Latest News

തൃശ്ശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാതയും കാമുകന്‍ സുരേഷ് ബാബുവും നാലംഗ ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് അറസ്റ്റിലായത്. തിരൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വര്‍ഷമായി അടുപ്പത്തിലായിരുന്ന സുജാതയും സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും ഒരുമിച്ച് ജീവിക്കാനായി ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി തൃശൂരിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ നാല് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പതിനായിരം രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും അഡ്വാന്‍സായി നല്‍കുകയും ചെയ്തു.

കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാനായിരുന്നു ശ്രമം. തിങ്കളാഴ്ച വീട്ടില്‍ ന്ിന്നിറങ്ങിയ കൃഷ്ണകുമാറിന്റെ ഓരോ നീക്കവും ഭാര്യ കാമുകനെ അറിയിച്ചു. കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറി. കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന സംഘം കാറിടിച്ച് കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി പാളി. അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സ്വന്തം ഭാര്യ തന്നെ നല്‍കിയ ക്വട്ടേഷനാണെന്ന് അറിഞ്ഞത്.

അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയതോടെ ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇതോടെ ഭാര്യയും കാമുകനും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണെന്ന് തെളിയുകയും ചെയ്തു. ക്വട്ടേഷന്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പൊലീസ് പിടിയിലായി. വീട്ടില്‍ എത്തിയ പൊലീസിന് മുന്നില്‍വെച്ച് ഭാര്യ സുജാത ഭര്‍ത്താവിനോട് പറഞ്ഞു. ചേട്ടാ തെറ്റുപറ്റിപ്പോയി ക്ഷമിക്കണം. നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ,,, കണ്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോലും കണ്ണ് നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.

ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറുളളത്. ആ ബസ്സിലെ ഡ്രൈവറാണ് സുരേഷ് ബാബു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് സുജാത ഈ കൊടുംപാതകത്തിന് മുതിര്‍ന്നത്.

കൊല്ലം: കൊല്ലം പറവൂരിനടുത്ത് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്ക് സമീപത്താണ് മോര്‍ച്ചറികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് സമാനമായ ബാഗില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഏകദേശം ആറുമാസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ബാഗില്‍ സൂക്ഷിച്ച നിലയില്‍ അജ്ഞാത വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരവാസികളാണ് പോലീസിനെ വിളിക്കുന്നത്. പരിശോധനയില്‍ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. ബാഗില്‍ നിന്ന് ചുവന്ന പട്ടും ടവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കാറിലെത്തി മൂന്നംഗ സംഘമാണ് ബാഗ് ഉപേക്ഷിച്ചതെന്ന് പ്രദേശവാസിയായ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവര്‍ ഉപയോഗിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ശബരിമല വിശ്വാസ സമരം ബിജെപിയുടെ രാഷ്ട്രീയ തുറുപ്പു ചീട്ടായി അമിത്ഷാ മാറ്റി. ഈ കളി ജയിക്കാന്‍ വേണ്ടിയാകണം. പരാജയപ്പെട്ടാല്‍ ബിജെപിക്ക് കേരള ഘടകം ഇനി വേണ്ട. നേതാക്കള്‍ക്കുള്ള താക്കീതും, അണികളെ ഉണര്‍ത്തി വിടുന്നു പ്രസംഗവുമായി അമിത്ഷാ കളം നിറയുമ്പോള്‍ ഇതു വെറും അമിട്ടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കോടിയേരിയും തിരിച്ചടിച്ചു. ഇന്നലത്തെ വാക് യുദ്ധം കഴിഞ്ഞപ്പോള്‍ അമിത്ഷായുടെ അറ്റകൈ പ്രയോഗം. മണ്ഡല കാലത്ത് ശബരിമലയിലെത്തും.

ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പെട്ടുപോവുകയാണ്. അമിത് ഷാ ശബരിമലയിലെത്തുക എന്നു പറഞ്ഞാല്‍ ബിജെപിയുടെ ദേശീയ നേതൃത്വം ഒന്നാകെ ശബരിമലയിലേക്ക് ശ്രദ്ധയൂന്നുന്നു എന്നു വരും. ഇസഡ് കാറ്റഗറി സുരക്ഷയുള്ള അമിത്ഷാ എത്തുന്നതിനു മുമ്പ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും, കേന്ദ്ര പോലീസും കളം നിറയും. ഏതു നിമിഷം വേണമെങ്കിലും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുന്നതില്‍ വരെ കാര്യങ്ങളെത്താം. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശബരിമല പ്രധാന വിഷയമാണ്. ഈ സംസ്ഥാനങ്ങളിലെ ബിജെപിയും ഭരണ സംവിധാനങ്ങളും ശബരിമലയിലേക്ക് ശ്രദ്ധ തിരിയും.

ചുരുക്കത്തില്‍ ശബരിമല വിഷയം ദേശീയ ചര്‍ച്ചയാകുന്നതിനൊപ്പം കേരളത്തിലെ വിശ്വാസി സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയൊരുക്കാനും അമിത്ഷാക്കു കഴിയും ഇത് സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. ശബരിമല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളും, വിശ്വാസ സംരക്ഷണ നടപടികളും തുടരാന്‍ വിശ്വാസികള്‍ക്കു കവചമൊരുക്കുകയും സംസ്ഥാന ബിജെപിക്ക് ശക്തമായ സമരമൊരുക്കാനുള്ള അവസരങ്ങളുണ്ടാകുകയുമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

കേരളത്തിലെ ബിജെപിക്കിത് ജീവന്‍മരണ കളിയാണ്. കാസര്‍കോട് മുധൂര്‍ ക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്ന രഥയാത്ര അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഇളക്കി മറിക്കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. എന്‍എസ്എസിന്റെ ഹൈന്ദവ സംഘടനകളുടെയും ഉറച്ച പിന്തുണയില്‍ കേരളത്തിലാദ്യമായാണ് ഇത്തരമൊരു പ്രക്ഷോഭത്തിന് ബിജെപി ഇറങ്ങിത്തിരിക്കുന്നത്. കൂടെ പട നയിക്കാന്‍ സാക്ഷാല്‍ അമിത്ഷായും വിശ്വാസി സമരത്തിന്റെ ഭാഗമായി മൂവായിരത്തിലധികം ആളുകളെ അറസ്റ്റു ചെയ്ത് ശക്തമായ പ്രതിരോധമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

പരസ്യ പോര്‍വിളിയുമായി കോടിയേരിയും കടകംപള്ളിയുമൊക്കെ പിണറായിയുടെ കരുത്തില്‍ കളം നിറയുന്നു. സുപ്രീംകോടതി വിധിക്ക് എതിരു നിന്നാല്‍ നിയമപരമായ ഒരു വിധ പരിരക്ഷയും ബിജെപിക്കും സംഘപരിവാര്‍ സംഘടകള്‍ക്കും ലഭിക്കില്ല എന്ന ധൈര്യമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം നീക്കങ്ങളെ തടയിടാനുള്ള ബിജെപി തന്ത്രമാണ് അമിത് ഷായുടെ ശബരിമല യാത്ര.

സര്‍ക്കാരിനും ബിജെപിക്കും ഇതു തീക്കളിയാണ്. രണ്ടും കല്‍പ്പിച്ച് കേരളം പിടിക്കാനിറങ്ങിയ അമിത്ഷായെ അത്രയെളുപ്പം തുരത്താന്‍ സര്‍ക്കാരിനാകുമോ? ഇതു വെല്ലുവിളി തന്നെ, വാചക കസര്‍ത്തല്ല നീക്കങ്ങളാണ് പ്രധാനം കേന്ദ്രവുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ സംസ്ഥാനത്തെ വീര്‍പ്പു മുട്ടിക്കും. അമിത്ഷാ പറഞ്ഞത് വെറുതെയാവില്ലെന്ന് പറയുന്ന ബിജെപിയും രണ്ടും കല്‍പ്പിച്ചു തന്നെ.

മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഹൈക്കോടതി. വിശ്വസികള്‍ക്ക് സുരക്ഷയുറപ്പക്കാനുള്ള പൊലീസ് നടപടികളെ പിന്തുണച്ച കോടതി നിലയ്ക്കല്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ക്രിമിനലുകള്‍ ശ്രമിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ശബരമല വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയിലിന്ന് തല്ലും തലോടലും കിട്ടി. സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപിടികള്‍ അംഗീകരിച്ച കോടതി, സ്ത്രീപുരുഷ ഭേദമന്യേ വിശ്വാസികള്‍ക്ക് സംരക്ഷണം ലഭിക്കുമെന്നും പറഞ്ഞു. സുപീംകോടതി വിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാരും അറിയിച്ചു.

ഈ സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് 2 അഭിഭാഷകരടക്കം നാലുവനിതകള്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ക്രിമിനലുകള്‍ ശ്രിച്ചെന്ന് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം പാടില്ലെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. മതേതരത്വം തകര്‍ക്കാനേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയില്‍ പ്രവേശിക്കാം. പതിനെട്ടാം പടി ചവിട്ടുന്നവര്‍ക്ക് ഇരുമുടിക്കട്ടുണ്ടാകണമെന്നേ നിര്‍ബന്ധമുള്ളൂ എന്നും കോടതി പറഞ്ഞു.

അതേസമയം നിലയ്ക്കലില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ് നടപടിയില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത് പരിഷ്കൃത പൊലീസിന് ചേര്‍ന്നതല്ല. ദൃശ്യങ്ങളില്‍ നിന്ന് തന്നെ അതിക്രമം കാണിച്ച പൊലീസുകാര്‍ ആരെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ഇന്തോനീഷ്യയില്‍ 189 യാത്രക്കാരുമായി പോയ യാത്രാവിമാനം പറത്തിയത് ഇന്ത്യാക്കാരനായ പൈലറ്റ്. ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം ഡൽഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് പറത്തിയിരുന്നത്. 189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലിൽ തകർന്നുവീണത്. പറന്നുയര്‍ന്ന് വെറും 13 മിനിറ്റിനുള്ളിലായിരുന്നു ലോകത്തെ നടുക്കിയ അപകടം. ഹര്‍വിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു.

2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടതായി വിവരമില്ലെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു. 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സീറ്റുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ നിലപാട്. ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2004ല്‍ ജക്കാര്‍ത്തയിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ മറ്റൊരു വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയെങ്കിലും അതിലെ 108 യാത്രക്കാരും രക്ഷപ്പെട്ടിരുന്നു.

ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഒരു നിര്‍മ്മാതാവിനുപരി കടുത്ത ആരാധകന്‍ കൂടിയാണ് ആന്റണി പെരുമ്പാവൂര്‍. അത് തനിക്ക് മനസ്സിലായത് ദൃശ്യത്തിന്റെ ഷൂട്ടിങ് വേളയിലാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘എന്താ ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.

‘എന്ത് പറ്റിയെടാ’ എന്ന് ഞാന്‍ ചോദിച്ചു. ‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് രഞ്ജിത്ത് പറയുന്നു.

കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും രഞ്ജിത്ത് പറയുന്നു. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും കഴിയുമെന്നും രഞ്ജിത്ത് പറഞ്ഞു.

 

സ്ത്രീകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നത് ഒരു അവകാശമായി കരുതുന്ന നാടാണ് ഇന്ത്യ. ഇതിന്റെ പേരില്‍ നടക്കുന്ന പലവിധ അക്രമങ്ങളെക്കുറിച്ച് ഇതിന് മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശ മണ്ണിലേക്ക് ചേക്കേറിയിട്ടും ഈ സ്വഭാവത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അഞ്ച് വര്‍ഷക്കാലത്തോളം ലണ്ടനില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനാണ് ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയത്.

ആയുധങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുക, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം, ഇരയെ സമീപിക്കരുതെന്ന ഉത്തരവ് ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതോടെയാണ് ലണ്ടന്‍ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി 35-കാരനായ സിര്‍താജ് ഭംഗലിന് ശിക്ഷ വിധിച്ചത്. ‘യാതൊരു കാരണവുമില്ലാതെയാണ് സിര്‍താജ് യുവതിയെ ശല്യം ചെയ്തിരുന്നത്. അഞ്ച് വര്‍ഷക്കാലം ഇത് നീണ്ടും. ജയിലില്‍ റിമാന്‍ഡില്‍ കിടക്കുമ്പോള്‍ പോലും വെറുതെവിട്ടില്ല. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണത്തെ പിന്തുണച്ച ഇരയ്ക്കും കുടുംബത്തിനും നന്ദി’, കേസ് അന്വേഷിച്ച മെട്രോപൊളിറ്റന്‍ പോലീസ് വെസ്റ്റ് ഏരിയ കമ്മാന്‍ഡ് യൂണിറ്റ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ നിക്കോള കെറി പറഞ്ഞു.

2013-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരിക്കലും കണ്ടിട്ടില്ലാത്ത യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് സിര്‍താജ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇയാളുടെ സന്ദേശങ്ങള്‍ ഭീഷണി രൂപത്തിലായതോടെ ഇര ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ ശല്യം അവിടെയും തീര്‍ന്നില്ല. നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കത്തുകളും നിരന്തരം തേടിയെത്തി. 2016ന് ശേഷം ഫോണിലും, എസ്എംഎസിലുമായി ശല്യം. 2017ലാണ് ഇര സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുമ്പോഴും ഇയാള്‍ ഇവരെ വെറുതെവിട്ടില്ല.

ജയിലിലെ അനധികൃത മൊബൈല്‍ ഉപയോഗിച്ചായിരുന്നു ഭീഷണി. കേസ് നടക്കവെ 80 പേജുള്ള കത്തും ഇയാള്‍ അയച്ചു. യുവതിക്കും കുടുംബത്തിനും നേര്‍ക്ക് ആസിഡ് അക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും ആസിഡിന് പുറമെ ആയുധങ്ങളും പിടിച്ചെടുത്തത്.

കാസര്‍കോട് ആറര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും പുഴയിലെറിഞ്ഞ കേസില്‍ അജ്ഞാത മൃതദേഹം തെളിവായി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹമാണ് പൊലീസ് തിരിച്ചറിഞ്ഞത്. 2012 ഏപ്രിലില്‍ ചന്ദ്രഗിരിപുഴയൊരത്ത് അടിഞ്ഞ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്നുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജില്ലയില്‍ തെളിയാതെ കിടന്ന കേസുകളുടെ പുനരന്വേഷണത്തിന് എസ് പി നിയോഗിച്ച ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്‍റെ സ്ക്വാഡാണ് ആറരവര്‍ഷത്തിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലക്കേസ് തെളിയിച്ചത്.

കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം സസ്പെന്‍സുകള്‍ നിറഞ്ഞതാണ് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം. 2012 മാര്‍ച്ചിലാണ് മുഹമ്മദ് കുഞ്ഞിയെ ഭാര്യ സക്കീന കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മൃതദേഹം വീടിനു മുന്നിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞു. ഡിസിഅര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇത്രയും കാര്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ ആറരവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളുടെ കുറ്റസമ്മതമൊഴിക്കപ്പുറമുള്ള തെളിവുകളെക്കുറിച്ച് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ശേഖരിക്കാന്‍ കഴിയുമെന്നും പൊലീസ് കരുതുന്നു. 2012 ഏപ്രില്‍ ഏഴിന് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചന്ദ്രഗിരിപ്പുഴയുടെ ഒരു ഭാഗത്തു നിന്ന് പുരുഷന്റെ അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. അന്വേഷം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ പയ്യമ്പലത്താണ് ഈ മൃതദേഹം സംസ്കരിച്ചു.

മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന സുചന ലഭിച്ചതോടെ സംഭവസമയത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ലഭിച്ച പട്ടികയില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ചുവന്ന നൂലുകെട്ടിയ ഒരു ഏലസ് ലഭിച്ചിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് മുഹമ്മദ് കുഞ്ഞിയും ഇതുപോലൊരു ഏലസ് ധരിച്ചിരുന്നതായി സക്കീനയുടെ മൊഴിയില്‍ നിന്നു വ്യക്തമായി.

ഇതോടെ ഈ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. മൃതദേഹത്തിലുണ്ടായിരുന്ന ഏലസ് ഇപ്പോള്‍ കാഞ്ഞങ്ങാട് കോടതിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളും നടത്തും. എന്നാല്‍ പലഘട്ടങ്ങളായി നടത്തിയ ചോദ്യം ചെയ്യലില്‍ ഒരിക്കല്‍ പോലും പതറാതെ പിടിച്ചു നിന്ന സക്കീനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലും രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന കാര്യത്തിലും പൊലീസിന് ആശങ്കയുണ്ട്.

സംഭവം നടന്ന വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തത്തിന്റെ അംശം ലഭിച്ചതും അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നു. കുറ്റസമ്മതമൊഴിയും, സാഹചര്യതെളിവുകളും മാത്രം ആശ്രയിച്ച് തയാറാക്കുന്ന കുറ്റപത്രം കോടതിയില്‍ എത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ ആശങ്ക ഉയരുന്ന ഘട്ടത്തിലാണ് പഴുതടച്ചുള്ള അന്വേഷണം ശ്രദ്ധേയമാകുന്നത്. രണ്ടാം പ്രതിയും സക്കീനയുടെ കാമുകനുമായ ഉമ്മര്‍ ഒരു ഘട്ടത്തില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം പുനരന്വേഷിക്കാന്‍ തീരുമാനിച്ച ശേഷ അന്വേഷണസംഘം ഉമ്മറിനെ ബന്ധപ്പെട്ടെങ്കിലും മുഹമ്മദ് കുഞ്ഞി ജീവിച്ചിരിക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയത്. പൊലീസും ഈ നിലപാടുകള്‍ ശരിവയ്ക്കുന്നതായി നടിച്ചു.

മുഹമ്മദ് കുഞ്ഞിയുെട കൊലപാതകം സംബന്ധിച്ചുള്ള ഏകദേശചിത്രം ലഭിച്ച ശേഷമാണ് അന്വേഷണസംഘം സക്കീനയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കൊലയ്ക്കുപയോഗിച്ച ഷാള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും അന്വേഷണസംഘം ആദ്യം ശ്രമിക്കുക. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ തുമ്പില്ലാതെ അവസാനിപ്പിച്ച കൂടുതല്‍ കേസുകള്‍ വിശദമായ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇന്തോനീഷ്യയില്‍ 189 പേരുമായി പോയ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു. ജക്കാര്‍ത്തയില്‍ നിന്ന് പാങ്്കല്‍ പിനാങ് നഗരത്തിലേക്ക് പോയ ലയണ്‍ എയറിന്റെ ബോയിങ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജക്കാര്‍ത്തയില്‍ നിന്ന് രാവിലെ 6.20ന് പറന്നയുര്‍ന്ന വിമാനവുമായുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം 13 മിനിറ്റിന് ശേഷം നഷ്ടമാവുകയായിരുന്നു.

ജക്കാര്‍ത്തന്‍ തീരത്ത് നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു. വിമാനം തകർന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവർത്തക ഏജൻസി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. ജാവയ്ക്ക് സമീപം കടലി‍ൽ‍ ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുന്നതായി ഇന്തൊനീഷ്യന്‍ സുരക്ഷാ ഏജന്‍സി അറിയിച്ചു.

കടലില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും അത് ലയണ്‌‍ എയറിലേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 210 ആളുകൾക്ക് യാത്രചെയ്യാവുന്ന വിമാനമാണു തകർന്നു വീണത്. പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ വച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിനെതിരെ മീടു ആരോപണം ഉന്നയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് എന്ന സാമൂഹ്യപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പേജിൽ വന്നിരിക്കുന്നത്.

രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പ്രധാനആരോപണം. വീട്ടിലെത്തിയപ്പോൾ ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചുവെന്നും ഇൗ പോസ്റ്റിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവമെന്ന് വ്യക്തമാക്കുന്നു. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നു.

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്ത്രി കുടുംബത്തിനെതിരെ രാഹുലും രംഗത്തെത്തിയിരുന്നു. എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നത് കൊണ്ടാണോ തന്ത്രി കുടുംബം ഭയക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

RECENT POSTS
Copyright © . All rights reserved