നടന്‍ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഏറെ കോലാഹലങ്ങള്‍ക്കു ശേഷമാണ് അവസാനിച്ചത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ഥികളെയും തള്ളിക്കളഞ്ഞ് ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനം ആര്യ അറിയിച്ചത് ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. പ്രതികരണങ്ങളുമായി ഓരോ മത്സരാര്‍ഥികളും രംഗത്ത് വരുമ്പോഴും ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങളും ഫൈനലില്‍ ആര്യ എടുത്ത തീരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുകയാണ് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍.
‘ആര്യ വളരെ രസികനാണ്. പ്രതീക്ഷിക്കാത്ത ഓരോ കാര്യങ്ങളുമായി എന്നും ആര്യ നമ്മുക്ക് സര്‍പ്രൈസ് നല്‍കാറുണ്ട്. ഈ പരിപാടിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. അത് ഞാന്‍ ചാനല്‍ മാനേജ്‌മെന്റുമായി ഒന്നുകൂടി പരിശോധിച്ചതുമാണ്. അവരും അക്കാര്യം ഉറപ്പു പറഞ്ഞു മാത്രമല്ല ഒരു ഫോര്‍മല്‍ എഗ്രിമെന്റ് ആര്യ ഒപ്പുവച്ചെന്നും പറഞ്ഞു.
പക്ഷേ, ഫൈനലില്‍ അങ്ങനെ ഒരു തീരുമാനമെടുത്തപ്പോള്‍ അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് എന്തുകൊണ്ടാണ് ആര്യ ഇങ്ങനെ ഒരു തീരുമാനം അവന്‍ എടുത്തതെന്ന് എനിക്കറിയാം. ആളുകള്‍ അവന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടാകാം. മുന്‍പ് പെണ്‍കുട്ടികളെ എലിമിനേറ്റ് ചെയ്തപ്പോഴും ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നുണ്ടായിരിക്കാം. നമുക്ക് പുറത്തു നിന്ന് എന്ത് വേണമെങ്കിലും പറയാം. പക്ഷെ ആര്യയുടെ അതേ സ്ഥാനത്ത് നില്‍ക്കുമ്പോഴേ ആ സമ്മര്‍ദ്ദവും ആ ഒരു മാനസികാവസ്ഥയും മനസിലാക്കാനാകൂ.
പരിപാടി തുടങ്ങി ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ എലിമിനേറ്റായ ഒരു പെണ്‍കുട്ടി ഇപ്പോള്‍ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് ഇതൊന്നും ആദ്യത്തെ എപ്പിസോഡുകളില്‍ എലിമിനേറ്റായ പെണ്‍കുട്ടികളെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടില്ല. പരിപാടിയുടെ അവസാന ഘട്ടങ്ങളില്‍ എത്തും തോറും എല്ലാവരും ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പിരിയുന്നത് വല്ലാത്ത കഷ്ടവുമായിരുന്നു. അബര്‍ണദിയുടെയും ശ്വേതയുടെയും എലിമിനേഷന്‍ ഞങ്ങളെ എല്ലാവരെയും വല്ലാതെ ബാധിച്ചു. ഇരുവരും വല്ലാത്ത വിഷാദാവസ്ഥയില്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണമായിരുന്നു. അവര്‍ മാത്രമല്ല മുഴുവന്‍ സെറ്റും വല്ലാതെ ഇമോഷണലായിരുന്നു.
എനിക്ക് തോന്നുന്നു അത് ആര്യയേയും വല്ലാതെ ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടാകും ഫൈനലില്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആര്യ എത്തിച്ചേര്‍ന്നത്. ആര്യയുടെ തീരുമാനത്തെ ആളുകള്‍ ബഹുമാനിക്കാത്തതെന്തുകൊണ്ടാണ്? അദ്ദേഹം ഷോയില്‍ നിന്നാരെയെങ്കിലും തിരഞ്ഞെടുത്തുവോ? അങ്ങനെ തിരഞ്ഞെടുത്ത് ഷോ അവസാനിച്ചതിന് ശേഷം അവര്‍ പിരിഞ്ഞാല്‍ അത് ഓക്കെ ആകുമോ? ആര്യയ്ക്ക് അതിന് ഉത്തരവാദിത്വമുണ്ട്. അത് കടുത്ത തീരുമാനമാണ്.
അതേസമയം ചാനലിന്റെയും മാനേജ്‌മെന്റിന്റെയും കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ആര്യ എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്യയ്‌ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. പക്ഷെ അവര്‍ അങ്ങനെ ഒന്നും തന്നെ ചെയ്യില്ല. അവര്‍ക്ക് ആര്യയുടെ വികാരം മനസിലാകും. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.’ സംഗീത പറഞ്ഞു.പരിപാടിയുടെ ഫൈനലിലെത്തിയ മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിയുടെ പ്രതികരണവും ആര്യയ്ക്ക് അനുകൂലമായിരുന്നു.
ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ പരാതിയായി എത്തിയതായിട്ടാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്‌ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചതായിട്ടാണ് വിവരം.
ഭാര്യ എന്ന നിലയില്‍ രാജേശ്വരിക്കും മകള്‍ എന്ന അധികാരത്തില്‍ ദീപയ്ക്കും പണത്തില്‍ അവകാശം ഉണ്ടെങ്കിലും പാപ്പു നിക്ഷേപത്തില്‍ അനന്തരാവകാശിയാക്കി വെച്ചിട്ടുള്ളത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. പാപ്പുവിന്റെ തറവാട് വീട്ടിനടുത്തു താമസിച്ചിരുന്ന സരോജിനിയമ്മയുടെ വീട്ടില്‍ പണികളും മറ്റും ചെയ്തിരുന്നത് പാപ്പുവും സഹോദരങ്ങളുമായിരുന്നു. ബാങ്കില്‍ രേഖകള്‍ എല്ലാം പൂരിപ്പിച്ച് നല്‍കിയ ശേഷം വിവരം പാപ്പു സരോജിനിയോട് വിവരം പറഞ്ഞിരുന്നു.
എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് പാപ്പു മറുപടിയും പറഞ്ഞതായിട്ടാണ് പറയുന്നത്. പാസ്ബുക്ക് പ്രകാരം അന്വേഷണം നടത്തിയ പോലീസ് മാര്‍ച്ചില്‍ അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിന്റെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബാക്കി വന്നതാണ് 4,32,000 രൂപ. നേരത്തേ മരിച്ചു കിടക്കുമ്ബോള്‍ പാപ്പുവിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍ പരം രൂപ പോലീസ് കണ്ടെത്തിയിരുന്നു.
നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടിലെ തുക നോമിനിക്ക് കൈമാറുന്നതാണ് ബാങ്കിന്റെ രീതി. എന്നാല്‍ പാപ്പുവിന്റെ നയാപൈസ തനിക്ക് വേണ്ടെന്ന നിലപാടിലാണ് സരോജിനിയമ്മ. ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ച് തുക ആര്‍ക്ക് കൈമാറണമെന്ന് തീരുമാനം എടുക്കാമെന്നും സരോജിനിയമ്മ പറയുന്നു. 2017 ല്‍ പാപ്പു മരണപ്പെട്ടപ്പോഴാണ് അക്കൗണ്ടിലെ പണത്തിന്റെ വിവരം പോലീസ് അറിഞ്ഞത്. നേരത്തേ ദീപയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ജിഷയുടെ മരണശേഷം സര്‍ക്കാര്‍ വെച്ചു നല്‍കിയ വീട്ടില്‍ നിന്നും മൂത്ത മകള്‍ ദീപയോട് പിണങ്ങി രാജേശ്വരി പുറത്തു പോകുകയുണ്ടായി.
രണ്ടു മാസമായി ഇവര്‍ വേറെയാണ്. എന്നാല്‍ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ദീപ നേരത്തേ തന്നെ പണത്തിന് അവകാശം ഉന്നയിക്കുകയുണ്ടായി. മകള്‍ മരണസര്‍ട്ടിഫിക്കറ്റ് നേടിയതിനെതിരേ കഴിഞ്ഞ ദിവസമാണ് പെരുമ്ബാവൂര്‍ പോലീസില്‍ രാജേശ്വരി പരാതിയുമായി എത്തിയത്.പരാതി സ്വീകരിച്ച പോലീസ് അന്വേഷണത്തിനായി കോടനാട് പോലീസിന് കൈമാറി. കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കോപാറയിലാണ് ദീപയും മകനും താമസിക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നാല് ദിവസമായി തുടര്‍ന്ന് വന്നിരുന്ന സമരം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബസുടമകള്‍ പിന്‍വലിച്ചിരുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും അന്ന് മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചിരുന്നു.
ഇതിനെ മറികകടന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നല്‍കില്ലെന്ന് പറഞ്ഞ് ബസ്സുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കിയാല്‍ ഒരു സ്വകാര്യബസും നിരത്തിലിറക്കില്ലെന്ന് എഐഎസ്എഫ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കി മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസുടമകളുടെ കമ്മിറ്റി യോഗ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് സെക്രട്ടറി ശുഭേഷ് സുധാകരന്‍ വ്യക്തമാക്കി. ബസുടമകള്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തില്‍ അരങ്ങേറും. സംസ്ഥാനത്ത് സ്വകാര്യ ബസിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് എഐഎസ്എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കണ്‍സഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിലപാടില്‍ ഉടമകള്‍ക്ക് മാറ്റമില്ലങ്കില്‍ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത് ജയസൂര്യയായിരുന്നു. അദ്ദേഹം അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സണ്ണി ലിയോണ്‍ വന്നപ്പോള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്ക്ക് ഈ സ്വീകാര്യത കിട്ടുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ഇങ്ങനെ.
‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ മലയാളം താരങ്ങള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്‌ക്കൊപ്പം എടുത്തില്ല എന്നൊക്കെ. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്‌നം. ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’
സണ്ണിലിയോണും മിയാ ഖലീഫയ്ക്കുമൊക്കെ ലഭിക്കുന്ന സ്വീകാര്യത എന്തുകൊണ്ട് ഷക്കീലയ്ക്ക് ലഭിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ല. അവരൊക്കെ അഭിനയിക്കുന്ന സിനിമയിലും ബിക്കിനിയാണിടുന്നതും എന്ന മറുപടിയാണ് ഷക്കീല നല്‍കിയത്.
ഇപ്പോള്‍ നടക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് പറഞ്ഞ ഷക്കീല തനിക്കോ തന്റെ പരിചയത്തില്‍ ആര്‍ക്കോ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ലെന്നും പറഞ്ഞു.
കേരളത്തിലേക്ക് ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയുടേത് കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പൊലീസ് നല്‍കുന്ന സൂചന. ലീഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി. പ്രകാശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പൊലീസ് കണ്ടെത്തിയിരുന്നു. തോണിയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന പത്തോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ലീഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു വരികയാണ്. ലീഗയുടെ മരണത്തിന് പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നു മുതല്‍ ഇവരില്‍ പലരും ഒളിവില്‍ പോയതും ലീഗയുടേതു കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നു.
എന്നാല്‍ ലീഗയുടെ മരണത്തില്‍ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും ലീഗയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെന്നുമാണ് മന്ത്രി ആരോപിച്ചത്.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. പ്രതികളുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ലിഗയുടെ മരണം കൊലപാതകമാണെന്ന് നിഗമനത്തിലെത്തിയത്.
പോത്തൻകോട്ട് നിന്നും കോവളത്ത് ഓട്ടോയിലെത്തിയ ലിഗയെ ഗൈഡ് ചമഞ്ഞ് സൗഹൃദം കൂടിയെത്തിയ ആൾ മയക്ക് മരുന്ന് കലർത്തിയ സിഗററ്റ് നൽകി കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലിഗയ്ക്ക് മയക്ക് മരുന്ന് കലർത്തിയ സിഗററ്റ് നൽകിയ ആളും ഇയാളുടെ സഹായിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സംസ്ഥാന പോലീസിന്റെ അഭിമാന പ്രശ്നമായാണ് ഈ കേസിന്റെ അന്വേഷണം പോലീസ് സംഘം നടത്തുന്നത്. പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണ വിവരങ്ങൾ പുറത്താകുന്നത് കേസിന്റെ തുടർനടപടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇടയാകുമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി വിലയിരുത്താനായി ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പോലീസ് ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ലിഗയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ കുറ്റിക്കാട്ടിന് സമീപം ചീട്ടുകളിയും മദ്യപാനവും പതിവാക്കിയിരുന്നവരെ പോലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ലിഗയുടെ പോസ്റ്റ്മോർട്ടത്തിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം ഏറെക്കാലമായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്.എന്നാല്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മറ്റിയെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ കായിക ഇനിമായി ഉള്‍പ്പെടുത്താനോ അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും വലിയതോതിലുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല എന്ന് നിസംശയം പറയാം.
എന്നാല്‍ ക്രിക്കറ്റ് ആരാധകരുടെ ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുളള ശ്രമത്തിലാണ് ഇപ്പോള്‍ ഐ സി സി. 2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ മത്സരയിനമാക്കാനായുള്ള പരിശ്രമത്തിലാണ് ഐസിസി ഇപ്പോള്‍ . ഒളിമ്പിംക്‌സ് പ്രവേശനത്തിനായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെല്ലാം ഒരുപോലെ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഐസിസി ചീഫ് എക്സിക്യുട്ടീവ് ഡേവ് റിച്ചാഡ്സണ്‍ പറഞ്ഞു.
‘ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും എല്ലാരാജ്യങ്ങളും അതിനായുള്ള ശ്രമം തുടങ്ങണം.
2024ലെ പാരീസ് ഒളിമ്പിക്സില്‍ നമ്മള്‍ ഇക്കാര്യം അവതരിപ്പിക്കും. തുടര്‍ന്നുള്ള ഒളിമ്പിക്സുകളിലെങ്കിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്’അദ്ദേഹം വ്യക്തമാക്കി. ടി20 ഫോര്‍മാറ്റ് ക്രിക്കറ്റില്‍ കൂടുതല്‍ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളുടെ പിന്തുണ ഐസിസിക്ക് ഉണ്ടാകും. ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ പോകുന്നത് ഇന്ത്യയേ പോലുള്ള രാജ്യങ്ങളാകും.
ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുളള രാജ്യങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ വന്‍ ഇളവാണ് ഐ സി സി വരുത്തിയത്. കുട്ടിക്രിക്കറ്റ് കളിക്കാനുളള പദവി അംഗരാഷ്ട്രങ്ങളായ 104 രാജ്യങ്ങള്‍ക്ക് അനുവദിച്ച് വിപ്ലവകരമായ മാറ്റമാണ് ഐസിസി വരുത്തിയത്. . 2019 ജനുവരി ഒന്ന് മുതലാണ് ഐസിസിയുടെ 104 അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കാനാവുക.
തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചു. കുട്ടിക്ക് എച്ചഐവി ബാധിച്ചിരുന്നുവെന്ന് ആരോപണമുണ്ട്. ഇടുക്കി സ്വദേശിയായ 14 കാരനാണ് മരിച്ചത്. എന്നാല്‍ കുട്ടി രക്തം സ്വീകരിച്ചത് ആര്‍സിസിയില്‍ നിന്ന് മാത്രമല്ലെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. വിഷയം പരിശോധിച്ചു നടപടിയെടുക്കുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
പതിനായിരക്കണക്കിന് ആളുകള്‍ക്കു ചികില്‍സ നല്‍കുന്ന സ്ഥാപനമായതിനാല്‍ അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പ്രതികരിച്ചു. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചതായി സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശിയായ കുട്ടി മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ 26നാണു മരിച്ചത്.
കുട്ടിക്ക് എച്ചഐവിയുള്ളതായി ആശുപത്രിയധികൃതര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും നടത്തിയ പരിശോധനയിലും എച്ച്െഎവി സ്ഥിരീകരിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടി രക്തം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നതെങ്കിലും മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്നു മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
സ്വന്തം ലേഖകൻ
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ച ചങ്ങനാശേരി സ്വദേശി രാജേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ തന്നെ നെടുമ്പശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
സൗദി അറേബ്യയിൽ അൽഹസ്സയിൽ അൽ മോഹസൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച രാജേഷ് തങ്കപ്പൻ (46 ). താമസ സ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ഗൃഹനാഥൻ മരിച്ചത്.
മരണത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളുമായി പല വാതിലുകളും മുട്ടിനോക്കിയെങ്കിലും പകച്ചുനിൽക്കുകയായിരുന്നു രാജേഷിന്റെ നിർധനരായ ഭാര്യയും മക്കളും. തുടർന്ന് ജനപ്രധിനിധികളായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും എംഎൽഎ ആയ സിഫ് തോമസിന്റെയും ശ്രദ്ധയിൽപ്പെടുകയും അവർ വിഷയത്തിൽ ഇടപ്പെടുകയും ചെയ്യുകയായിരുന്നു. നോർക്ക ഓഫീസുമായും എംബസിയുമായും ബന്ധപ്പെട്ടതിന്റെ ശ്രമഫലം ആയി മൃതദേഹം വിട്ടുകിട്ടുകയായിരുന്നു.
ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച രാജേഷ്. സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കുടുംബം ഭാര്യയായ രേണുകയുടെ കുട്ടനാട്ടിലുള്ള വീടിന്റെ അടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. നീണ്ട 20 വർഷമായി സൗദിയിൽ ജോലിചെയ്തിരുന്ന രാജേഷ് കഴിഞ്ഞ ജനുവരിയിൽ ലീവിന് വന്നു മടങ്ങിയിരുന്നു.
മൃതദേഹം താമസിച്ചെങ്കിലും നാട്ടിലെത്തിയതിൽ ആ കുടുംബത്തിന് തെല്ലൊരു ആശ്വാസം ഉണ്ടെങ്കിലും, മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിൽകുകയാണ് ആ കുടുംബം. രാജേഷിന്റെ സംസ്‍കാരം മാമ്മൂട് സഹോദരന്റെ വീട്ടുവളപ്പിൽ നാളെ നടത്തും
തിരുവനന്തപുരം: കത്വ സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച ദീപക് ശങ്കരനാരായണനെതിരെ പോലീസ് കേസെടുത്തു. ബിജെപിക്കെതിരെയായിരുന്നു പോസ്റ്റ്. ബിജെപി സംസ്ഥാന മീഡിയ കണ്‍വീനര്‍ സന്ദീപ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഷയത്തില്‍ ഡിജിപി നിയമോപദേശം തേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്. ദീപക്കിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്.
പരാതിക്കാരനെ വിളിച്ചു വരുത്തി സൈബര്‍ സെല്‍ മൊഴിയെടുത്തിരുന്നു. ബംഗളൂരുവില്‍ ഐടി ജീവനക്കാരനാണ് ദീപക് ശങ്കരനാരായണന്‍. പോസ്റ്റ് വിവാദമായതിനു പിന്നാലെ ദീപക്കിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ ദീപക് ജോലി ചെയ്യുന്ന എച്ച്പിയുടെ ഫേസ്ബുക്ക് പേജില്‍ ക്യാംപെയിനിംഗ് നടത്തിയിരുന്നു.