രോക്ക് ലാ ഈങ് വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നാണിത്. താന്‍ കണ്ടെത്തിയ വസ്തുക്കള്‍ക്ക് വിമാനാവശിഷ്ടങ്ങളോട് സാമ്യം മാത്രമല്ല, ബോയിങ് വിമാനത്തിന്റെ ഭാഗങ്ങളുമായി അളവിലും സാമ്യമുണ്ടെന്ന് ഡാനിയല്‍ ബോയര്‍ പറഞ്ഞു. തന്റെ കണ്ടെത്തല്‍ പൂര്‍ണമായും ശരിയാണെന്നാണ് ബോയറിന്റെ അവകാശവാദം.

2014 മാര്‍ച്ച് എട്ടിനാണ് ക്വലാലംപുരില്‍നിന്ന് ബെയ്ജിംഗിലേക്ക് പോയ എംഎച്ച് 370 കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തി വിമാനത്തെ മറ്റൊരു ദിശയിലേക്ക് പറത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ നിലവിലുള്ള സങ്കല്‍പം. വിമാനം കാണാതായതു സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അന്നുമുതല്‍ പരക്കുന്നുണ്ട്.

റഷ്യയാണ് വിമാനം തട്ടിയെടുത്തതെന്നും കസാഖിസ്ഥാനിലെ രഹസ്യകേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്തെന്നുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തിയ വിമാന റാഞ്ചികള്‍, വിമാനം മറ്റൊരു ദിശയിലേക്ക് പറന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമിലെത്തിച്ചുവെന്നാണ് വാദം. കസാഖിസ്ഥാനില്‍ നിന്ന് പാട്ടത്തിനെടുത്ത കോസ്മോഡ്രോം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവര്‍ പറയുന്നതുപോലെ വിമാനം കംബോഡിയയിലെ കാടുകളില്‍ ഉണ്ടെങ്കില്‍ത്തന്നെ കംബോഡിയന്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ തിരച്ചില്‍ അസാധ്യമാണ് താനും.

ചാലക്കുടിയിൽ വീടിനുള്ളിലെ ഗോവണിയില്‍ നിന്ന് വീണ ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. കുന്നപ്പിള്ളി പെരുമാനപ്പറമ്പിൽ വിപിന്റെ ഭാര്യ ഷാനി(39)യെയാണ്‌ കൊരട്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിൽ സാഹചര്യത്തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌ ഷാനിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇവരുടെ മകള്‍ ആവണിയെ സെപ്‌റ്റംബര്‍ 23ന് വീടിനകത്തു ഗോവണിയില്‍നിന്നു വീണു പരുക്കേറ്റനിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ദേഹത്തു മറ്റു മുറിവുകള്‍ കണ്ടത്‌ അന്നേ സംശയത്തിനിടയാക്കിയിരുന്നു. ഗള്‍ഫില്‍നിന്നു സംസ്‌ക്കാരച്ചടങ്ങിനെത്തിയ പിതാവ്‌ മരണകാരണം സംബന്ധിച്ച്‌ സംശയം ഉന്നയിച്ചതോടെ ദുരൂഹതയേറി. ഇക്കാര്യം ചോദിച്ചതോടെ ഷാനിക്ക്‌ മാനസികാസ്വസ്‌ഥതകളും അനുഭവപ്പെട്ടു. തുടര്‍ന്ന്‌ ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തപ്പോഴായിരുന്നു അറസ്‌റ്റ്‌.

പ്രളയക്കെടുതികളില്‍ നിന്നും കരകേറിയ കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എഴുതിയ കുറിപ്പ് വൈറലാകുന്നു . തലസ്ഥാനത്ത് അഞ്ചാം ഏകദിനത്തിനായി റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കൊഹ്‌ലി അറിയിച്ചത്. പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ ആ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കൊഹ്‌ലിയുമുണ്ടായിരുന്നു.ലീലാ ഹോട്ടലിലെ ബുക്കിലാണ് കേരളത്തോടുള്ള ഇഷ്ടം കൊഹ്‌ലി കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

‘കേരളത്തിലെത്തുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വളരെയേറെ അതിമനോഹരമാണ് കേരളം.ഞാന്‍ എല്ലാവരേയും ദൈവത്തിന്റെ സ്വന്തം നാടിനെ ആസ്വദിക്കാന്‍ ശുപാര്‍ശ ചെയ്യും.കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് കേരളം.വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് ഒരുപാട് നന്ദി.’

ഈ കുറിപ്പ് ഇപ്പോൾ ആരാധകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ .അതേസമയം വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെയാണ് മത്സരം നടക്കുന്നത്.തലസ്ഥാനത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി നടത്തിക്കൊണ്ടു പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കെപിഎസി ലളിത നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് നിലവിലെ സംഗീത നാടക അക്കാദമി ചെയര്‍പേ‍ഴ്സണ്‍. അക്കാദമി പ്രവൃത്തനങ്ങളില്‍ താന്‍ തൃപ്തനല്ല. അതിനാലാണ് അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗത്വം ഒരു വര്‍ഷം മുന്പ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ ലഭിച്ച വ്യക്തിയാണ് താന്‍. എന്നാല്‍ പത്മശ്രീ ലഭിച്ച വ്യക്തിയെന്ന സ്ഥാനം അക്കാദമി തനിക്ക് നല്‍കിയില്ല. എക്സിക്യുട്ടീവ് മെന്പറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നതല്ലാതെ ആ ഉള്‍പ്പെടുത്തല്‍ ആത്മാര്‍ത്ഥമായിരുന്നില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് ഇനിമുതല്‍ പൗരത്വം ലഭിക്കില്ല. ഇത് സംബന്ധിച്ച് അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന നിലവിലുളള നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുനന്തായി ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

അമേരിക്കയില്‍ കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാവിലക്കും കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.

ട്രംപിന്‍റെ പുതിയ നീക്കം വലിയ നിയമപോരാട്ടങ്ങള്‍ വ‍ഴിവയ്ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ, പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

മരിച്ച നിലയില്‍ കണ്ടെത്തിയ ഗണ്‍മാനെക്കുറിച്ച് മന്ത്രി മാത്യു ടി തോമസ് പറയുന്നതിങ്ങനെ. ഗണ്‍മാന്‍ സുജിത്തിന് ഔദ്യോഗിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിരം ഗണ്‍മാന്‍ അവധിയിലായതിനാല്‍ പകരം വന്നതാണ് സുജിത്തെന്നും മന്ത്രി പറഞ്ഞു.

കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസര്‍ ആണ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കാറപടകടത്തില്‍ ഏററ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടില്‍ പ്രിയപ്പെട്ടവരുടെ കരുതല്‍ കരങ്ങളിലാണ്.
ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്.

ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.

അതിജീവനത്തിന്റെ വഴികളില്‍ ഒരായുഷ്കാലത്തിന്റെ സ്നേഹം നിറഞ്ഞ ഒാര്‍മ്മകളും ആ മാന്ത്രിക സംഗീതവും കൂട്ടിനുണ്ട്. ഒപ്പം ബാലുവിനേയും ജാനിയേയും അതിരറ്റു സ്നേഹിച്ച ആയിരങ്ങളുടെ പ്രാര്‍ഥനകളും…

ന്യൂസ് ഡെസ്ക്

കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള  കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

RECENT POSTS
Copyright © . All rights reserved