Latest News

അഡ്മിന്റെ അനുവാദമില്ലാതെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ കടന്നു കയറാന്‍ ആര്‍ക്കും കഴിയുമെന്ന് ഗവേഷകര്‍. ജര്‍മന്‍ വിദഗ്ദ്ധരാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുണ്ടെന്ന് അവകാശപ്പെടുന്ന വാട്ട്‌സാപ്പില്‍ സുരക്ഷാപ്പിഴവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. സെര്‍വറുകള്‍ നിയന്ത്രിക്കുന്ന ആര്‍ക്കും പുതിയ ആളുകളെ അഡ്മിന്‍ അറിയാതെ ഗ്രൂപ്പുകളിലേക്ക് കടത്തി വിടാനാകുമെന്നാണ് കണ്ടെത്തല്‍.

പുതിയ അംഗത്തെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് അഡ്മിന്‍മാരാണ്. എന്നാല്‍ സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഇത് ഗ്രൂപ്പില്‍ ആരും അറിയാതെ ചെയ്യാന്‍ കഴിയും. ഇതിലൂടെ ഗ്രൂപ്പിലെ മെസേജുകള്‍ വായിക്കാനും അവയെ നിയന്ത്രിക്കാനും കഴിയുമെന്നാണ് വ്യക്തമായത്.

ജര്‍മ്മനിയിലെ റൂര്‍ യൂണിവേഴ്‌സിറ്റി ബോച്ചമിലെ ക്രിപ്‌റ്റോഗ്രാഫര്‍മാരാണ് വാട്ട്‌സാപ്പിലെ ഈ പിഴവുകള്‍ കണ്ടെത്തിയത്. സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവില്‍ 50 വിവിധ ഭാഷകളിലായി 1.2 ബില്യന്‍ ഉപയോക്താക്കളാണ് വാട്ട്‌സാപ്പിന് ഉള്ളത്.

രണ്ട് വര്‍ഷം മുമ്പാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത്. ഇതിലൂടെ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് പരമാവധി സ്വകാര്യതയായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. ഇതെല്ലാം തകര്‍ക്കുന്ന പിഴവാണ് കണ്ടെത്തിയിരിക്കുന്നത്.

കൊച്ചി: എ.കെ.ജിക്കെതിരായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാതാരം ഇര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് നടന്റെ രൂക്ഷമായ പ്രതികരണം. മോശം ഭാഷ ഉപയോഗിച്ചുള്ള ഇര്‍ഷാദിന്റെ ആദ്യ പ്രതികരണം വിവാദമായതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ

‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

വീഡിയോ കാണാം

https://www.facebook.com/rahoof.pgdi/videos/1513223022128343/

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കോടതി നടപടി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരായാണ് സി.ബി.ഐ പുതിയ ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നിന്ന് പിണറായിയെ മാറ്റിനിര്‍ത്തിയാല്‍ വിചാരണയെ ബാധിക്കുമെന്നും സിബിഐ പറയുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി പുനപരിശോധിക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടതായുണ്ടെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരായി ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഇവര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുക.

ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായി, സന്തോഷവും, ദുഃഖവും, മഴയും,വെയിലും എല്ലാം ഒരുമിച്ച് അനുഭവിച്ചു. 88 കാരനായ നാരായണ്‍ ലാവഡെയ്ക്കും 78 കാരി ഐരാവതിക്കും ഒന്നും ചെയ്യാനില്ല, ഇനിയൊന്ന് സുഖമായി മരിക്കണം. ജീവിതത്തില്‍ എപ്പോഴും തുണയ്ക്ക് തുണയായി നിന്നവര്‍ മരിക്കുമ്പോഴും അങ്ങനെതന്നെ വേണമെന്ന ആഗ്രഹത്തിലാണ് നാരായണനും ഐരാവതിയും ദയാവധത്തിന് അനുമതിയുമായി രാഷ്ട്രപതിക്ക് കത്തയിച്ചിരിക്കുന്നത്.

വളരെ ആസ്വദിച്ചാണ് ജീവിച്ചത്. ഭൂമിയില്‍ ജീവിച്ചതുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ല, വെറുതെ ഇങ്ങനെ ജീവിച്ച് നാട്ടിലെ പരിമിത വിഭവങ്ങളുടെ പങ്ക് പറ്റാന്‍ ആഗ്രഹിക്കുന്നില്ല. മാറാരോഗങ്ങളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്നൊരു മരണത്തിന് സാധ്യതയുമില്ല. സ്വാഭാവിക മരണമാണെങ്കില്‍ ഇരുവരെയും ഒരുമിച്ച് തേടിയെത്തുകയില്ല. ഒരാള്‍ മരിക്കുമ്പോള്‍ ഒരാള്‍ തനിച്ചാവും.അത് സഹിക്കാന്‍ കഴിയില്ല.ഒരുമിച്ചുതന്നെ പോകണം. അതിന് അങ്ങ് കനിയണം – രാഷ്ട്രപതിയോട് ഈ വൃദ്ധ ദമ്പതികള്‍ക്ക് ആകെയുള്ള അപേക്ഷയാണ് ഇത്.

മഹാരാഷ്ട്ര ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു നാരായണ്‍. സകൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിച്ചതാണ് ഭാര്യ ഐരാവതി. ദക്ഷിണ മുംബൈയിലെ ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസം. ഒരുമിച്ചുള്ള മരണം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല .വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തില്‍ ദയാവധത്തിന്റെ സാധ്യതകളും നിയമവശങ്ങളും മനസ്സിലാക്കിയുള്ള തീരുമാനം. മക്കളില്ലാത്തതിനാല്‍ കിടപ്പിലായാല്‍ മറ്റൊരാളെയോ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും.അതിലും നല്ലത് കുറച്ചെങ്കിലും ആരോഗ്യമുള്ളപ്പോള്‍ പോകുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു.

ഇതിനിടെയിലാണ് ദയാവധത്തിന് സഹായിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ ഡിഗിനിറ്റസിനെകുറിച്ച് ഇവര്‍ അറിയുന്നത്. ഗുരുതരമായ ആരോഗ്യ,മാനസിക പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ജീവിക്കാനാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മരിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ഡിഗിനിറ്റസ്. എന്നാല്‍ ഒരുമിച്ച് മരിക്കണമെന്നുള്ള നാരായണിന്റെയും ഐരാവതിയുടെയും ആഗ്രഹത്തിന് അവിടെയും പ്രതിബദ്ധങ്ങളുണ്ടായി.

അവസാനശ്രമമെന്ന നിലയിലാണ് രാഷ്ട്രപതിക്ക് അപേക്ഷ ഇവര്‍ നല്‍കിയിരിക്കുന്നത്. പൗരന് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.അതുപോലെ മരിക്കാനുള്ള അവകാശവും നല്‍കണമെന്നാണ് നാരായണ്‍ പറയുന്നത്. രാഷ്ട്രപതിക്കു കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും, മുന്‍ നിയമമന്ത്രി രാം ജത്മലാനിക്കും എല്ലാം കത്തയച്ച് കനിവുതേടി കാത്തിരിക്കുകയാണിവര്‍.

മലപ്പുറം: പ്രകൃതി ചികിത്സയ്ക്ക് വിധേയയായ സ്ത്രീ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം വളന്നുര്‍ സ്വദേശിനിയായ യുവതിയാണ് അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടായി. നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

അതേസമയം കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചൊവ്വാഴ്ച്ച വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറം ലോകത്തെത്തുന്നത്. ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കളക്ടര്‍ക്ക് കൈമാറും.

മരണപ്പെട്ട യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍ത്താവിന്റെ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസവത്തിനു ശേഷം കൃത്യ സമയത്ത് മറുപിള്ള പുറത്തു വരാതിരുന്നതിനാല്‍ അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന് സമയത്ത് രക്തസ്രാവം മൂലം യുവതിയുടെ ശരീരം നീല നിറത്തിലായിരുന്നു.

2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കേന്ദ്രം അടച്ചിടുകയും ചികിത്സകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് മഞ്ചേരിയിലും പ്രസവ ചികിത്സ നടത്തിയതെന്നും വിവരമുണ്ട്.

തോൽവികൾക്ക് അവധികൊടുത്ത് വിജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുകയാണ്. പ്രതിസന്ധിയിലും ടീമിനെ കൈവിടാതിരുന്ന ആരാധകർക്ക് ഈ​ വിജയം മറക്കാനാകാത്ത അനുഭവമായി. രാജ്യ തലസ്ഥാനത്തെ കൊടും തണുപ്പിനെ അവഗണിച്ച് ഗാലറിയിൽ എത്തിയ പതിനായിരത്തോളം ആരാധകർ കൊമ്പൻമാരുടെ വിജയം ആഘോഷിച്ചത് വീരോചിതമായ രീതിയിലാണ്.

ഐസ്‌ലൻഡ് ഫുട്ബോൾ ടീം ലോകത്തിന് സമ്മാനിച്ച വിക്കിങ് ക്ലാപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അംഗങ്ങളും വിജയം ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരുന്നിരുന്ന ഗാലറിക്ക് മുന്നിലേക്ക് ടീം അംഗങ്ങളെ നയിച്ചത് പുതിയ പരിശീലകൻ ഡേവിഡ് ജെയിംസാണ്.

പിന്നീട് നയനമനോഹരമായ ദൃശ്യങ്ങൾ. ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാവാത്ത ദൃശ്യങ്ങൾക്കാണ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവില്‍ 3-1നാണ് ഡൈനമോസിനെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണ് ഡൽഹിയില്‍ പിറന്നത്. വിജയത്തോടെ ഒമ്പത് കളിയില്‍ രണ്ട് വിജയവും അഞ്ച് സമനിലയുമായി 12 പോയിന്‍റുകളോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാമതെത്തി.

 

കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു.

ഈ സംഭവം ചൈല്‍ഡ് ലൈന്‍ പാമ്പാടി പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കോട്ടയം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ.വി. വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളാണ്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

ലിവര്‍പൂളില്‍ നിന്നും ബാഴ്‌സലോണയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പ് കൗട്ടീഞ്ഞോയെ ലോകത്തിന് മുന്നില്‍ കാറ്റാലന്‍ ക്ലബ് അവതരിപ്പിച്ചപ്പോള്‍ സര്‍പ്രൈസായത് മലയാളികള്‍ക്ക്. കുട്ടീഞ്ഞോ കോച്ച് ഏണസ്റ്റോ വല്‍വെര്‍ദെയ്ക്ക് ഹസ്തദാനം നല്‍കുന്ന വീഡിയോ ദൃശ്യത്തിന് പശ്ചാത്തല സംഗീതമായി മുഴങ്ങുന്നത് മലയാളി ഭക്തിഗാനം സ്വാമിയേ അയ്യപ്പ, അയ്യപ്പ സ്വാമിയേ എന്ന ഗാനം.

39 സെക്കന്റോളമുള്ള വീഡിയോയില്‍ പത്ത് സെക്കന്റാണ് അയ്യപ്പ ഭക്തി ഗാനം ഉള്‍പ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെ ബാഴ്‌സ തങ്ങളുടെ ഒഫീഷ്യല്‍ അകൗണ്ടിലൂടെ തന്നെ ഈ വീഡിയോ പുറത്ത് വിട്ടുണ്ട്.

കോച്ചിനൊപ്പമുള്ള ഫോട്ടോഷൂട്ടിനു ശേഷം താരം കാറില്‍ കയറി മടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോയുടെ അവസാനത്തില്‍ ബാര്‍സ ലോഗോ പ്രദര്‍ശിപ്പിക്കുന്നിടത്തും ഉപയോഗിച്ചിരിക്കുന്നത് അയ്യപ്പ ഗാനം തന്നെ. ബാര്‍സയുടെ ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്ന കാര്യം വ്യക്തമല്ല.

നേരത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് ലിവര്‍പൂളില്‍ നിന്ന് കുട്ടീഞ്ഞോ ബാഴ്‌സലോണയില്‍ എത്തിയത്. നെയ്മറുടെ പകരക്കാരനായാണ് കുട്ടീഞ്ഞോയെ വിലയിരുത്തുന്നത്.

എംജി ശ്രീകുമാറും എം ജയചന്ദ്രനും പിണക്കത്തിലായിരുന്നോ…. ഗായകന്‍ എം.ജി.ശ്രീകുമാർ ഫേസ് ബുക്കിൽ പങ്കുവച്ച ഒരു ചിത്രവും അതിലെ അടികുറിപ്പിലൂടെയും ആണ് നാട്ടുകാർ ഈ സംഭവം അറിഞ്ഞത് . സംഗീത സംവിധായകൻ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ കഥ ഒടുവിൽ എംജി തന്നെ വെളിപ്പെടുത്തുന്നു…

വലിയ കാര്യമൊന്നുമില്ല. എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ. ഇവിടെയും അതുതന്നെ. എന്റെ വീട് തിരുവനന്തപുരത്തെ ജഗതിയിലാണ്. കുട്ടന്റേത് (എം.ജയചന്ദ്രൻ) പൂജപ്പുരയിലും. കുഞ്ഞിലേ മുതൽക്കേ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല സ്നേഹബന്ധത്തിലാണ്. കുട്ടൻ എനിക്കെന്റെ അനുജനെ പോലെയും. അദ്ദേഹത്തിന്റെ ഒത്തിരി പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ. അങ്ങനെയിരിക്കെയാണ് ഒരു റിയാലിറ്റി ഷോയിൽ വിധികർത്താക്കളായി എത്തുന്നത്. പരിപാടിയ്ക്കു വേണ്ടി കളിച്ച കളി കാര്യമായി മാറുകയായിരുന്നു.

പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങൾ മത്സരാർഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തർക്കിക്കുന്ന കുറേ കാര്യങ്ങൾ അവർക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യിൽ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോൾ മനഃപൂർവം പറയുന്നതാണെന്ന് തോന്നി ഞങ്ങൾക്കിരുവർക്കും തോന്നി.

എം.ജി.ശ്രീകുമാറിനോട് അങ്ങനെ പറഞ്ഞത് നന്നായി, അദ്ദേഹത്തിന് ഒന്നുമറിയില്ല എന്ന് കുട്ടനോടും കുട്ടനെ കുറിച്ച് എന്നോടും ഇങ്ങനെയൊക്കെ പറയുന്ന ഒരുപാട് ഫോൺ കോളുകളും എത്തി. പരിപാടിയിൽ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ വിളിക്കുമല്ലോ. അവരെ കുറ്റംപറയാനാകില്ല. പതിയെ പതിയെ ഞങ്ങൾക്കിടയിലെ ബന്ധം അകലുകയായിരുന്നു. കുറേ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവൃത്തിക്കേണ്ടതായിരുന്നു. അത് ഈ പിണക്കം കാരണം മാറിപ്പോയി. എന്തോ ഒരു ഘടകം ഞങ്ങളെ പഴയ പോലുള്ള സൗഹൃദത്തിൽ നിന്ന് മാറ്റിനിര്‍ത്തി.

പിന്നീടിപ്പോൾ വർഷങ്ങൾക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിക്കുന്ന പഞ്ചവർണതത്ത എന്ന ചിത്രത്തിനായി ഞങ്ങൾ ഒന്നിക്കുകയാണ്. അവർ ഇരുവരുടെയും ആഗ്രഹമായിരുന്നു ഞാൻ ഈ ചിത്രത്തിൽ പാടണം എന്നുള്ളത്. കുട്ടനോട് അത് പറഞ്ഞപ്പോൾ എതിർത്തില്ല. ആദ്യം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു പാട്ട് പഠിച്ചു. പിന്നെ പാടിത്തുടങ്ങിയപ്പോൾ അത് ശരിയായി. സംഗീതത്തിന് എല്ലാ പിണക്കങ്ങളേയും േദഷ്യങ്ങളേയും മായ്ച്ചു കളയാനുള്ള ശക്തിയുണ്ടല്ലോ. സംഗീതത്തിനു മാത്രമേ അത് സാധിക്കൂ. ഞാൻ കുട്ടനോടു പറഞ്ഞു, ആകെ ഒരു ജീവിതമേയുള്ളൂ. നമ്മളിങ്ങനെ പിണങ്ങിയിരുന്നിട്ടൊന്നും കാര്യമില്ല. നമുക്ക് സംഗീതത്തെ സ്നേഹിച്ച് മുന്നോടു പോകാം.‌ അത് കേട്ടപ്പോൾ ഞങ്ങൾക്കിടയിലെ പിണക്കമൊക്കെ പാറിപ്പോയി….അതാണു കാര്യം. വലിയ പ്രശ്നമൊന്നുമില്ല. മനസിലെവിടെയോ ആ തർക്കങ്ങളൊക്കെ കയറി കൊണ്ടു പിണക്കാമായി മാറിയതാണ്. കുട്ടന്‍ ഈണമിടുന്ന മോഹൻലാൽ ചിത്രം ഒടിയനിലും ഞാൻ പാടുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved